ഫ്രഞ്ചുവിപ്ലവകാലത്തു രക്തസാക്ഷിത്വം വരിച്ച പതിനാറു കന്യാസ്ത്രീകളെ, പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ 2024 ഡിസംബര്‍ 18-ാം തീയതി വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ലേഖനം
    പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ 2024 ഡിസംബര്‍ 18-ാം തിയതി ''കംപിയേണിലെ കര്മലീത്താകന്യാസ്ത്രീകള്'' എന്നറിയപ്പെടുന്ന പതിനാറു വാഴ്ത്തപ്പെട്ടവരെ,  വിശുദ്ധരുടെ നാമകരണനടപടികളുടെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതിനെ എക്വിപൊളന്റ് (തത്തുല്യ ആധികാരികതയോടെ) വിശുദ്ധപദപ്രഖ്യാപനം എന്നാണു പറയുന്നത്. വാഴ്ത്തപ്പെട്ടവരുടെ മധ്യസ്ഥതയില്‍ നടന്ന ഒരദ്ഭുതത്തിന്റെ അഭാവത്തില്‍, അവരുടെ പ്രാദേശികവണക്കത്തെക്കുറിച്ചു പഠിച്ചശേഷം വിശുദ്ധപദപ്രഖ്യാപനത്തിന്റെ തിരുക്കര്‍മങ്ങള്‍ കൂടാതെതന്നെ പരിശുദ്ധപിതാവിന്റെ പ്രത്യേക അധികാരത്താല്‍ നടത്തുന്ന പ്രഖ്യാപനത്തിനാണ് തത്തുല്യആധികാരികതയോടെയുള്ള(ഋൂൗശുീഹഹലി)േ വിശുദ്ധപദപ്രഖ്യാപനം എന്നു പറയുന്നത്. 
ഇതിനുമുമ്പ് ബനഡിക്ട് പതിനാറാമന്‍ പാപ്പാ 2012 ല്‍ ബിന്ഗതിലെ വി. ഹില്‍ഡെഗാര്‍ഡിനെയും 1931 ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പാ മഹാനായ വി. ആല്‍ബര്‍ട്ടിനെയും ഈവിധം വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വിരളമായേ, 'തത്തുല്യാധികാരികതയോടെയുള്ള വിശുദ്ധപദപ്രഖ്യാപനം' നടത്താറുള്ളൂ.
ഫ്രാന്‍സിന്റെ തലസ്ഥാനനഗരിയായ പാരീസില്‍നിന്ന് 85 കിലോമീറ്റര്‍ വടക്കുള്ള ഒരു പട്ടണമാണ് കംപിയേഞ്ഞ്. ഫ്രഞ്ചു വിപ്ലവം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്ക്കുമ്പോള് കംപിയേഞ്ഞിലെ കര്മലീത്താമഠത്തിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെ മഠത്തില്‍നിന്നു പുറത്താക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. അതില്‍ പതിനാറുപേരെ അറസ്റ്റു ചെയ്ത് പാരീസില്‍ എത്തിക്കുകയും വിപ്ലവത്തിന് എതിരുനില്‍ക്കുന്നു എന്ന കുറ്റമാരോപിച്ച് മരണത്തിനു വിധിക്കുകയും ചെയ്തു. 1794 ജൂലൈമാസം പതിനേഴാംതീയതി 'രാജകീയസിംഹാസന'ത്തിന്റെ മൈതാനിയില്‍, ഉയര്‍ന്ന പ്ലാറ്റുഫോമില്‍ ഉറപ്പിച്ചിരുന്ന ഗില്ലറ്റനില് ഗളഹസ്തരായ കര്‍മലീത്താ നിഷ്പാദുകസഭയിലെ ഈ പതിനാറു സഹോദരികള്‍ വിസ്മൃതിയില്‍ ആണ്ടുപോയില്ല.
1906 മേയ് 27-ാം തീയതി പത്താം പീയൂസ് മാര്‍പാപ്പാ ഈ പതിനാറു രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഇവരുടെ സ്മരണ നിലനിറുത്താന്‍ ഏറ്റവുമധികം സഹായിച്ചത് ഗെര്ത്രൂദ് ഫോണ്‍ ലെ ഫോര്‍ട്ട് (1876-1971) എന്ന ജര്‍മന്‍ കത്തോലിക്കാസാഹിത്യകാരി 1931 ല്‍ രചിച്ച 'തൂക്കുമരത്തട്ടില്‍ അവസാനത്തവള്‍' (ഉശല ഘല്വേല അാ ടരവമളീേേ) എന്ന ചെറുനോവലും അതിന്റെ ഭാഷാന്തരങ്ങളുമാണ്. ഇംഗ്ലീഷ് പരിഭാഷ 'ഠവല ീെിഴ മ േവേല രെമളളീഹറ' എന്ന ശീര്‍ഷകത്തോടെ 1933 ല്‍ പ്രസിദ്ധീകൃതമായി.
ഗെര്ത്രൂദ് ഫോണ്‍ ലെ ഫോര്‍ട്ടിന്റെ ഈ നോവലിനെ അടിസ്ഥാനമാക്കി ഫ്രഞ്ചുഭാഷയില്‍ ഒരു സിനിമ എടുക്കുന്നതിനായി 1948 ല്‍ പ്രശസ്ത സാഹിത്യകാരനായ ജോര്‍ജ് ബര്‍ണനോസ് ഒരു തിരക്കഥ തയ്യാറാക്കി. സിനിമാനിര്‍മാണം ഉടനെ നടന്നില്ലെങ്കിലും ബര്‍ണാനോസിന്റെ തിരക്കഥ ''ഉശമഹീഴൗല െഇമൃാലഹശലേ'െ' (കര്‍മലീത്താ സിസ്റ്റേഴ്സിന്റെ സംഭാഷണങ്ങള്‍) എന്ന പേരില്‍ പ്രസിദ്ധീകൃതമായി. 
ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കുശേഷം, ബര്ണനോസിന്റെ കൃതിയെ അടിസ്ഥാനമാക്കി വളരെ പ്രസിദ്ധമായ ഒരു സംഗീതനാടകവും സാധാരണ നാടകവും ഒന്നിലധികം സിനിമകളും രൂപമെടുത്തു.
ബര്‍ണാനോസിന്റെ 
കാഴ്ചപ്പാടുകള്‍
1948 ല്‍ 60-ാം വയസ്സില്‍ രോഗബാധിതനായി മരണത്തോടു മല്ലിട്ടു കഴിയുമ്പോഴാണ് ബര്‍ണാനോസ് തന്റെ ഈ അവസാനകൃതി രചിച്ചത്. തന്റെ മരണഭയവും മരണവേദനയുമെല്ലാം അദ്ദേഹം ബ്ലാന്ഷ് (ധവളം എന്നര്‍ഥം) എന്ന ഒരു നോവീസില് സന്നിവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു കൃതിയില്‍ ബര്‍ണനോസ് ഭയത്തെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ''ഒരര്‍ഥത്തില്‍ കര്‍ത്താവ് ദുഃഖവെള്ളിയാഴ്ച വീണ്ടെടുത്ത് ദൈവപുത്രിയായി മാറ്റിയ ഒരു വികാരമാണ് ഭയം. അവളെ കാണാന്‍ ചന്തമില്ല. ഒരു കൂട്ടര് അവളെ പരിഹസിക്കുന്നു; ചിലര്‍ അവളെ ശപിക്കുന്നു; എല്ലാവരും അവളെ തള്ളിപ്പറയുന്നു. എന്നിരിക്കിലും, സംശയലേശമെന്യേ പറയുവാന്‍ സാധിക്കും 'മരണവേദന അനുഭവിക്കുന്ന മനുഷ്യന്റെ തലയ്ക്കല്‍ അവനുവേണ്ടി മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് ഭീതി എന്ന സന്തതസഹചാരിയുണ്ട്.''
ബ്ലാന്‍ഷിന്റെ കഥ, ദൈവവിളി
1774 ല്‍ ലൂയി പതിനഞ്ചാമന്‍  രാജാവിന്റെ കിരീടാവകാശിയായ രാജകുമാരന്റെ വിവാഹത്തിന് പാരീസ് നഗരത്തിലെങ്ങും ആഘോഷങ്ങള്‍ അരങ്ങേറി. അതില്‍ പങ്കെടുക്കാനായി ദ്ലഫോഴ്സ് പ്രഭുവും ഗര്‍ഭിണിയായ ഭാര്യയും കുതിരവണ്ടിയില്‍ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുകയാണ്. പ്രഭു തന്റെ മിത്രങ്ങളെ കണ്ടപ്പോള്‍ അവിടെയിറങ്ങി. ആഘോഷങ്ങളുടെ ഭാഗമായി കത്തിക്കാനിരുന്ന വെടിക്കെട്ടു സാധനങ്ങളിലേക്കു തീ പടര്‍ന്നുണ്ടായ സ്ഫോടനശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട കുതിരവണ്ടിയുടെ നേര്‍ക്ക് ആളുകള്‍ ആക്രോശിക്കുകയും കല്ലുപെറുക്കി എറിയുകയും ചെയ്തു. പൊലീസ് ഇടപെട്ട് പ്രഭ്വി സഞ്ചരിച്ചിരുന്ന കുതിരവണ്ടി കടത്തിവിട്ടു. ആകെ ഭയന്നുപോയ പ്രഭ്വി അന്നു രാത്രിതന്നെ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കി. 'കുഞ്ഞിനു പ്രശ്നമില്ല, നിര്‍ഭാഗ്യ അമ്മ മരണമടഞ്ഞു' എന്നു പറഞ്ഞുകൊണ്ടാണ് പ്രസവം നടന്ന മുറിയില്‍നിന്ന് ഡോക്ടര്‍ പുറത്തേക്കു വന്നത്. ആ കുഞ്ഞാണ് ബ്ളാന്ഷ്. വളര്‍ന്നുവന്നപ്പോള്‍ നിഴലു കണ്ടുപോലും പേടിച്ചു നിലവിളിക്കുന്ന സ്വഭാവമായിരുന്നു അവളുടേത്. ബ്ലാന്‍ഷിന്റെ മൂത്തസഹോദരന് ഇതേക്കുറിച്ച് ആശങ്കയുള്ളവനായിരുന്നു. പിതാവാകട്ടെ അവള്‍ക്ക് ഒരു നല്ല ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന നിലപാടാണ് എടുത്തത്.
ഇതെല്ലാം സംഭാഷണങ്ങളായിട്ടാണ് ബര്‍ണനോസ് അവതരിപ്പിക്കുന്നത്. വളരെ പരിചയ സമ്പന്നനായ കുതിരവണ്ടിക്കാരനാണ് ബ്ലാന്‍ഷിനെ നഗരത്തിലൂടെ നയിച്ചിരുന്നതെങ്കിലും ബ്ലാന്ഷ് നഗരവീഥികളിലെ ഒച്ചപ്പാടും ബഹളവും കണ്ട് അകാരണമായി ഭയപ്പെട്ടു വിറച്ചിരുന്നു. അങ്ങനെ, ഒരു ദിവസം മകളുടെ മുറിയില്‍ ചെന്നു സംസാരിച്ച അപ്പനോട്, അങ്ങയുടെ അനുവാദത്തോടെ കര്‍മലമഠത്തില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചു എന്ന് ബ്ലാന്ഷ് ധൈര്യമെല്ലാം സംഭരിച്ച് പറഞ്ഞൊപ്പിച്ചു. പേടിയെ പേടിച്ചുള്ള ഒളിച്ചോട്ടമല്ലേ എന്നാണ് പിതാവ് മകളോടു ചോദിച്ചത്. കാര്‍മലിലെ കഠിനമായ ജീവിതചര്യകള്‍ പാലിക്കാന്‍ അവള്ക്കുപറ്റുമോ എന്ന ചോദ്യത്തിന് 'തന്റെ ബലഹീനതകള്‍ ദൈവഹിതം മനസ്സിലാക്കുവാന്‍ തന്നെ സഹായിക്കുന്നു.' ഒരധികാരിക്ക് കീഴ്വഴങ്ങി സഹോദരിമാരോടൊപ്പം ജീവിക്കാനാണ് തന്റെ വിളി എന്ന് ബ്ലാന്ഷ് പിതാവിനോടു പറഞ്ഞു. ''എന്റെ മകളേ, നീ കരുതുന്നതില്‍ കൂടുതല്‍ അഹങ്കാരം നിന്റെ തീരുമാനത്തില്‍ ഒളിഞ്ഞിരിപ്പില്ലേ, ഒരു ഉന്നതകുലജാത ദാരിദ്ര്യവും അനുസരണയും തിരഞ്ഞെടുക്കുന്നു എന്നല്ലേ നീ വിചാരിക്കുന്നത്? ലോകത്തെ അങ്ങനെ അങ്ങ് തള്ളിക്കളയണമോ?''
പിതാവിന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ അല്പമൊന്നു പകച്ചെങ്കിലും ബ്ലാന്ഷ് പ്രത്യുത്തരമായി പറഞ്ഞു: ''ഞാന്‍ ലോകത്തെ വെറുക്കുന്നില്ല. ഞാന്‍ ലോകത്തെ ഭയപ്പെടുന്നു എന്നു പറയുന്നതും അത്ര ശരിയല്ല. എനിക്കു ജീവിക്കാനറിയത്തില്ലാത്ത ഒരിടമാണ് ഈ ലോകം. 
അതേ, എന്റെ അപ്പച്ചാ, എനിക്ക് ഒച്ചപ്പാടും ബഹളവും ഒരു വിധത്തിലും സഹിക്കാന്‍ പറ്റുന്നില്ല. ലൗകികകൂട്ടുകെട്ടുകള് ഞാന്‍ ആഗ്രഹിക്കുന്നില്ല. രാത്രി മുഴുവന്‍ വഴിയില്‍ ആടിപ്പാടി നടക്കുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള ചിന്ത എന്റെ ഉറക്കം കെടുത്തുന്നു. കടല്‍ച്ചൊരുക്കുള്ള ഒരു യുവാവിനെ കപ്പലില്‍ ജോലി ചെയ്യാന്‍ അങ്ങു നിര്ബന്ധിക്കുമോ?'' മകളെ ശ്രദ്ധയോടെ ശ്രവിച്ച പിതാവ്, എന്റെ പ്രിയ മകളേ, ലൗകികജീവിതം താങ്ങാനുള്ള ശക്തി നിനക്കുണ്ടോന്നു തീരുമാനിക്കേണ്ടത് നിന്റെ മനഃസാക്ഷിയാണ് എന്നു പ്രത്യുച്ചരിച്ചു. ''പ്രിയ അപ്പച്ചാ, ഞാനിപ്പോഴും പേടിച്ചുവിറയ്ക്കുകയാണ്. എന്റെ കരങ്ങള്‍ ഐസുകട്ടപോലെ തണുത്തിരിക്കുന്നു. എന്റെ ഈ ഭയങ്കര ബലഹീനതയ്ക്ക് എന്തെങ്കിലും ഒരു പ്രതിവിധി കാണാതിരിക്കുകയില്ല. ദൈവത്തിന് എന്നെക്കൊണ്ട് ഒരു പദ്ധതി കാണാതിരിക്കില്ല. ഞാന്‍ ദൈവത്തിന് എല്ലാം ബലിയായി അര്‍പ്പിക്കുന്നു. ഞാന്‍ എല്ലാം ഉപേക്ഷിക്കുന്നു. ഞാന്‍ സര്‍വ്വവും ത്യജിക്കുന്നു. ദൈവം എനിക്കു ധൈര്യം പ്രദാനം ചെയ്യട്ടെ.'' 
(തുടരും)
							
 ഫാ. കുര്യാക്കോസ് നരിതൂക്കിൽ
                    
									
									
									
									
									
                    