കെ സി ബി സി ടെമ്പറന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പാലാ രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച ''സേ നോ റ്റു ഡ്രഗ്സ്'' സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു: ''കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഗ്രസിച്ചിരിക്കുന്ന മദ്യ-ലഹരിവിപത്തുകള്ക്കെതിരേ കണ്ണടച്ചുകൂടാ. ഈ തിന്മകള്ക്കെതിരേ ജനപ്രതിനിധികളും സമൂഹവും ഒന്നിച്ചുനിന്നു പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമയും മറ്റു പ്രചാരണമാധ്യമങ്ങളും നല്കുന്ന അമിതപ്രാധാന്യംമൂലം അവയെല്ലാം നന്മയാണെന്നു കരുതി യുവതലമുറ അനുകരിക്കുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണു ജനിപ്പിക്കുന്നത്.''
മദ്യത്തോടും ലഹരിയോടും അല്പംപോലും മൃദുസമീപനം പാടില്ലെന്നും അവയ്ക്കെതിരേ കര്‍ശനമായ ഒരു 'ലോക്ഡൗണ്‍' പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.
കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരിയുപയോഗം നമ്മുടെ സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണെന്നായിരുന്നു ഇടുക്കി രൂപതയുടെ മെത്രാനായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിപ്രായപ്പെട്ടത്. ''ലഹരിവസ്തുക്കളെക്കുറിച്ചുള്ള അവബോധം മതപഠനകേന്ദ്രങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വളര്‍ത്തിയെടുക്കണം. ലഹരിവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും നിയമത്തിന്റെ മുമ്പിലെത്തിച്ച്  മാതൃകാപരമായി ശിക്ഷിക്കണം. ദിനപത്രങ്ങള്‍, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ എന്നിവയിലൂടെയെല്ലാം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങള്‍ ജനങ്ങളിലെത്തിക്കുകയും വേണം.'' അദ്ദേഹം പറഞ്ഞു.
രാസലഹരിയുടെ അനിയന്ത്രിതമായ ഉപയോഗത്തിനും അവ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്ക്കുമെതിരേ ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിചേരണമെന്നും കര്‍ശനനിലപാടു സ്വീകരിക്കണമെന്നുമായിരുന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ ആഹ്വാനം. ''സ്വന്തം കുടുംബാംഗങ്ങളെപ്പോലും കൊല്ലാന്‍ മടിക്കാത്തവിധം ലഹരിക്കടിപ്പെടുന്നതും, കിരാതവും ക്രൂരവുമായ കാമ്പസ് റാഗിങ്ങുമെല്ലാം ഏറെ ഭീതിയോടെ മാത്രമേ കാണാനാകൂ. മദ്യവും മയക്കുമരുന്നുകളും  ഏറെ വ്യാപകമായിരിക്കുന്ന ഇക്കാലഘട്ടത്തില്‍ യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സഭയ്ക്കും പൊതുസമൂഹത്തിനും മാറിനില്‍ക്കാനാകില്ല.'' ലഹരിക്കെതിരേ സ്വീകരിക്കുന്ന ശക്തമായ നടപടികളിലൂടെ യുവാക്കളെയും വരുംതലമുറകളെയും ലഹരിയില്‍നിന്നു മോചിപ്പിച്ച് 'ജീവിതമാണ് ലഹരി' എന്ന ലക്ഷ്യത്തിലേക്കു നയിക്കാന്‍ കഴിയട്ടെയെന്നും മാര്‍ ജോസ് പുളിക്കന്‍ പ്രത്യാശിച്ചു. കുട്ടികളെ നല്ലവരായി വളര്‍ത്തിയെടുക്കാനുള്ള കടമകളെക്കുറിച്ച് സഭാപിതാക്കന്മാര് ഓര്‍മപ്പെടുത്തുകയായിരുന്നു. രക്ഷിതാക്കള്‍ ഒരാള്മാത്രമാകുന്ന സ്ഥിതിവിശേഷം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.
അടിയും വെട്ടും കുത്തുമായി നടന്ന മകനെ ഒരു വാക്കുകൊണ്ട് നന്നാക്കിയെടുക്കുന്ന ഒരു പിതാവിന്റെ കഥ 'കിരീടം' എന്ന ചലച്ചിത്രത്തില്‍ കണ്ടതായി ഓര്‍മിക്കുന്നു. 'കത്തി താഴെയിടടാ, നിന്റെ അച്ഛനാടാ പറയുന്നത്'' എന്നതായിരുന്നു അച്ഛന്റെ ഉഗ്രശാസനം. സിനിമയിലെ മകന് മാനസാന്തരപ്പെട്ട് കത്തി താഴെയിട്ടു നടന്നകലുന്നു. എന്നാല്‍, പിതാക്കന്മാരുടെ വാക്കുകേട്ട് മക്കള്‍ അനുസരിക്കുന്ന കാലമൊക്കെ കടന്നുപോയിരിക്കുന്നു.
ഇന്ന് അച്ഛന്മാരുടെയും അമ്മമാരുടെയും ദേഹത്താണ് പുത്രന്മാര് കത്തികയറ്റുന്നത്. അച്ഛനും അമ്മയും മക്കളുടെ തല്ലുവാങ്ങുന്നു. മദ്യലഹരിയില്‍ അമ്മയെ പീഡിപ്പിച്ച മകന് അറസ്റ്റിലായി എന്ന വാര്‍ത്തയ്ക്കുപോലും ലോകം സാക്ഷിയായിരിക്കുന്നു. കുടുംബത്തിലെ അരക്ഷിതാവസ്ഥ മറികടക്കാനാണു യുവതീയുവാക്കള്‍ മദ്യത്തെയും ലഹരിയെയും കൂട്ടുപിടിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളില്‍ കുട്ടികള്‍ക്കുണ്ടായിരുന്ന സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. അവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സംസാരംപോലും ഇല്ലാതായി, വീട്ടില്‍നിന്നു സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ അവിടെ എത്തിയോ എന്നും, സ്കൂള്‍ വിട്ടാല്‍ എപ്പോഴാണു വീട്ടില്‍ തിരികെയെത്തുന്നതെന്നും അന്വേഷിക്കാനുള്ള കടമ മാതാപിതാക്കളുടേതാണ്. ഈ പോക്കിനും വരവിനുമിടയിലാണ് കുട്ടികള്‍ മദ്യത്തിന്റെയും ലഹരിയുടെയും കെണിയില്‍ വീഴുന്നതെന്നു കണ്ടിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ അധ്യാപകരുമായി സംവദിക്കാനും കുട്ടികളുടെ പഠനത്തെക്കുറിച്ച് അന്വേഷിക്കാനും മാതാപിതാക്കള്‍ മറക്കരുത്.
അധ്യാപകരുടെ അനുഭവങ്ങള്‍
ഇടുക്കിജില്ലയിലെ ഒരു സ്കൂള്‍ അധ്യാപികയുടെ അനുഭവസാക്ഷ്യം ഇവിടെ ചേര്‍ത്തുവായിക്കണം: ''ഒരു ഒമ്പതാംക്ലാസുകാരന് പതിവായി തങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നുണ്ടെന്ന ഏതാനും വിദ്യാര്‍ഥിനികളുടെ  പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവന്റെ ഫോണ്‍ വാങ്ങി പരിശോധിക്കുകയും ചിത്രങ്ങളുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതേക്കുറിച്ച് അവന്റെ അമ്മയെ വിളിച്ചറിയിച്ചപ്പോള്‍ പറഞ്ഞ മറുപടി കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി. 'മകന്റെ ഫോണ്‍ അവനു മര്യാദയ്ക്കു തിരിച്ചുകൊടുത്തേര്. അവന് എന്തെങ്കിലും  അവിവേകം കാട്ടിയാല്‍ നിങ്ങളെ ഞാന്‍ കോടതി കയറ്റും.' ഫോണ്‍ തിരികെ നല്കിയപ്പോള് അവന് ഗര്‍വോടെ എന്റെ മുമ്പിലൂടെ നടന്നുപോയി.'' 
പത്തനംതിട്ടയിലുള്ള ഒരു എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ഥിയെ അച്ചടക്കനടപടിയുടെ പേരില്‍ ടി സി നല്കി പറഞ്ഞുവിട്ട അനുഭവം സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതും ഓര്‍മിക്കുന്നു: ''ടി സി നല്കി പറഞ്ഞുവിടുകയാണെന്നറിയിച്ചപ്പോള് വായില്‍കൊള്ളാത്ത തെറി വിളിച്ചുപറയുകയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രാക്ടിക്കല്‍ പരീക്ഷ ചെയ്യാത്ത റിക്കോര്‍ഡ് ബുക്ക് ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ അധ്യാപികയുടെ പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നു ഭയപ്പെടുത്തിയ വിദ്യാര്‍ഥിയെ അതില്‍നിന്നു പിന്തിരിപ്പിച്ചത് ഏറെ ബുദ്ധിമുട്ടിയാണ്.''
മലപ്പുറം പൊശ്ശന്നൂര് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സേവനം ചെയ്തിരുന്ന ഒരധ്യാപകന് തനിക്കുണ്ടായ ദുരനുഭവം ഇപ്രകാരമാണ് വിവരിച്ചത്: ''സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലേക്കു പോകാതെ കറങ്ങിനടന്ന ഒരു വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന്റെ  അടുത്തെത്തിച്ചു. അവനെ ശാസിക്കുന്നതിനിടെ എന്റെ ഇടതുകൈ പിന്നിലേക്കു പിണച്ചുപിടിച്ചുചവിട്ടി കൈക്കുഴ വേര്‍പെട്ട നിലയിലായി. ചവിട്ടിന്റെ ആഘാതത്തില്‍ നിലത്തു കമിഴ്ന്നുവീണ എന്റെ തലയിലും വയറിലും ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. തടസ്സംനിന്ന അധ്യാപകരെ തള്ളിമാറ്റിയായിരുന്നു അക്രമം. ശരീരത്തിനേറ്റ മുറിവിനെക്കാള്‍ മനസ്സിനേറ്റ ആഘാതം താങ്ങാനാവാതെ മറ്റൊരു സ്കൂളിലേക്കു സ്ഥലംമാറ്റം വാങ്ങി.''
വിദ്യാര്‍ഥികളുടെ സാക്ഷ്യങ്ങള്‍
എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സിഗററ്റു വലിച്ചുതുടങ്ങിയ ഒരു വിദ്യാര്‍ഥി കഞ്ചാവും പിന്നീട്, എം ഡി എം എ യും ഉപയോഗിച്ചു ലഹരിക്കടിമയായ കഥ ഹൃദയവേദനയോടെയാണു ശ്രവിച്ചത്. ''അവന്റെ സുഹൃത്തുക്കളായ 12 പേരും ഒരുപോലെ ലഹരി ഉപയോഗിച്ചു. തലയ്ക്കുപിടിച്ചുകഴിയുമ്പോള് മുമ്പില്‍ നില്‍ക്കുന്നത് ആരാണെന്നുപോലും  തിരിച്ചറിയാന്‍ കഴിയാറില്ലായിരുന്നു. ഒരിക്കല്‍ പിതാവിന്റെ നേരേ കത്തിയുമായി പാഞ്ഞടുത്തു. ബൈക്കു മോഷ്ടിച്ചു നല്കിയാല് എം ഡി എം എ തരാമെന്നു കേട്ടപ്പോള്‍ 12 പേരും ബൈക്കുമോഷ്ടാക്കളായി. ഒടുവില്‍ 18-ാം വയസ്സില്‍ മോഷണക്കുറ്റത്തിനു ജയിലിലുമായി. ജയിലിനുള്ളില്‍വച്ച് പൊലീസിനെ ആക്രമിച്ച വാര്‍ത്ത പത്രമാധ്യമങ്ങള്‍വഴി ലോകം മുഴുവന്‍ അറിയുകയും ചെയ്തു. ജയിലില്‍വച്ചു നല്കിയ കൗണ്സിലിങ്ങിനിടയിലാണു മാറ്റം വന്നത്.''
സര്‍ക്കാര്‍ നടപടികള്‍ 
ഫലപ്രദമാകുമോ?
ലഹരിവിപത്തിനെ ചെറുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രില്‍മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തീരുമാനങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമാകുമെന്നാണു പ്രതീക്ഷ. നിയമസഭാമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലെ തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. മാര്‍ച്ച് 30-ാം തീയതി വിദഗ്ധരുടെയും അധ്യാപക-രക്ഷാകര്ത്തൃസംഘടനകളുടെയും സിനിമ, സാംസ്കാരിക, മാധ്യമസംഘടനകളുടെയും വിദ്യാര്‍ഥി-യുവജനസംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കും.
2. എല്‍ പി തലംമുതല്‍ ലഹരിവിരുദ്ധബോധവത്കരണം നടത്തും.
3. കുട്ടികളെ കലാകായികരംഗങ്ങളിലേക്കാകര്ഷിക്കാന് പരിപാടികള്‍ ആസൂത്രണം ചെയ്യും.
4. പൊലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
5. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അതിര്‍ത്തികടക്കുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കും. പാഴ്സല്‍, കൊറിയര്‍, ടൂറിസ്റ്റുവണ്ടികള് തുടങ്ങി സംസ്ഥാനാതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധനകള്‍ക്കു വിധേയമാക്കും.
6. തുറമുഖം, റെയില്‍വേ, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു കര്‍ശനമായ പരിശോധനകള്‍ നടത്തും.
7. മദ്യവും ലഹരിയും വില്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പുകള്‍ സ്വീകരിക്കും.
8. ഹോസ്റ്റലുകളും പൊതുവിടങ്ങളും ലഹരിവിമുക്തമാണെന്ന് ഉറപ്പാക്കും.
9. മയക്കുമരുന്നുസാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങും.
10. പൊലീസ്സേനയിലുള്ള സ്നിഫര്‍ ഡോഗുകളുടെ എണ്ണം വര്‍ധിപ്പിക്കും.
11. ഓണ്‍ലൈന്‍ ലഹരിവ്യാപാരം തടയും.
ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ ഇന്ത്യയ്ക്കുപുറത്ത് പേരുണ്ടായിരുന്ന 'ദൈവത്തിന്റെ സ്വന്തം നാട്' എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിലെത്തിയതെന്നു ചിന്തിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. ഏറ്റവും ക്രൂരമായ അതിക്രമങ്ങള്‍ അരങ്ങേറുന്ന നാടായി കേരളം മാറിയിരിക്കുന്നു. ലഹരിക്കടിപ്പെട്ട രണ്ടു യുവാക്കളിലൊരാള്‍ അച്ഛനെ വെട്ടിക്കൊന്നതും, മറ്റൊരാള്‍ അമ്മയെ കഴുത്തറുത്തുകൊന്നതും ജനുവരിമാസത്തിലാണ്. മറ്റൊരു ചെറുപ്പക്കാരന് ഒരു വീട്ടിലെതന്നെ മൂന്നു പേരെയാണ് ചുറ്റികകൊണ്ട് അടിച്ചുകൊന്നത്. രണ്ടുപേരെ നിഷ്ഠുരം വെട്ടിക്കൊന്ന 'ചെന്താമര' യെ മറക്കാറായിട്ടില്ല. രാസലഹരി ഉപയോഗിച്ച് സുബോധം നഷ്ടപ്പെട്ട ഒരു കൊടുങ്ങല്ലൂരുകാരനും കഴുത്തറുത്താണ് അമ്മയുടെ ജീവനെടുത്തത്.
പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് നൂറു വര്‍ഷംമുമ്പു സൂചിപ്പിച്ച ഒരവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നോയെന്നാണ് അറിയേണ്ടത്. ''സാങ്കേതികവിദ്യ അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ മാനുഷിക ഇടപെടലുകളെ മറികടക്കുകയും വിഡ്ഢികളുടെ  ഒരു തലമുറ രൂപപ്പെടുകയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു.'' ജനങ്ങളുടെ ചിന്താശേഷിയിലുണ്ടായ കുറവുകളല്ലേ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. പുതുതലമുറയ്ക്ക് ഏറ്റവുധികം അറിവുകള്‍ പകര്ന്നുനല്കുന്നത് സമൂഹമാധ്യമങ്ങളാണ്. എന്നാല്‍, അവയിലൂടെ കുട്ടികള്‍ കാണുന്നത് അക്രമങ്ങളും അശ്ലീലങ്ങളുമടങ്ങിയ സന്ദേശങ്ങളാണ്. ദയ, സ്നേഹം, കാരുണ്യം, ദാനധര്‍മം, പരസ്പരബഹുമാനം തുടങ്ങിയ പുണ്യങ്ങള്‍ കുട്ടികളിലെത്തേണ്ടതുണ്ട്. മതവും രാഷ്ട്രീയവും സര്‍ക്കാര്‍സംവിധാനങ്ങളുമെല്ലാം ഈ ലക്ഷ്യത്തിലേക്കു മുന്നേറട്ടെയെന്നേ പ്രാര്ഥിക്കാനാകുന്നുള്ളൂ.
                     ലേഖനം
                    
                പടരുന്ന ലഹരി, തകരുന്ന കുടുംബങ്ങള്‍
                    
							
 തോമസ് കുഴിഞ്ഞാലിൽ
									
									
									
									
									
                    