•  7 Aug 2025
  •  ദീപം 58
  •  നാളം 22
ലേഖനം

ചെസില്‍ ഉദിച്ചുയര്‍ന്ന ദിവ്യതേജസ്സ്

    ചെസിന്റെ ലോകഭൂപടത്തില്‍ ഇന്ത്യയുടെ പേര് ഒരിക്കല്‍ക്കൂടി എഴുതിച്ചേര്‍ക്കാന്‍ ഒരു പുത്തന്‍ താരോദയം - ദിവ്യദേശ്മുഖ്. ജൂലൈ 29-ാം തീയതി ഇന്ത്യയില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ അതിനൊപ്പം ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടതും തിരഞ്ഞതും ദിവ്യദേശ്മുഖ് എന്ന 19 കാരിയുടെ പേരായിരുന്നു. ലോകത്തിലെ ചെസ്താരകങ്ങള്‍ക്കിടയിലേക്കു പുതിയൊരു നക്ഷത്രംകൂടി തന്റെ പേര്‍ എഴുതിച്ചേര്‍ത്തു. ആ ദിവ്യപ്രഭകണ്ട്     ഇന്ത്യയിലെ ആരാധകര്‍ കോരിത്തരിച്ചു. അതിനുകാരണം ദിവ്യ ദേശ്മുഖ് എന്ന 19 കാരിയായിരുന്നു.
    വനിതാചെസ് ലോകകപ്പിന്റെ ഫൈനലില്‍ ആരു മുത്തമിട്ടാലും അത് ഇന്ത്യക്കാര്‍ക്ക് ഇരട്ടിമധുരമായിരുന്നു. കാരണം, ലോകചാമ്പ്യന്മാരുള്‍പ്പെടെയുള്ളവരെ അട്ടിമറിച്ച് ജോര്‍ജിയായിലെ ബാതാമിയില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് രണ്ട് ഇന്ത്യക്കാരാണ് എന്നുള്ളതായിരുന്നു. ആരു ജയിച്ചാലും അത് ഇന്ത്യന്‍ചരിത്രമാകും എന്ന് 124 കോടിയിലധികംവരുന്ന ഇന്ത്യന്‍ജനതയ്ക്കറിയാമായിരുന്നു. ചെസിന്റെ നിയമവഴികള്‍ ഏറെ താണ്ടിയ കൊനേരു ഹംപിയ്ക്ക് ഒന്നും തെളിയിക്കാനില്ലായിരുന്നു. എന്നാല്‍, തന്റെ വരവ് ലോകത്തിനു മുമ്പില്‍ തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ച ദിവ്യ ദേശ്മുഖുമായി വനിത ചെസ് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ചരിത്രം ദിവ്യയ്ക്കുമുമ്പില്‍ വഴിമാറുന്ന കാഴ്ചയാണ് നാം കണ്ടത്. 19-ാം വയസ്സില്‍ വനിത ലോകകപ്പ് ചെസില്‍ തന്റെ വിജയക്കൊടി പാറിച്ചപ്പോള്‍ നേട്ടങ്ങള്‍ ഒരു  മഴവെള്ളപ്പാച്ചില്‍പോലെ ഒഴുകിയെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യഇന്ത്യന്‍ വനിത, ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററുമായി. വനിതകളില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിത.
   2005 ല്‍ നാഗ്പൂരില്‍ ജനിച്ച ദിവ്യ വളരെ ചെറുപ്പത്തിലേതന്നെ ചെസ് പരിശീലനമാരംഭിച്ചു. 64 കോളങ്ങളില്‍ 32 കരുക്കളുമായി ദിവ്യയും ഹംപിയും തങ്ങളുടെ പടയോട്ടം തുടങ്ങുമ്പോള്‍ വിജയത്തോടൊപ്പം, തങ്ങളുടെ രാജ്യവും പേരും ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.  ഓരോ ഭാരതീയരും അതിലുപരി ഇന്ത്യയിലെ ഓരോ വനിതകള്‍ക്കും ഇതൊരു പ്രചോദനമാകണമെന്നും അവരാഗ്രഹിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ കായികമാമാങ്കങ്ങള്‍ക്കു പേരുകേട്ട ഇന്ത്യയില്‍ ചെസ് എന്നത് ഒരു വിദൂരസ്വപ്നമായിരുന്നു. ചെസ്ചാമ്പ്യന്മാരുടെ പേരുകളെടുത്താല്‍ വിശ്വനാഥന്‍ ആനന്ദ് എന്ന നാമമല്ലാതെ മറ്റൊരു പ്രതിഭയെ, മറ്റൊരു ചാമ്പ്യനെ ഇന്ത്യക്കാര്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും ഇന്ന് ഒന്നിലധികം പ്രതിഭാധനരായ ചെസ് ചാമ്പ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയ്ക്കായി. വിശ്വനാഥന്‍ ആനന്ദ് എന്ന ലോകചാമ്പ്യനുശേഷം ഇന്ത്യയില്‍നിന്നു  വേറൊരു ലോകചാമ്പ്യന്‍ പിറവിയെടുക്കാന്‍ കാലം ഏറെയെടുത്തു. 19-ാം വയസ്സില്‍ ദൊമ്മരാജ ഗുകേഷ്, ആനന്ദിനു പിന്‍ഗാമിയായി  പിറവിയെടുത്തു.
    ഇന്നു ലോകം ദിവ്യ ദേശ്മുഖിലേക്കെത്തിനില്ക്കുമ്പോള്‍ എതിരാളിയായി ഉണ്ടായിരുന്നത് മറ്റൊരു ഇന്ത്യന്‍ വനിതയായിരുന്നു എന്നതിനപ്പുറം അമ്മയായ ശേഷം ചെസ്  ലോകത്തേക്കു തിരിച്ചുവന്ന കൊനേരു ഹംപിയ്ക്ക് ഇനിയൊരു ബാല്യം ഇല്ലെന്ന് പലരും ഏഴുതിത്തള്ളിയതാണ്. എന്നാല്‍, പൊരുതാന്‍ ഉറച്ചമനസ്സുമായെത്തിയ കൊനേരു ഹംപിക്ക് ലോകത്തോടു വിളിച്ചുപറയാന്‍ സാധിക്കും, ഫൈനലില്‍ തോല്‍വി നേരിട്ടെങ്കിലും പരിശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന്. അതുപോലെതന്നെ തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള കൊനേരു ഹംപിയെ നേരിടുമ്പോള്‍ വയസ്സ് എന്നത് ഒരു തടസ്സമല്ല എന്നു ദിവ്യ കാണിച്ചുതന്നു.
    പ്രാഥമികഘട്ടങ്ങളില്‍ ഏറെ വെല്ലുവിളികളെ അട്ടിമറിച്ചാണ് ദിവ്യ ഫൈനലിലെത്തിയത്. ഈ നേട്ടത്തോടെ ചെസിലെ തന്റെ ജൈത്രയാത്രയില്‍ ഏറ്റവും വലിയ കൊടുമുടികള്‍ കീഴടക്കാനുള്ള ധൈര്യവും പ്രചോദനവുമാണ് നല്കുന്നത്. ദിവ്യയ്ക്കു മാത്രമല്ല, ഇന്ത്യയിലെ ഓരോ വനിതകള്‍ക്കും ഇത് അഭിമാനനിമിഷമാണ്. തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കാതെ വിജയത്തിന്റെ കൊടുമുടി കയറാന്‍ മാതൃക കാണിക്കുകയാണ്, ദിവ്യയും ഹംപിയും.
   സമയത്തെപ്പോലും വെല്ലുവിളിച്ച് അതീവശ്രദ്ധയോടെ ഓരോ നീക്കങ്ങളും നടത്തുന്ന ചെസ് എന്ന മാന്ത്രികയിനത്തില്‍ ഓരോ നീക്കത്തിനും വലിയ വിലയുണ്ട്. സിംഹത്തെപ്പോലെ ചിലപ്പോള്‍ പെട്ടെന്നുള്ള നീക്കത്തിലൂടെയും ചില സമയങ്ങളില്‍ എതിരാളിയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി പഠിച്ച് തന്ത്രങ്ങള്‍ മെനഞ്ഞും ഇരയെ വേട്ടയാടുന്നതുപോലെയായിരുന്നു ദിവ്യയുടെ നീക്കങ്ങള്‍. മത്സരത്തിന്റെ ഒന്നും രണ്ടും ദിവസങ്ങളില്‍ കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ അതു വളരെ സൂക്ഷ്മമായ നീക്കമായിരുന്നു. എന്നാല്‍, ചാമ്പ്യനെ തിരഞ്ഞെടുക്കാനുള്ള രണ്ടാം ടൈ ബ്രേക്കറില്‍ കണ്ടത് എതിരാളിയുടെ പിഴവു കണ്ടെത്തി അവരെ സമ്മര്‍ദത്തിലാക്കി തന്റെ കരുക്കള്‍ നീക്കി വിജയം നേടുന്ന ദിവ്യയെയാണ്. കാരണം, സമനില എന്നതിനെക്കാള്‍ വിജയിക്കുക എന്നതായിരുന്നു ദിവ്യയുടെ ലക്ഷ്യം. സമ്മര്‍ദ്ദനിമിഷങ്ങളിലാണ് ദിവ്യ തന്റെ വിജയത്തിലേക്കു കരുക്കള്‍ നീക്കുന്നത്.
   വനിതചെസ്‌ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ഇനി ദിവ്യയ്ക്കു മുന്നിലുള്ളത് വലിയ കൊടുമുടികളാണ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പും അതിലുപരി  പൊതുവിഭാഗത്തില്‍ ഒരു വനിതാ ചാമ്പ്യനാകുക എന്നതും - അതും ഒരു ഇന്ത്യക്കാരി. ഇത് ഓരോ ഭാരതീയന്റെയും സ്വപ്നമായിരിക്കും. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുമ്പില്‍ത്തന്നെ എടുത്തുപറയാന്‍ കഴിയുന്ന ഒരുപാട് പുതിയ താരങ്ങള്‍ ചെസില്‍ ഇന്ത്യയ്ക്കായി മത്സരരംഗത്തുണ്ട്. ലോകചാമ്പ്യനായ മാഗ്നസ് കാള്‍സണെപ്പോലും  അട്ടിമറിച്ചവര്‍ നാളെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്നു. ഡി. ഗുകേഷ്, ആര്‍. പ്രഗ്നാനന്ദ, അര്‍ജുന്‍ എരിഗെയ്‌സി, പി. ഹരികൃഷ്ണ, ഡി. ഹരിക, വൈശാലി രമേഷ് ബാബു എന്നിവര്‍ ഇതില്‍ ചിലര്‍. എന്നാല്‍, പരിമിതമായ ഈ പേരുകളില്‍ ഒതുങ്ങുന്നില്ല, ലോകചെസിനെ കീഴടക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ചാമ്പ്യന്മാരുടെ എണ്ണം.
സ്വയം പഠിച്ചുതുടങ്ങിയ പോരാളി, 19-ാം വയസ്സില്‍ തന്റെ ഏറ്റവും വലിയ വിജയം തങ്കലിപികളില്‍ ലോകത്തിനുമുമ്പില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ വളരെ ചെറുപ്പത്തില്‍ ആരംഭിച്ച കഠിനയാത്രയും ഒന്നിനോടും വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും വിജയം മാത്രം സ്വപ്നം കാണുന്ന  ഏതൊരാള്‍ക്കും മാതൃകയാണ്. പ്രായമെന്നത് ഒരു കണക്കു മാത്രമാണ് എന്നു തെളിയിച്ച ദിവ്യയും കൊനേരു ഹംപിയും ഇന്ന് ഇന്ത്യയുടെ വജ്രനക്ഷത്രങ്ങളാണ്. അതുപോലെ ഇതിലും വലിയ നേട്ടങ്ങളും വിജയങ്ങളും കീഴടക്കാന്‍ കഴിവുള്ള ഇവര്‍   ഇന്ത്യയിലെ ഓരോ വനിതകള്‍ക്കും മാതൃകയാണ്. പൊരുതാനുറച്ചാല്‍ ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനും ലക്ഷ്യത്തിലെത്തിച്ചേരാനും കഴിയുമെന്നു കാണിച്ചുതന്നവര്‍.
   ഇനി ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ കാണാമെന്ന തീരുമാനത്തോടെ യാത്ര തുടരുമ്പോള്‍ ഇന്ത്യന്‍ ചെസ് ആരാധകര്‍ക്ക്  ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു ദിനവും പേരും സ്വന്തമായിരിക്കുന്നു. - 2025 ജൂലൈ 28. ദിവ്യ ദേശ്മുഖ്: ലോകകപ്പില്‍ ഇന്ത്യയുടെ പുതിയ താരോദയം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)