•  7 Aug 2025
  •  ദീപം 58
  •  നാളം 22
ലേഖനം

സയണിസം - യഹൂദര്‍ക്കൊരു സ്വന്തരാജ്യം

ഇസ്രയേല്‍ ഒരു ചരിത്രവിസ്മയം    -   2

   യഹൂദര്‍ ലോകമെമ്പാടും അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും, സ്വന്തം ജനതയുടെ വേദനകള്‍ ഏറ്റുവാങ്ങിയ ചില പ്രതിഭാശാലികള്‍ അവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. അവരില്‍ പ്രമുഖനാണു തിയഡോര്‍ ഹെര്‍ഷല്‍ (1860-1904).
ഓസ്‌ട്രോ ഹംഗേറിയന്‍ യൂദസമൂഹത്തില്‍ ജനിച്ചുവളര്‍ന്ന ഹെര്‍ഷല്‍ പത്രപ്രവര്‍ത്തകന്‍, നിയമജ്ഞന്‍, നാടകകൃത്ത്, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു. ആധുനിക രാഷ്ട്രീയസയണിസത്തിന്റെ പിതാവെന്നു വിളിച്ച് ഇസ്രയേല്‍ക്കാര്‍ ഹെര്‍ഷലിനെ ആദരപൂര്‍വം സ്മരിക്കുന്നു.
അദ്ദേഹം പാരീസില്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴാണ് പ്രസിദ്ധമായ ഡ്രൈഫസ് സംഭവം നടക്കുന്നത്. ഫ്രഞ്ച് ആര്‍മിയിലെ ഉന്നതനായ ഉദ്യോഗസ്ഥനായിരുന്നു യഹൂദനായ ആല്‍ഫ്രഡ് ഡ്രൈഫസ്. ഒരിക്കല്‍ ഫ്രഞ്ച് പീരങ്കികളുടെ  നിര്‍മ്മാണരഹസ്യം ജര്‍മ്മനിക്കു ചോര്‍ത്തിക്കൊടുത്തു എന്നൊരാരോപണം അദ്ദേഹത്തിനെതിരെയുണ്ടായി. അറസ്റ്റിലായ അദ്ദേഹത്തെ വിചാരണ ചെയ്ത കോടതി ജീവപര്യന്തം ശിക്ഷയാണു വിധിച്ചത്. ഫ്രഞ്ചുഗയാനയിലെ ചെകുത്താന്റെ ദ്വീപ് എന്നറിയപ്പെടുന്ന ഒരു വിജനസ്ഥലത്ത് ഡ്രൈഫസ് ഏകാന്തതടവിന് അയയ്ക്കപ്പെട്ടു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ ഡ്രൈഫസിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം നിരപരാധിയാണെന്നും തെളിഞ്ഞു. 1900 ത്തില്‍ അദ്ദേഹം തടവില്‍നിന്നു മോചിതനായി. അപ്പോഴേക്കും അഞ്ചുവര്‍ഷം ശിക്ഷ അദ്ദേഹം അനുഭവിച്ചുകഴിഞ്ഞിരുന്നു.
ഈ സംഭവം തിയഡോര്‍ ഹെര്‍ഷലിനെ വല്ലാതെ വേദനിപ്പിച്ചു. ഉന്നതസൈനികോദ്യോഗസ്ഥനായിരുന്നിട്ടും ഡ്രൈഫസിന് ഇങ്ങനെയൊരു ദുര്‍വിധിയുണ്ടായത് അദ്ദേഹം യഹൂദനായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണെന്നു ഹെര്‍ഷല്‍ മനസ്സിലാക്കി. തന്റ ജനതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നദ്ദേഹം തീരുമാനമെടുത്തു.
1896 ല്‍  ഹെര്‍ഷല്‍ പ്രസിദ്ധീകരിച്ച 'ജൂതരാഷ്ട്രം' എന്ന ഗ്രന്ഥമാണ് ലോകമെമ്പാടുമുള്ള യഹൂദരെ ഒരു സ്വന്തരാജ്യം എന്ന ചിന്തയിലേക്കു നയിച്ചത്. ഇതില്‍നിന്നു രൂപം കൊണ്ട യഹൂദമുന്നേറ്റപ്രസ്ഥാനമാണ് 'സയണിസം' എന്നറിയപ്പെടുന്നത്. യഹൂദരുടെ പിതൃഭൂമിയായ പലസ്തീനയില്‍ യഹൂദര്‍ക്കായി ഒരു പരമാധികാരരാഷ്ട്രം രൂപവത്കരിക്കണമെന്നതായിരുന്നു ഹെര്‍ഷലിന്റെ ആശയം. അതിനുവേണ്ടി പലസ്തീനായിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ അദ്ദേഹം വിവിധരാജ്യങ്ങളിലുള്ള യഹൂദരോടാവശ്യപ്പെട്ടു. ഇതിനുവേണ്ടി 1897 ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബാസലില്‍വച്ചു ഹെര്‍ഷല്‍ ലോകസയണിസ്റ്റുപ്രസ്ഥാനത്തിനു രൂപം നല്‍കി. 
ഈ പുതിയ പ്രസ്ഥാനം ലോകരാജ്യങ്ങളിലെ യഹൂദരെ മുഴുവന്‍ ആകര്‍ഷിച്ചു. സ്വന്തമായ ഒരു രാഷ്ട്രം എന്ന ചിരകാലസ്വപ്നം എന്നെങ്കിലുമൊരിക്കല്‍ യാഥാര്‍ഥ്യമായേക്കാം എന്നവര്‍ ആവേശം കൊണ്ടു. 'നമ്മുടെ മണ്ണില്‍ നമ്മള്‍ സ്വതന്ത്രരായി ജീവിക്കും. നമ്മുടെ വീടുകളില്‍ നമ്മള്‍ സമാധാനത്തോടെ മരിക്കും' എന്ന 'ജൂതരാഷ്ട്ര'ത്തിലെ സമാപനവചസ്സുകള്‍ അവരില്‍ പ്രതീക്ഷയുടെ നക്ഷത്രത്തിളക്കമുണ്ടാക്കി.
എങ്കിലും ശ്രദ്ധിക്കേണ്ട ഒരു കാര്യം, സയണിസം ഒരിക്കലും ഒരു തീവ്രവാദപ്രസ്ഥാനമായി മാറിയില്ല എന്നതാണ്. സാമ്പത്തികശേഷിയില്ലാഞ്ഞിട്ടോ ആയുധങ്ങള്‍ സംഭരിക്കാനുള്ള മാര്‍ഗമില്ലാഞ്ഞിട്ടോ അല്ല. നിരപരാധികളുടെ രക്തം ചിന്താനോ ജീവനെടുക്കാനോ അവര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. മുഴുവന്‍ വിഭവശേഷിയും യഹൂദജനതയുടെ ശ്രേയസ്സിനുവേണ്ടി വിനിയോഗിക്കുകയാണവര്‍ ചെയ്തത്. പലസ്തീനിലേക്കു മടങ്ങിയെത്തിയ യഹൂദര്‍ അവിടെ പുതിയ കോളനികള്‍ക്കു രൂപം നല്‍കി. 
സയണിസ്റ്റുപ്രസ്ഥാനത്തോടു പാശ്ചാത്യരാജ്യങ്ങള്‍ പൊതുവെ അനുകൂലസമീപനമാണു സ്വീകരിച്ചത്. സയണിസ്റ്റുനേതാക്കളില്‍ ഒരാളായ ഡോ. ചെയിംവെയ്‌സ്മാന്‍ ഒരു ജൈവരസതന്ത്രജ്ഞന്‍ (ബയോകെമിസ്റ്റ്) കൂടിയായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ഇദ്ദേഹം ബ്രിട്ടണു വലിയ സഹായം നല്കി. ഇതുവഴി ബ്രിട്ടന്റെ യഹൂദാനുകൂലമനോഭാവത്തെ ശക്തിപ്പെടുത്താന്‍ വെയ്‌സ്മാനു കഴിഞ്ഞു. ഇസ്രയേലിന്റെ ആദ്യത്തെ പ്രസിഡണ്ട് (1949-52) വെയ്‌സ്മാനായിരുന്നു. 
ഒന്നാംലോകമഹായുദ്ധകാലത്ത്, 1917 ല്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍, ബ്രിട്ടീഷ് ജൂതസമൂഹത്തിന്റെ നേതാവ് റോത് ചൈല്‍ഡ് പ്രഭുവിനയച്ച കത്തില്‍, യഹൂദര്‍ക്ക് ഒരു സ്വാതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടന്റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നു വാഗ്ദാനം നല്‍കി. 1917 നവംബര്‍ മൂന്നിന് ഈ കത്തു പ്രസിദ്ധീകരിച്ചു. ഇതു ബാല്‍ഫര്‍ പ്രഖ്യാപനം എന്നറിയപ്പെടുന്നു. ഇസ്രയേല്‍സ്ഥാപനത്തിന്റെ ഒന്നാംഘട്ടമായി ഈ സംഭവം കണക്കാക്കപ്പെടുന്നു.
ഈ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ഒരു പശ്ചാത്തലംകൂടിയുണ്ട്. 1914 ല്‍ ബ്രിട്ടന്‍ ഓട്ടോമന്‍സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു, അപ്പോള്‍ മുതല്‍ പലസ്തീന്റെ ഭാവിയെപ്പറ്റി പല തലങ്ങളില്‍ ചര്‍ച്ചയുണ്ടായി. 1915 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അസ്‌ക്വിത്ത് ഇക്കാര്യത്തെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മിറ്റിക്കു രൂപം നല്‍കി. ഓട്ടോമന്‍സാമ്രാജ്യത്തോടും പരസ്തീനോടും സ്വീകരിക്കേണ്ട നയം രൂപപ്പെടുത്തുകയായിരുന്നു കമ്മിറ്റിയുടെ ചുമതല. പലസ്തീന്‍ ബ്രിട്ടനു നിരുപാധികപിന്തുണ പ്രഖ്യാപിച്ചു. അതോടെ പലസ്തീനില്‍ ഒരു യഹൂദരാഷ്ട്രം രൂപീകരിക്കാന്‍ ബ്രിട്ടന്‍ മുന്‍കൈ എടുക്കും എന്നൊരു വാഗ്ദാനവും പലസ്തീനിലെ യഹൂദസമൂഹത്തിനു ലഭിച്ചു. ഇതിനെത്തുടര്‍ന്നാണു ബാല്‍ഫര്‍ പ്രഖ്യാപനമുണ്ടായത്.
ഹിറ്റ്‌ലറിന്റെ യഹൂദപീഡനകാലത്തു നിരവധി യഹൂദര്‍ പലസ്തീനിലേക്കു രക്ഷപ്പെട്ടു പോന്നിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്നു മോചിതരായ പതിനായിരക്കണക്കിനു യഹൂദര്‍ അവരുടെ വീടുകള്‍ തേടിയെത്തിയപ്പോള്‍ വീടുകളും സ്ഥലവുമൊക്കെ ജര്‍മന്‍കാര്‍ കൈയേറിയിരിക്കുന്നതായി കണ്ടു. അവരും മറ്റു പോംവഴിയില്ലാതെ പലസ്തീനിലേക്കു തന്നെ കുടിയേറി.
യഹൂദരുടെ പലസ്തീനിലേക്കുള്ള കടന്നുവരവിനെ കുടിയേറ്റം എന്നു വിളിക്കുന്നതിനെക്കാള്‍ അര്‍ഥവത്തായതു മടങ്ങിവരവ് എന്നു വിശേഷിപ്പിക്കുന്നതാണ്. നിരന്തരായ വിദേശാക്രമണങ്ങള്‍ക്കിരയായ പരസ്തീനായില്‍നിന്ന് പലഘട്ടങ്ങളിലായി യഹൂദര്‍ അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. അടിമകളായി പിടിച്ചുകൊണ്ടുപോകപ്പെട്ടവരും ഒരു നല്ല സംഖ്യവരും. എ.ഡി. 70 ല്‍ റോമന്‍ചക്രവര്‍ത്തി ജറുസലേം തകര്‍ത്തതോടെ അവര്‍ക്കു സ്വന്തം ജന്മഭൂമി തന്നെ നഷ്ടപ്പെട്ടു.
ഈജിപ്തില്‍നിന്നു മോശയുടെ നേതൃത്വത്തില്‍ വിമോചിതരായ ഇസ്രയേല്‍ജനത, തേനുംപാലുമൊഴുകുന്ന കാനാന്‍ ദേശത്തുവന്ന് അവിടെയുണ്ടായിരുന്ന ഗോത്രജനവിഭാഗങ്ങളെ തുടച്ചുനീക്കി സ്വന്തമാക്കിയ ഭൂഭാഗമാണല്ലോ പലസ്തീനാ. ഇത് ഏതാണ്ടു ബി.സി. 1260 നടുത്താണെന്നു ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. മോശെയുടെ മരണശേഷം ജോഷ്വായുടെ നേതൃത്വത്തില്‍ അവര്‍ ഒരു രാഷ്ട്രമായിത്തീര്‍ന്നു. രാജാക്കന്മാരും ന്യായാധിപന്മാരും പ്രവാചകന്മാരും ആ രാഷ്ട്രത്തെ കെട്ടുറപ്പോടെ നിലകൊള്ളാന്‍ പ്രാപ്തരാക്കി. ദാവീദിന്റെയും സോളമന്റെയും ഭരണകാലം ഇസ്രയേലിന്റെ സുവര്‍ണദശയായി കരുതപ്പെടുന്നു. പിന്നെപ്പിന്നെ ബാഹ്യശക്തികളുടെയും ഒപ്പം ആഭ്യന്തരശക്തികളുടെയും ആക്രമണങ്ങളും അന്തശ്ഛിദ്രങ്ങളും ഇസ്രായേലിനെ ദുര്‍ബലപ്പെടുത്തി. ഒടുവില്‍ എ.ഡി. എഴുപതോടെ ആ രാഷ്ട്രംതന്നെ ഇല്ലാതായി.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)