ഒരിക്കല്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ''വിഎസ് ഒരു വ്യക്തിയല്ല, ആശയമാണ്.'' ഇടവേളകളില്ലാത്ത, സന്ധിചെയ്യാത്ത, സമരസപ്പെടാത്ത സമരനൈരന്തര്യമായിരുന്നു മലയാളികള്‍ക്ക് വിഎസ് എന്ന രണ്ടക്ഷരം. കൊടിയ ദുഷ്പ്രഭുത്വത്തിന്റെ മുന്നില്‍ ഒരിക്കലും തലകുനിക്കാത്ത നിത്യയൗവനം!
     അസമത്വം നിറഞ്ഞ സാമൂഹികവ്യവസ്ഥിതിയോട്, അധികാരഗര്‍വിനോട് നിരന്തരം സമരം ചെയ്യാന്‍ അദ്ദേഹത്തെ കരുത്തുള്ളവനാക്കിയത് സ്വന്തം ജീവിതംതന്നെയാണ്. വസൂരി ബാധിച്ച് മരണത്തോടു മല്ലടിക്കുന്ന അമ്മയെ ഒരു തോടിന്റെ അക്കരെനിന്നു കാണേണ്ടിവന്ന നാലുവയസ്സുകാരന്‍. ആ നിസ്സഹായത ഒരു തീരാനൊമ്പരമായി വിഎസ് പേറിയിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനും മരിച്ചതോടെ ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. സവര്‍ണ്ണമാടമ്പിത്തത്തിന്റെ ദുഷ്‌ചെയ്തികള്‍ കണ്ടും കേട്ടുമാണ് വിഎസ് വളര്‍ന്നത്. ചെറിയ ക്ലാസുകളില്‍വച്ചു തനിക്കു നേരിടേണ്ടി വന്ന വിവേചനങ്ങളെ തന്റേടത്തോടെ നേരിട്ട വിഎസ് പതിനൊന്നാം വയസ്സില്‍ ജ്യേഷ്ഠന്റെ തയ്യല്‍ക്കടയില്‍ സഹായിയായി കൂടി. കടയില്‍ വരുന്ന കമ്പനിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും, തൊഴില്‍പ്രതിസന്ധികളെയും യൂണിയന്‍ പ്രവര്‍ത്തനങ്ങളെയുംപറ്റി പറയുന്നത് ആ ബാലന്‍ സശ്രദ്ധം കേട്ടു. അങ്ങനെ തയ്യല്‍പ്പണി ചെയ്യാന്‍ എത്തിയ വിഎസ് അച്യുതാനന്ദന്‍ തൊഴിലാളികളുടെ പിന്നിക്കീറിയ ജീവിതം തയ്‌ച്ചെടുത്ത നേതാവായി പിന്നീട് മാറി.
ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി, പിന്നീട് അവരുടെ നേതാവായി മാറിയ വി.എസ് അച്യുതാനന്ദനിലെ സംഘാടകനെ  കണ്ടെത്തുന്നത് സഖാവ് പി. കൃഷ്ണപിള്ളയാണ്. അങ്ങനെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ പി. കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം ഒരു നിയോഗംപോലെ പതിനേഴാം വയസ്സില്‍ കുട്ടനാട്ടില്‍ വിഎസ് എത്തുന്നു. 
തിരുനല്ലൂര്‍ കരുണാകരന്‍ തന്റെ റാണി എന്ന കവിതയില്‍ പാടിയിട്ടുണ്ട്: 
'റാട്ടുകളെപ്പോഴും അധ്വാന ശക്തിയാല്‍
പാട്ടുപാടുന്നതു കേള്‍ക്കാം. 
താരിളംകയ്യുകള്‍ തൊണ്ടു തല്ലുന്നതിന്‍
താളവും മേളവും കേള്‍ക്കാം'
എന്നാല്‍, കര്‍ഷകത്തൊഴിലാളിയുടെയും കയര്‍ത്തൊഴിലാളിയുടെയും ജീവിതത്തിന്റെ താളം എന്നേ നഷ്ടപ്പെട്ടുപോയിരുന്നു. അടിയാളനു  ശബ്ദിക്കാന്‍ അവസരമില്ലാതിരുന്ന കാലത്ത്, പാതിരാവായാലും  പണിയെടുപ്പിച്ച് പാടത്ത് കൊല്ലാക്കൊല ചെയ്തിരുന്ന കാലത്ത്, അവരെ ചൂഷണമെന്തെന്നും വര്‍ഗസമരമെന്തെന്നും വി എസ് പഠിപ്പിച്ചു. അവരെ നിവര്‍ന്നുനില്‍ക്കാനും ചോദ്യം ചെയ്യാനും കെല്പുള്ളവരാക്കി. തൊഴിലാളികളോടു നീട്ടിയും കുറുക്കിയും പ്രസംഗിച്ചാണ്  വിഎസ് തന്റെ പ്രസംഗശൈലി രൂപപ്പെടുത്തിയെടുത്തത്. അങ്ങനെ, ശബ്ദമില്ലാതിരുന്നവര്‍ ഉച്ചത്തില്‍ ഇങ്ക്വിലാബ് വിളിച്ചു. ജന്മിത്തത്തിനും മുതലാളിത്തത്തിനുമെതിരേ നിരന്തരപ്രക്ഷോഭങ്ങള്‍ നടന്നു. ഓരോ അടിച്ചമര്‍ത്തലിനെയും തൊഴിലാളികള്‍ ജീവനും ജീവിതവും കൊടുത്തു നേരിട്ടു.
'കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍കശക്തിയിലേക്കു                 നമ്മള്‍'  
ഇടശ്ശേരി പാടിയതുപോലെ, സംഘടിച്ച് ശക്തിനേടിയ തൊഴിലാളികള്‍ വയലേലകളില്‍  വലിയ മുന്നേറ്റങ്ങള്‍ നടത്തി. 
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നടന്ന ഐതിഹാസികമായ പുന്നപ്ര - വയലാര്‍ സമരം സ്വാതന്ത്ര്യചരിത്രത്തിന്റെതന്നെ ചോര കിനിയുന്ന ഏടാണ്. അതേത്തുടര്‍ന്ന് ഒളിവുജീവിതം നയിച്ച വി എസ്, പൂഞ്ഞാറ്റില്‍ വച്ചാണ് പൊലീസിന്റെ പിടിയിലാവുന്നത്. ലോക്കപ്പില്‍ കൊടിയമര്‍ദനത്തിനു വിധേയനായ അദ്ദേഹത്തിന്റെ കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. അപ്പോഴും ഒളിവിലായ  സഹപ്രവര്‍ത്തകരെപ്പറ്റി  ഒരു വാക്കുപോലും ആ മനുഷ്യനില്‍നിന്നു പൊലീസിനു ലഭിച്ചില്ല. അവശനായി ബോധം നഷ്ടപ്പെട്ട വിഎസ് മരിച്ചെന്നാണ് പൊലീസ് കരുതിയത്. സഹതടവുകാരനായ ഒരു കള്ളനെ ശരീരം മറവു ചെയ്യാന്‍ പൊലീസ് നിയോഗിച്ചതും  ജീവനുണ്ടെന്നു മനസ്സിലാക്കിയ അയാള്‍ ജീവിതത്തിലേക്കു വിഎസിനെ തിരികെക്കൊണ്ടുവന്നതും ചരിത്രം. ബയണറ്റിന്റെ മുറിപ്പാടുള്ള ആ കാലുമായാണ്  മലകളും താഴ്‌വാരങ്ങളും ആ മനുഷ്യന്‍ കയറിയിറങ്ങി സമരകാഹളം മുഴക്കിയത്.
പോരാളിയായ ഒരു കമ്മ്യൂണിസ്റ്റ് അധികാരത്തിലേറുമ്പോള്‍ എന്താണു സംഭവിക്കുക? സമരങ്ങള്‍ അവസാനിക്കുമോ? ഇല്ലെന്നാണ് വിഎസിന്റെ കാര്യത്തില്‍ ഉത്തരം. ഉറച്ച ശബ്ദത്തില്‍ കൈയേറ്റക്കാര്‍ക്കെതിരേ, സ്ത്രീപീഡകര്‍ക്കെതിരേ, അഴിമതിക്കാര്‍ക്കെതിരേ, പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരേ, ശക്തമായ നിലപാടുകളെടുത്തു. കാടും മലകളും തോടുകളും താണ്ടി വി.എസ് സമരകേരളത്തിന്റെ ശബ്ദമായി മാറി. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. 
'കണ്ണേ കരളേ വിഎസ്സേ...' എന്ന മുദ്രാവാക്യം മലയാളമണ്ണിന്റെ സമരാന്തരീക്ഷത്തില്‍ മുഴങ്ങിനിന്നു.
മതികെട്ടാന്‍ ചോലയിലും മറയൂരിലും ചെങ്കുളത്തും മൂന്നാറിലും തുടങ്ങി കേരളത്തില്‍ വിഎസ് ചെന്നെത്താത്ത സമരഭൂമികളില്ല. പോരാട്ടത്തിന്റെ മറ്റൊരു പേരായി വിഎസ് അച്യുതാനന്ദന്‍ മാറുകയായിരുന്നു. 
വിഎസുമായി സംസാരിക്കാന്‍ ചില അവസരങ്ങള്‍ ലേഖകനും ലഭിച്ചിട്ടുണ്ട്. എഴുത്തുകാരോടും സാംസ്‌കാരികപ്രവര്‍ത്തകരോടും എല്ലാക്കാലത്തും വിഎസ് അടുപ്പം സൂക്ഷിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനായിരിക്കുന്ന കാലത്ത് സുഹൃത്തുക്കളായ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കൊപ്പം ലേഖകനും വിഎസിനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ എത്തി. കഥകളും കവിതകളുമായി ഏറെനേരം അദ്ദേഹവുമായി സംസാരിച്ചത് ഇന്നലെന്നപോലെ മനസ്സിലുണ്ട്. ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന  കവി ജയചന്ദ്രന്‍ കടമ്പനാട് 'ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍' എന്ന വയലാര്‍ കവിത പാടുമ്പോള്‍ ആസ്വദിച്ചുകേട്ടിരുന്ന വിഎസിന്റെ മുഖം ഓര്‍മ്മയില്‍നിന്നു മാറില്ല. 
അക്ഷരാര്‍ഥത്തില്‍ അതു വിഎസിനെപ്പറ്റിയുള്ള വരികളാണ്. സമരപോരാട്ടങ്ങളില്‍ വിഎസ് എന്ന  പടക്കുതിരയെ കെട്ടുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 
കേരളചരിത്രം ചുവപ്പിച്ച ധീരരക്തസാക്ഷികളുറങ്ങുന്ന വലിയചുടുകാട് വിഎസിന്റെ ദേഹവും ഏറ്റുവാങ്ങുമ്പോള്‍ കേരളചരിത്രത്തിലെ സമരമുന്നേറ്റത്തിന്റെ ഉജ്ജ്വലഘട്ടത്തിനു തിരശ്ശീല വീഴുകയാണ്.
                
							
 മോബിന് മോഹന്‍
                    
									
									
									
									
									
                    