•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഒരുമയ്ക്കായി ഒരു ബൈഡന്‍യുഗം

''ഒരുമയുടെ പ്രസിഡന്റ് ആകും.'' നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയ്ക്കും ലോകത്തിനാകെയും പ്രതീക്ഷ നല്‍കിയാണ് ഈ പ്രസ്താവന നടത്തിയത്. നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല. ഡെമോക്രാറ്റ്, റിപ്പബ്ലിക് (നീല, ചുവപ്പ്) സംസ്ഥാനങ്ങളെന്ന വ്യത്യാസം തനിക്കു മുന്നിലില്ല, അമേരിക്കന്‍ ഐക്യനാടുകള്‍ മാത്രമേ മുന്നിലുള്ളൂ എന്നും ബൈഡന്‍ വ്യക്തമാക്കി. ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിനോടൊപ്പം നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞതില്‍ എല്ലാമുണ്ട്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20-ന് അധികാരമേല്‍ക്കും.
ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്നതാണ് അമേരിക്കന്‍പ്രസിഡന്റിനെ ശ്രദ്ധേയനാക്കുന്നത്. അമേരിക്കയെ പല മേഖലകളിലും വെല്ലുവിളിക്കാന്‍ ചൈന വളര്‍ന്നെങ്കിലും അമേരിക്കയിലെ ഓരോ നയവും നടപടികളും തീരുമാനങ്ങളും ലോകവ്യവസ്ഥിതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആഗോളസമാധാനത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും കാലാവസ്ഥവ്യതിയാനം, ആരോഗ്യം അടക്കമുള്ള പ്രശ്‌നങ്ങളിലും അമേരിക്കയുടെ സ്വാധീനം നിഷേധിക്കാനാകില്ല.
വനിതാരത്നമായി കമല
അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജയായ കമല ഹാരിസിന്റെ തുടക്കവും ശുഭകരമാണ്. ''ഈ പദവിയിലെത്തിയ ആദ്യവനിത ആയിരിക്കാം ഞാന്‍. പക്ഷേ, ഒരിക്കലും അവസാനത്തെ വനിതയാകില്ല. രാജ്യം സാധ്യതകളുടേതാണെന്ന് ഓരോ പെണ്‍കുട്ടിയും മനസ്സിലാക്കുന്നുï്. അഭിലാഷങ്ങള്‍ കൈവിടാതെ സ്വപ്‌നം കാണുക. ദൃഢവിശ്വാസത്തോടെ നയിക്കുക. വേറിട്ട വ്യക്തിയാകുക''- കമലയുടെ ഈ വാക്കുകള്‍ ലോകത്തെവിടെയുമുള്ള പെണ്‍കുട്ടികള്‍ക്കുള്ള സന്ദേശമാണ്.
യുഎസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാകുമ്പോള്‍ താന്‍ ഓര്‍മിക്കുന്നത് അമ്മ ശ്യാമള ഗോപാലനെയാണെന്ന് അഭിമാനത്തോടെ കമല ഓര്‍ക്കുന്നു. പത്തൊമ്പതാം വയസില്‍ ഇന്ത്യ വിട്ട് അമേരിക്കയിലെത്തിയപ്പോള്‍ ഇത്തരമൊരു നിമിഷം ഉണ്ടാകുമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടുïാകില്ല. പക്ഷേ, ഇതുപോലെയൊരു നിമിഷം സാധ്യമാകുന്ന അമേരിക്കയില്‍ അമ്മയ്ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അമ്മയെ അതിനാലാണ് ഇപ്പോള്‍ ഓര്‍മിക്കുന്നത്. ഈ നിമിഷത്തിനായി വഴിയൊരുക്കിയ എല്ലാ സ്ത്രീകളുടെയും ചുമലുകളാണു തന്നെ താങ്ങുതെന്നു കൂടി കമല ഹാരിസ് പറഞ്ഞു.
പ്രതീക്ഷയോടെ ലോകം
ബൈഡന്‍-കമല ഹാരിസ് ഭരണകൂടത്തെ വലിയ പ്രതീക്ഷകളോടെയാണു ലോകവും ഇന്ത്യയും ഉറ്റുനോക്കുന്നത്. ജനാധിപത്യത്തിന്റെ വിജയംകൂടിയാണ് അമേരിക്കന്‍ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ കണ്ടത്. ജനാധിപത്യം, സ്വാതന്ത്ര്യം, സത്യസന്ധത, മാന്യത, പരസ്പരബഹുമാനം, ബഹുസ്വരത തുടങ്ങിയവയുടെ വിജയം കൂടിയായാണ് ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയും ബൈഡന്റെ ജയവും പലരും വിലയിരുത്തുന്നത്. എന്നാല്‍, ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ മനുഷ്യജീവന്റെ മാഹാത്മ്യം അംഗീകരിക്കാന്‍ ബൈഡന്‍-കമല സര്‍ക്കാരിനു കഴിയേണ്ടതുണ്ട്.
ഏകാധിപത്യത്തിന്റെ പാതയിലേക്കു തന്ത്രപൂര്‍വം വഴിമാറാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കുള്ള തിരിച്ചടി കൂടിയാകും അമേരിക്കയിലെ ജനവിധി. ഒരിക്കല്‍, ഭരണത്തിലെത്തിയാല്‍ എല്ലാവരുടെയും ഭരണാധികാരിയാകുക എന്ന വലിയ സന്ദേശമാണ് ജോ ബൈഡന്‍ നല്‍കിയത്. ഭരണത്തിലേറാന്‍ പിന്തുണച്ചവരുടെ മാത്രം അജന്‍ഡകള്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന എല്ലാ അധികാരമോഹികളും അമേരിക്കയിലെ ഈ ജനവിധിയില്‍ നിന്നു പലതും പഠിക്കേണ്ടïതുണ്ട്.
വാശിയേറിയ തിരഞ്ഞെടുപ്പായാലും ജയിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ ഭരണത്തലവന്‍ എല്ലാവരുടെയും പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകേണ്ടതുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, തുല്യാവസരം, തുല്യനീതി, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയെല്ലാം മുഴുവന്‍ പൗരന്മാര്‍ക്കും ഒരേപോലെ ലക്ഷ്യമാക്കുകയെന്നതു 
പ്രധാനമാണ്. ബഹുസ്വരതയിലും നീതിനിര്‍വഹണത്തിലും ചായ്‌വുകളോ വീഴ്ച
കളോ പാടില്ല. ലോകത്തെ ഏറ്റവും വലുതും സജീവവുമായ രണ്ടു ജനാധിപത്യരാജ്യങ്ങളായ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇക്കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാകരുത്.
പ്രത്യാശയോടെ ഇന്ത്യ
കൂടുതല്‍ പ്രഫഷണലുകള്‍ക്ക് അമേരിക്കയില്‍ എച്ച് 1 ബി വീസയിലെ ഇളവുകളും ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള നടപടികളും പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രത്യാശയേകുന്നതാണ്. വീസ, കുടിയേറ്റനിയമങ്ങളില്‍ ട്രംപിനുണ്ടായിരുന്ന കാര്‍ക്കശ്യം കുറയുകയെന്നതു ചെറിയ കാര്യമല്ല. ഇന്ത്യ-യുഎസ് വ്യാപാര, പ്രതിരോധബന്ധങ്ങളും കൂടുതല്‍ ശക്തമാകുമെന്നാണു പ്രതീക്ഷ.
അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനുള്ള പദ്ധതി നിയുക്തപ്രസിഡന്റിന്റെ നയരേഖയിലുണ്ട്. ഇന്ത്യയില്‍നിന്നടക്കം രേഖകളില്ലാതെ അമേരിക്കയിലെത്തിയ 110 ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നാണു കരുതുന്നത്.
ബൈഡന്‍-കമല ഭരണത്തില്‍ ഇന്ത്യക്കാരുടെ അതിവിദഗ്ദ്ധതൊഴിലിനുള്ള എച്ച് 1 ബി വീസകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായേക്കും. അതിലേറെ എച്ച് 1 ബി വീസക്കാരുടെ ജീവിതപങ്കാളിക്കു തൊഴില്‍ വീസ നിഷേധിക്കുന്ന ട്രംപിന്റെ നിയമം പിന്‍വലിക്കുമെന്നതാണു വലിയ പ്രതീക്ഷ.തൊഴിലും വിദ്യാഭ്യാസവുംതേടി അമേരിക്കയിലേക്കു കടക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവതയ്ക്കും അമേരിക്കയിലെ ഇന്ത്യന്‍വംശജര്‍ക്കും ഒരുപോലെ പ്രതീക്ഷകളും ചില്ലറ ആശങ്കകളും നിറഞ്ഞതാകും ബൈഡന്റെ ഭരണകാലം.                     
മോടി കുറച്ച ചങ്ങാത്തം
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡന് ഇന്ത്യയുമായി നല്ല ബന്ധമുണ്ട്. ഉത്തരവാദിത്വമുള്ള ആഗോളനേതാവെന്ന നിലയില്‍ ചെറിയ കാര്യങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിരുദ്ധനിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. 
അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ ഹൗഡി മോദി പരിപാടിക്കെത്തിയ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ജനക്കൂട്ടത്തെക്കൊണ്ട് 'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍' (ഇത്തവണ ട്രംപ് സര്‍ക്കാര്‍) എന്ന മുദ്രാവാക്യം വിളിപ്പിച്ചതാണ് മോദിക്കും ഇന്ത്യയ്ക്കും തിരിച്ചടിയായത്. മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന നയതന്ത്രമര്യാദയുടെ ലംഘനംകൂടിയായിരുന്നു ടെക്‌സസിലെ ട്രംപിനുവേണ്ടിയുള്ള മോദിയുടെ തിരഞ്ഞെടുപ്പുപ്രചാരണം. 
അമേരിക്കന്‍ തിരഞ്ഞെടുപ്പിനു കളം ചൂടാകുന്നതിനിടെ ട്രംപിനെ ഗുജറാത്തില്‍ ക്ഷണിച്ചുകൊണ്ടുവന്നു നല്‍കിയ വന്‍സ്വീകരണത്തിലും രാഷ്ട്രീയപക്ഷപാതം പ്രകടമായിരുന്നു. ഹിന്ദുത്വദേശീയവാദത്തിനു കമല ഹാരിസ് എതിരാണെന്നു പറഞ്ഞ് അമേരിക്കയിലെ ബിജെപി അനുകൂലികള്‍ അവര്‍ക്കെതിരേ പരസ്യമായ പ്രചാരണം നടത്തിയതും രക്ഷപ്പെട്ടില്ല.
അമേരിക്കന്‍ സൗഹൃദം മുഖ്യം  
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെമേല്‍ ട്രംപിനെക്കാളേറെ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്താന്‍ ബൈഡന്‍ മടിച്ചേക്കില്ല. മോദിയുടെ എല്ലാ നയങ്ങളോടും പ്രത്യേകിച്ച് ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വ അജന്‍ഡകളെയെല്ലാം ബൈഡന്‍ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കില്ല. ജമ്മു കാഷ്മീരിന്റെ പ്രത്യേകാവകാശമായ അനുച്ഛേദം 370 റദ്ദാക്കിയതും പൗരത്വഭേദഗതിനിയമവും എല്ലാം പുതിയ അമേരിക്കന്‍ സര്‍ക്കാരിന് ദഹിക്കാനിടയില്ല. 
ആണവസഹകരണം അടക്കമുള്ള തന്ത്രപ്രധാന കാര്യങ്ങളില്‍ അമേരിക്കയുമായി കൈകോര്‍ക്കാനും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന മോദിസര്‍ക്കാരിന് ബൈഡന്റെ സമ്മര്‍ദ്ദങ്ങളെ പാടേ അവഗണിക്കാനാകില്ല. പ്രത്യേകിച്ച് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരിക്കുകയും ചൈനയുടെയും പാക്കിസ്ഥാന്റെയും ഭാഗത്തുനിന്നു കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്‌തേക്കാവുന്ന സ്ഥിതിയില്‍. 
ഇന്ത്യയുടെ സുരക്ഷയ്ക്കുമേല്‍ ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ അമേരിക്കയിലെ ബൈഡന്‍-കമല ഭരണകൂടത്തിന്റെ സഹായവും സഹകരണവും അനിവാര്യമാകും. അമേരിക്കയുടെ വ്യാപാര, വാണിജ്യതാത്പര്യങ്ങള്‍ക്കു മുന്നിലും ഇന്ത്യയുടെ താത്പര്യങ്ങള്‍ അടിയറ വയ്ക്കാതെ എത്രമാത്രം വിജയം നേടാന്‍ മോദിക്കും ഇന്ത്യയ്ക്കും കഴിയുമെന്നതാകും വലിയ ചോദ്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)