•  7 Aug 2025
  •  ദീപം 58
  •  നാളം 22
ലേഖനം

ശത്രുക്കള്‍ ഉണ്ടാകുന്നത്

   ജീവിതയാത്രയില്‍ നമ്മുടെ സൈ്വരം കെടുത്തുന്ന ഒന്നാണ് ശത്രുക്കള്‍. അവരെക്കുറിച്ചുള്ള ചിന്ത ഒരു തലവേദനയാണ്. ശത്രുക്കളുണ്ടാകാന്‍ പല കാരണങ്ങളുണ്ട്. നമ്മുടെ പെരുമാറ്റവും  പ്രവൃത്തിയും ഒരാളെ നമുക്കെതിരാക്കാം. എന്നാല്‍, ഇതൊന്നുമില്ലാതെ ഒരാള്‍ - അയാള്‍ നമ്മുടെ മിത്രമാകാം - അവിചാരിതമായി നമ്മോട് അകലം പാലിക്കുന്നു. സംസാരം ആവശ്യത്തിനു മാത്രം. അല്ലെങ്കില്‍ ഇല്ലതന്നെ. കഴിവതും നമ്മെ ഒഴിവാക്കാനാണു ശ്രമം. ഇങ്ങനെ പെരുമാറിയാലോ?
  ആലോചിച്ചുനോക്കുക. അനൗചിത്യം നിറഞ്ഞ ഒരു പെരുമാറ്റം എപ്പോഴെങ്കിലും സ്വന്തം ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? എത്ര തലപുകഞ്ഞാലോചിച്ചിട്ടും 'ഇല്ല' എന്നു തന്നെയാണുത്തരമെങ്കില്‍, ഇനി ഒരു സാധ്യതയേയുള്ളൂ. അത് ഒരു മൂന്നാംകക്ഷിയുടെ ഇടപെടലാണ്. 
മൂന്നാം കക്ഷി, നമുക്കും നമ്മുടെ സുഹൃത്തിനുമിടയില്‍ രംഗപ്രവേശം ചെയ്ത മറ്റൊരാളാണ്. നമ്മുടെ സുഹൃത്തിന് അയാള്‍ ചില വിവരങ്ങള്‍ കൈമാറിയിരിക്കാം. സുഹൃത്തിനെക്കുറിച്ചു നാം നടത്തിയ ഒരു വിലയിരുത്തലിന്റെ, വിവരദാതാവാണിപ്പോള്‍ അയാള്‍. ആ വിലയിരുത്തലില്‍ അധിക്ഷേപം, താഴ്ത്തിക്കെട്ടല്‍, അവിശ്വസ്തത തുടങ്ങിയ പ്രതിലോമഘടകങ്ങള്‍, നമ്മളുടേതെന്ന മട്ടില്‍ അടങ്ങിയിരിക്കുന്നെങ്കിലോ?
ഇതൊരു ബോധപൂര്‍വമായ പ്രവൃത്തിയാണ്. ഉദ്ദേശം, പകല്‍പോലെ വ്യക്തം - തമ്മില്‍ തെറ്റിക്കുക.
നാം നമ്മുടെ സുഹൃത്തിനേക്കാള്‍ കേമനാണ് എന്നൊരു ധ്വനി ചേര്‍ത്താല്‍, കാര്യം വളരെയെളുപ്പമായി.
എന്നാല്‍, കരുതിക്കൂട്ടിയല്ലാതെയും, മൂന്നാംകക്ഷികള്‍ വിനയുണ്ടാക്കാം. ഇവര്‍ തനി വിടുവായന്മാരാണ്. തങ്ങളുടെ വാചാടോപങ്ങള്‍ക്കിടയില്‍ അറിയാതെ ഇത്തരം പൈശൂന്യം കടന്നുവരും. ഫലമോ? നാളുകളായുള്ള മൈത്രി അവസാനിക്കുന്നു.
മുന്‍വിധിയില്ലാത്ത, തുറവിയുള്ള ബന്ധങ്ങളില്‍ ഇത്തരം വിള്ളലുകളുണ്ടാകുക അസാധാരണമാണ്. എല്ലാ ബന്ധങ്ങളും അപ്രകാരമാണെന്നു കരുതാനും വയ്യാ.
പെട്ടെന്നുള്ള അകല്‍ച്ചകളെ അവധാനതയോടെ സമീപിക്കുകയാണു വേണ്ടത്. അതില്‍ ഉണ്ടായേക്കാവുന്ന മൂന്നാം കക്ഷിയുടെ പങ്കിനെ ജാഗ്രതയോടെതന്നെ നോക്കിക്കാണണം. തുറന്ന സംസാരത്തിന് നാം തന്നെ മുന്നിട്ടിറങ്ങുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)