•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

മിശിഹായുടെ നിയമം മുറുകെപ്പിടിക്കുക

ന്നാമത്തെ വായന എടുത്തിരിക്കുന്ന നിയമാവര്‍ത്തനപ്പുസ്തകത്തിന്റെ ഉള്ളടക്കം മൊവാബ് താഴ്‌വാരത്തുവച്ച് മോശ ഇസ്രായേജനത്തിനു നല്കുന്ന ഉപദേശരൂപേണയുള്ള പ്രസംഗങ്ങളാണ് (നിയമ. 1,1-5). ഈ പുസ്തകത്തിന്റെ ആദ്യ നാല് അധ്യായങ്ങളില്‍ ഇസ്രായേല്‍ ജനം സീനായ്മലയുടെ താഴ്‌വാരത്തുനിന്നു പുറപ്പെട്ട് മരുഭൂമിയിലൂടെ യാത്രചെയ്ത നാല്പതുവര്‍ഷക്കാലത്തെ മോശ ജനത്തെ അനുസ്മരിപ്പിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചതിനുശേഷം ജനത്തിന്റെ ജീവിതം എപ്രകാരമായിരിക്കണമെന്ന മോശയുടെ നിര്‍ദേശങ്ങളാണ്. ഈജിപ്തില്‍നിന്നുമുള്ള വിമോചനത്തിനുശേഷം മോശ ഇസ്രായേല്‍ജനത്തെ നയിച്ചുതുടങ്ങിപ്പോള്‍ ജനത്തിനിടയില്‍ ധാരാളം പ്രശ്‌നങ്ങളും തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നു. മോശയായിരുന്നു അവര്‍ക്ക് മധ്യസ്ഥനും ന്യായാധിപനും. എന്നാല്‍, മോശയ്ക്കുതന്നെ തീര്‍ക്കാന്‍ പറ്റാതെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ വാക്കുകള്‍ ദൈവഹിതമായി ഗ്രഹിച്ച മോശ ന്യായാധിപന്മാരെ നിയമിക്കുന്നുണ്ട് (പുറ 18, 13-27). ഇക്കാര്യത്തെക്കുറിച്ചു മോശ ജനത്തെ ഓര്‍മിപ്പിക്കുന്ന കാര്യമാണ് ഒന്നാമത്തെ വായന (നിയമ. 1,1-5). സഹോദരങ്ങളുടെ ഇടയിലെ തര്‍ക്കങ്ങള്‍ വിചാരണ ചെയ്യണമെന്നും, ജനത്തെ മുഖനോട്ടമില്ലാതെ നീതിപൂര്‍വം വിധിക്കണമെന്നും, ന്യായവിധി ദൈവത്തിന്റേതാകയാല്‍ മനുഷ്യരെ ഭയപ്പെടേണ്ട എന്നും. അതിനാല്‍ പ്രത്യക പരിഗണനകളൊന്നും കൂടാതെ വിധിക്കണമെന്നും അവര്‍ക്കു വിധിപറയാന്‍ പറ്റാതെ വരുന്ന അവസരത്തില്‍ തന്റെ പക്കല്‍ പ്രശ്‌നം കൊണ്ടുവരുവാനും മോശ ആവശ്യപ്പെടുന്നു. മോശ ജനത്തോട് ആവശ്യപ്പെടുന്നത് തങ്ങളുടെ ഇടയില്‍നിന്നു ജ്ഞാനവും വിവേകവും അറിവും (ഇപ്പോഴത്തെ പിഒസി ബൈബിളില്‍ അറിവും വിവേകവും പക്വതയും എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. എന്നാല്‍ ജ്ഞാനവും വിവേകവും അറിവും എന്നാണ് മൂലഭാഷയില്‍) ഉള്ള ആളുകളെ തിരഞ്ഞെടുക്കണമെന്നാണ്. പരിശുദ്ധാരൂപിയുടെ ദാനങ്ങളാണല്ലോ ജ്ഞാനവും, വിവേകവും, അറിവും. പന്തക്കുസ്താ കഴിഞ്ഞ് സഭ ശ്ലീഹാക്കാലം ആചരിക്കുമ്പോള്‍ അരൂപിയുടെ ദാനങ്ങള്‍ സ്വീകരിക്കുവാനും അതില്‍ വളരുവാനും അതനുസരിച്ചു പ്രവര്‍ത്തിക്കുവാനുമാണ് സഭ നമ്മെ പ്രചോദിപ്പിക്കുന്നത്.
രണ്ടാമത്തെ വായന ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നാണ്. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് യൂദയായില്‍ പ്രസംഗിച്ച പ്രവാചകനാണ് ഏശയ്യാ. മോശയുടെ നിയമമനുസരിച്ച് നീതിപൂര്‍വം ജീവിക്കേണ്ടവര്‍ കാലക്രമേണ നീതിയും ധര്‍മ്മവും ഉപേക്ഷിച്ചു ജീവിക്കുന്നതും ദൈവവുമായുള്ള ബന്ധം കേവലം ആചാരങ്ങളില്‍ ഒതുങ്ങുന്നതുമായ സാഹചര്യം ഉണ്ടായി. പ്രത്യേകിച്ച് ജനത്തിന്റെ നേതാക്കന്മാരും പ്രബലന്മാരുമായുള്ളവരുടെ ഭാഗത്തുനിന്ന്. ഇത്തരുണത്തില്‍ യൂദയായിലെയും ജറുസലേമിലേയും ജനത്തിനെതിരേ പ്രവാചകന്‍ നടത്തുന്ന വിധിപ്രസ്താവവും അനുതാപത്തിനുള്ള ആഹ്വാനവും അനുതപിച്ചാല്‍ കാരുണ്യപുര്‍വം ക്ഷമിച്ച് ഐശ്വര്യം നല്കുന്ന ദൈവത്തെയുമാണ് പ്രവാചകന്‍ അവതരിപ്പിക്കുന്നത്. തിന്മയുടെയും അധര്‍മ്മത്തിന്റെയും ആധിക്യവും ന്യായവിധിയുടെ തീവ്രതയും വെളിവാക്കുന്നതാണ്, സോദോമിന്റെ അധിപതികളേ, ഗൊമോറജനമേ എന്നു ജനത്തെ വിളിച്ചുകൊണ്ടുള്ള പ്രവാചകന്റെ അഭിസംബോധന. സോദോമിന്റെ പാപവും ഗൊമോറായുടെ അനീതിയും ഏറ്റവും വലിയ ദുഷ്ടതയായിട്ടാണ് ബൈബിള്‍ചരിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്. ധര്‍മ്മവും നീതിയും പാലിച്ച് ദൈവത്തോടു ചേര്‍ന്നുനില്ക്കാനും അവയില്ലാത്ത ബലിയര്‍പ്പണങ്ങളും ആചാരങ്ങളും ദൈവമുമ്പില്‍ നിരര്‍ത്ഥകമാണെന്നും പ്രവാചകന്‍ ഓര്‍മ്മിപ്പിക്കുന്നു. വഴിതെറ്റിപ്പോകുന്നവരെ ആട്ടിപ്പായിക്കുവാനല്ല മറിച്ച് ചേര്‍ത്തുനിര്‍ത്താന്‍ മാടി വിളിക്കുന്നവനാണ് അവിടന്ന്. കര്‍ത്താവരുള്‍ചെയ്യുന്നു: നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍, നീതി അന്വേഷിക്കുവിന്‍, മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍, അനാഥരോടു നീതിചെയ്യുവിന്‍, വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍. വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും (1,17-18).
മൂന്നാമത്തെ വായനയില്‍ പ്രേഷിതനുണ്ടായിരിക്കേണ്ട മനോഭാവമാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നത്. ശ്ലീഹാക്കാലത്തെ ഒരു ധ്യാനവിഷയമാണല്ലോ സഭയുടെ പ്രേഷിതപ്രവര്‍ത്തനം. മിശിഹായുടെ സുവിശേഷം എല്ലാവര്‍ക്കുമായി നല്കപ്പെട്ടതാണ്. അതിനാല്‍ എല്ലാവരെയും നേടുക എന്നതാണ് തന്റെ ലക്ഷ്യം. അതിനുവേണ്ടി ക്രിസ്തുവിന്റെ നിയമം മുറുകെപ്പിടിച്ച് സുവിശേഷം പ്രസംഗിക്കുന്ന ശ്ലീഹായെയാണ് നമുക്കു കാണുവാന്‍ സാധിക്കുന്നത്. യഹൂദര്‍ക്കും ജനതകള്‍ക്കും ഒരുപോലെ ബാധകമായ ദൈവനിയമം, അതായത് ക്രിസ്തുവിന്റെ നിയമം പാലിക്കുവാന്‍ ശ്ലീഹാ നമ്മെ വിളിക്കുന്നു.
ക്രിസ്തുവിന്റെ നിയമം എന്താണ് എന്നാണ് ഇന്നത്തെ സുവിശേഷം പറഞ്ഞുതരുന്നത്. മിശിഹായുടെ സുവിശേഷത്തിന്റെ കേന്ദ്രം വേറിട്ടൊരു ജീവിതരീതിയാണ്. അന്നുവരെയും പാലിച്ചുപോന്ന നിയമത്തില്‍നിന്നു വ്യത്യസ്തമായൊരു ശൈലി: ശത്രുവിനെ വെറുക്കുക എന്നതിനു പകരം ശത്രുവിനെയും സ്‌നേഹിക്കുക, ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക തുടങ്ങി ഈശോ നിര്‍ദേശിക്കുന്ന വേറിട്ടൊരു ജീവിതശൈലിയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. പഴയനിയമം അതിന്റെ പൂര്‍ണതയില്‍ പഠിച്ചിരുന്ന പൗലോസ് ഉപദേശിക്കുന്നത് മിശിഹായില്‍ പഴയനിയമത്തെയെല്ലാം പൂര്‍ത്തീകരിച്ച് ക്രിസ്തുവിന്റെ നിയമത്തെ ജീവിക്കുന്നവരാകുവിന്‍; അതു വഴി എല്ലാവരെയും നേടുവിന്‍ എന്ന കാര്യമാണ്. സഭയില്‍ പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനങ്ങളും പരിശുദ്ധാരൂപിയാല്‍ നിറഞ്ഞ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളും അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിന്റെ ചൈതന്യം പേറുന്നതാണ് ഇന്നത്തെ വചനഭാഗങ്ങളെല്ലാം.
ഉത്തരവാദിത്വങ്ങളെല്ലാം ദൈവത്തിന്റെ പക്കല്‍നിന്നുള്ളതാണ് എന്ന ബോധ്യത്തോടെ നീതിപൂര്‍വ്വം നിറവേറ്റുവാനും, ജ്ഞാനവും നീതിയും അറിവുമുള്ളവരായി വര്‍ത്തിക്കുവാനും ഒന്നാം വായനയും, നീതിപൂര്‍വകമല്ലാത്ത ആചാരാനുഷ്ഠാനങ്ങളും അധര്‍മം നിറഞ്ഞ പ്രവൃത്തികളും ദൈവം വെറുക്കുന്നുവെന്നു രണ്ടാം വായനയും, ദൈവത്തിന്റെ നിയമത്തിനു മുമ്പില്‍, അതായത് ക്രിസ്തുവിന്റെ സ്‌നേഹത്തിനുമുമ്പില്‍ എല്ലാവരും സ്വീകാര്യരാണെന്നും അതിന് മിശിഹായുടെ നിയമമനുസരിച്ചു ജീവിക്കണമെന്നും പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മിപ്പിക്കുന്നു. മിശിഹായുടെ നിയമത്തിന്റെ ജീവിതം എപ്രകാരമാണെന്നു സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നു: തിന്മയെ നന്മകൊണ്ടു വിജയിക്കുവിന്‍; മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍ (6,31). നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (6,36).

 

Login log record inserted successfully!