ആര്‍ക്കും അടയ്ക്കാന്‍ പറ്റാത്ത വാതിലുകള്‍ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകംവിട്ട് സ്വര്‍ഗത്തിലേക്കു യാത്രയാകുന്നത്
     പരിശുദ്ധ ഫ്രാന്‍സിസ് പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം എനിക്കു പറയാനുള്ളത്, ഈ ലോകത്തില്‍ ദൈവത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തിയാണ് അദ്ദേഹം എന്നതാണ്. ദൈവം നമുക്കു നല്‍കിയ അമൂല്യമായ നിധിയായിരുന്നു, വിലയേറിയ രത്‌നമായിരുന്നു പരിശുദ്ധ പിതാവ്. അദ്ദേഹം ലോകത്തെ പഠിപ്പിച്ചത് നാലു പ്രധാനപ്പെട്ട പ്രബോധനങ്ങള്‍വഴിയായിരുന്നു: Fratelli tutti   (ഫ്രത്തേലിതൂത്തി - എല്ലാവരും സഹോദരങ്ങള്‍), Laudato si' (ലൗദാത്തോ സി - അങ്ങേക്ക് സ്തുതിയായിരിക്കട്ടെ), Dilexit nos (ഡിലെക്‌സിറ്റ് നൊസ് - അവന്‍ നമ്മളെ സ്‌നേഹിച്ചു), Lumen fidei ((ലുമെന്‍ ഫിദേയി - വിശ്വാസത്തിന്റെ വെളിച്ചം). ഈ നാലു ചാക്രികലേഖനങ്ങളിലൂടെയാണ് പരിശുദ്ധപിതാവ് പ്രധാനപ്പെട്ട പ്രബോധനങ്ങളെല്ലാം നല്‍കിയത്. സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ  തരണം ചെയ്യാന്‍ പാപ്പാ നടത്തിയ പരിശ്രമങ്ങള്‍ മഹത്തരമാണ്. ''ലൗദാത്തോ സി'' എന്ന ചാക്രികലേഖനത്തിലൂടെയും 'ലൗദാത്തെ ദേവും' എന്ന അപ്പസ്‌തോലികലേഖനത്തിലൂടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാപ്പാ ലോകത്തിന്റെ മുമ്പില്‍ തുറന്നുവയ്ക്കുകയായിരുന്നു. കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍ ഒരു സുസ്ഥിരമായ ജീവിതശൈലി ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും പാപ്പാ വിശദമായി സംസാരിക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാപ്പാ നടത്തിയ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമായിരുന്നു. 
    രണ്ടാമത്തെ കാര്യം, പാപ്പാ തിരഞ്ഞെടുത്ത പേരിന്റെ പ്രസക്തിയാണ് - ഫ്രാന്‍സിസ്. ഞാന്‍ കരുതുന്നത് ഫ്രാന്‍സിസ് എന്നത് പാപ്പായ്ക്കു വെറുമൊരു പേരല്ലായിരുന്നു. പാപ്പാ ജീവിക്കാന്‍ ആഗ്രഹിച്ച, ക്രിസ്തീയജീവിതശൈലിയായിരുന്നു അത്.  പാപ്പാ പ്രഘോഷിക്കാന്‍ ആഗ്രഹിച്ച സുവിശേഷമായിരുന്നു, അദ്ദേഹം പഠിപ്പിക്കാന്‍ ആഗ്രഹിച്ച മതബോധനമായിരുന്നു ആ പേര്. സ്വര്‍ഗത്തിലേക്കുള്ള കവാടമായിരുന്നു അദ്ദേഹത്തിന് ഫ്രാന്‍സിസ് എന്ന പേര്. അപ്രകാരം ഫ്രാന്‍സിസ് എന്ന പേരിനെ അനശ്വരമാക്കിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ഈ ലോകത്തില്‍നിന്നു യാത്രയാകുന്നത്. 
    ഈ അവസാനനാളില്‍ എഴുതിയ ചാക്രികലേഖനത്തില്‍ 'അവന്‍ നമ്മെ സ്‌നേഹിച്ചു' (Dilexit Nos)  എന്ന പ്രബോധനത്തില്‍ പാപ്പാ ഊന്നിപ്പറയുന്നത് ഹൃദയം നഷ്ടപ്പെട്ട ലോകത്തിന് ഒരു ഹൃദയം കൊടുക്കാനായി നമ്മളെല്ലാവരും പരിശ്രമിക്കണം എന്ന മഹത്തായ കാര്യമാണ്. ഹൃദയമില്ലാത്തവര്‍ക്ക് അല്ലെങ്കില്‍ ഹൃദയപൂര്‍വം പെരുമാറാന്‍ അറിയാത്തവര്‍ക്ക് ഒരു ഹൃദയം കൊടുക്കാന്‍ നമ്മള്‍ തയ്യാറാകണം. അതിന് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചിരിക്കുന്നത് നാലു സുവിശേഷങ്ങളുടെയും സാരസംഗ്രഹമായ ഈശോയുടെ ഹൃദയം എന്ന ആശയംതന്നെയാണ്. അതുപോലെ പ്രവാസികളെക്കുറിച്ചും സാമ്പത്തികമായി വളരെയേറെ പ്രയാസമനുഭവിക്കുന്ന വ്യക്തികളെക്കുറിച്ചും പരിശുദ്ധ പിതാവ് വലിയ കരുതലോടെയാണു സംസാരിച്ചിട്ടുള്ളത്. 
    സീറോ മലബാര്‍ സഭയെ സംബന്ധിച്ച് പരിശുദ്ധ പിതാവ് വലിയൊരു അനുഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ വ്യക്തിത്വവും സ്വത്വവും പ്രേഷിതാഭിമുഖ്യങ്ങളും നമ്മള്‍ കാത്തു പരിപാലിച്ചു വളര്‍ത്തി സംരക്ഷിക്കണമെന്ന് നിരവധി അവസരങ്ങളില്‍ പരിശുദ്ധ പിതാവ് നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ദൈവാരാധനയെക്കുറിച്ചു പൊതുവില്‍ 'ദെസിദേരിയോ ദെസിദെരാവി' (DESIDERIO DESIDERAVI  - ഞാന്‍ അതിയായി ആശിച്ചു) എന്ന ലേഖനത്തിലൂടെ വളരെ ക്ലിപ്തമായ മാനദണ്ഡങ്ങള്‍ സാര്‍വത്രികസഭയ്ക്കു നല്‍കി. ചുരുക്കത്തില്‍, പാപ്പായുടെ ജീവിതവും കാഴ്ചപ്പാടുകളും ലോകമെമ്പാടുമുള്ള ആളുകള്‍ക്കു പ്രചോദനമായിരുന്നു. പരിശുദ്ധ പിതാവിന്റെ എളിമയും സാമൂഹികനീതിയിലുള്ള ഉറച്ച വിശ്വാസവും ലോകത്തിനു മാതൃകയാണ്. ദരിദ്രരോടുള്ള പാപ്പായുടെ പ്രത്യേക ശ്രദ്ധയും പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയും പ്രവാസികളെക്കുറിച്ചുള്ള കരുതലും ലോകശ്രദ്ധ നേടിയ കാര്യങ്ങളാണ്. ആഡംബരജീവിതം ഒഴിവാക്കി സാധാരണക്കാരെപ്പോലെ ജീവിക്കുന്നതില്‍ പാപ്പാ കാണിച്ചുതന്ന മാതൃക പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സാമൂഹികനീതിക്കുവേണ്ടിയുള്ള  പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചതന്നെയാണ്. പ്രകൃതിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും ജാതിമതവര്‍ഗവര്‍ണചിന്തകള്‍ക്കതീതമായി ഏവരെയും ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും നമ്മള്‍ വിശദമായി പഠിക്കുകയും ആശയങ്ങള്‍ നമ്മുടെ ജീവിതാംശമാക്കുകയും വേണം. പാപ്പാ സ്വര്‍ഗത്തിലേക്കാണ് യാത്ര ചെയ്തിരിക്കുന്നത്. സ്വര്‍ഗത്തിന്റെ നിത്യതയില്‍, പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തില്‍ വിശ്രമിച്ച് അദ്ദേഹം ശാന്തിയനുഭവിക്കട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം.
							
 മാര്‍ ജോസഫ് കല്ലറങ്ങാട്ട് 
                    
									
									
									
									
									
                    