ഭാരതത്തെ ദര്‍ശനികതയുടെ ഗരിമകൊണ്ട് ലോകത്തോളം ഉയര്‍ത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണന് പറഞ്ഞു: ''ഓരോ അധ്യാപകനും ഓരോ നിര്മാണശിലയാകണം.'' സെപ്റ്റംബര്‍ 5 അധ്യാപകദിനമായി ആചരിക്കുമ്പോള്‍ അതിനു കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാര്‍ഥിയിലും രൂപപ്പെടേണ്ട ഉത്തമഗുണങ്ങളുടെയും സല്‍സ്വഭാവങ്ങളുടെയും  നിര്മാണശിലയായി അധ്യാപകന് മാറണം.
   മറ്റൊരര്‍ഥത്തില്‍ ''അധ്യാപകന് തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്പിയാണ്.'' ശിലയില്‍നിന്നു ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ഥിയെയും ഉത്തമശില്പങ്ങളായി വാര്‍ത്തെടുക്കാന്‍ അധ്യാപകനു കഴിയണം.. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്കു താത്പര്യമുള്ള പദ്ധതികളില്‍ സ്വയം മുഴുകി മസ്തിഷ്കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗശേഷി ഉണരുക. സര്‍ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന് ത്വരിതപ്പെടുത്തണം. അതിന് അധ്യാപകന് കുട്ടികളെ സ്നേഹിക്കണം, മാര്‍ഗദര്‍ശനം നല്‍കണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദപൂര്‍ണമായ ആശയവിനിമയം നടത്തണം, ബോധ്യാവബോധങ്ങള്‍ ഊട്ടിയുറപ്പിക്കണം, വിദ്യാര്‍ഥികളുടെ സഹസഞ്ചാരിയാകണം, സുഹൃത്താകണം, പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. ഓരോ വിദ്യാര്‍ഥിയും ഓരോ നിധിയാണ്. അതു കണ്ടെത്തി സമൂഹത്തിനു സംലഭ്യമാക്കാന്‍ അധ്യാപകര്‍ക്കു കഴിയണം.
   ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ്സ്മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കര്‍മശോഷണവും ധര്‍മശോഷണവും സംഭവിച്ചുകൂടാ. ഏറ്റവും മൂല്യമുള്ള സല്പ്രവൃത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്.
അധ്യാപകദിനം ഒരു ഓര്‍മപ്പെടുത്തലാണ്. അധ്യാപകന് അനുഷ്ഠിക്കേണ്ട ധര്‍മങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തല്‍. ഈ മഹത്തായ സാമൂഹികഉത്തരവാദിത്വവും കര്‍ത്തവ്യവും പുനരര്‍പ്പണം ചെയ്യാന്‍ ഓരോ അധ്യാപകര്‍ക്കും കഴിയേണ്ടതുണ്ട്.
   'കാടുകള്‍ നശിപ്പിക്കുകയല്ല, മരുഭൂമിയില്‍ ജലസേചനം നടത്തുകയാണ്' ആധുനിക അധ്യാപനത്തിന്റെ ദൗത്യം. പലതരം മാനസികഘടനയുള്ളവരാണ് വിദ്യാര്‍ഥികള്‍. നിരവധി പ്രശ്നങ്ങളെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് 5.5 ലക്ഷം കുട്ടികള്‍ അരക്ഷിതമായ സാഹചര്യത്തില്‍ വളരുന്നു എന്ന് വനിതാ-ശിശുവികസന വകുപ്പ്, വീടുകളില്‍ നടത്തിയ വള്‍നറബിലിറ്റി മാപ്പിങ്ങിലൂടെ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങള്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന കുടുംബങ്ങള്‍, സ്ഥിരമായ കലഹങ്ങള്‍, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാനടപടികള്‍, മാതാപിതാക്കളുടെ പൊരുത്തക്കേടുകള്‍, ടോക്സിക് പേരന്റിങ്, ധാര്‍മികാധഃപതനം, മാതാപിതാക്കളുടെ രണ്ടാംവിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്നുപയോഗം, സാമ്പത്തികപ്രശ്നങ്ങള്‍, പഠനവൈകല്യങ്ങള്‍, മാനസികപ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ കുട്ടികളെ അരക്ഷിതരും പ്രശ്നക്കാരുമായി മാറ്റിയിട്ടുണ്ട്. സ്നേഹം കൊണ്ടും സഹാനുഭൂതികൊണ്ടുംമാത്രം ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക എളുപ്പമല്ല. പല പ്രശ്നങ്ങള്‍ക്കും കൗണ്‍സലിങും സൈക്കോതെറാപ്പികളും സൈക്യാട്രിക് ചികിത്സകളും വേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ അധ്യാപകരും കൗണ്‍സിലര്‍മാരായി മാറേണ്ടതുണ്ട്. കൗണ്‍സിലിങ്ങിന്റെ ബാലപാഠങ്ങളെങ്കിലും അധ്യാപകര്‍ സ്വായത്തമാക്കിയെങ്കിലേ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നു കണ്ടെത്താനാവൂ.
   കുട്ടികളുടെ സമ്മര്‍ദങ്ങള്‍ കുറച്ച് , അരുതുകളും ആജ്ഞകളും ഒഴിവാക്കി, കാര്‍ക്കശ്യങ്ങളുടെ ചൂരല്ഭാഷയില്ലാതെ കുഞ്ഞുങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ അധ്യാപകര്‍ക്കു കഴിയണം. ആത്മാഭിമാനത്തിന് ക്ഷതമേല്പിക്കാത്തവിധം താക്കീതുകളോ തിരുത്തലുകളോ നല്കാന് കഴിയണം. കുട്ടികളുടെ മാനസികവ്യാപാരങ്ങളെ അടുത്തറിയാന്‍ മാതാപിതാക്കള്‍ക്കും സഹരക്ഷിതാക്കളായ അധ്യാപകര്‍ക്കും സാധിക്കണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും.
ഇവ കുഞ്ഞുങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളാകണം. കരുതലും കരുണയും കാവലും സ്നേഹവും നല്കി കുട്ടികളെ പ്രചോദിപ്പിക്കണം. തിരുത്താനും ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്നേഹശാസനകളുമാണ് നല്‍കേണ്ടത്. നോവുകള്‍ സമ്മാനിക്കാതെ കുട്ടികള്‍ തിരുത്തപ്പെടണമെന്ന ഉദ്ദേശ്യത്തോടെയുള്ള സമീപനങ്ങളാണ് അഭികാമ്യം.
സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ പുലരേണ്ടത്. 1990 കളില്‍ ഉയര്‍ന്നുവന്ന പോസിറ്റീവ് സൈക്കോളജി പഠനത്തിലും ജീവിതത്തിലും പരമപ്രധാനം സന്തുഷ്ടിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. സര്‍ഗാത്മകത, പരിശ്രമശീലം, സഹാനുഭൂതി, ജിജ്ഞാസ, പ്രേരണ, സംഘപ്രവര്‍ത്തനം തുടങ്ങിയവ സന്തുഷ്ടി വര്‍ദ്ധിപ്പിക്കും. മനഃശാസ്ത്രജ്ഞനായ ജൊഹാന്‍ പെസ്റ്റലോസി സന്തോഷവും പഠനവും തമ്മില്‍ പരസ്പരബന്ധം ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന അര്‍ഥപൂര്‍ണമായ സന്തുഷ്ടിയാണ് മനുഷ്യന്റെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തലങ്ങളിലേക്കു പരിശീലനപരിപാടികള്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കണം. അധ്യാപകരും വിദ്യാര്‍ഥികളും സഹപാഠികളും തമ്മില്‍ തമ്മില്‍ നല്ല ബന്ധവും അര്‍ഥപൂര്‍ണമായ പാഠ്യപദ്ധതിയും ഉണര്‍വേകുന്ന മനോ-ഭൗതിക സാഹചര്യങ്ങളും സംജാതമായാല്‍ മാനസികസംഘര്‍ഷം ഗണ്യമായി കുറയും. സന്തുഷ്ടിയുടെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മാനങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടുത്താല്‍ മാത്രമേ വിദ്യാഭ്യാസലക്ഷ്യം കൈവരിക്കാന്‍ കഴിയു.
   വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്നും ഡോ. എസ് രാധാകൃഷ്ണന് പറഞ്ഞുവയ്ക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നത് ദൈവികമാണ്. മനുഷ്യത്വത്തില്‍നിന്ന് ഒരുവനെ ദൈവികതയിലേക്ക് ഉയര്‍ത്തുന്നവനാണ് ആചാര്യന്. അധ്യാപകന്റെ വിളി സവിശേഷമായ ഒന്നാണ്. ആ വിളിയെ ദൈവവിളിയായിത്തന്നെ കാണണം. സമൂഹത്തിനുള്ള ഈശ്വരന്റെ വരദാനമാണ് അധ്യാപകന്.
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്നേഹത്തിന്റെ മന്ദ്രസ്വരം അധ്യാപകരില്‍നിന്നു വിദ്യാര്‍ഥിക്കു ലഭിക്കണം. വിദ്യാര്‍ഥികള്‍ക്കു കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകാനും അധ്യാപകനു കഴിയുമ്പോഴേ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണത കൈവരിക്കുകയുള്ളൂ. അധ്യാപനം സ്നേഹത്തിന്റെയും പ്രേരണയുടെയും കലയാണ്. നനഞ്ഞ സിമന്റിനു സമാനമാണ് കുട്ടികളുടെ മനസ്സ്. അവിടെ പതിയുന്ന മുദ്രകള്‍ കാലങ്ങളോളം നിലനില്ക്കും. അതിനാല്‍ ഏറ്റവും കരുതലോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് അധ്യാപനം. അധ്യാപകന് സര്‍വഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയസങ്കല്പം. തൈത്തരീയോപനിഷത്തില്‍ 'അധ്യാപകന് ദൈവത്തിന്റെ പ്രതീകമാണ്.' കഠോപനിഷത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശവാഹകനാണ്. നിത്യനന്മകളുടെ ഉറവിടമാകണം അധ്യാപകന്. കുട്ടികളുടെ മുന്നില്‍ അബദ്ധത്തില്‍പോലും ദുര്‍മാതൃകയായി അധ്യാപകന് പ്രത്യക്ഷപ്പെടരുത്. കുട്ടികള്‍ അവരുടെ കാതുകളെക്കാള്‍ കണ്ണുകളെയാണു വിശ്വസിക്കുക. അധ്യാപകരെ വിദ്യാര്‍ഥികള്‍ ഉത്തമമാതൃകയായാണ് വീക്ഷിക്കുന്നത്. അതിനാല്‍ അധ്യാപകന്റെ നോട്ടം, വാക്ക്, പ്രവൃത്തി എന്നിവ സൂക്ഷ്മവും നിതാന്തജാഗ്രതയോടുകൂടിയതുമാകണം. അധ്യാപകന്റെ ധര്മപ്പിഴ സമൂഹത്തെ മൊത്തമായി ബാധിക്കും. 'ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തിയൊന്നു പിഴയ്ക്കും ശിഷ്യന്' എന്ന പഴമയുടെ പ്രയോഗം അര്‍ഥവത്താണ്. ചുരുക്കത്തില്‍ ഒരു വിദ്യാര്‍ഥിക്കു കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ആയിരിക്കണം അധ്യാപകന്.
                     ലേഖനം
                    
                പഠിപ്പിച്ചാല്‍ മാത്രം പോരാ; സ്വയം പാഠപുസ്തമാകണം
                    
							
 അഡ്വ. ചാർലി പോൾ
									
									
									
									
									
                    