അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ നാം പലപ്പോഴും വിമുഖരാണ്. ഇങ്ങനെയൊക്കെപറഞ്ഞാല്‍ ആരും തന്നെ ഇഷ്ടപ്പെടാതെ വന്നാലോ എന്ന ഭയം നമ്മെ പലപ്പോഴും അലട്ടുന്നുണ്ടാവും. ആര്‍തര്‍ ഹൈലിയുടെ വിശ്വവിഖ്യാതമായ ''സ്‌ട്രോങ്ങ് മെഡിസിന്‍'' എന്ന നോവലില്‍ സിലിയ ജോര്‍ഡന്‍ എന്ന കഥാനായിക ഒരു സെനറ്ററുമായി നടത്തുന്ന യുദ്ധത്തിന്റെ കഥയുണ്ട്. സ്വന്തം പരിശ്രമങ്ങളും കര്‍മശക്തിയും ആദര്‍ശധീരതയും കൊണ്ട് ഒരു വലിയ മരുന്നുകമ്പനിയുടെ തലപ്പത്തെത്തിയവളായിരുന്നു സിലിയ. മോണ്‍ട്രയിന്‍ എന്നു പേരുള്ള, പാര്‍ശ്വഫലങ്ങളുള്ള ഒരു മരുന്ന്, കമ്പനിയുടെ തലപ്പത്തുള്ള ഒരാള്‍ സ്വന്തം കുറുക്കു വഴികളിലൂടെ എഫ് ഡി ഐയുടെ അംഗീകാരം വാങ്ങി മാര്‍ക്കറ്റിലെത്തിക്കുന്നു. ഈ തീരുമാനത്തെ ധീരതയോടെ എതിര്‍ത്ത സിലിയ അവസാനം തന്റെ സ്വരം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നു വന്നപ്പോള്‍ സ്വയം രാജിവച്ചിറങ്ങി.
ഗര്‍ഭിണികള്‍ ഈ മരുന്നുപയോഗിച്ചപ്പോള്‍ അംഗവൈകല്യമുള്ള കുട്ടികളാണ് അവര്‍ക്കു ജനിച്ചത്. ഇതെല്ലാം വലിയ വാര്‍ത്തകകളായി, കോളിളക്കമായി. ഈ മരുന്നിനെതിരായി ശബ്ദമുയര്‍ത്തിയ, ഒടുവില്‍ സ്ഥാനമാനങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു പോയ സിലിയയോട് എല്ലാവര്‍ക്കും വൈകിയവേളയിലാണെങ്കിലും വലിയ ബഹുമാനം തോന്നി. ഈ മരുന്നു മാര്‍ക്കറ്റില്‍ ഇറക്കണമെങ്കില്‍ ആദ്യംതന്നെ ഇതിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പൊതു ജനത്തെ ബോധവാന്മാരാക്കിയിരിക്കണം എന്നതായിരുന്നു സിലിയയുടെ അഭിമതം.
കാലങ്ങള്‍ കടന്നുപോയി. കമ്പനി ചില കാരണങ്ങളാല്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി. അങ്ങനെ ചില നിര്‍ബന്ധിതസാഹചര്യങ്ങളില്‍ മുങ്ങാന്‍ പോകുന്ന ഈ കപ്പല്‍ രക്ഷിക്കാന്‍ സിലിയയ്ക്കു വീണ്ടും വൈസ്പ്രസിഡന്റായി സ്ഥാനം ഏല്‍ക്കേണ്ടിവരുന്നു. ഇരട്ടത്താപ്പുകാരനും വക്രദൃഷ്ടിയുമായ ഒരു സെനറ്റര്‍ അപ്പോള്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനൊരുങ്ങി. സെനറ്റര്‍ പാര്‍ശ്വഫലങ്ങളുള്ള ആ മരുന്നിന്റെ കാര്യത്തില്‍ ഒരു ഉന്നതതലഅന്വേഷണത്തിന് ഉത്തരവിടുന്നു. ലാഭത്തിനുവേണ്ടി എന്തുകൊണ്ട് ഈ കമ്പനി ഇത്തരം ഒരു മരുന്നിറക്കി എന്നതായിരുന്നു ചോദ്യം. മരുന്ന് മാര്‍ക്കറ്റില്‍ ഇറക്കിയതിനു പ്രാരംഭത്തിലേതന്നെ എതിരുനിന്ന സിലിയ അതിനുത്തരവാദി യല്ലാതിരുന്നിട്ടുപോലും ഉത്തരം പറയേണ്ടതായിവരുന്നു.
ക്രോസ്‌വിസ്താരസമയത്തു സിലിയ അവളുടെ അഭിഭാഷകരുടെ അഭിപ്രായം മാനിച്ചു സെനറ്ററുടെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടികള്‍ ഒന്നും പറയാതെ പിടിച്ചു നിന്നു. ഒടുവില്‍ ഒരു ഘട്ടത്തില്‍ അവള്‍ കാര്യങ്ങള്‍ തുറന്നടിക്കാന്‍ തീരുമാനിക്കുന്നു. മരുന്നിന് എഫ്.ഡി.ഐ. അംഗീകാരം ലഭിക്കാന്‍ വൈകിയപ്പോള്‍ ഇതേ സെനറ്റര്‍ അന്ന് ഒച്ചപ്പാടുണ്ടാക്കിയ സംഭവം അവള്‍ കോടതിയില്‍ വിളിച്ചു പറഞ്ഞു. സെനറ്ററിന്റെ പൊയ്മുഖം അതോടെ പൊളിഞ്ഞു വീണു. 'മനുഷ്യക്കുരുതി'ക്കു മരുന്നുകമ്പനികള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്ന സെനറ്ററിന്റെ ആക്രോശത്തിനും അവള്‍ ഉത്തരം പറഞ്ഞു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന സിഗരറ്റുകമ്പനികള്‍ക്ക് ഒത്താശ പാടുകയും അനുകൂലതീരുമാനങ്ങള്‍ എടുക്കുകയുംചെയ്യുന്ന സെനറ്റര്‍ അതുമൂലമുണ്ടാകുന്ന ക്യാന്‍സര്‍മരണങ്ങള്‍ക്ക് ഉത്തരം പറയുമോ എന്നവള്‍ തിരിച്ചടിച്ചു. ഈ മരണങ്ങളുടെ ഒരംശംപോലും മരുന്നുകളുടെ പാര്‍ശ്വഫലംകൊണ്ട് ഉണ്ടാകുന്നില്ലെന്നു തിരിച്ചറിയണം. ഉത്തരം മുട്ടിയ സെനറ്റര്‍ ഇളിഭ്യനായി പഞ്ചപുച്ഛമടക്കി പിന്‍വാങ്ങുന്നതാണു കഥ.
യഥാസമയം തോന്നുന്ന പ്രായോഗികബുദ്ധിക്കും ചേതനയ്ക്കുമനുസരിച്ചു തുറന്നടിക്കാനുള്ള ഒരു മനോബലം നാം സൃഷ്ടിച്ചെടുത്തേ തീരൂ. പ്രഭാവശാലിയായ സെനറ്റര്‍ക്കു തന്റെ വ്യവസായശാലയെ പൂട്ടിക്കാന്‍പോലും ആയേക്കാം എന്നറിഞ്ഞിട്ടും, ചിലപ്പോള്‍ ഇതുപോലെ ഒരു തുറന്നടിച്ചുള്ള പറച്ചില്‍ ഒരുപക്ഷേ അയാളുടെ കണ്ണു തുറപ്പിച്ചേക്കാമെന്നവള്‍ മനസ്സിലാക്കി. അതു ഫലിക്കുകയും ചെയ്തു. അതാണ് യുക്തിവിചാരശക്തി, വിവേകം എന്നൊക്കെ നാം പറയുന്ന സംഗതി. ബുദ്ധിയും അനുഭവസമ്പത്തും അവളെ ഉപദേശിച്ചുകൊണ്ടിരുന്നത്, ഒട്ടും പ്രതികരിക്കാതിരിക്കാനാണ്. മൗനം ദീക്ഷിച്ചുകൊണ്ട്, സെനറ്ററെ ഉത്തരം മുട്ടിക്കാതെ, കരുതലോടെ നീങ്ങാനാണ് അവളുടെ വക്കീലന്മാര്‍ ഉപദേശിച്ചതും.
നമ്മുടെ വിഷയം ഇവിടെ ചില തുറന്നുപറച്ചിലുകള്‍ അനിവാര്യമാകുന്ന, മുഖംമൂടികള്‍ വലിച്ചുചീന്തേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ നാം നിഷ്‌ക്രിയരാകുന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ്. നട്ടെല്ലുനിവര്‍ത്തി സത്യസന്ധമായി, നീതിയുക്തമായി സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ, ഔചിത്യ ബോധത്തോടും, സദാചാരനിഷ്ഠയോടും കൂടി, കര്‍ത്തവ്യ നിഷ്ഠമായി തീരുമാനങ്ങള്‍ എടുക്കുക എളുപ്പമല്ല. ധീരതയോടെ, സന്മാര്‍ഗതത്ത്വങ്ങളെ ബലികഴിക്കാതെ, മൂല്യങ്ങളെ കൈവിടാതെ, മാനവധര്‍മത്തിനു വിപരീതമായി നിലകൊള്ളാതെ, പരാമാര്‍ഥതയോടെ നന്മയുടെയും നീതിയുടെയും പക്ഷംചേരാന്‍ എല്ലാവര്‍ക്കും സാധിച്ചുവെന്നുവരില്ല. ചില്ലറ ലാഭങ്ങള്‍ക്കായി നാം പലതിനും നേരേ കണ്ണടയ്ക്കും. നീതിയുടെ തുലാശിന്റെ ഒരു തട്ടിലേക്കു നാം നമ്മുടെ സ്വകാര്യതാത്പര്യങ്ങള്‍കൂടി കിഴികെട്ടി തൂക്കുമ്പോള്‍ നന്മയ്ക്കു ജയിക്കാനാവാതെവരും; നീതി വിസ്മരിക്കപ്പെടും.
വികാരങ്ങള്‍ അടിച്ചമര്‍ത്താമോ?
വിളിച്ചുപറയാന്‍ തോന്നുന്ന കാര്യങ്ങള്‍ അടക്കിവച്ചാല്‍ എന്താണു സംഭവിക്കുക? സ്വന്തം പ്രേരണയാല്‍, ബോധപൂര്‍വംതന്നെ നാം ചില കാര്യങ്ങള്‍ ചിന്തിക്കാതിരിക്കും. നാം മനഃപൂര്‍വം ചില ചിന്തകളെ അകറ്റിനിര്‍ത്തുമ്പോള്‍ നമ്മുടെ ചേതനയെയും അകക്കാമ്പിനെയും അതു ബാധിക്കും. ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ നോക്കുമ്പോള്‍; അതുസംബന്ധമായ മനോവികാരങ്ങള്‍ അടക്കാന്‍ നോക്കുമ്പോള്‍ അതിന്റെ ഭാഗമായി അതിനുള്ള ഒരു ഉപായമായി നാം ചിന്തകളെ വഴിതിരിച്ചുവിടും. മറ്റുള്ളവര്‍ക്ക് അനിഷ്ടകരമായത് ഒഴിവാക്കാനാകും ശ്രമം.
ഏതായാലും അടക്കിവയ്ക്കാന്‍ നോക്കിയാല്‍ അതു ന്യൂനങ്ങളായ വികാരങ്ങളെ ഇരട്ടിപ്പിക്കുകയും, നിഷേധാത്മകമായ ഫലങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. ബോധപൂര്‍വം ചിന്തകളെ ഒഴിവാക്കുമ്പോള്‍ അതു കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും. ഇതിനുകാരണം നമ്മുടെ ചേതനയുടെ ഒരംശം ഈ ഒഴിവാക്കുന്ന ചിന്തകളെ വീണ്ടും ചര്‍വിതചര്‍വണം ചെയ്യാന്‍ സ്വയമായി ആഗ്രഹിക്കുന്നതാണ്.