''പീലാത്തോസ് വെള്ളമെടുത്തു ജനങ്ങളുടെ മുമ്പില്‍വച്ചു കൈകഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കുപങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.'' അപ്പോള്‍ ജനം മുഴുവന്‍ മറുപടി പറഞ്ഞു: ''അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ.''
ഈ സംഭവവും യഹൂദരുടെ പില്ക്കാലചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണു പാരമ്പര്യം പറയുന്നത്. അതിനുപോദ്ബലകമായി പില്ക്കാലത്തു ലോകമെമ്പാടും ചിതറിപ്പോയ യഹൂദജനതയുടെ ചരിത്രമാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബി.സി. 66-63 കാലഘട്ടത്തില്‍ റോമന്‍ ഏകാധിപതി പോംപെയാണു മധ്യപൂര്‍വദേശങ്ങള്‍ കീഴടക്കി റോമിന്റെ ആധിപത്യത്തില്‍ കൊണ്ടുവന്നത്. അക്കാലം മുതല്‍തന്നെ, ആര്‍ക്കും കീഴടങ്ങാന്‍ മനസ്സില്ലാത്ത യഹൂദജനത റോമിനെതിരേ നിരന്തരം കലാപം നടത്തിക്കൊണ്ടിരുന്നു. ഒളിപ്പോരായിരുന്നു അവരുടെ സമരമാര്‍ഗം. ഒട്ടനവധി റോമന്‍പടയാളികളുടെ രക്തം യൂദയായുടെ മണ്ണുകുതിര്‍ത്തിട്ടുണ്ട്. ഇക്കാരണത്താല്‍ യഹൂദരുടെ അധിവാസകേന്ദ്രമായ യൂദയാ എന്നും റോമന്‍ അധികാരികളുടെ തലവേദനയായിരുന്നു.
യേശുവിന്റെ കാലത്തും ഇതിനു മാറ്റമുണ്ടായിരുന്നില്ല. കലാപവും കലാപകാരികളെ പിടികൂടി തൂക്കിലിടലും മുറപോലെ നടന്നുകൊണ്ടിരുന്നു. അതിനിടയിലാണ് ഇത്തരം കാര്യങ്ങളുമായി ഒരുവിധത്തിലും ബന്ധമില്ലാത്ത യേശുവിന്റെ ബന്ധനവും തുടര്‍ന്നുള്ള കുരിശാരോഹണവും.
യഹൂദരുടെ പരമാധികാരസമിതിയായ സെന്‍ഹെദ്രിന്‍ സംഘത്തിന് കുറ്റാരോപിതരെ ബന്ധിക്കുകയും പീഡിപ്പിക്കുകയുമൊക്കെ ചെയ്യാന്‍ അധികാരമുണ്ടായിരുന്നെങ്കിലും ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ അധികാരമില്ലായിരുന്നു. അങ്ങനെയാണ് യേശു പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടത്. റോമന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹമായിരുന്നു അന്തിമാധികാരി. റോമന്‍ പൗരനായ പീലാത്തോസിന്, യഹൂദര്‍ യേശുവിന്റെ മേല്‍ ആരോപിച്ച ദൈവദൂഷണക്കുറ്റം എന്തെന്നു മനസ്സിലായില്ല. റോമിനെതിരെയുള്ള കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്നു മാത്രമേ അദ്ദേഹത്തിനറിയേണ്ടതുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു ആരോപണം യേശുവിനെപ്പറ്റി ഉണ്ടായിരുന്നില്ല. അതുകൊണ്ടു നിരപരാധിയായ ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ പീലാത്തോസിനു മനസ്സു വന്നില്ല. പക്ഷേ, അവിടെ വന്നുകൂടിയിരിക്കുന്ന യഹൂദപ്പരിഷയ്ക്കു വധശിക്ഷയില്‍ കുറഞ്ഞൊന്നും സമ്മതമായിരുന്നില്ല.
നിരപരാധിയുടെ രക്തം ചിന്തുന്നതും ജീവനെടുക്കുന്നതും ദൈവത്തിന്റെ പ്രതികാരം ക്ഷണിച്ചുവരുത്തുന്ന കടുത്ത അപരാധമാണെന്നു പീലാത്തോസു ഭയപ്പെട്ടിരുന്നുവോ? പേഗന്‍ വിശ്വാസിയായ പീലാത്തോസിന് അത്തരമൊരു ഭയമുണ്ടാകാന്‍ ഇടയില്ല. എങ്കിലും, യേശുവിനെ വധശിക്ഷയ്ക്കു വിധിക്കുന്നതു നീതിക്കുന്ന നിരക്കുന്ന നടപടിയാവില്ലെന്നദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. എന്നല്ല, 'ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്' എന്ന ഭാര്യയുടെ മുന്നറിയിപ്പും ഉണ്ടായിരുന്നല്ലോ. പിന്നെയൊരു പോംവഴിയേയുള്ളൂ. ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞുമാറുക. അങ്ങനെയാണ് ആ കൈകഴുകല്‍ ഉണ്ടായത്.
പക്ഷേ, പ്രതികാരാന്ധ്യം ബാധിച്ച ജനത്തിന് ഒരു കൂസലുമുണ്ടായില്ല. അവര്‍ ആര്‍ത്തുവിളിച്ചു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊ
ള്ളട്ടെ.''
പിന്നെന്തുണ്ടായി? അതു ചരിത്രം പറഞ്ഞുതരുന്നുണ്ട്. യേശുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് രണ്ടോ മൂന്നോ ദശകത്തിനുള്ളില്‍ അതു സംഭവിച്ചു. എ.ഡി. 70ല്‍ റോമന്‍സൈന്യാധിപന്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ അമ്പതിനായിരത്തിലധികം വരുന്ന റോമന്‍സൈന്യം ജറുസലെമിലെത്തി. പിന്നീടു നടന്നതു ചരിത്രത്തിലെ സമാനതകളില്ലാത്ത കൂട്ടക്കൊലയാണ്. സീലട്ടുകളെന്നറിയപ്പെട്ട ഒരു വലിയ വിഭാഗം വിപ്ലവകാരികള്‍ ജറുസലെംദേവാലയത്തിലും പരിസരത്തുമായി തമ്പടിച്ചിരുന്നു. ആദ്യം നഗരകവാടങ്ങള്‍ ബന്ധിച്ച റോമന്‍ സൈന്യം ഭക്ഷണവും വെള്ളവും നിരോധിച്ച് അവരെ പട്ടിണിക്കിട്ടു. പിന്നെ കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കി. ദേവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ ഇടിച്ചുനിരത്തി. നഗരവും തകര്‍ത്തുകളഞ്ഞു. ഒരൊറ്റ യഹൂദനും ജറുസലേമില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിരോധനാജ്ഞയും പുറപ്പെടുവിച്ചു.
റോമന്‍സൈന്യത്തിന്റെ വാള്‍മുനയില്‍നിന്നു രക്ഷപ്പെട്ട യഹൂദര്‍ കൈയില്‍ കൊള്ളുന്നതുമാത്രം വാരിയെടുത്തു ജീവനും കൊണ്ടോടി. ഓടിയത് അയല്‍രാജ്യങ്ങളിലേക്കു മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കാണ്. അങ്ങനെ വീടും നാടും നഷ്ടപ്പെട്ട യഹൂദര്‍ മുഴുവന്‍ പ്രവാസികളായി, അഭയാര്‍ഥികളായി.
മേധാശക്തികൊണ്ടും കഠിനാധ്വാനസന്നദ്ധതകൊണ്ടും യഹൂദര്‍ എന്നും ലോകജനതയ്ക്കു മുന്നിലാണ്. അതുകൊണ്ടാവാം, ചെന്നുചേര്‍ന്ന നാടുകളിലെല്ലാം അവര്‍ വലിയ നേട്ടങ്ങളുണ്ടാക്കി. കാര്‍ഷിക, വ്യാപാരമേഖലകളിലെല്ലാം അവരെ അതിശയിക്കുന്നവര്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. പക്ഷേ, അതുതന്നെ അവര്‍ക്കു വിനയായി. എല്ലാവരും അവരെ ഭയപ്പെട്ടു. യഹൂദരുടെ വളര്‍ച്ച തങ്ങളുടെ രാജ്യത്തിനു നേട്ടമായി കാണുന്നതിനുപകരം ഭീഷണിയായി വ്യാഖ്യാനി
ക്കപ്പെട്ടു. അവരെ ശത്രുക്കളായി കണ്ടു ജനങ്ങളും അധികാരികളും അവര്‍ക്കെതിരേ തിരിഞ്ഞു.
പിന്നെയുണ്ടായതു ഭീകരമായ കൂട്ടക്കൊലകളാണ്. യഹൂദരുടെ രക്തംകൊണ്ടു യൂറോപ്യന്‍രാജ്യങ്ങളിലെ മണ്ണു ചുവന്നുപോയി എന്നു പറയാം. എവിടെ യഹൂദരുണ്ടോ അവിടെ പീഡനവുമുണ്ട്. എന്നൊരു സമവാക്യംതന്നെ രൂപംകൊണ്ടു. ഇതിന്റെ ഏറ്റവും ഭീകരമായ മുഖം ലോകംകണ്ടതു ലോകമഹായുദ്ധകാലത്താണ്. 1941 മുതല്‍ 45 വരെയുള്ള കാലം. യഹൂദരെ മുഖ്യശത്രുവായിക്കണ്ട ഹിറ്റ്‌ലര്‍ നാസിപ്പടയുടെ സഹായത്തോടെ യഹൂദരെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കാന്‍ തുനിഞ്ഞിറങ്ങി. ഹിറ്റ്‌ലറുടെ കൊലക്കത്തിക്കിരയായത് 60 ലക്ഷം യഹൂദരാണ്. ജര്‍മ്മനിയില്‍ മാത്ര
മല്ല, ഹിറ്റ്‌ലര്‍ കീഴടക്കിയ രാജ്യങ്ങളിലെല്ലാം യഹൂദരുടെ കൂട്ടക്കൊല തുടര്‍ക്കഥയായി. ചരിത്രത്തില്‍ ഈ ദുരന്തം 'ഹോളോകോസ്റ്റ്' എന്ന് അറിയപ്പെടുന്നു. ഇസ്രയേല്‍ക്കാര്‍ നീസാന്‍ മാസം 27 ഹോളോകോസ്റ്റ് സ്മരണദിനമായി ഇന്ന് ആചരിച്ചുവരുന്നു.
ഇതുകൊണ്ടും യഹൂദസമൂഹത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ അസാധാരണമായ ഇച്ഛാശക്തിയും ധിഷണാപ്രഭാവവും പുതിയൊരുയിര്‍ത്തെഴുന്നേല്പിലേക്കവരെ നയിച്ചു. ആ ചരിത്രവിസ്മയത്തിന്റെ രാഷ്ട്രീയഭൂപടമാണ് ഇന്നത്തെ ഇസ്രയേല്‍രാഷ്ട്രം.
(തുടരും)