•  7 Aug 2025
  •  ദീപം 58
  •  നാളം 22
ലേഖനം

യുദ്ധക്കെടുതിയില്‍ ലോകം

    രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു ലോകം കടന്നുപോകുന്നത്. യുക്രെയ്ന്‍ യുദ്ധത്തിലും ഗാസാഏറ്റുമുട്ടലുകളിലും മറ്റു രാജ്യങ്ങള്‍ നേരിട്ടിടപെട്ടാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെയോര്‍ത്താണ് ലോകരാജ്യങ്ങള്‍ ഭീതിയിലായിരിക്കുന്നത്.
യുക്രെയ്ന്‍ യുദ്ധം
    2022 ഫെബ്രുവരി 24-ാം തീയതി തുടങ്ങിയ യുക്രെയ്ന്‍ യുദ്ധം ഇക്കഴിഞ്ഞ ജൂണ്‍മാസം 24-ാം തീയതി 41 മാസം പൂര്‍ത്തിയാക്കി. യുക്രെയ്‌നു നാറ്റോ അംഗത്വം നല്‍കാനും റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുമുള്ള നീക്കങ്ങള ചെറുക്കുകയായിരുന്നു റഷ്യയുടെ ഉദ്ദേശ്യമെന്നായിരുന്നു രാഷ്ട്രീയനിരീക്ഷണം. എന്നാല്‍, യുക്രെയ്‌ന്റെ കിഴക്കന്‍പ്രദേശങ്ങള്‍ പിടിച്ചെടുത്ത് 2014 ല്‍ റഷ്യയോടു ചേര്‍ത്ത ക്രെമിയദ്വീപുമായി ബന്ധിപ്പിക്കാനായാല്‍ കരിങ്കടലിലേക്കും അതുവഴി മെഡിറ്ററേനിയന്‍ കടലിലേക്കുമുള്ള  ഒരു കപ്പല്‍പ്പാത തുറക്കു കയെന്നുള്ള ഗൂഢലക്ഷ്യമായിരുന്നു പുടിന്റെ മനസ്സിലുള്ളത്. യുക്രെയ്‌നിലെ രാജ്യസ്‌നേഹികളായ ജനങ്ങളുടെ സമരവീര്യത്തിനുമുമ്പില്‍ റഷ്യയ്ക്ക് ഇപ്പോഴും ലക്ഷ്യം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു വാസ്തവം. യു എസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ കണക്കുപ്രകാരം രണ്ടരലക്ഷം സൈനികരുള്‍പ്പെടെ 9,50,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രെയ്‌നിലാകട്ടെ, 60,000 ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ സൈനികര്‍ വധിക്കപ്പെട്ടുകഴിഞ്ഞുവെന്നും, മൊത്തം മരണസംഖ്യ നാലു ലക്ഷത്തിനടുത്തുവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
    ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, യുക്രെയ്‌ന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും റഷ്യയുടെ ഔദ്യോഗികവക്താവ് ദ്മിത്രി പെസ്‌കോവ് വെളിപ്പെടുത്തി.
യുക്രെയ്‌ന് ആയുധങ്ങള്‍ നല്കില്ലെന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം അവര്‍ക്കു വീണ്ടും ആയുധങ്ങള്‍ നല്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പെസ്‌കോവിന്റെ വാര്‍ത്താസമ്മേളനമെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഒളിച്ചുകടത്തിയ ഡ്രോണുകളുപയോഗിച്ച് റഷ്യയുടെ വിവിധ വ്യോമതാവളങ്ങള്‍ ആക്രമിച്ച് 40 ല്‍പരം ബോംബര്‍വിമാനങ്ങള്‍ യുക്രെയ്ന്‍ തകര്‍ത്തത് അടുത്ത നാളിലാണ്.
    യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയായി 30 ദിവസത്തെ വെടിനിര്‍ത്തലിനു പുടിന്‍ തയ്യാറാകണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. അമേരിക്കന്‍ മധ്യസ്ഥതയില്‍ തുര്‍ക്കിയിലെ ഈസ്താംബൂളില്‍ റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികള്‍ നേരിട്ടു ചര്‍ച്ച നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും, യുക്രെയ്ന്‍ പ്രതിനിധി  കീത്ത് കെല്ലോഗും ഈസ്താംബൂളിലെത്തി.
ഗാസയിലെ യുദ്ധം
    സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളിലൂടെ 1,200 നിരപരാധരെ കൊന്നൊടുക്കിയ ഹമാസ് പോരാളികളെ പൂര്‍ണമായി നശിപ്പിക്കാന്‍ ഇസ്രയേലിനു കഴിയാത്തത് വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ബന്ദികളാക്കപ്പെട്ട 251 പേരില്‍ 149 പേരേ മാത്രമേ ജീവനോടെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള 102 പേരില്‍ ജീവിച്ചിരിപ്പുണ്ടെന്നു കരുതപ്പെടുന്ന 52 പേര്‍ക്കുവേണ്ടിയാണ് ഇസ്രയേലിന്റെ പോരാട്ടം. ഹമാസിന്റെയും അവരെ പിന്തുണച്ചിരുന്ന ഹിസ്ബുള്ളയുടെയും നേതൃനിരയെ ഇല്ലായ്മ ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഗാസയിലെ ഒളിയിടങ്ങളിലും ടണലുകളില്‍നിന്നുമുള്ള മിസൈലാക്രമണങ്ങള്‍ക്കു വിരാമമായിട്ടില്ല. അടുത്തനാളില്‍ ഖാന്‍ യൂനിസിലുണ്ടായ ബോംബുസ്‌ഫോടനത്തില്‍ ഏഴും, വടക്കന്‍ഗാസയിലെ ബെയ്ത് ഹാനൂനിലുണ്ടായ കുഴിബോംബാക്രമണത്തില്‍ അഞ്ചും സൈനികരെ ഇസ്രയേലിനു നഷ്ടമായി. ഇവരെല്ലാം 20 വയസ്സിനും 28 വയസ്സിനുമിടയില്‍ പ്രായമുള്ള യുവാക്കളായിരുന്നുവെന്നതാണ് ഏറെ വേദനാജനകം. 14 പട്ടാളക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയിലാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇറാന്റെ ആണവനിലയങ്ങളും സൈനികതാവളങ്ങളും നശിപ്പിക്കാന്‍ തയ്യാറാക്കിയ 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന ആക്രമണപദ്ധതിക്കും, ഇറാന്റെ പ്രത്യാക്രമണങ്ങള്‍ക്കുംശേഷം പ്രഖ്യാപിക്കപ്പെട്ട വെടിനിറുത്തല്‍ എത്രകാലം നീണ്ടുനില്ക്കുമെന്നും നിശ്ചയമില്ല.
    ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെ ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഹൂതി തുടങ്ങിയ ഭീകരസംഘടനകളെ മുന്നില്‍നിറുത്തിയുള്ള  ഇറാന്റെ ഇടപെടലുകളും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു ചരക്കുകപ്പലുകളെയാണ് ഹൂതികള്‍ ചെങ്കടലില്‍ മുക്കിയത്. ഇസ്രയേലിലേക്കു  ചരക്കുമായിപ്പോയ 'മാജിക് സീസ്', 'ഇറ്റേര്‍നിറ്റി സീ' എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്ത് ഗ്രീക്കുകമ്പനി പ്രവര്‍ത്തിപ്പിക്കുന്ന കപ്പലുകളായിരുന്നു രണ്ടും. ചെറുബോട്ടുകളില്‍ കപ്പലുകള്‍ക്കു സമീപമെത്തിയ ഹൂതികള്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കപ്പലുകളിലുണ്ടായിരുന്ന 47 ജീവനക്കാരില്‍ 4 പേര്‍ കൊല്ലപ്പെടുകയും ഏതാനുംപേരെ ബന്ദികളാക്കുകയും ചെയ്തു. 32 പേരെ രക്ഷപ്പെടുത്താനായി. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ ഇത്തരം സാഹസങ്ങള്‍ക്കു മുതിരുന്നതെന്നു സ്ഥിരീകരണമുണ്ട്. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണിയാണ് ഏറ്റവുമൊടുവിലേത്തത്. ഇറാനെ കൂടാതെ ഇറാക്ക്, കുവൈറ്റ്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും അസംസ്‌കൃത എണ്ണയും പ്രകൃതിവാതകങ്ങളും ആഗോളവിപണിയിലെത്തിക്കാന്‍ ആശ്രയിക്കുന്ന കടലിടുക്കാണിത്. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും ഹോര്‍മൂസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
    ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിനുശേഷം ഏറ്റവും വലിയ വംശഹത്യ നടത്തുന്ന ഭരണാധികാരിയാകുമോ ബഞ്ചമിന്‍ നെതന്യാഹു എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഗാസയിലെ വംശീയഉന്മൂലനം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസംഘടനയുടെ അഭ്യര്‍ഥനയ്ക്കും നെതന്യാഹു ചെവി കൊടുത്തിട്ടില്ല. പാല്‍ കിട്ടാത്തതിനാല്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് പട്ടിണികിടന്നു മരിക്കുന്നതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തത്. അമ്മമാരും പട്ടിണിയിലായതിനാല്‍ മുലയൂട്ടാനും സാധിക്കുന്നില്ല. 'നിശ്ശബ്ദ കൂട്ടക്കൊല' എന്നാണ് ഈ സ്ഥിതിവിശേഷത്തിനു ഡോക്ടര്‍മാര്‍ പേരിട്ടത്. ഒരുനേരത്തെ ഭക്ഷണത്തിനായി ഭിക്ഷാപാത്രം നീട്ടുന്ന പട്ടിണിക്കോലങ്ങള്‍ക്കുനേരേയാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞുവരുന്നത്. താത്കാലികടെന്റുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. ഗാസയിലുണ്ടായിരുന്ന 23 ലക്ഷം ജനങ്ങളില്‍ പകുതിയോളമെങ്കിലും പലായനം ചെയ്തതായി വാര്‍ത്തയുണ്ട്. 58,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 1,34,200 പേര്‍ക്കു പരിക്കേറ്റു. സൈനികനടപടികള്‍ക്കിടയില്‍ 887 ഇസ്രയേലിസൈനികരുടെ ജീവനും നഷ്ടമായി.
   ഏറ്റവുമൊടുവില്‍, ഗാസയിലെ ഹോളി ഫാമിലി ദൈവാലയത്തിനുനേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണമുണ്ടായതായി വാര്‍ത്തയുണ്ട്. 60 വയസ്സുള്ള കെയര്‍ ടേക്കറും 84 വയസ്സു പ്രായമായ സ്ത്രീയുമുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. വികാരി റവ ഫാ ഗബ്രിയേല്‍ റോമാനെല്ലിയുള്‍പ്പെടെ പത്തു പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.  അന്തരിച്ച ഫ്രാന്‍സിസ് പാപ്പായുടെ ഉറ്റചങ്ങാതികൂടിയായ ഫാ റോമാനെല്ലിയുടെ പരിക്കു ഗുരുതരമല്ലെന്നാണു വാര്‍ത്ത. ക്രൈസ്തവരും മുസ്ലീംകളുമടക്കം നൂറുകണക്കിനുപേര്‍ ദൈവാലയപരിസരത്ത് അഭയം തേടിയിരുന്നു. ദൈവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ലെയോ പതിന്നാലാമന്‍ മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിനു പിന്നാലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസായ തെയോഫിലോസ് മൂന്നാമനും, ജറുസലെമിലെ കര്‍ദിനാളായ  പിയെര്‍ ബാറ്റിസ്റ്റയും ദൈവാലയം സന്ദര്‍ശിച്ചത് വേറിട്ട അനുഭവമായി. എന്നാല്‍, അവരോടൊപ്പം ഗാസയില്‍ എത്തിച്ച 500  ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലെ ജനങ്ങള്‍ക്കു നല്‍കാന്‍ ബുദ്ധിമുട്ടു നേരിട്ടതായി അവര്‍ അറിയിച്ചു.
    ഹമാസിന്റെ നേതൃനിരയുള്‍പ്പെടെ 20,000 ത്തോളം പോരാളികളെങ്കിലും വധിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും  ആയിരങ്ങള്‍ ഇനിയും ബാക്കിയാണ്. ഇവരെ കൂടാതെ, യുവാക്കളെയും യുവതികളെയും പുതുതായി റിക്രൂട്ട് ചെയ്യുകയും പരിശീലനം നല്കി യുദ്ധത്തിനയയ്ക്കുകയും ചെയ്യുന്നതായും വാര്‍ത്തയുണ്ട്. ജനവാസകേന്ദ്രങ്ങളുടെയിടയിലുള്ള ഒളിത്താവളങ്ങളും,  500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭതുരങ്കങ്ങളും തീവ്രവാദികള്‍ക്കു സുരക്ഷിതസങ്കേതങ്ങളാണ്. ഗാസയിലെ ജനങ്ങളുടെ പരിതാപകരമായ സ്ഥിതിയില്‍ മനംനൊന്ത് അറബ്‌രാജ്യങ്ങള്‍ സംയുക്തമായി ഇസ്രയേലിനെ ആക്രമിച്ചാലുള്ള ഭവിഷ്യത്തുകള്‍ അചിന്ത്യമാണ്.
യുക്രെയ്‌നിലെയും ഗാസയിലെയും യുദ്ധങ്ങളില്‍ ഇറാനും ഉത്തരകൊറിയയും നേരിട്ടിടപെടുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ഡ്രോണുകളിലധികവും  ഇറാന്‍ നല്കിയവയാണ്. ക്രെമിയ ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള ഷാഹിദ് 131, 136 ഹ്രസ്വദൂര മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിലെ  സൈനികരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ കുര്‍സ്‌ക് മേഖല തിരിച്ചുപിടിക്കാന്‍ ഉത്തരകൊറിയയില്‍നിന്നെത്തിച്ച 11,000 സൈനികരെയാണ് റഷ്യ ഉപയോഗിച്ചത്. ഈ വര്‍ഷം 30,000 സൈനികര്‍കൂടി ഉത്തരകൊറിയയില്‍നിന്നും എത്തിച്ചേരുമെന്നും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. കുര്‍സ്‌ക് പിടിച്ചെടുക്കുന്നതിനിടയില്‍ 4,000 സൈനികരെയെങ്കിലും ഉത്തരകൊറിയയ്ക്കു നഷ്ടമായതായി വാര്‍ത്തയുണ്ട്. സൈനികസഹായത്തിനുപുറമേ, എം 1989 കോക്‌സാന്‍ ഹോവിറ്റ്‌സര്‍ ഇനത്തില്‍പ്പെട്ട ദീര്‍ഘദൂരമിസൈലുകളും  അനുബന്ധവെടിക്കോപ്പുകളുമെല്ലാം ഉത്തരകൊറിയയില്‍നിന്ന് റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
   ഇക്കഴിഞ്ഞ ജൂണ്‍ 18-ാം തീയതി ബുധനാഴ്ച വത്തിക്കാന്‍ ചത്വരത്തിലെ പൊതുകൂടിക്കാഴ്ചയില്‍ ലെയോ പതിന്നാലാമന്‍ മാര്‍പാപ്പ വിവിധയിടങ്ങളിലെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ''യുക്രെയ്ന്‍, ഇസ്രയേല്‍, ഗാസ, സിറിയ തുടങ്ങിയ യുദ്ധങ്ങള്‍ നടക്കുന്ന ലോകത്തിലെ വിവിധയിടങ്ങളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന വിലാപം സഭയുടെ  ഹൃദയത്തെ മുറിവേല്പിക്കുന്നു. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കാനേ കഴിയുന്നില്ല. യുദ്ധം എപ്പോഴും പരാജയമാണെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ നമുക്കു ഹൃദിസ്ഥമാക്കാം.''  
    'സമാധാനദൗത്യവുമായി യുദ്ധമേഖലകളിലേക്ക് പോകാന്‍ സാധ്യതയുണ്ടോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാര്‍പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു: ''വ്യക്തിപരമായി പോകാന്‍ ആഗ്രഹമുള്ള പല സ്ഥലങ്ങളുമുണ്ട്. എന്നാല്‍, അവയൊന്നും പരിഹാരം കാണാനുള്ള സൂത്രവാക്യങ്ങളല്ല. എല്ലാവിഭാഗങ്ങളിലെയും ആളുകളുടെ അന്തസ്സിനെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാവരും ദൈവത്തിന്റെ മക്കളാണ്.'' യുദ്ധത്തിന്റെ മറവില്‍ നടക്കുന്ന ആയുധക്കച്ചവടത്തെ മാര്‍പാപ്പ അപലപിക്കുകയും  സമാധാനത്തിനായുള്ള തന്റെ പരിശ്രമങ്ങള്‍ തുടരുമെന്ന് അറിയിക്കുകയും ചെയ്തു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)