•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പാക് അധീനകശ്മീര്‍ ഇന്ത്യയില്‍ ലയിക്കുന്നു?

    പാക്കിസ്ഥാന്‍ വിഭജനത്തിലേക്കോ? പാക് അധിനിവേശകശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമെന്ന് സൂചന. സുപ്രധാനമായ രണ്ടു പ്രഖ്യാപനങ്ങള്‍ക്കാണ് ഈയാഴ്ച സാക്ഷ്യം വഹിച്ചത്. അതില്‍ ഒന്നാമത്തേത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതായിരുന്നു. പാക്കിസ്ഥാനിലേക്ക്; പ്രത്യേകിച്ച്, ഖൈബര്‍ പഖ്തൂണ്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ അമേരിക്കക്കാര്‍ ഒഴിവാക്കണമെന്ന നിര്‍ദേശമായിരുന്നു അത്. രണ്ടാമത്തേത് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജനാഥ് സിങ്ങിന്റേത്. പാക് അധിനിവേശകശ്മീര്‍ സമാധാനപരമായി ഭാരതത്തിലേക്ക് ഉടന്‍തന്നെ ലയിക്കുമെന്നുള്ളതായിരുന്നു അത്. പാക്കിസ്ഥാനിലെ വര്‍ത്തമാനകാലരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചാല്‍ ഈ രണ്ടു പ്രസ്താവങ്ങളിലും അതിശയോക്തിപരമായി ഒന്നുമില്ല എന്നു മനസ്സിലാവും. അത്രത്തോളം ഗുരുതരമായ സംഘര്‍ഷാവസ്ഥയിലൂടെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ കടന്നുേപായിക്കൊണ്ടിരിക്കുന്നത്. നിലവിലെ പ്രധാനപ്രശ്‌നം ബലൂചിസ്ഥാന്‍തന്നെ. ഒപ്പം രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തികത്തകര്‍ച്ചയും.
ബലൂചിസ്ഥാന്‍
പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറു മേഖലയിലെ ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.. പാക്കിസ്ഥാനിലെ ഏറ്റവും വലുതും എന്നാല്‍, ജനസംഖ്യ ഏറ്റവും കുറവുള്ളതുമായ പ്രവിശ്യ. ഇറാനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി പരന്നുകിടക്കുന്ന ബലൂചിസ്ഥാന്റെ  കിഴക്കന്‍ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പാക് ബലൂചിസ്ഥാന്‍. ഇറാനിയന്‍ പീഠഭൂമിയുടെ കിഴക്കേയറ്റം  ഇറാനിയന്‍ ബലൂചിസ്ഥാന്‍ എന്നും അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ എന്നീ പ്രദേശങ്ങള്‍ അഫ്ഗാന്‍ ബലൂചിസ്ഥാന്‍ എന്നുമാണ് അറിയപ്പെടുന്നത്. പാക്കിസ്ഥാന്റെ ആകെ വിസ്തീര്‍ണത്തിന്റെ 44 ശതമാനം വരുന്ന ബലൂചിസ്ഥാന്‍മേഖല സാക്ഷരതയിലും വികസനത്തിലും ഏറെ പിന്നാക്കമാണ്.  ഏറ്റവും കൂടിയ ദാരിദ്ര്യസൂചികയും ഏറ്റവും ഉയര്‍ന്ന മാതൃ-ശിശുമരണനിരക്കുമുള്ള ഇവിടം പക്ഷേ, ധാതുവിഭവങ്ങളാലും എണ്ണയാലും ഏറ്റവും സമ്പന്നമേഖലയാണ്! ആദിമവിഭാഗമായ ബലൂച് ഗോത്രക്കാരില്‍നിന്നാണ് ബലൂചിസ്ഥാന്‍ എന്ന പേരുവന്നത്. സുന്നി മുസ്ലിംകളായ ഇവരുടെ സംസാരഭാഷ ബലൂചിയാണ്. മുമ്പ് അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ബ്രിട്ടനും ഇറാനും തമ്മിലുള്ള ധാരണകളാണ് രാജ്യത്തിന്റെ ഇന്നത്തെ  അതിര്‍ത്തികള്‍.
എന്താണ് ബലൂചിസ്ഥാന്‍ പ്രശ്‌നം?
   ബലൂചിസ്ഥാനും 1947 ല്‍ ഇന്ത്യയ്‌ക്കൊപ്പം ഇംഗ്ലീഷ് ആധിപത്യത്തില്‍നിന്നു സ്വതന്ത്രമായിരുന്നു. അന്നു നാട്ടുരാജ്യങ്ങളായിരുന്ന പ്രദേശങ്ങളും ഇപ്പോഴത്തെ പാക് ബലൂച് പ്രദേശങ്ങളും പാക്കിസ്ഥാനില്‍ ചേരാന്‍ വിസമ്മതിക്കുകയും സ്വതന്ത്രരാഷ്ട്രവാദം ഉയര്‍ത്തുകയും ചെയ്‌തെങ്കിലും പാക്കിസ്ഥാന്‍ ബലമായി ആ പ്രദേശങ്ങള്‍ കീഴടക്കിയതോടെ പാക്-ബലൂച് സംഘട്ടനം. 1948, 1958, 1962-63,1973-77 കാലഘട്ടങ്ങളിലെ കനത്ത സംഘര്‍ഷങ്ങള്‍ക്കുശേഷം ശാന്തത പുലര്‍ന്ന ഇവിടെ, 1999 ല്‍ ജനറല്‍ പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയും മേഖലയില്‍ പാക് കന്റോണ്‍മെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെ കലാപം വീണ്ടും രൂക്ഷമായി. 2005 ല്‍ ബലൂച് നവാബ് ആയിരുന്ന അക്ബര്‍ ഖാന്‍ ബുഗ്‌നി പ്രദേശത്തിന്റെ പ്രകൃതിസമ്പത്തില്‍ തങ്ങള്‍ക്കു നിയന്ത്രണം ആവശ്യപ്പെടുകയും തൊട്ടടുത്ത വര്‍ഷം പാക് സൈന്യത്താല്‍ കൊല്ലപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ക്കകം മുഷറഫിനെതിരേ വധശ്രമം നടന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ ഈ മേഖലയെ അങ്ങേയറ്റം അവഗണിക്കുകയാണു ചെയ്തത്. ദാരിദ്ര്യത്തിന്റെ കൂത്തരങ്ങായി മാറിയ ഇവിടെ സ്വാതന്ത്ര്യ അഭിവാഞ്ഛയോടെ തീവ്രവാദസംഘടനകള്‍ ഉയര്‍ത്തെഴുന്നേറ്റു. പതിനായിരക്കണക്കിന് ആള്‍ക്കാരെയാണ് സൈന്യം ഇവിടെനിന്നു പിടിച്ചുകൊണ്ടുപോയി ഇല്ലായ്മ ചെയ്തത്.
മേഖലയിലെ ഖനനവും അടിസ്ഥാനസൗകര്യവികസനവും
    ചൈനയ്ക്ക് അടിയറവച്ച പാക്കിസ്ഥാന്‍ തുറമുഖനിര്‍മാണവും നിയന്ത്രണവുംകൂടി അവര്‍ക്കു വിട്ടുകൊടുത്തതോടെ സ്വാതന്ത്ര്യകലാപം അതിരൂക്ഷമായി. ബലൂചിസ്ഥാനിലെ ഗ്വാദര്‍തുറമുഖം ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമാണ്.
അതേസമയം, ഇറാന്റെ പ്രവിശ്യയായ സിസ്റ്റാന്‍ ബലൂചിസ്ഥാനും  ആ രാജ്യത്തുനിന്നു നേരിടുന്നത് കടുത്ത അവഗണനയാണ്. ബലൂചികള്‍ സുന്നിമുസ്ലീങ്ങള്‍ ആണെന്നതാണ് ഇറാന്റെ ഷിയാനേതൃത്വത്തിന്റെ പ്രശ്‌നം. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വികസനം തീരെയില്ല. അങ്ങനെ ഇവിടെയും തീവ്രവാദസംഘങ്ങള്‍ രൂപംകൊള്ളുകയും തീവ്രവാദസംഘടനകള്‍ പരസ്പരം സഹായിക്കുകയും ചെയ്തുതുടങ്ങി. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങളിലേക്കും തീവ്രവാദിയാക്രമണങ്ങള്‍ പതിവായി.
   എന്നാല്‍, നയതന്ത്രപരമായ സമീപനം ഒഴിവാക്കി അടിച്ചമര്‍ത്തല്‍നയം പിന്തുടര്‍ന്നതാണ് പാക്കിസ്ഥാന്റെയും ഇറാന്റെയും ഭാഗത്തെ വീഴ്ച.
1991 മുതല്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ ബലൂച് തീവ്രവാദികള്‍ക്കു സുലഭമായി ആയുധങ്ങള്‍ നല്‍കുന്നു. 2640 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന അതിര്‍ത്തിേരഖ ഡ്യൂറന്‍ഡ് ലൈന്‍ അഫ്ഗാനിസ്ഥാന്‍,  പ്രത്യേകിച്ച് താലിബന്‍ അംഗീകരിക്കുന്നില്ല. അവര്‍ പാക്ക് താലിബാന് എല്ലാ സഹായവും നല്‍കി പാക്കിസ്ഥാനുള്ളില്‍ ആക്രമണപരമ്പരകള്‍ സൃഷ്ടിക്കുന്നു.
ബലൂചിസ്ഥാന്‍  സംഘടനകളും നീക്കങ്ങളും
    പ്രധാന സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ (ബിഎല്‍എ) കൂടാതെ ബലൂചിസ്ഥാന്‍ റിപ്പബ്ലിക് ആര്‍മി (ബിആര്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) എന്നിവരാണ് നിലവില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പുകളെല്ലാംകൂടി കഴിഞ്ഞവര്‍ഷംമാത്രം പാക്കിസ്ഥാനും ചൈനയ്ക്കുമെതിരേ 938 ആക്രമണങ്ങളാണു നടത്തിയത്. ഈ ആക്രമണങ്ങളില്‍ ആയിരത്തിലേറെ പേര്‍ മരിക്കുകയും 650 ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗികകണക്ക്. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളില്‍ അടിസ്ഥാനവികസന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കടക്കെണിയിലാക്കി സ്വന്തം ഇംഗിതം നടപ്പാക്കുകയെന്ന, ശ്രീലങ്കയിലും മാലദ്വീപിലും നടപ്പാക്കിയ അതേ കുതന്ത്രമാണ് ചൈന ഇവിടെയും ഉപയോഗിച്ചത്. എന്നാല്‍, തീവ്രവാദസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍മൂലം പണിപൂര്‍ത്തിയായ ഗ്വാദര്‍ തുറമുഖവും വിമാനത്താവളവും ഏതാണ്ടു നിശ്ചലമാണ്. 
ചൈനീസ് കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം പാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 40 ശതമാനം പങ്കാളിത്തം നേടിയ വിചിത്രസംഭവത്തെത്തുടര്‍ന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമിച്ചിരുന്നു. മേല്‍വിവരിച്ച തീവ്രവാദിസംഘടനകളുടെ ഒരു ത്രിദിനസംയുക്തസമ്മേളനം കഴിഞ്ഞയാഴ്ച നടക്കുകയും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കുമായി ഒരു ആര്‍മിയും ഒരു സൈനികനേതൃത്വവും രൂപീകരിക്കാനും നടപടികള്‍ ആരംഭിച്ചത് പാക്കിസ്ഥാനു തിരിച്ചടിയായി. പാക്കിസ്ഥാനും ചൈനയ്ക്കുമെതിരേ നിലകൊള്ളുക എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത സൈനികസഖ്യം ബലൂച് നാഷണല്‍ ആര്‍മി (ബിഎന്‍എ)എന്ന പേരില്‍ അറിയപ്പെടും. ഇനി ഗറില്ലാമാതൃകയില്‍ സംഘടിത ആക്രമണങ്ങള്‍ നടത്താനും സാങ്കേതികവൈദഗ്ധ്യം വര്‍ധിപ്പിക്കാനും, പാക്ചാരസംഘടനയില്‍ നുഴഞ്ഞുകയറാനും ആക്രമണങ്ങള്‍ക്കു കൃത്യത വരുത്താനും നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ബിഎന്‍എ വക്താവ് ബലൂച്ഖാന്റെ പ്രസ്താവനയുണ്ടായിട്ടുണ്ട്.
    ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം മാര്‍ച്ച് 11 ന് രാത്രി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ക്വറ്റയില്‍നിന്ന് പെഷവാറിലേക്കു പോയ ജാഫര്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ റാഞ്ചി 450 പേരെ ബന്ദികളാക്കി. ഇതേവരെ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാക്ക് ജയിലിലുള്ള ബിഎല്‍എ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. 48 മണിക്കൂര്‍ ഡെഡ് ലൈനാണ് അവര്‍ നല്‍കിയിട്ടുള്ളത്. പാക്കിസ്ഥാന്‍ സൈന്യം മറുപടിയാക്രമണത്തിലൂടെ 104 ബന്ദികളെ മോചിപ്പിച്ചു. 16 ബി എല്‍ എ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു വെന്ന പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ബി.എല്‍.എ. വക്താവ് ഉടന്‍തന്നെ പത്ത് ബന്ദികളെ വധിക്കുമെന്നും തങ്ങള്‍ നല്‍കിയിരിക്കുന്ന 48 മണിക്കൂര്‍ സമയപരിധി കഴിഞ്ഞാല്‍ ഓരോ മണിക്കൂറിലും അഞ്ചു ബന്ദികളെ വധിക്കുമെന്നുമാണ് മുന്നറിയിപ്പു നല്കിയിരിക്കുന്നത്. ഇതിനുപിന്നിലും ഇന്ത്യയുടെ കരങ്ങള്‍ ഉണ്ടെന്നാണ് പാക്കിസ്ഥാന്റെ പരോക്ഷപ്രസ്താവന.
പാക്കിസ്ഥാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍
   വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ജനങ്ങളെ മതാടിസ്ഥാനത്തില്‍മാത്രം വേര്‍തിരിച്ചു രൂപീകരിക്കപ്പെട്ട ഒരു രാജ്യമാണ് പാക്കിസ്ഥാന്‍. മതം എന്നുള്ളതുമാത്രമാണ് അടിസ്ഥാനപരമായി യോജിപ്പിക്കുന്ന ഏകഘടകം. പിന്നീടങ്ങോട്ട് പാക്കിസ്ഥാനു വളര്‍ച്ചയുണ്ടായില്ല എന്നുമാത്രമല്ല, നിലനില്പിനായി മതതീവ്രവാദം പ്രോത്സാഹിപ്പിക്കേണ്ടിയും വന്നു. ഇപ്പോള്‍ സാമ്പത്തികമായി അങ്ങേയറ്റം തകര്‍ന്നടിഞ്ഞിരിക്കുന്ന പാക്കിസ്ഥാനില്‍ ആകാശംമുട്ടുന്ന വിലക്കയറ്റവും ഇന്ധനദൗര്‍ലഭ്യവും ജനങ്ങളെ വലയ്ക്കുന്നു. പാക് അധിനിവേശകശ്മീരിലും അഫ്ഗാന്‍ - ഇറാന്‍ അതിര്‍ത്തികളിലും സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണ്. പാക് അധിനിവേശകാശ്മീരിലെ ഹൈവേ ആഴ്ചകളായി ജനങ്ങള്‍ ഉപരോധിക്കുന്നതിനാല്‍ ചൈനയില്‍നിന്നു ഭക്ഷണവുമായി വന്ന ട്രക്കുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ ആ ട്രക്കുകള്‍ എത്തിയില്ലെങ്കില്‍ റംസാന്‍ നോമ്പ് നാളില്‍ പാക്കിസ്ഥാനില്‍ പട്ടിണിയാണ് ബാക്കിയാവുക. ബലൂചിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ മേഖലയ്‌ക്കൊപ്പംതന്നെ, പഞ്ചാബില്‍ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആഭ്യന്തരയുദ്ധം രൂക്ഷമാണ്.
ഒരേസമയം രാജ്യാര്‍ത്തിക്കു ചുറ്റിനും രാജ്യത്തിനുള്ളിലെ വിവിധ മേഖലകളിലും സൈന്യത്തെ വിന്യസിക്കേണ്ട ഗതികേടിലാണ് പാക്കിസ്ഥാന്‍. മുമ്പ് ആയുധങ്ങളായും പണമായും അമേരിക്ക നല്‍കിയിരുന്ന സഹായമായിരുന്നു ബലൂച് സംഘടനകളെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാനു ബലമായിരുന്നത്. അമേരിക്ക കൈവിട്ട ഇപ്പോഴത്തെ നിലയില്‍ വെള്ളം കുടിക്കുകയാണ് അവര്‍. അമേരിക്കയുടെ പണം മറ്റു രാജ്യങ്ങള്‍ക്കു യുദ്ധസഹായമായി നല്‍കേണ്ട എന്ന് ട്രംപിന്റെ നയം പാക്കിസ്ഥാനു തിരിച്ചടിയായിരിക്കുന്നു. സഹായിക്കുന്നില്ല എന്നുമാത്രമല്ല, പ്രശ്‌നങ്ങളില്‍ ഇടപെടുന്നുമില്ല എന്നതു കാണുമ്പോള്‍ അമേരിക്ക പാക്കിസ്ഥാനെ കൈവിട്ട പ്രതീതിയാണ്. ഒരു വലിയ കമ്പോളമെന്ന നിലയിലും വ്യക്തിപരമായ ബന്ധത്തിലും ഇപ്പോള്‍ അമേരിക്ക ആഭിമുഖ്യം കാണിക്കുന്നത് ഇന്ത്യയോടാണ്.
ഇന്ത്യയുടെ നിലപാട്
    പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന നിലപാട് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുകയാണ്. ബലൂചിസ്ഥാന്‍തീവ്രവാദികള്‍ക്ക് ആയുധവും പണവും പരിശീലനവും നല്‍കുന്നത് ഇന്ത്യയാണെന്ന് അവര്‍ പല വേദികളിലും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടം പാക് അതിര്‍ത്തിയില്‍ ആക്രമണപരമ്പരതന്നെ നടത്തുകയും പാക് താലിബാനെ സഹായിക്കുകയും ചെയ്യുന്ന വേളയില്‍ ഇന്ത്യ താലിബാനുമായി സഖ്യത്തിലായത് പാക്കിസ്ഥാനു തിരിച്ചടിയായി. ചൈന പണിത ഗ്വാദര്‍ തുറമുഖത്തിനു ബദലായി ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണം നടത്തിയ ഇന്ത്യയ്ക്ക് അടുത്ത പത്തു വര്‍ഷത്തേക്ക് തുറമുഖത്തിന്റെ നിയന്ത്രണം ഇറാന്‍ കൈമാറിയത് യൂറോപ്പിലേക്കുള്ള ചരക്കുഗതാഗതത്തില്‍ പാകിസ്ഥാനെയും ചൈനയെയും മറികടന്ന് ഇന്ത്യയ്ക്കു മേല്‍ക്കൈ നേടാന്‍ ഇടയാക്കി.
അതിനുമപ്പുറം, പാക് അധിനിവേശ കാശ്മീരില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ ഇന്ത്യയിലേക്കു ലയിക്കാനുള്ള തീരുമാനത്തിലാണ് മേല്‍ക്കൈ ലഭിച്ചത്. ഇന്ത്യയ്‌ക്കെതിരേ വിവിധ കാലഘട്ടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഭീകരനേതാക്കളില്‍ പലരും പാക്കിസ്ഥാനില്‍ അജ്ഞാതരാല്‍ കൊല്ലപ്പെടുന്നതിന്റെ പഴിയും ഇന്ത്യയ്ക്കുമേല്‍ ചാരുന്നുണ്ട്. ഈ കൊലപാതകങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ആത്മവീര്യം കെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്ന ഒമര്‍ അബ്ദുള്ള ഇന്ത്യ എന്തേ കാശ്മീരിനെ കീഴ്‌പ്പെടുത്താന്‍ വൈകുന്നു എന്നു ചോദിച്ചുതുടങ്ങിയിരിക്കുന്നു. നയതന്ത്രതലത്തില്‍ പിന്‍വാതില്‍ചര്‍ച്ചകള്‍ ഏറെ നടക്കുന്നുണ്ട്. യു.എസും ഇറാനും അതില്‍ സജീവപങ്കാളികളാണ്. ഏറെ സമ്മര്‍ദതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. കാശ്മീരില്‍ നിലവിലിരുന്ന വിഘടനവാദം ഏറെക്കുറെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍ ആഭ്യന്തരമായി നേരിടുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് താങ്ങാന്‍ വയ്യാതായിട്ടുമുണ്ട്. ഒപ്പം, രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തികത്തകര്‍ച്ചയും. അമേരിക്കയുടെ പിന്തുണ നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ഇന്ത്യാ-ചൈന അതിര്‍ത്തികളിലെ ഒത്തുതീര്‍പ്പുകളും, ചൈനയുമായുള്ള പുതിയ ഇന്ത്യന്‍ സഹകരണവും പാക്കിസ്ഥാനെ അലട്ടുന്നു. ചൈനീസ് അതിര്‍ത്തിയില്‍നിന്നു പിന്‍വലിച്ച സേനയെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ വിന്യസിക്കാന്‍ നമുക്കാവുമെന്നതും പാക്കിസ്ഥാനെ അസ്വസ്ഥരാക്കുന്നു ബലൂചിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീര്‍ഭാഗത്തെയും ആഭ്യന്തരയുദ്ധവും പട്ടിണിയും പാക്കിസ്ഥാന് അധികനാള്‍ താങ്ങാനാവില്ല. പിന്‍വാതില്‍ ചര്‍ച്ചകള്‍ ഫലം കണ്ട് കാശ്മീര്‍ ഇന്ത്യയുടെ തലയെടുപ്പായി മാറുന്ന കാലം വിദൂരത്തല്ല.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)