ആവശ്യാനുസരണം പദങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഓരോ ഭാഷയിലുമുണ്ട്. അത്തരം വാക്കുകള്‍ വേഗം തന്നെ നിഘണ്ടുക്കളില്‍ കയറിക്കൂടണമെന്നില്ല. നിഘണ്ടുകര്‍ത്താക്കള്‍ ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത ഒരു നിര്‍മ്മിതിയാണ് മൗതികം. ക്രൈസ്തവവിശ്വാസത്തോടു ബന്ധപ്പെടുത്തി രൂപപ്പെടുത്തിയ വാക്കാണിത്. സഭ ക്രിസ്തുവിന്റെ മൗതികശരീരം എന്നാണല്ലോ ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ഈ ആശയം വി. പൗലോസിന്റെ ലേഖനങ്ങളില്‍നിന്നുണ്ടായതാണ്.
ഗ്രീക്കുഭാഷയിലെ മിസ്തിക്കോസ്, ലത്തീനിലെ മിസ്തിക്കൂസ് എന്നീ ശബ്ദങ്ങളോടു ബന്ധപ്പെടുത്തിയാണ് മൗതികം എന്ന പദത്തെ നിഷ്പാദിപ്പിച്ചത്. രഹസ്യങ്ങളെ സംബന്ധിച്ച എന്നാണ് രണ്ടിന്റെയും അര്‍ഥം. അവയില്‍ മിസ്തിക്കൂസ് എന്ന വിശേഷണപദത്തിനു പകരമായി നിര്‍മ്മിച്ച പദമാണ് മൗതികം എന്നും രഹസ്യാത്മകമായ എന്നുമാണ് അതിന്റെ അര്‍ഥമെന്നും ക്രൈസ്തവശബ്ദകോശകാരനായ ഡോ. ജോര്‍ജ് കുരുക്കൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.1 കണ്ണടയ്ക്കുക എന്നര്‍ഥമുള്ള, സംസ്‌കൃതത്തിലെ മീല് ധാതുവുമായും മൗതികത്തെ ബന്ധിപ്പിക്കാമെന്നും കുരുക്കൂര്‍ അഭിപ്രായപ്പെടുന്നു.
മിയേയില്‍ (കണ്ണടയ്ക്കുക) ഗ്രീക്കുധാതുവുമായി ബന്ധമുള്ള 'മിസ്‌തേരിയോണി'ന് മനുഷ്യബുദ്ധികൊണ്ടു കണ്ടെത്താനാവാത്ത കാര്യം എന്നാണു വിവക്ഷിതം. നേര്‍ക്കാഴ്ചയ്ക്കപ്പുറം 'ഹൃദയംകൊണ്ടുള്ള കാണലും അനുഭവിക്കലും' അതിലുണ്ട്. പഞ്ചേന്ദ്രിയാതീതമായ ഒരു തരം യോഗാത്മകാനുഭൂതിയാണത്. യുക്തിബോധത്തിന് അവ്യാഖ്യേയമായ അതീന്ദ്രിയാനുഭൂതി എന്നും പറയാം. മിസ്റ്റിക് അനുഭവം എന്നും വിശേഷിപ്പിക്കാറുണ്ട്.2 വിശ്വാസത്തിന്റെ ആത്മാവുമായി സാത്മീഭവിക്കുന്ന പ്രണതഭക്തര്‍ക്കു മാത്രമേ അതീന്ദ്രിയ ലോകത്ത് എത്തിപ്പെടാനാവൂ. സാങ്കല്പികസദാശരീരം രഹസ്യത്മകവുമാണല്ലോ. ഇത്തരം ചിന്താപദ്ധതിയുടെ സാകല്യം എന്ന നിലയിലാവണം മൗതികം എന്ന നൂതനപദത്തെ സഭാപണ്ഡിതന്മാര്‍ നിര്‍മ്മിച്ചെടുത്തത്. നിഘണ്ടുക്കള്‍ പരിഷ്‌കരിക്കുന്ന സമയത്ത് മൗതികത്തെക്കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്.
1. ജോര്‍ജ്, കുരുക്കൂര്‍, ഡോ., ക്രൈസ്തവശബ്ദകോശം, പി.ഒ.സി. പ്രസിദ്ധീകരണം, കൊച്ചി, 2002, പുറം -207.
2. വേലായുധന്‍പിള്ള, പി.വി. ഡോ., നിരൂപണസാഹ്യം, എന്‍.ബി.എസ്. കോട്ടയം, 1983, പുറം - 114, 115.
ഡോ. ഡേവിസ് സേവ്യര്‍
