കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപികപ്പത്രത്തിന്റെ ചരമക്കോളത്തില്‍ വന്ന ഒരു ചിത്രവും കുറിപ്പും ഇപ്പോഴും എന്റെ മനസ്സില്‍ പച്ച കെടാതെ കിടക്കുന്നു - യോബു കാച്ചപ്പിള്ളി എന്നയാള്‍ തന്റെ അമ്മ മരിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്ത വാര്‍ത്ത.
അമ്മയുടെ ഫോട്ടോ. അതിനുശേഷം കൊടുത്തിരിക്കുന്ന അടിക്കുറിപ്പിലൊന്നാണ് എന്റെ ചിന്തയെ തടഞ്ഞുനിറുത്തിയത്: ഒരിക്കലും ഉണങ്ങാത്ത മുറിവ്.
ആ നല്ല അമ്മയുടെ വേര്‍പാട് മകനില്‍ വലിയൊരു വിടവു സൃഷ്ടിച്ചു-മുറിവുണ്ടാക്കി. അതൊരിക്കലും കരിയാന്‍ പോകുന്നില്ല. അത്രയേറെ ആഴമുണ്ടതിന്.
മുറിവ് ആഴമുള്ളതാണെങ്കില്‍ കൂടിച്ചേരാന്‍ സമയം പിടിക്കും. ആഴം കൂടുതലുണ്ടെങ്കില്‍ ഒരിക്കലും കൂടിച്ചേരുകയില്ല - ദ്വാരമായി അവശേഷിക്കും.
വളരെയേറെ മുറിവുകളേറ്റാണ് യേശു മരിക്കുന്നത്. അവസാനം മരക്കുരിശില്‍ തറച്ചിടപ്പെട്ടവന്റെ കൈകാലുകളില്‍ ദ്വാരങ്ങളാണുണ്ടായിരുന്നത്-കുന്തംകൊണ്ടുള്ള കുത്തേറ്റു ഹൃദയത്തിലും.
അവന്റെ മുറിവുകള്‍ കരിഞ്ഞോ? ഇല്ലെന്നാണ് അനന്തരചരിത്രം പിന്തുടരുന്നവര്‍ കണ്ടെത്തുക. യേശു പലര്‍ക്കും കാണപ്പെട്ടിട്ടുണ്ട്. അതൊന്നും ബാലനോ യുവാവോ ആയിട്ടല്ല - എപ്പോഴും ഉത്ഥിതനായവന്റെ രൂപത്തിലാണ്. പക്ഷേ, അവിടെയൊക്കെ ഒരു സവിശേഷതയുണ്ട് - ഉയിര്‍ത്തെങ്കിലും ഉണങ്ങാത്ത മുറിവുള്ളവനാണ് അവന്‍. ആദ്യമായി അവന്‍ ഈ മുറിവു കാണിക്കുന്നതു ശിഷ്യരെത്തന്നെയാണ് (യോഹ. 20:20).
വാസ്തവം പറഞ്ഞാല്‍ അന്നു മാറിനിന്ന തോമസാണ് ആ മുറിവുകള്‍ ആദ്യമായി ശരിക്കും കാണുന്നത്. അവന്‍ തോമസിനെ അടുത്തു വിളിച്ച് 'എന്റെ കൈകാണുക' എന്നു പറഞ്ഞ് മുറിവേറ്റ തന്റെ കൈകള്‍ കാണിച്ചുകൊടുത്തു. മാറിടത്തെ വസ്ത്രം മാറ്റി അവിടെയുള്ള ദ്വാരത്തില്‍ തോമസിന്റെ വിരല്‍ ഇടുവിച്ചുകൊണ്ടു പറഞ്ഞു: 'അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക' (യോഹ. 20:27). തോമസിനു ശ്വാസം മുട്ടുന്നതുപോലെ - മുട്ടിന്മേല്‍വീണ് അവന്‍ പറഞ്ഞു: 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!' അന്നു തോമസില്‍നിന്നു പുറത്തുവന്ന വാക്കുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിലേക്കും വലിയ വിശ്വാസപ്രഖ്യാപനമാണ്.
കുന്തമേറ്റ് യേശുവിന്റെ മാര്‍വിടത്തിലുണ്ടായ മുറിവ് കാലാന്തരത്തില്‍ തോമസും അതേപടി ഏറ്റുവാങ്ങുന്നുണ്ട്. എ.ഡി 72-ല്‍, മൈലാപ്പൂരിലെ ഒരു പൂജാരിയില്‍നിന്ന്. പിന്നീടു പലര്‍ക്കും യേശു പ്രത്യക്ഷനായിട്ടുണ്ട് (1 കൊറി. 15:6). ചരിത്രത്തില്‍ പല പുണ്യാത്മാക്കള്‍ക്കും യേശു ദര്‍ശനം അനുവദിക്കുന്നതായി നമുക്കു കാണാം. അന്ന കത്രീനാ, മാര്‍ഗരറ്റുമേരി തുടങ്ങിയവരൊക്കെ ആ അദ്ഭുതദര്‍ശനം സിദ്ധിച്ചവരാണ്. കൈകാലുകളിലും മാര്‍വിടത്തും മുറിവുകളുള്ള യേശുവിനെയാണ് അവര്‍ കണ്ടത്.
പ്രതികാരം ലക്ഷ്യമാക്കിയുള്ള മുറിവുകളല്ലാ, അത്. മറിച്ചായിരുന്നെങ്കില്‍, ആദ്യമായി അവ കാണിക്കേണ്ടിയിരുന്നത് പ്രതിയോഗികളെത്തന്നെയായിരുന്നു - അടിച്ചവരെ, ഇടിച്ചവരെ, ക്രൂശിച്ചവരെ. ഉത്ഥിതനായ ക്രിസ്തു യഹൂദപുരോഹിതരെ, പീലാത്തോസിനെ, പടയാളികളെ ഒന്നും, പിന്നീടു സന്ദര്‍ശിച്ചതായി നാം വായിക്കുന്നില്ല. 'വാനദൂതരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങള്‍' എപ്പോഴും കൂട്ടത്തിലുണ്ടായിരുന്നല്ലോ (മത്താ. 26:53). വി. ഫൗസ്തീനയ്ക്കു കാണപ്പെട്ട പഞ്ചക്ഷതധാരിയുടെ മാര്‍വിടത്തില്‍ നിന്ന് ഇപ്പോഴും കരുണാര്‍ദ്രസ്‌നേഹത്തിന്റെ കതിരുകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നുവെന്നതും ശ്രദ്ധാര്‍ഹമാണ്.
ആ മനുഷ്യസ്‌നേഹിയുടെ ദുഃഖപര്‍വത്തില്‍നിന്ന് ഒഴുകിയിറങ്ങുന്ന ലാവയാണോ പഞ്ചക്ഷതങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്? എന്തേ ആ മുറിവുകളൊന്നും ഉണങ്ങാത്തത്-യോബു കാച്ചപ്പിള്ളി എഴുതിയതുപോലെ. സുഖപ്പെട്ട ആളിന്റെ മുറിവും സുഖപ്പെടേണ്ടേ? സുഖപ്പെട്ടവന്റെ മാറിടത്ത് അത്ര വലിയ മുറിവുണ്ടാകാന്‍ പാടില്ലല്ലോ.
അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ചു ശിഷ്യര്‍ക്കു കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു: ''ഇതു നിങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുന്ന (വിഭജിക്കപ്പെടുന്ന) എന്റെ ശരീരമാകുന്നു.'' (കൂദാശാവചനങ്ങള്‍). മുറിക്കപ്പെടുന്ന ശരീരത്തില്‍ മുറിവുണ്ടാകില്ലേ? മുറിവു വലുതായാല്‍ ദ്വാരമാകില്ലേ? പാപമോചനത്തിനായി അനുദിനം മുറിക്കപ്പെടുന്ന ശരീരത്തില്‍ നിരന്തരം നവീകരിക്കപ്പെടുന്ന മുറിപ്പാടുകളുണ്ടാകുമോ? അതാണോ കാലത്തിന്റെ അവസാനം വരെ ആ പഞ്ചക്ഷതങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നത്?
ശിഷ്യരെ വിശ്വസിപ്പിക്കാന്‍വേണ്ടിയായിരുന്നു (യോഹ.20:20), തോമസിനെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു അവിടുന്ന് ആദിയില്‍ മുറിവുകളോടെ ആഗതനായത്. അവിടുത്തെ അംഗീകരിക്കാത്ത, അവിശ്വസിക്കുന്ന അധിക്ഷേപിക്കുകകൂടെ ചെയ്യുന്ന അനേകര്‍ ഉള്ളതുകൊണ്ടാണോ ആ മുറിവുകളില്‍ത്തന്നെ ഇപ്പോഴും അവിടുന്നു പ്രത്യക്ഷനാകുന്നത്?
ഞങ്ങളുടെ കര്‍ത്താവും ദൈവവുമായുള്ളവനേ, ഒരിക്കലും ഉണങ്ങാത്ത നിന്റെ തിരുമുറിവുകളെ ഞങ്ങള്‍ ആരാധിക്കുന്നു. 'നിന്റെ പീഡാനുഭവങ്ങള്‍ ഞങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടു'വാന്‍ ഇടയാക്കുമാറാകണമേ.
ലേഖനം
ഉണങ്ങാത്ത മുറിവുകള്‍
