•  7 Aug 2025
  •  ദീപം 58
  •  നാളം 22
ലേഖനം

മറക്കരുത് മലയാളി 2022 ജൂലൈ 26

2023 ഡിസംബര്‍ 6 ന് ഒരു പത്രവാര്‍ത്ത വന്നു: ''എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വാരിക്കോരി മാര്‍ക്കു നല്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസഡയറക്ടര്‍ എസ്. ഷാനവാസ്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്ത, സ്വന്തം പേരുപോലും എഴുതാനറിയാത്ത കുട്ടികള്‍ക്കുപോലും എസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് കിട്ടുന്നുണ്ട്.'' വളരെ ''വൈറലാ''യ ഒരു വാര്‍ത്തയായിരുന്നു ഇത്. ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇതു വഴിതെളിച്ചു. എന്നാല്‍, ഇക്കാര്യം പണ്ടേ തിരിച്ചറിഞ്ഞ ഞാന്‍ 2018 ല്‍ ഒരു അക്ഷരസമരത്തിനു തുടക്കംകുറിച്ചിരുന്നു.

1970കള്‍ മുതല്‍ കുട്ടികളും യുവജനങ്ങളുമായി നിരന്തരം ഇടപഴകുന്നതിനുള്ള അവസരം, തസ്തികാബന്ധിതമായ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എനിക്ക് 1970 കളിലും 80 കളിലും 90 കളിലും ഇല്ലാതിരുന്ന ഒരു 'അക്ഷരക്ഷരം' (അക്ഷരനാശം) രണ്ടായിരാമാണ്ടില്‍ ഉള്ളതായി അനുഭവപ്പെട്ടു.
   കുട്ടികള്‍ക്കു പ്രസംഗം, വായന, സംഗീതം, കലാരൂപങ്ങള്‍ മുതലായവയില്‍ പരിശീലനം നല്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ കുട്ടികളോട് അക്ഷരമെഴുതാന്‍ പറഞ്ഞപ്പോള്‍ വാലും തലയുമില്ലാതെ കുറെ അക്ഷരങ്ങള്‍ കുറിക്കുന്നതും 'ഭാരതം' 'പാരത'വും 'വിദ്യാര്‍ഥി' 'വിത്യാര്‍ഥി'യുമാകുന്നതും കണ്ടപ്പോള്‍ അസഹ്യമായിത്തോന്നി. കേട്ടെഴുത്തില്‍ 'ടോണി' 'Toണി' യാകുന്നതും 'മേരി' 'മൂരി'യാകുന്നതുമൊക്കെ കാണാനിടവന്നു.
    കാരണം തേടിച്ചെന്നപ്പോള്‍ കോളജധ്യാപകര്‍ പള്ളിക്കൂടം വാധ്യാരെ പഴിചാരി തടിതപ്പി. ഒന്നാം ക്ലാസിലെ അധ്യാപകരോടു ചോദിച്ചപ്പോഴാണ് അക്ഷരമാല  പാഠപുസ്തകത്തിലില്ലെന്നും അക്ഷരം പഠിപ്പിക്കുന്നതു ശിക്ഷാര്‍ഹമാണെന്നുപോലും മനസ്സിലാകുന്നത്. 'അമ്മമലയാളം അത്യാസന്നനിലയില്‍' എന്ന തലക്കെട്ടില്‍ ഞാന്‍ ദീപികയില്‍ ഒരു ലേഖനമെഴുതി. തുടര്‍ന്ന്, 'അടിത്തറയിളകിയ ശ്രേഷ്ഠഭാഷ', 'നിരക്ഷരസാക്ഷരകേരളം', 'മാര്‍ക്കുദാനം മഹാപാപം'  എന്നിങ്ങനെയുള്ള ലേഖനങ്ങളെഴുതിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. മുഖ്യധാരാപത്രങ്ങള്‍ക്കൊക്കെ ലേഖനങ്ങള്‍ അയച്ചുകൊടുത്തെങ്കിലും എല്ലാം ചവറ്റുകൊട്ടയില്‍ വീഴുകയാണുണ്ടായത്. എന്നാല്‍, മംഗളം ദിനപ്പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ശ്രീ രാജു മാത്യു അനുകൂലമായ നിലപാടെടുക്കുകയും ലക്ഷ്യത്തിനുവേണ്ടി മംഗളം നിലകൊള്ളാമെന്ന് ഉറപ്പുനല്കുകയും ചെയ്തു. തുടര്‍ന്ന്, ലേഖനങ്ങളെഴുതുകയും എഴുതിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്, കത്തുകളയയ്ക്കാനും നിവേദനങ്ങള്‍ സമര്‍പ്പിക്കാനും തുടങ്ങി. എന്നിട്ടും, ഫലം നാസ്തി!
സമാന്തരമായി 'മാതൃഭാഷാപോഷകസന്നദ്ധസമിതി' എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും അക്ഷരബോധനപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു. അക്ഷരമാല ചാര്‍ട്ട്, അക്ഷരക്കൂട്ട്, അക്ഷരക്കുടുക്ക മുതലായ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചു വിതരണം ചെയ്യാനും തുടങ്ങി. കൂടാതെ, 'ശുദ്ധിത്രയം' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങി അക്ഷരബോധനം നടത്തിപ്പോന്നു.
കാര്യമായ പ്രയോജനമൊന്നും കാണാതെ വന്നപ്പോള്‍ സ്ഥലം എം.എല്‍. എ. മാണി സി. കാപ്പന്‍വശം വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിവേദനം നല്കി. അതിനനുകൂലമായ പ്രതികരണമുണ്ടായി. ഞാന്‍ സമര്‍പ്പിച്ച നിവേദനം പൊതുവിദ്യാഭ്യാസസെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു കാണിച്ചുകൊണ്ട്, 20-9-2020 ല്‍ ബഹു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നു രണ്ടുവാക്യത്തിലുള്ള (ഒരു അക്ഷരത്തെറ്റോടുകൂടിയ) അറിയിപ്പു ലഭിച്ചു. അങ്ങനെ, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യമായി ലഭിച്ച പ്രതികരണം!
ഇതിനിടെ, ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റൈറ്റേഴ്‌സ് ഫോറം' പ്രസിഡന്റ് ഡോ. ജെ.കെ.എസ്. വീടൂരുമായി ബന്ധപ്പെട്ട് അവരുടെ പിന്തുണ നേടി. അവരും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഡോ. വീടൂര്‍ നിര്‍ണായകമായ ഒരു നീക്കം നടത്തി. മുന്‍ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിലുമായി അദ്ദേഹം നേരിട്ടു ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പിന്തുണ വലിയൊരു വഴിത്തിരിവായി.
അതിലും, നിര്‍ണായകമായത്, വി.ആര്‍. പി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍സാറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞുവെന്നതാണ്. മഹാപണ്ഡിതനാണെന്ന കേട്ടറിവേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ടെലിഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു. വലിയ ആളാകുമ്പോള്‍, എന്തായിരിക്കും പ്രതികരണമെന്ന ശങ്കയുണ്ടായിരുന്നു. ഏതായാലും, രണ്ടും കല്പിച്ച് ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു. ''ആരാ?'' ഘനഗംഭീരമായ ശബ്ദം! ഞാന്‍ ഒന്നു പരുങ്ങി. എന്നിട്ടു പറഞ്ഞു: ''ഞാന്‍ പാലായില്‍നിന്നുള്ള ഒരു വൈദികനാണ്...'' ''ഓ, നമസ്‌കാരം! എന്താ അച്ചോ?'' ഒരു കൊടുങ്കാറ്റു ശമിച്ച പ്രതീതി!
ഞാന്‍ കാര്യം പറഞ്ഞു: ''അക്ഷരമാല പാഠപുസ്തകങ്ങളിലൊന്നുമില്ല'' ''ആരുപറഞ്ഞു?'' ''ഒന്നുമുതല്‍ പത്തുവരെയുള്ള മലയാളപാഠാവലി മുഴുവന്‍ പരിശോധിച്ചശേഷമാണ് ഞാനിതു പറയുന്നത്.'' ''ഓ, അങ്ങനെയാണോ?'' നിമിഷനേരം കൊണ്ട് ഞങ്ങള്‍ സൗഹൃദത്തിലായി! സഹപ്രവര്‍ത്തകരായി! സമരത്തിന്റെ കടിഞ്ഞാണ്‍ ഞാന്‍ അദ്ദേഹത്തിനു കൈമാറി. നിരന്തരം ഫോണിലൂടെ ആശയവിനിമയം നടത്തിപ്പോന്നു.
അപ്പോഴേക്കും തിരഞ്ഞെടുപ്പുവന്നു. പുതിയ മന്ത്രിസഭ നിലവില്‍വന്നു. പണി മുഴുവന്‍ വെള്ളത്തിലാവുമല്ലോ എന്നു ചിന്തിച്ചുപോയി. എങ്കിലും നഷ്ടധൈര്യനാകാതെ മുമ്പോട്ടുനീങ്ങി. നിവേദനങ്ങളും എഴുത്തുകുത്തുകളും തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു നിവേദനം തയ്യാറാക്കി, ജലവിഭവവകുപ്പുമന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ വഴി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവന്‍കുട്ടിക്കു നല്കാന്‍ തീരുമാനിച്ചു. ശ്രീ റോഷി അഗസ്റ്റിന്‍ നേരിട്ട് എന്റെയടുത്തുവന്ന് നിവേദനവും അനുബന്ധരേഖകളും കൈപ്പറ്റി എന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. അതൊരു നിര്‍ണായകനീക്കമായി.
ഇതിനിടെ മനോരമയ്ക്കും ഞാനൊരു ലേഖനമെഴുതിയയച്ചു. എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറത്തെ നേരിട്ടുവിളിച്ചു കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. എന്റെ ലേഖനം പ്രസിദ്ധീകരിച്ചെന്നു മാത്രമല്ല, 'തരംഗങ്ങളില്‍' എന്ന പംക്തിയിലൂടെ പ്രതികരിക്കാനും തുടങ്ങി.  അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നര്‍മവും ഹാസ്യവും കലര്‍ന്നിരുന്നതിനാല്‍ നല്ല എരിവും പുളിയും ഉണ്ടായിരുന്നുതാനും.
പല വഴിയിലൂടെയുള്ള നീക്കങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായിട്ടായിരിക്കാം 5-8-2021 ല്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ നിന്നു വിദ്യാഭ്യാസഡയറക്ടറുടെ ഒരു കത്തുകിട്ടി. അതില്‍ പറയുന്നു: ''താങ്കള്‍ സമര്‍പ്പിച്ച നിവേദനവും അതിനോടൊപ്പം നല്കിയ അനുബന്ധരേഖകളും പരിശോധിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇപ്പോള്‍ ആശയാവതരണരീതിയാണ് നിലനില്ക്കുന്നത്. നിരവധി ഭാഷാപണ്ഡിതരുടെയും വിദ്യാഭ്യാസമനഃശാസ്ത്രജ്ഞന്മാരുടെയും കണ്ടെത്തലുകളുടെ ഫലമായിട്ടാണ് അക്ഷരാവതരണരീതിക്കുപകരം ആശയാവതരണരീതി തുടരുന്നത്. ആയതിനാല്‍ അക്ഷരമാല നിലവിലെ പാഠപുസ്തകങ്ങളിലില്ല.'' പ്രതീക്ഷയെല്ലാം പൊലിഞ്ഞുപോയി.
ഇതിനോടകം, ചീഫ് സെക്രട്ടറി നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുചെന്നു. ബഹു. മുഖ്യമന്ത്രിയുടെ സമ്മതത്തോടെ കുശാഗ്രബുദ്ധിയും നയതന്ത്രജ്ഞനുമായ അദ്ദേഹം 'ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി' എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ചു. ഭാഗ്യത്തിന്, അദ്ദേഹംതന്നെ അതിന്റെ അധ്യക്ഷനായി നിയമിതനായി. ബഹു. പ്രബോധചന്ദ്രന്‍സാറും എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ ചാക്കോ സി. പൊരിയത്തും സമിതിയില്‍ അംഗങ്ങളുമായി. സമിതിയുടെ പ്രഥമസമ്മേളനത്തില്‍ത്തന്നെ അക്ഷരമാലവിഷയം ഉള്‍പ്പെടുത്തുകയും നിര്‍ദേശങ്ങളില്‍ പ്രഥമസ്ഥാനത്ത് അക്ഷരമാല പാഠപുസ്തകത്തില്‍ ചേര്‍ക്കണം എന്നുതീരുമാനിക്കുകയും ചെയ്തു.
മറ്റൊരു നിര്‍ണായകനീക്കം ഞാന്‍  നടത്തി. നിലവാരമുള്ള ചാനല്‍ചര്‍ച്ചകളില്‍ നിറസാന്നിധ്യമായ സാംസ്‌കാരികനായകന്‍ പ്രൊഫ. എം.എന്‍. കാരശ്ശേരിയുമായി ബന്ധപ്പെടാന്‍ ആരോ എന്നോടു പറഞ്ഞു. ഫോണ്‍നമ്പരും തന്നു. ഞാന്‍ രണ്ടും കല്പിച്ചു നമ്പര്‍ കറക്കി. അദ്ദേഹം ഫോണെടുത്തു. ഞാന്‍ പാലായില്‍നിന്നുള്ള ഒരു വൈദികനാണെന്നു പറഞ്ഞു പരിചയപ്പെടുത്തി കാര്യം പറഞ്ഞു. അക്ഷരമാല പാഠപുസ്തകത്തിലില്ലെന്നോ? അദ്ദേഹത്തിന്റെ സ്വരം ഉയര്‍ന്നു. അദ്ദേഹത്തിന്റെ അപ്പോഴത്തെ വികാരവിചാരങ്ങള്‍ അദ്ദേഹംതന്നെ രേഖപ്പെടുത്തിയിരിക്കുന്നു: ''നേരു പറയാമല്ലോ. ഞെട്ടിച്ചുകളഞ്ഞ ഒരു ഫോണ്‍വിളിയിലൂടെയാണു ഫാ. തോമസ് മൂലയില്‍ എന്ന പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി മലയാളപാഠാവലിയില്‍ മലയാളം അക്ഷരമാല ചേര്‍ക്കുന്നില്ലെന്ന വിവരം ഒരു വൈദികന്‍ പറഞ്ഞതുകൊണ്ടു മാത്രമാണു ഞാന്‍ ഒറ്റക്കേള്‍വിക്കു വിശ്വസിച്ചത്. ആ വിവരം എന്നെ വിറളി പിടിപ്പിച്ചു. എന്നെ അപമാനിച്ചു; എന്റെ ഉറക്കം കെടുത്തി. ഇത് മലയാളിയായ ഞാന്‍, 34 കൊല്ലം മലയാളാധ്യപകനായ ഞാന്‍, പൗരാവകാശപ്രവര്‍ത്തകനായ ഞാന്‍ ഇതേവരെ അറിഞ്ഞിരുന്നില്ലല്ലോ? എന്നെ സമരരംഗത്തിറക്കിയത് മൂലയിലച്ചനാണ്.'' ഈ സംഭാഷണം നടക്കുന്നത് 2021 ഒക്‌ടോബര്‍ അവസാനമാണ്. 2021 നവംബര്‍ ഒന്നാം തീയതി മാതൃഭൂമിയില്‍ ഒരു ലേഖനം. 'കേരളത്തിലെ വിദ്യാഭ്യാസമന്ത്രി  വായിച്ചറിയാന്‍' എന്നായിരുന്നു തലക്കെട്ട്. അന്നുതന്നെ എന്നെ ഫോണ്‍ വിളിച്ചിട്ട്, ഒരു ലേഖനം എഴുതി മാതൃഭൂമിക്കയച്ചുകൊടുക്കാന്‍ പറഞ്ഞു. കൂടാതെ, പ്രബോധചന്ദ്രന്‍സാറിനെക്കൊണ്ട് ലേഖനമെഴുതിക്കാനും പറഞ്ഞു. എന്റെ ലേഖനവും  സാറിന്റെ ലേഖനവും മാതൃഭൂമിയില്‍ വന്നു. കൂടാതെ, കാരശ്ശേരി മാഷ് പറഞ്ഞെഴുതിച്ച ലേഖനങ്ങളും വന്നു. 2021 നവംബര്‍ എട്ടാം തീയതി നിയമസഭയില്‍ പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവന്‍കുട്ടി ഒരു പ്രസ്താവന നടത്തി. അടുത്ത അധ്യയനവര്‍ഷംതന്നെ മലയാളപാഠാവലിയില്‍ അക്ഷരമാല ചേര്‍ക്കുന്നതാണ്! എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്ത വന്നു! ഇത് അക്ഷരസമരത്തിന്റെ ക്ലൈമാക്‌സ്! കാരശ്ശേരിമാഷിന്റെ ലേഖനം ആന്റി ക്ലൈമാക്‌സ്!
പക്ഷേ, രണ്ടായിരത്തിയിരുപത്തിരണ്ടിലെ പാഠപുസ്തകം അച്ചടിച്ചുവന്നപ്പോള്‍ അതില്‍ അക്ഷരമാലയില്ല! ഇതറിഞ്ഞ് ഞാന്‍ പത്രങ്ങളില്‍ വിളിച്ചു വിവരം പറഞ്ഞു. വലിയ വാര്‍ത്താപ്രാധാന്യമൊന്നുമില്ലാത്ത മട്ടില്‍ ചില പത്രങ്ങളെല്ലാം  വാര്‍ത്ത കൊടുത്തു. ഞാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ജെ. പ്രസാദിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം കൈമലര്‍ത്തി. പുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ പരിഗണിക്കാമെന്നു പറഞ്ഞു. അതിനു രണ്ടുമൂന്നു വര്‍ഷമെങ്കിലുമെടുക്കും എന്നു പറഞ്ഞു. ബഹു. മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നല്ലോ എന്നു പറഞ്ഞത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. 'അപ്പം ചുടുന്നതുപോലെ  ചുട്ടെടുക്കാവുന്നതല്ല പാഠപുസ്തകം' എന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കി.
ഞാന്‍ തിരുവനന്തപുരത്തിനുപോയി വിദ്യാഭ്യാസമന്ത്രിയെ നേരില്‍ക്കണ്ടു വിവരം ബോധിപ്പിച്ചു. ബഹു. മന്ത്രി റോഷി അഗസ്റ്റിന്‍ വഴിയാണ് മന്ത്രിയെ കാണാന്‍ സാധിച്ചത്. ഈ വര്‍ഷംതന്നെ  അക്ഷരമാല പാഠപുസ്തകത്തില്‍ ചേര്‍ക്കാമെന്ന് എനിക്ക് ഉറപ്പുതന്നു. ആ ഉറപ്പിന്റെ ബലത്തില്‍ ബഹു. മന്ത്രിക്ക് പാലായില്‍ സ്വീകരണമൊരുക്കി. 2022 ജൂലൈ 26-ാം തീയതി മന്ത്രി പാലായില്‍ വന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ പാലാ സെന്റ് തോമസ് ട്രെയിനിങ് കോളജില്‍ നടന്ന പ്രൗഢഗംഭീരമായ സദസ്സില്‍ ജലവിഭവവകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, സ്ഥലം എം.എല്‍.എ. ശ്രീ മാണി സി. കാപ്പന്‍ മുതലായവരുടെ സാന്നിധ്യത്തില്‍ ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവന്‍കുട്ടി പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ പോകുന്ന അക്ഷരമാലചാര്‍ട്ട് വേദിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കൈയടി നേടി! ഒരു സൂപ്പര്‍ ക്ലൈമാക്‌സ്! ക്ലൈമാക്‌സ് ലോകം മുഴുവന്‍ അറിഞ്ഞു.  പക്ഷേ, സൂപ്പര്‍ ക്ലൈമാക്‌സ് അധികമാരും ഇന്നും അറിഞ്ഞിട്ടില്ല! Success has many fathers and failure is an orphan!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)