ഫുട്‌ബോള്‍ ലോകത്ത് പത്താം നമ്പര്‍ ജേഴ്‌സിയെ അനശ്വരമാക്കിയ പ്രതിഭയായിരുന്നു, അര്‍ജന്റീനയുടെ തലസ്ഥാനനഗരമായ ബ്യുനിസ് ഐറിസില്‍ ജനിച്ചുവളര്‍ന്ന ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഡീഗോ മറഡോണ. പതിവ്കഥകളിലെപ്പോലെ ഒരു ചേരിപ്രദേശത്തു ദരിദ്രകുടുംബത്തില്‍ ജനിച്ച് പ്രതിഭകൊണ്ടും കഠിനാധ്വാനംകൊണ്ടും ലോകം കീഴടക്കിയ കഥയാണ് മറഡോണയുടേത്. ഉയരം കുറവായിരുന്നെങ്കിലും അസാധാരണമായ പന്തടക്കമായിരുന്നു മറഡോണയുടെ പ്രത്യേകത. സഹകളിക്കാരുടെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അസാമാന്യപാടവം പുലര്‍ത്തിയിരുന്നു. അതികഠിനമായ ഫൗളുകള്‍ ചെയ്താണ് എതിര്‍കളിക്കാര്‍ ഒരുപരിധിവരെ മറഡോണയെ നിയന്ത്രിച്ചുനിര്‍ത്തിയത്. വേഗവും കരുത്തും അസാമാന്യമായ പന്തടക്കവും എല്ലാം നിറഞ്ഞ ഒരു പൂര്‍ണ്ണപ്രതിഭ ആയിരുന്നു മറഡോണ.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാള്‍ അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ദൈവം മറഡോണ ആയിരുന്നു. 1982 മുതല്‍ 1994 വരയുള്ള നാലു ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കായി ബൂട്ടു കെട്ടി. 1986-ല്‍ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണയുടെ നായകത്വത്തിലായിരുന്നു തന്റെയും അര്‍ജന്റീനയുടെയും ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് വിജയം നേടിയത്. ഫൈനലില്‍ പശ്ചിമജര്‍മനിയെ 3-2 എന്ന സ്‌കോറിനു കീഴടക്കിയാണ് മറഡോണയുടെ അര്‍ജന്റീന ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. ആ ലോകകപ്പിലെ മികച്ച പ്രകടനത്തിന് മികച്ച കളിക്കാരനുള്ള സ്വര്‍ണപ്പന്തും മറഡോണയ്ക്കു ലഭിച്ചു.
1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളും ചരിത്രത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ കൈകൊണ്ടു നേടിയ വിവാദഗോളും അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ തിരഞ്ഞെടുത്ത നൂറ്റാണ്ടിന്റെ ഗോളും ഈ മത്സരത്തിലാണു പിറന്നത്. റഫറിയുടെ കണ്ണില്‍പെടാതെപോയ കൈകൊണ്ടു മറഡോണ നേടിയ ആ വിവാദഗോളിനെ 'ദൈവത്തിന്റെ കൈ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആ മത്സരത്തില്‍ത്തന്നെ ഫുട്‌ബോള്‍ലോകം ഇന്നും അദ്ഭുതത്തോടെ നോക്കിക്കാണുന്ന 'നൂറ്റാണ്ടിന്റെ ഗോള്‍' എന്ന് ഫിഫ വിശേഷിപ്പിച്ച ഗോളും മറഡോണ നേടി. മത്സരത്തിന്റെ 55-ാം മിനിട്ടിലായിരുന്നു ഫുട്‌ബോള്‍ലോകം ഒന്നടങ്കം നമിച്ചുപോയ അദ്ഭുതനീക്കത്തിന്റെ തുടക്കം. സ്വന്തം പകുതിയില്‍നിന്ന് പന്തു സ്വീകരിച്ച് എതിര്‍കളിക്കാരെ ഓരോരുത്തരെയായി മറികടന്നു കുതിച്ചുവരുന്ന മറഡോണയെക്കണ്ടു മുന്നോട്ടുകയറിയ ഗോളി പീറ്റര്‍ ഷില്‍ട്ടനെ മറികടന്നു പന്ത് വല കുലുക്കുമ്പോള്‍ ഫുട്‌ബോള്‍ലോകം ഒന്നടങ്കം വാഴ്ത്തിപ്പാടി. അന്നും ഇന്നും ഫുട്‌ബോള്‍ ലോകം കണ്ടതില്‍വച്ച് ഏറ്റവും മികച്ച ഗോള്‍ ആയിരുന്നു അത്.
1990 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ മറഡോണതന്നെയായിരുന്നു അര്‍ജന്റീനയെ നയിച്ചത്. ആദ്യമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തുമായി വന്ന കാമറൂണിനു മുന്നില്‍ വീണുപോയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കരുത്തുകാണിച്ച് അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കാന്‍ മറഡോണയ്ക്കായി. 1994-ലെ അമേരിക്കന്‍ ലോകകപ്പിനിടയ്ക്കു നടത്തിയ ഒരു ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട് കളി മതിയാക്കുമ്പോള്‍ തന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ അര്‍ജന്റീനയ്ക്കുവേണ്ടി 91 മത്സരങ്ങളില്‍നിന്നായി 34 ഗോളുകളും യൂത്ത്‌ലോകകപ്പും സീനിയര്‍ ലോകകപ്പുംവരെ നേടിയിരുന്നു. യൂത്ത്‌ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍പുരസ്‌കാരം നേടിയിട്ടുള്ള ഏകകളിക്കാരനാണ് മറഡോണ. ഒടുവില്‍ തുടര്‍പരാജയങ്ങളില്‍ മുങ്ങിത്താണുകൊണ്ടിരുന്ന അര്‍ജന്റീനാടീമിന്റെ പരിശീലകസ്ഥാനം 2009 ല്‍ ഏറ്റെടുത്തു ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു മറഡോണ. 2010 ആഫ്രിക്കന്‍ ലോകകപ്പില്‍ സാമാന്യം നല്ല പ്രകടനം നടത്തിയെങ്കിലും ക്വാര്‍ട്ടര്‍ഫൈനലില്‍ ജര്‍മനിയോടു പൊരുതിത്തോറ്റു പുറത്താകാനായിരുന്നു വിധി. എങ്കിലും, ആഫ്രിക്കന്‍മണ്ണില്‍ ആദ്യമായി എത്തിയ ലോകകപ്പില്‍ പരിശീലകവേഷത്തിലും ആരാധകരുടെ മനം കീഴടക്കിയാണ് മറഡോണ മടങ്ങിയത്.
പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ രംഗത്ത് എന്നും വിവാദനായകനായിരുന്നു മറഡോണ. 1982-ല്‍ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം ലോകറെക്കോര്‍ഡ് കൈമാറ്റത്തുകയ്ക്ക് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയില്‍ അദ്ദേഹമെത്തി. പക്ഷേ, അദ്ദേഹത്തിന്റെ ബാഴ്‌സലോണജീവിതം നിരാശാജനകമായിരുന്നു. ബാഴ്‌സലോണയ്‌ക്കൊപ്പം കിരീടങ്ങള്‍ നേടാന്‍ സാധിച്ചെങ്കിലും വ്യക്തിജീവിതത്തിലെ അച്ചടക്കക്കുറവ് അദ്ദേഹത്തിനു പലപ്പോഴും വിനയായി. പരിക്കുകളുടെയും രോഗത്തിന്റെയും വിവാദങ്ങളുടെയും കാലമായിരുന്നു ബാഴ്‌സലോണയില്‍. കളിക്കിടെ സംഭവിച്ച പരിക്ക് അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതംതന്നെ അനിശ്ചിതത്വത്തിലാക്കി. ബാഴ്‌സലോണയില്‍ ക്ലബ് അധികാരികളുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 1984 ല്‍ മറഡോണ ബാഴ്‌സലോണ വിട്ട് വീണ്ടും റെക്കോര്‍ഡ് തുകയ്ക്ക് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്കു ചേക്കേറി. മറഡോണയുടെയും നാപ്പോളിയുടെയും ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കാലഘട്ടമായിരുന്നു അത്. നാപ്പോളിക്ക് രണ്ട് ഇറ്റാലിയന്‍ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പര്‍കോപ്പ ഇറ്റാലിയ കിരീടവും (1990-91) മറഡോണ നേടിക്കൊടുത്തു. 1991 ല്‍ മറഡോണ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 15 മാസത്തേക്ക് ഫുട്‌ബോളില്‍നിന്നു വിലക്കു നേരിട്ടു. തുടര്‍ന്ന് 1992 ല്‍ സ്‌പെയിനിലെ സെര്‍വിയയില്‍ ഒരു വര്‍ഷം കളിച്ച് 1993 ല്‍ അര്‍ജന്റീനയിലേക്കു മടങ്ങി. 1993 മുതല്‍ 1995 വരെ ഓള്‍ഡ് ബോയ്‌സിനുവേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്‌സിനുവേണ്ടിയും കളിച്ചു.
നിലവില്‍ അര്‍ജന്റീന ക്ലബ് ജിംനാസിയയുടെ പരിശീലകനായ മറഡോണ ഇപ്പോഴും അര്‍ജന്റീനയുടെ മത്സരവേദികളില്‍ തന്റെ പിന്‍ഗാമികളെ പ്രചോദിപ്പിക്കുന്നതിനായി എത്താറുണ്ട്. 2018 റഷ്യന്‍ ലോകകപ്പ് വേദികളിലും അര്‍ജന്റീന ഗോള്‍ നേടുമ്പോള്‍ അദ്ദേഹം ആവേശംകൊള്ളുന്നതു നമ്മള്‍ പലപ്പോഴും കണ്ടതാണ്. വിപ്ലവപോരാളികളായ ചെഗുവേരയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും കടുത്ത ആരാധകനായ മറഡോണ കളിക്കളത്തില്‍ അര്‍ജന്റീനയ്ക്കായി പൊരുതി നേടിയ വിജയങ്ങള്‍ എക്കാലവും ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും. ഫുട്‌ബോള്‍ പ്രേമികള്‍ക്കും ക്യാമറക്കണ്ണുകള്‍ക്കും മറഡോണ ഈ അറുപതാം വയസ്സിലും ഏറ്റവും പ്രിയപ്പെട്ടവന്‍തന്നെയാണ്. അത് കളത്തിലാണെങ്കിലും ഗ്യാലറിയിലാണെങ്കിലും.