ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു പറയാത്ത നാവും കേള്‍ക്കാത്ത കാതും ഉണ്ടാവില്ല. എങ്കിലും സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധമാണു കേരളത്തില്‍ പെരുകുന്നത്. ഒരാള്‍ ജീവനൊടുക്കുമ്പോള്‍ മരിക്കുന്നത് ആ ഒരാളാണെങ്കിലും മരണസമാനമായ ഒരു സാഹചര്യത്തിലേക്കു പൊടുന്നനവെ ഒരു കുടുംബം മുഴുവന്‍ കൂപ്പുകുത്തുകയാണ്. അവര്‍ അതിനെ അതിജീവിക്കണമെങ്കില്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും നാം ഏറെ മുമ്പിലെന്നു വിചാരംകൊള്ളുമ്പോഴും എന്തേ ഒരുപാടുപേര്‍ ജീവിതത്തിനു സ്വയം വിരാമമിടുന്നത്! പെരുകുന്ന ആത്മഹത്യകളുടെ പൊള്ളുന്ന വാര്‍ത്ത കേട്ട് ഓരോ ദിവസവും കേരളം ലജ്ജിച്ചു തലകുനിക്കുകയാണ്. സാംസ്‌കാരികകേരളം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. വിഷാദരോഗങ്ങളും ജീവിതപ്രാരബ്ധങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും എന്നുവേണ്ടാ, ചെറുതും വലുതുമായ ഒട്ടനവധി പ്രശ്‌നങ്ങളാണ് ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
ആത്മഹത്യാപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തകൃതിയായി നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ സമ്മതിക്കുമായിരിക്കാം. പിന്നെന്തേ ഈ കേരളത്തില്‍ വര്‍ഷംതോറും ആത്മഹത്യ പെറ്റുപെരുകുന്നതെന്നുകൂടി ചോദിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാകണമെന്നുമാത്രം. സര്‍ക്കാര്‍സംവിധാനങ്ങളില്‍ ആശ്രയിച്ചതുകൊണ്ടുമാത്രമായില്ല, വ്യക്തികളും സമൂഹവും മതപ്രസ്ഥാനങ്ങളും ജാഗ്രത പാലിക്കണം.
ജീവനൊടുക്കുന്നവരില്‍ കുട്ടികളുടെ എണ്ണം ഭയാനകമാംവിധം കൂടുന്നുവെന്ന കാര്യവും ഗൗരവമായ പഠനം അര്‍ഹിക്കുന്നുണ്ട്. അനാരോഗ്യകരമായ കുടുംബസാഹചര്യങ്ങളില്‍നിന്നു വരുന്നവരെയും പഠനനിലവാരത്തില്‍ വളരെ പിറകിലുള്ളവരെയും മാനസികപിരിമുറുക്കങ്ങളുള്ളവരെയും പരിഗണിക്കാന്‍ നമ്മുടെ സ്‌കൂള്‍-കോളജ് അന്തരീക്ഷത്തില്‍ മതിയായ സംവിധാനമില്ലെന്ന് എത്രകാലമായി നാം പറഞ്ഞുകൊണ്ടിരിക്കുന്നു. സൈബര്‍, ലഹരി അടിമത്തങ്ങള്‍ കുട്ടികളില്‍ വര്‍ധമാനമായ വര്‍ത്തമാനകാലസാഹചര്യത്തില്‍ കൗണ്‍സലേഴ്‌സിന്റെ സേവനം വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടു മടി കാണിക്കുന്നു?
അക്രമവാസനയുള്ളവരെയും ചീത്തക്കൂട്ടുകെട്ടുള്ളവരെയുമൊക്കെ നിയന്ത്രിക്കാന്‍ മതിയായ കൗണ്‍സലിങ് തെറാപ്പികളും ബോധവത്കരണമാര്‍ഗങ്ങളും സ്‌കൂളുകളിലും കലാലയങ്ങളിലുമുണ്ടാകണം. പാഠ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് അതിനുള്ള സമയമോ വൈദഗ്ധ്യമോ ഉണ്ടാവണമെന്നില്ലല്ലോ. വിദ്യാഭ്യാസം കുട്ടികളുടെ സമഗ്രവ്യക്തിത്വത്തിന്റെ വികസനമാണെന്നു നാം സമ്മതിക്കുന്നപക്ഷം കുറെ വിഷയങ്ങള്‍ പഠിപ്പിച്ച് എ പ്ലസുകാരെ സൃഷ്ടിക്കുന്നതിനപ്പുറം മനുഷ്യത്വത്തിലേക്കുള്ള വളര്‍ച്ചയ്ക്കു പ്രാധാന്യം കൊടുക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ കുടുംബ-അയല്‍പക്കബന്ധങ്ങളില്‍ ഉണ്ടാവേണ്ട ഊഷ്മളത എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവും നമ്മെ കര്‍മനിരതരാക്കണം. അടിസ്ഥാനജീവിതമൂല്യങ്ങള്‍ അളവില്ലാതെ വിളമ്പിക്കൊടുക്കേണ്ട കുടുംബങ്ങളുടെ കാര്യസ്ഥന്മാര്‍ ഉത്തരവാദിത്വത്തോടെ ഉണരേണ്ട കാലമാണിത്. മാതാപിതാക്കളും മക്കളും ഒത്തൊരുമിച്ചു വളരുന്ന കുടുംബങ്ങളില്‍ പരസ്പരം താങ്ങും തണലുമാകാന്‍ അവര്‍ക്കു കഴിയും. ആത്മീയതയുടെ പാഠശാലയാകുന്ന കുടുംബങ്ങളില്‍നിന്നാണ് ദൈവവിചാരവും വിശ്വാസവും ജീവിതമൂല്യങ്ങളും സാമൂഹികാവബോധവുമെല്ലാം കുഞ്ഞുങ്ങള്‍ പഠിച്ചുതുടങ്ങുന്നത്. പ്രഥമവിദ്യാലയം കുടുംബമാണെന്നും പ്രഥമാധ്യാപകര്‍ മാതാപിതാക്കളാണെന്നുമുള്ള തിരിച്ചറിവ് കുട്ടിയുടെ അപ്പനും അമ്മയ്ക്കുമുണ്ടാകുന്നില്ലെങ്കില്‍ പിന്നെ ആരെയാണു നാം പഴിചാരേണ്ടത്?
ഏതു സങ്കീര്‍ണപ്രതിസന്ധിയും നേരിടാനുള്ള ഏറ്റവും മികച്ച പോംവഴി നല്ല സൗഹൃദങ്ങളും കെട്ടുറപ്പുള്ള കുടുംബപശ്ചാത്തലവുമാണെന്നു തിരിച്ചറിഞ്ഞാല്‍ അതു ജീവിതത്തിനു കരുത്തു പകരുമെന്നതില്‍ സംശയമില്ല. ഓര്‍മിക്കുക: ജീവിതം ഒന്നേയുള്ളൂ, അതു സന്തോഷത്തോടും സമാധാനത്തോടുംകൂടി ജീവിക്കാനുള്ളതാണ്. മരണസമാനമായ ഏതു പ്രതിസന്ധിയും ജീവിതത്തില്‍ ഉണ്ടായാല്‍പ്പോലും ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ധീരമായി നേരിടാനുള്ള ഉള്‍ക്കരുത്താണ് നമുക്കിന്നാവശ്യം.
എഡിറ്റോറിയല്‍
ആത്മഹത്യയെ മഹത്ത്വവത്കരിക്കരുതേ!
