മാര്‍ച്ച് 23 നോമ്പുകാലം നാലാം ഞായര്‍
ഉത്പ 11:1-9 ജോഷ്വ 7:10-15
റോമാ 8:12-17 മത്താ 21:33-44
നോമ്പുകാലത്തിന്റെ ചൈതന്യത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തിന്റെ കരുണയെയും നീതിയെയുംകുറിച്ചു ധ്യാനിക്കാന്‍ നമ്മെ സഹായിക്കുന്ന വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് നാലാം ഞായറാഴ്ച വിശുദ്ധകുര്‍ബാനമധ്യേ പ്രഘോഷിക്കുന്നത്.
ഉത്പത്തിപ്പുസ്തകത്തില്‍ നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ശ്രവിക്കുന്നത് ബാബേല്‍ഗോപുരത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വിവരണമാണ്. ദൈവത്തെക്കൂടാതെ നിര്‍മിച്ച ഗോപുരം തകര്‍ക്കപ്പെടുന്നു. ഉത്പത്തിപ്പുസ്തകം മൂന്നുമുതല്‍ പതിനൊന്നുവരെയുള്ള അധ്യായങ്ങളില്‍ നാലു സംഭവങ്ങളാണ് വിവരിക്കുന്നത്. ആദിമാതാപിതാക്കളുടെ പാപം (അധ്യായം 3), കായേന്റെ കൊലപാതകം (അധ്യായം 4), വെള്ളപ്പൊക്കത്തിന്റെ വിവരണം (6-9 അധ്യായങ്ങള്‍) ബാബേല്‍ഗോപുരം (11). ഈ നാലു വിവരണങ്ങള്‍ക്കിടയിലും വംശാവലി അഥവാ പുതിയ തലമുറകള്‍ ഉണ്ടാകുന്നതു വിവരിക്കുന്നുണ്ട് (4,1;4,17-5, 32;9, 18-10,32;11,10-32). മനുഷ്യകുലം മുന്നോട്ടുപോകുന്നതനുസരിച്ച് ദൈവ-മനുഷ്യബന്ധം എപ്രകാരമായിരുന്നുവെന്നു പഠിപ്പിക്കുകയാണ് ഈ വിവരണങ്ങളുടെയെല്ലാം ലക്ഷ്യം. നാലു സംഭവങ്ങളിലൂടെയും വിവരിക്കുന്നത് ഒരേ ആശയങ്ങളാണ്. അതായത്, മനുഷ്യന്റെ പാപം, പാപിയെ തേടിവരുന്ന ദൈവം അവനുമായി സംഭാഷണത്തിലേര്‍പ്പെടുന്നു, തെറ്റിനു ശിക്ഷ നല്കുന്നു, ശിക്ഷ മനുഷ്യനെ അനുതാപത്തിലേക്കു നയിക്കുന്നു. കരുണകാണിക്കുന്ന ദൈവം മനുഷ്യകുലത്തെ മുമ്പോട്ടുനയിക്കുന്നു. ബാബേല്‍ഗോപുരത്തിന്റെ വിവരണത്തിലും ഇതേകാര്യമാണ് അവതരിപ്പിക്കുന്നത്. ദൈവത്തെ മറന്നു ജീവിക്കുന്ന മനുഷ്യര്‍ ദൈവത്തെക്കൂടാതെ വലിയ ഗോപുരം പണിയുന്നു. ദൈവനിഷേധികളായ മനുഷ്യരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ദൈവം ഇറങ്ങിവന്ന് അവരുടെ തെറ്റിനു ശിക്ഷകൊടുത്ത് അവരെ ചിതറിക്കുന്നു. എന്നാല്‍, ചിതറിക്കപ്പെട്ട ജനതയില്‍നിന്ന് അബ്രാഹത്തെ വിളിച്ചുകൊണ്ട് രക്ഷാപദ്ധതി മുന്നോട്ടുപോകുന്നു.
ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം പ്രഘോഷണത്തിലും ഇസ്രായേല്‍ തങ്ങളുടെ ഇടയില്‍ നിഷിദ്ധവസ്തുക്കള്‍ സൂക്ഷിച്ചു പാപം ചെയ്‌പ്പോള്‍ അവര്‍ക്കു പരാജയങ്ങള്‍ നല്കി അവരെ ശിക്ഷിക്കുന്നതും കര്‍ത്താവിന്റെ പക്കല്‍ നിലവിളിച്ചപേക്ഷിച്ചപ്പോള്‍ കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നതും നാം വായിക്കുന്നു. തിന്മയുടെ വസ്തുക്കള്‍ അവരുടെ പക്കല്‍നിന്നു നീക്കം ചെയ്ത് ജനത്തെ വിശുദ്ധീകരിക്കാന്‍ കര്‍ത്താവ് ജോഷ്വായോട് ആവശ്യപ്പെടുന്നു. കാരണം, അവര്‍ ഉടമ്പടി ലംഘിച്ച് മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു. തിന്മചെയ്യുമ്പോള്‍ ഇടപെടുകയും അവരെ തിരുത്തുകയും കാരുണ്യപൂര്‍വം ക്ഷമിക്കുകയും ചെയ്യുന്ന കര്‍ത്താവിനെയാണ് ഇവിടെയും ദര്‍ശിക്കുന്നത്.
പൗലോസ്ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നതും ജഡത്തിന്റെ പ്രലോഭനങ്ങളെ ആത്മാവിന്റെ ശക്തികൊണ്ടു നിഹനിച്ച് വിശുദ്ധിയില്‍ വ്യാപരിക്കുവാനാണ്. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ദൈവമക്കളുടെ സ്ഥാനത്താണ്; ഈശോമിശിഹായില്‍ ദത്തുപുത്രരാണ്. ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ അവിടുന്ന് നമ്മെ യോഗ്യരാക്കുന്നു. ആദിയില്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവമക്കളുടെ സ്ഥാനത്താണു സൃഷ്ടിക്കപ്പെട്ടിരുന്നത്. മക്കള്‍ക്കാണല്ലോ പിതാവിന്റെ ഛായയും സാദൃശ്യവുമുള്ളത്. പാപം ചെയ്ത് മനുഷ്യന്‍ ദൈവമക്കളുടെ സ്ഥാനം നഷ്ടപ്പെടുത്തി. മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലൂടെ അത് വീണ്ടെടുത്തു. അപ്രകാരം മിശിഹായില്‍ നാം ദത്തുപുത്രന്മാരായിരിക്കുന്നു എന്നകാര്യം ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
സുവിശേഷത്തില്‍നിന്നു നാം ശ്രവിച്ച ഉപമയില്‍ സകല സജ്ജീകരണങ്ങളോടുംകൂടെ നിര്‍മിച്ച ഫലം നല്കുന്ന മുന്തിരിത്തോട്ടം ഉടമസ്ഥന്‍ പാട്ടക്കാരായ കൃഷിക്കാരെ ഏല്പിക്കുകയാണ് - അതു സംരക്ഷിച്ച് തനിക്കുള്ള വിഹിതം യഥാസമയം നല്കണമെന്ന വ്യവസ്ഥയില്‍. മുന്തിരിത്തോട്ടം ദൈവജനമായ ഇസ്രയേലും, ഉടമസ്ഥന്‍ ദൈവവും കൃഷിക്കാര്‍ ജനനേതാക്കളുമാണ്. ഏശയ്യാപ്രവാചകന്റെ പുസ്തകം അഞ്ചാം അധ്യായത്തില്‍ ദൈവം നട്ടുപിടിപ്പിച്ച അവിടുത്തെ മുന്തിരിത്തോട്ടമാണ് ഇസ്രായേല്‍. വിളവെടുപ്പിന്റെ സമയത്ത് തനിക്ക് അവകാശപ്പെട്ടതു വാങ്ങാന്‍ തന്റെ ഭൃത്യരെ അയയ്ക്കുകയാണ് ഉടമസ്ഥന്‍. പക്ഷേ, കൃഷിക്കാര്‍ അവരെ മര്‍ദിക്കുകയും കൊല്ലുകയും ചെയ്യുന്നു. ദൈവജനമായ ഇസ്രായേലിനുവേണ്ടി ദൈവം അയച്ച പ്രവാചകന്മാരെ ജനനേതാക്കളും ഭരണാധികാരികളും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. യജമാനന്‍ തന്റെ സ്‌നേഹഭാജനമായ പ്രിയപുത്രനെ അവരുടെ പക്കലേക്ക് അയയ്ക്കുന്നു. ദൈവപുത്രനായ ഈശോയെ കാലത്തിന്റെ തികവില്‍ ദൈവം അയച്ചതിനെ ഇവിടെ വിവക്ഷിക്കുന്നു. എന്നാല്‍, ഉടമസ്ഥനുള്ളതു കൊടുക്കാതെ പുത്രനെ വധിക്കുന്നത് ഈശോയോടു പുരോഹിതപ്രമാണികളും ജനനേതാക്കളും ചെയ്തതു സൂചിപ്പിക്കുന്നു.
ഈശോ സങ്കീര്‍ത്തനം 118:22-23 ഉദ്ധരിച്ചുകൊണ്ട് ദൈവികപദ്ധതിയില്‍ തനിക്കും തന്റെ എതിരാളികള്‍ക്കും എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു പ്രസ്താവിച്ചിരിക്കുന്നു. യഹൂദരാല്‍ തിരസ്‌കൃതനായ അവിടുന്ന് ദൈവഭവനത്തിന്റെ, സഭയുടെ മൂലക്കല്ലായിത്തീരുന്നു. എന്നാല്‍, അവിടുത്തെ തിരസ്‌കരിച്ചവരുടെമേല്‍ ദൈവവിധി വരും എന്ന മുന്നറിയിപ്പ് ഇവിടെ നല്കുന്നു. അതായത്, തങ്ങളുടെ ജീവിതത്തിലൂടെ തക്കതായ ഫലം നല്കാത്തവര്‍ക്ക് ദൈവരാജ്യമാകുന്ന മുന്തിരിത്തോട്ടം നഷ്ടമാകുമെന്ന മുന്നറിയിപ്പും ഇവിടെയുണ്ട്.
തന്റെ ജനത്തിനു രക്ഷ നല്കാന്‍ ജീവനു തുല്യം താന്‍ സ്‌നേഹിക്കുന്ന തന്റെ ഏകപുത്രനെപ്പോലും ബലി കൊടുക്കാന്‍ ദൈവം തയ്യാറാകുന്നു. സ്വന്തജനത്തിന്റെ ശത്രുതയെ തന്റെ ഔദാര്യപൂര്‍ണമായ ത്യാഗംകൊണ്ട് ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന ദൈവം, ദുഷ്ടരുടെയും ശിഷ്ടരുടെയുമേല്‍ തരഭേദം കൂടാതെ നിരന്തരം നന്മ വര്‍ഷിക്കുന്ന ദൈവം, തന്റെ ഏകജാതന്‍ ക്രൂശിലേറ്റപ്പെടുന്ന അത്യന്തം ക്രൂരമായ നിമിഷത്തിലും നിരുപാധികസ്‌നേഹത്തിന്റെ ശാന്തിമന്ത്രം തന്റെ പുത്രന്റെ അധരങ്ങളിലൂടെ പൊഴിക്കുന്നു: പിതാവേ, ഇവര്‍ എന്താണു ചെയ്യുന്നതെന്ന് ഇവരറിയുന്നില്ല; ഇവരോടു ക്ഷമിക്കണമേ (ലൂക്കാ 23:34). ഈ വലിയ സ്‌നേഹത്തിന്റെ അണമുറിയാത്ത പ്രവാഹം പുതിയ ഇസ്രായേലായ നമ്മിലേക്കും നിര്‍ബാധം കടന്നുവരുന്നു. ഇന്നത്തെ സുവിശേഷം രണ്ടു വ്യക്തിത്വങ്ങളെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഒന്ന്, ഔദാര്യത്തിന്റെ മൂര്‍ത്തീഭാവമായ തോട്ടമുടമസ്ഥന്‍. രണ്ട്, ഔദാര്യത്തെ ആട്ടിപ്പായിക്കുന്ന പാട്ടക്കാരന്‍. ഈ രണ്ടു ഭാവങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് ഇന്നത്തെ സുവിശേഷം ആഹ്വാനം നല്കുന്നു.
അനാദിയിലേ ദൈവം സ്ഥാപിച്ച മുന്തിരിത്തോട്ടമായിരുന്നു ഈ പ്രപഞ്ചം. അതാണ് ഏദനിലെ തോട്ടം പ്രതിനിധാനം ചെയ്യുന്നത്. അതിന്റെ സംരക്ഷണത്തിനായി ദൈവം മനുഷ്യകുലത്തെ മക്കളുടെ സ്ഥാനത്തു സൃഷ്ടിച്ച് തോട്ടത്തിലാക്കി. തോട്ടം സംരക്ഷിക്കുകയും അവിടെ ശുശ്രൂഷ ചെയ്യുകയുമായിരുന്നു മനുഷ്യന്റെ ദൗത്യം (ഉത്പ. 2:15). മനുഷ്യകുലം പാപം ചെയ്ത് ആ സ്ഥാനം, മക്കളുടെ സ്ഥാനം നഷ്ടപ്പെടുത്തി. മനുഷ്യകുലത്തില്‍നിന്നു ദൈവം ഒരു ജനതയെ തിരഞ്ഞെടുത്ത് അവരെ താന്‍ രൂപപ്പെടുത്തിയ പ്രത്യേക തോട്ടത്തിലാക്കി. ആ ജനതയാണ് ഇസ്രയേല്‍; അവര്‍ക്കു നല്കിയ തോട്ടമായിരുന്നു വാഗ്ദത്തനാട്. അവരിലൂടെ ദൈവം തന്റെ രക്ഷകരപദ്ധതി നിറവേറ്റുന്നതിനു പ്രവാചകരെയും പ്രബോധകരെയും നല്കി. അവരെയെല്ലാം അവര്‍ തിരസ്‌കരിച്ചു. അവസാനം അവിടുന്ന് സ്വന്തം പുത്രനെ അയച്ചു. അവനെയും അവര്‍ പുറത്തുകൊണ്ടുപോയി കൊന്നു. അതാണ് മിശിഹായുടെ പീഡാസഹനവും കുരിശുമരണവും. ദൈവം മരണത്തില്‍നിന്നു മിശിഹായെ ഉയിര്‍പ്പിച്ചു. ഉത്ഥിതനായ മിശിഹാ മൂലക്കല്ലായിത്തീര്‍ന്നുകൊണ്ട് പുതിയൊരു ഇസ്രായേലിനെ രൂപപ്പെടുത്തി. അതാണ് ഉത്ഥിതനായ മിശിഹായില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയായ തിരുസ്സഭ. സുവിശേഷത്തില്‍നിന്നു ശ്രവിച്ച ഉപമയുടെ സംഗ്രഹവും ഇതുതന്നെയാണ്. മനുഷ്യകുലത്തോടു കരുണയോടെയും നീതിപൂര്‍വകവും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ രൂപമാണ് ഇവിടെയും ദര്‍ശിക്കുന്നത്.