•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

ഉണരൂ പ്രഭാതമേ, അരുളൂ പ്രസാദമേ!

രോ പ്രഭാതവും ഓരോ രാവിനെയും അനുസരിച്ചിരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും ഒരു ദിവസത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. രാവിലെമുതല്‍ സംഭവിച്ച ഓരോന്നിനെയുംകുറിച്ച് ആലോചിച്ച് വേണ്ടാത്ത ചിന്തകളില്‍ മുഴുകി അറിയാതെ നിദ്രയിലേക്കു വീഴുന്ന നാം, ഏറ്റവുമവസാനം ഓര്‍മ്മയില്‍ത്തെളിഞ്ഞ ആ സംഭവത്തെ, വസ്തുവിനെ അതുമല്ലെങ്കില്‍ വ്യക്തിയെത്തന്നെ ആദ്യം ഓര്‍ത്തുകൊണ്ട് നിദ്രയുണരുന്നു. ഭൂരിഭാഗം ആളുകളുടെയും അവസ്ഥ ഇങ്ങനെയാണ്.
മറ്റൊരുവിഭാഗം ആളുകള്‍ക്കൂടിയുണ്ട്. അവര്‍ക്കും നമുക്കും ദിവസത്തിന് 24 മണിക്കൂറാണെങ്കിലും സ്വന്തം കാര്യങ്ങള്‍പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്ര തിരക്കുള്ളവരാണ്. എന്നാല്‍, ആദ്യം പറഞ്ഞ വിഭാഗം എല്ലാത്തിനും സമയം കണ്ടെത്തുന്നു. ജീവിതം ആസ്വദിക്കുന്നത് അവരാണ്. നമ്മളൊക്കെ വെറുതേ ആസ്വദിക്കാന്‍വേണ്ടി ഓടുന്നവര്‍ മാത്രം. 
ദി ഗ്രേറ്റ് പേര്‍സണാലിറ്റീസ്, കിംഗ് മേക്കര്‍, ലെജണ്ടറി എന്നൊക്കെ വിശേഷിപ്പിക്കുന്ന മഹാന്മാര്‍ക്കും മഹതികള്‍ക്കും ജീവിതത്തിന് പദ്ധതിയുമുണ്ട്. സമയത്തിനു വലിയ വിലയുണ്ട്. പക്ഷേ, തിരക്കാണ്, സമയമില്ല എന്നൊക്കെ പറയുന്ന നമുക്കും നമ്മുടെ സമയത്തിനു വിലയിടാവുന്നതേയുള്ളൂ. അതേസമയം ആലോചിക്കട്ടെ, ശ്രമിക്കാം, ചെയ്യാം എന്നൊക്കെ പറഞ്ഞവരുടെ സമയത്തിന്റെ വിലയാണ് ശരിക്കും വിലമതിക്കാനാവാത്തത്. കാരണം, ആ വാക്ക് പലപ്പോഴും വഴിതെളിച്ചത് അമാനുഷികതയ്ക്കായിരുന്നു, അദ്ഭുതങ്ങള്‍ക്കായിരുന്നു. സമയം വിലപ്പെട്ടതാണ്. അതിനാല്‍ത്തന്നെ അതു ബുദ്ധിപൂര്‍വ്വം ചെലവഴിക്കുക. ലക്ഷ്യബോധമുള്ളവര്‍ ഇന്നലത്തെ തോല്‍വികളില്‍നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ മാത്രമേ പ്രഭാതത്തില്‍ ഓര്‍മ്മിക്കുന്നുള്ളൂ.
അവരും സാധാരണക്കാരാണ്. പക്ഷേ, അസാധാരണമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഓരോ പ്രഭാതവും 'മൂഡനുസരിച്ചായിരിക്കും' എന്നു പറയുമ്പോള്‍ അവരുടേത് ശുഭാപ്തിവിശ്വാസംകൊണ്ടു നിറയുകയാണ്. നമ്മള്‍ ഓരോ ദിവസവും മരിച്ചുജീവിക്കുന്നു. എന്നാല്‍ അവരോ സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും ഇനിയങ്ങോട്ടുള്ള അഞ്ചും പത്തും വര്‍ഷത്തേക്കുള്ള ശക്തി സംഭരിക്കുന്നു. ഇരുകൂട്ടരും അധ്വാനിക്കുന്നു. പക്ഷേ, എല്ലാവരും വളരുന്നില്ല.
അതേ, അവര്‍ വ്യത്യസ്തരാണ്. ഇന്നലെയുടെ ഉച്ഛിഷ്ടങ്ങളെ ഓരോ പ്രഭാതവും നാം തലയിലേറ്റുമ്പോള്‍ അവര്‍ അവരുടെ പ്രഭാതം ആ ദിവസത്തേക്കുള്ള ശക്തിയാര്‍ജ്ജിക്കാന്‍ ഉപയോഗിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങളോടെയും പദ്ധതികളോടെയും ഓരോ ദിവസത്തെയും ആസൂത്രണം ചെയ്യുന്നു. അവരുടെ മൂഡ്‌സെറ്റ് എങ്ങനെ രൂപീകരിക്കണമെന്നവര്‍ക്കറിയാം. എക്‌സര്‍സൈസ്, മെഡിറ്റേഷന്‍, മ്യൂസിക് തുടങ്ങിയവ ഇവിടെ അവര്‍ ഉപയോഗപ്പെടുത്തുന്നു. ഓരോ പ്രഭാതത്തെയും സ്വന്തമാക്കുന്നതുവഴി ഓരോ ദിവസത്തെയും അവര്‍ നിയന്ത്രണവിധേയമാക്കുന്നു. ജീവിതം സന്തോഷകരമാണെന്ന് ഉറപ്പുവരുത്തുന്നു. പ്രതീക്ഷയോടെ ജീവിക്കുന്നു. കൂടുതല്‍ ചെയ്യുന്നു. കൂടുതല്‍ വളരുന്നു. ഉള്ളതിനും വരാനുള്ളതിനും ഇല്ലാത്തതിനുമെല്ലാം നന്ദി പറയുന്നു.
ഇങ്ങനെയുള്ളവര്‍ ഒരിക്കലും പ്രഭാതങ്ങള്‍ മൊബൈല്‍ ഫോണിനോ പ്രശ്‌നചിന്തകള്‍ക്കോ നല്കുന്നില്ല. അവര്‍ അവരുടെ ദിവസത്തിനു വേണ്ടുന്ന റിഹേഴ്‌സലുകള്‍ ആ സമയത്ത് കണ്ടെത്തുന്നു. ഏതു നെഗറ്റീവ് ചിന്തകളെയും നേരിടാന്‍ അവര്‍ തയ്യാറെടുക്കുന്നു.
ലേഖിക പാലാ സെന്റ് മേരീസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌

 

Login log record inserted successfully!