പദങ്ങളുടെ പരിണാമവഴികള്‍ അന്വേഷിക്കുന്നത് കൗതുകം പകരും. പലതരത്തിലുള്ള വികാരങ്ങള്‍ പദത്തിനുള്ളില്‍ അന്തര്‍ലീനമായിരിക്കും. അവ കണ്ടെത്തുക ചിലപ്പോഴെങ്കിലും ശ്രമകരമാണ്. ഉണ്‍ എന്ന ധാതുവില്‍ നിന്നാണ് ഊട്ട് എന്ന നാമരൂപം (കൃദന്തം) നിഷ്പന്നമാകുന്നത്. ഉണ്‍ എന്ന ധാതു ആദ്യം ഊണ്‍ (ഉണ്‍ഴഊണ്‍) എന്നാകൂന്നു. ഈ പ്രവണത ഉപധാ എന്ന പേരില്‍ അറിയപ്പെടുന്നു. ഉപം എന്നാല്‍ ഉപാന്ത്യം അഥവാ ഒടുവിലത്തേതിനു മുമ്പുള്ളത് എന്നര്‍ഥം. കെട് എന്ന ധാതുവിന്റെ ഒടുവിലത്തെ സ്വരം സംവൃതോകാരമാണ്. (ടു്) അതിനുമുമ്പുള്ള സ്വരം എ(കെ) ആണ്. ആ സ്വരം ദീര്‍ഘിപ്പിച്ചാല്‍ കെട് ധാതു കേട് എന്ന നാമമാവും. പെറ് - പേറ്; തിന് - തീന്; എറ് - ഏറ്; ;ചുട് - ചൂട് എന്നിങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കണ്ടെത്താം. ''ചിലേടത്തുപധാദീര്‍ഘം/ വിശേഷപ്രത്യയങ്ങളും'' (കാരിക, 159) എന്നിങ്ങനെ കേരളപാണിനി ഇതിന് നിയമവും ചെയ്തിട്ടുണ്ട്.*
ഉപധാദീര്‍ഘനയമനുസരിച്ച് ഉണ്‍ എന്ന ധാതു ഊണ്‍ എന്നാവും. അതിനുശേഷം ഖരാദേശവും (മൂര്‍ധന്യാദേശം) ദ്വിത്വവും സംഭവിച്ച് ഉണ്‍, ഊട്ട് എന്ന് രൂപാന്തരപ്രാപ്തി നേടുന്നു. ഉണ്‍ ഴഊണ്‍ ഴ ഊട് ഴ ഊട്ട് എന്നിങ്ങനെ ഈ മാറ്റത്തെ അടയാളപ്പെടുത്താം. ഊട്ടിന് ചോറ് (ഭക്ഷണം) എന്നു പ്രാഥമികാര്‍ഥം. ഊട്ട് നാമമായും വിശേഷണമായും വരാം. ഉദാ. കാളിയൂട്ട്, ഊട്ടുനേര്‍ച്ച.
ഊട്ടുനേര്‍ച്ച ഒരു സമസ്തപദമാണ്. ഊട്ട്, നേര്‍ച്ച എന്നീ വിശേഷണവിശേഷ്യങ്ങള്‍ സമാസിക്കുമ്പോള്‍, സംവൃതോകാരത്തെ വിവൃതോകാരമാക്കി ചേര്‍ത്തെഴുതണം. ഊട്ടുനേര്‍ച്ച എന്നതാണ് ശരിയായ സമസ്തപദം. ഊട്ട്‌നേര്‍ച്ച എന്നെഴുതരുത് എന്നാണ് ഇവിടെ അര്‍ഥമാക്കിയത്. ഊട്ട് അഥവാ ഊണ് വഴിപാടായി നടത്തുന്ന നേര്‍ച്ചയാണല്ലോ ഊട്ടുനേര്‍ച്ച.
* രാജരാജവര്‍മ്മ, ഏ.ആര്‍. സംശോധനം, ചെങ്കല്‍ സുധാകരന്‍, മാളുമ്പന്‍ പ്രസിദ്ധീകരണം, 2024, പുറം - 263.