•  Published From Palai
  •  Contact Us
  •  Previous Issues
  •  27 Nov 2025
  •  ദീപം 58
  •  നാളം 38
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • നിയമസഭയിലെ കഥകള്‍
    • കൗണ്‍സലിങ് കോര്‍ണര്‍
    • കളിക്കളം
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

അറിയണം നമ്മള്‍ അദ്ഭുതജീവിതത്തിന്റെ രുചിക്കൂട്ടുകള്‍

  • ജോസ് വഴുതനപ്പിള്ളി
  • 27 November , 2025

   ജീവിതം വിലപ്പെട്ടതാണ് എന്നൊരു തോന്നല്‍ വേണമെങ്കില്‍ നാം ദിനന്തോറും  കണ്ണുതുറക്കുന്നത് പുതുമയുള്ള കാഴ്ചകള്‍ കണ്ടുകൊണ്ടാവണം.
സൂര്യന്‍ ഉദിക്കുന്നു, അസ്തമിക്കുന്നു. അതിനിടയില്‍ അല്പം ഭക്ഷണം, പിന്നെ വിശ്രമം. ഒരേ ദിനചര്യകള്‍ നാം തുടര്‍ക്കഥയാക്കുന്നു. വെറുതെ വിരസമായ  ഒരു സാധാരണദിവസത്തിലേക്കു വീണ്ടും വഴുതിവീഴുക എന്ന  ബോറന്‍ അവസ്ഥയല്ല ജീവിതം.
അമൂല്യമായ ഫലങ്ങളുളവാക്കുന്ന  അദ്ഭുതങ്ങള്‍ക്കു നാം വാതില്‍ തുറക്കണം, പുത്തനനുഭവങ്ങള്‍ക്കായി. അതുണര്‍ത്തുന്ന സദ്ഭാവനകള്‍ അനവധിയാണ്.
    നമ്മെ വിസ്മയത്തുമ്പത്തു കൊണ്ടു ചെന്നിരുത്തുന്ന ഒരു മാജിക് ഷോ  കാണുമ്പോള്‍ നമുക്ക് ഉള്‍ക്കാമ്പിലുണ്ടാകുന്ന അപാരമായ ഒരു വികാരമുണ്ട്. അതുപോലെ ചില അദ്ഭുതക്കാഴ്ചകള്‍ ദിനംപ്രതി ഒരുക്കാനായാല്‍  നമ്മുടെയുള്ളില്‍ സന്തോഷം നിറയുമെന്നതാണു സത്യം. അപ്രതീക്ഷിതമായി നാം നമ്മുടെ ഒരു സതീര്‍ഥ്യനെ വര്‍ഷങ്ങള്‍ക്കുശേഷം അവിചാരിതമായി ഈഫല്‍ ടവറിന്റെ താഴെ പാരീസില്‍വച്ചു കാണുമെങ്കില്‍ നമുക്കൊരു വലിയ ആഹ്ലാദമുളവാകും. നിങ്ങളുടെ മകള്‍ മൊണാഷ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നതെന്നു വിചാരിക്കട്ടെ. അവിചാരിതമായി നിങ്ങള്‍ ട്രെയിനില്‍ പരിചയപ്പെടുന്നയാള്‍ പറയുകയാണ് എന്റെ മകളും മൊണാഷില്‍ത്തന്നെയെന്ന്. അതു കേള്‍ക്കുമ്പോള്‍ ആശ്ചര്യവും സന്തോഷവും ഒരുമിച്ചെത്തും.
    അങ്ങനെ വീണുകിട്ടുന്ന അദ്ഭുതങ്ങള്‍ മാത്രം പോരാ നമുക്ക്. ചില അദ്ഭുതക്കാഴ്ചകള്‍ക്കു നാം സ്വയം വേദിയൊരുക്കണം. നമ്മുടെ കുടുംബാംഗങ്ങളെ ഈ അദ്ഭുതങ്ങളിലേക്കു  നയിക്കണം.  ഉദാഹരണത്തിന്, സാധിക്കുന്നവര്‍ക്കു സിൈസ്റ്റയ്ന്‍ ചാപ്പലോ, നയാഗ്രാവെള്ളച്ചാട്ടമോ താജ്മഹലോ കാണിച്ചുകൊടുക്കാം. പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ കബറിടത്തില്‍ അവരോടൊപ്പം മുട്ടുകുത്താം.
അപ്രതീക്ഷിതമായുണ്ടാകുന്ന  അദ്ഭുതങ്ങളെക്കുറിച്ചു  ലെയന്ന  രെന്നിങ്ങേര്‍  ഒരു രസകരമായ പുസ്തകം എഴുതിയിട്ടുണ്ട് അതില്‍ അവര്‍ വാദിക്കുന്നതിതാണ്: അദ്ഭുതങ്ങള്‍, അത്തരമനുഭവങ്ങള്‍  നമ്മുടെ ജീവിതത്തിന്റെ ഓജസ്സും ചൈതന്യവും വര്‍ദ്ധിപ്പിക്കും. ഒരു വിസ്മയത്തിന്റെ  മേമ്പൊടി നമ്മുടെ നിത്യജീവിതത്തില്‍ - ഓഫീസിലും ഇതരബന്ധങ്ങളിലും - സൃഷ്ടിക്കാനാകുമെന്നാണ് അവര്‍ പറയുന്നത്. അതുമൂലം  ജീവിതവഴികളില്‍  കൂടുതല്‍ ആഹ്ലാദവും ഉന്മേഷവും നിറയ്ക്കാനാവും, അലസമായ നമ്മുടെ ദൈനംദിനജീവിതത്തില്‍ അതു വരുത്തുന്ന മാറ്റങ്ങള്‍  അളവറ്റതാണ്. സുഹൃത്ബന്ധങ്ങള്‍, സാഹിത്യം, പ്രണയം, ബിസിനസ് ഇതിലെല്ലാംതന്നെ  ശുഭകരമായ  ഉത്തരം കണ്ടെത്താന്‍ ചില ''സര്‍പ്രൈസ്'' രുചിക്കൂട്ടുകള്‍വേണം.
  കഴിഞ്ഞ ഓണത്തിന് ഒരു ഡിസ്ട്രിക്ട് കളക്ടര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വച്ചു. ഇനി ഓണക്കാലത്തെതന്നെ മറ്റൊരു സംഭവം. കൃഷ്ണകുമാറിന് അത്യാവശ്യമായി മുംബൈയ്ക്കു പോകണം. വീട്ടിലുള്ള മറ്റുള്ളവരൊക്കെ ഓണം പ്രമാണിച്ചു നാട്ടില്‍ പോയിരിക്കുകയായിരുന്നു. യാത്രയ്ക്കിറങ്ങുന്നതിനു  തൊട്ടുമുമ്പ് അയാള്‍ ശ്രദ്ധിച്ചു: ഒരു വാഴക്കുല പറമ്പില്‍ അങ്ങനെ പഴുത്തുനില്‍ക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കുലവെട്ടി ഒരു കാര്‍ട്ടണിലാക്കി അതുമായി ട്രെയിന്‍കയറി. പിറ്റേന്നു രാവിലെ നോക്കിയപ്പോള്‍ പഴം നന്നേ പഴുത്തിട്ടുണ്ട്. അയാള്‍ അതു കമ്പാര്‍ട്ട്‌മെന്റില്‍  ഉടനീളം നടന്ന്  എല്ലാവര്‍ക്കും വെറുതെ വിതരണം ചെയ്തു. അതൊരു വലിയ സൗഹൃദത്തിനു കാരണമായി. ട്രെയിനിറങ്ങുമ്പോള്‍ എല്ലാവരുംതന്നെ സ്‌നേഹത്തോടെ യാത്ര പറയുന്നുണ്ടായിരുന്നു. അങ്ങനെ ആരും ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതുവഴി സൃഷ്ടിക്കപ്പെടുന്ന 'ഗുഡ് വില്ലി'ന് ഒരളവുമില്ല.
തലച്ചോറിലെ മാറ്റം 
   വിസ്മയങ്ങള്‍ നമ്മുടെ തലച്ചോറിലെ 'ഡോപമിനെ' ഉത്തേജിപ്പിച്ചു നമ്മുടെ ശ്രദ്ധയെ  കേന്ദ്രീകരിക്കാനും വ്യക്തമായി കാണാനും  നമ്മുടെ  പരിതഃസ്ഥിതികളെ പുതിയ രീതിയില്‍ പ്രചോദിപ്പിക്കാനും സഹായമാകും. അപ്രതീക്ഷിതമായതു സംഭവിക്കുമ്പോള്‍ നാം പെട്ടെന്ന് ഒരു നിമിഷം തരിച്ചുനില്‍ക്കും. എന്നിട്ടു തിരിഞ്ഞുനോക്കും. ഇതെങ്ങനെ സംഭവിച്ചു? എന്താണ് വാസ്തവത്തില്‍ നടന്നത്? അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളാണെങ്കില്‍ നമ്മുടെ കാഴ്ചപ്പാടിനു നാം മാറ്റങ്ങള്‍ വരുത്തും. നമുക്കനുഭവവേദ്യമായ കാര്യങ്ങള്‍ നാം അപ്പോള്‍ മറ്റുള്ളവരോടു പങ്കുവയ്ക്കാനും തുടങ്ങും.
    നിരന്തരം പുതുമയുള്ള കാര്യങ്ങള്‍ ചെയ്ത് ഒരു വിസ്മയം സൃഷ്ടിക്കുമ്പോള്‍   നമ്മുടെ തലച്ചോറിനെ നല്ല രീതിയില്‍ അതു സ്വാധീനിക്കും. അതുവഴി സന്തോഷം വര്‍ധിക്കും, ഓര്‍മശക്തി മെച്ചപ്പെടും, ക്രിയാത്മകമായ ശക്തിയുണ്ടാകും,  മനുഷ്യബന്ധങ്ങള്‍ മെച്ചപ്പെടും. 
'ഡൊപമിന്‍' എന്ന  ആനന്ദോല്‍പാദനരാസവസ്തുവിനെ തുറന്നുവിടാന്‍  പെട്ടെന്നുണ്ടാകുന്ന വിസ്മയങ്ങള്‍ വഴിയൊരുക്കും. ഉണര്‍വും ഉത്തേജനവും സുഖസന്തോഷവിചാരങ്ങളും ആവേശവും അതുണര്‍ത്തും. ജീവിതം രസകരമാക്കാന്‍ അതുമതി. തലച്ചോറിലെ  'ഹിപ്പോകാമ്പസ്' പുത്തനനുഭവങ്ങളുടെ ഒരു കണ്ടെത്തല്‍ ഉപാധിയാണ്. എന്തെങ്കിലും അവിചാരിതമായി സംഭവിക്കുമ്പോള്‍ അതു ശ്രദ്ധിക്കാന്‍ ബ്രെയിന്‍ സിഗ്‌നല്‍ നല്‍കുന്നു. അത് ഓര്‍മയില്‍ നിലനിര്‍ത്താനും  ഇതുവഴി സാധിക്കും. നല്ല മൂഡ് നിലനിര്‍ത്താനും  സാമൂഹികബന്ധങ്ങള്‍ മെച്ചപ്പെടുത്താനും അങ്ങനെ അനുദിനജീവിതത്തെ മെച്ചപ്പെടുത്താനും ഉതകുന്ന കാര്യമാണ്  പുതുമയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത്, സര്‍പ്രൈസുകള്‍ സൃഷ്ടിക്കുകയെന്നത്. 
അദ്ഭുതങ്ങള്‍ ഒഴിവാക്കുന്നവര്‍ 
    ചിലര്‍ മനഃപൂര്‍വംതന്നെ സര്‍പ്രൈസ് ഒന്നും വേണ്ട എന്നു വയ്ക്കും. അതു ചിലപ്പോള്‍ വിഡ്ഢി എന്ന് ആരെങ്കിലും മുദ്രകുത്തുമോ എന്ന ഭയം കാരണമാകാം. അല്ലെങ്കില്‍ അത്തരം പ്രവൃത്തികള്‍ സൃഷ്ടിച്ചേക്കാവുന്ന  പരിണാമങ്ങള്‍ ഓര്‍ത്താകാം. വേണ്ടത്ര തയ്യാറെടുപ്പിന്റെ അഭാവവും കാരണമാകാം.  ഏതായാലും  ഇതു ജീവിതത്തെ മന്ദഗതിയിലാക്കും, സ്തംഭിപ്പിക്കും. തൊഴിലിടങ്ങളില്‍ ഒരു ബോസ് ഒരു നൂതനമായ ആശയവും സ്വീകരിക്കാത്തയാളാണെങ്കില്‍ അവിടത്തെ കാര്യം പരിതാപകരമായിരിക്കും. പഴയരീതികള്‍ മാത്രം മുറുകെപ്പിടിക്കുന്ന വ്യക്തി  കുടുംബങ്ങളിലും  പ്രശ്‌നക്കാരനാകും. പണ്ടു നടന്ന പ്രണയവഴികളിലൂടെ വല്ലപ്പോഴും തിരിച്ചുനടക്കുന്നതുവഴി ദാമ്പത്യത്തിന്റെ സുഗന്ധം നിലനിര്‍ത്താമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. കഴിഞ്ഞദിവസം ഒരാള്‍ പറഞ്ഞു, അയാള്‍ തന്റെ ഭാര്യയെയുംകൂട്ടി വര്‍ഷങ്ങള്‍ക്കു മുമ്പു കണ്ട ഒരു കൊട്ടകയില്‍ പോയി വീണ്ടും സിനിമ കണ്ടു എന്ന്. ഇതിലൊക്കെ ഒരു പുതുമയുണ്ട്, ഒരു സര്‍പ്രൈസ് എലമെന്റുണ്ട്. അതാണ് നിലനിര്‍ത്തേണ്ടത്.
     അപ്രതീക്ഷിതമായ കാര്യങ്ങള്‍ ചെയ്തു  വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നവര്‍  ദൈനംദിന ജീവിതത്തിന്റെ വിരസതകള്‍ വലിച്ചെറിയുന്നു. ഒരു പുതിയ  കാര്യത്തിനായി   കാത്തിരിക്കുമ്പോള്‍ അസാധാരണമായ ഒരു ഉന്മേഷം വന്നുചേരും. അപ്രതീക്ഷിതമായി നാം ഒരാള്‍ക്ക് ഒരു സമ്മാനം നല്‍കുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യത്തിന് നാം ഒരാളെ അഭിനന്ദിക്കുമ്പോള്‍ അതുണര്‍ത്തുന്ന നല്ല  വികാരങ്ങള്‍ ആ മുഖത്തു നിഴലിക്കുന്നതു നമുക്കു കാണാം. ലഭിക്കുന്നയാള്‍ക്കും നല്കുന്നയാള്‍ക്കും ഇതു ഗുണകരമാകും. അത്തരം ഒരു ശ്രദ്ധയും പരിഗണനയും കൂടുതല്‍ ആഴത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയോജനപ്പെടും. മനുഷ്യര്‍ ദീര്‍ഘകാലം  ഓര്‍മിച്ചുവച്ച് മറ്റുള്ളവരുമായി അത്തരമനുഭവങ്ങള്‍ പങ്കുവയ്ക്കും.
      ഓഫീസില്‍ നിങ്ങള്‍ ബോസ് ആണെന്നിരിക്കട്ടെ. വല്ലപ്പോഴുമെങ്കിലും തനിക്കുപറ്റിയ ഒരു അമളിയെയോ വീഴ്ചയെയോപറ്റി തന്റെ കീഴുദ്യോഗസ്ഥരോട് ഒന്നു പറഞ്ഞുനോക്കൂ, മസിലുപിടിക്കാതെ. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. താന്‍ തുറവുള്ളവനാണെന്നു സമ്മതിച്ചുകൊടുക്കുകയാണ്. അതുവഴി നിങ്ങളോടുള്ള ബഹുമാനം വര്‍ധിക്കുകയേയുള്ളൂ. അതുപോലെ സ്ഥിരം തലവേദനകള്‍ സൃഷ്ടിക്കുന്ന ഒരു ജോലിക്കാരനുണ്ടെങ്കില്‍ ഒരിക്കല്‍ അവനെ ഒരു അത്താഴത്തിനു ക്ഷണിച്ച്  ആശ്ചര്യപ്പെടുത്തൂ.
ഒരിക്കല്‍ ഒരു ഷൂക്കമ്പനിയുടെ ഉടമസ്ഥന്‍ ആരും ചെയ്യാത്ത ഒരു കാര്യം ചെയ്തു. തന്റെ ഏറ്റവും വലിയ ബിസിനസ്  എതിരാളിയെ തന്റെ കമ്പനി മീറ്റിങ്ങിലേക്കു ക്ഷണിച്ചു. അയാളുടെ  ബിസിനസ്സിന്റെ സങ്കേതങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അപേക്ഷിച്ചു, വളരെ രസകരമായിരുന്നു  ആ പ്രസംഗം. തന്റെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ആശ്ചര്യം മാത്രമല്ല പല പുത്തനറിവുകളും അതു സമ്മാനിച്ചു.
എയര്‍പോര്‍ട്ടിലെ ഡ്രൈവര്‍ 
     എയര്‍പോര്‍ട്ട് ബസിന്റെ ഡ്രൈവര്‍  കുട്ടികളെ ഒരിക്കലും ഇഷ്ടപ്പെടാത്ത  ആളായിരുന്നു. ഒട്ടും മര്യാദയില്ലാത്ത പെരുമാറ്റംകൊണ്ട് ഈ  വ്യക്തി എല്ലാവര്‍ക്കും  തലവേദനയായിരുന്നു. ഒരിക്കല്‍ ഒരു കൊച്ചുപയ്യന്‍ അവന്റെ ഹ്രസ്വമായ യാത്രയ്ക്കിടയില്‍  ഈ 'അങ്കിളു' മായി ഹൃദ്യമായി സംസാരിച്ചു. ഒരു ചോക്ലേറ്റ് പങ്കുവച്ചു. അവന്റെ കോമാളിത്തം നിറഞ്ഞ സംസാരം   ഡ്രൈവറെ വല്ലാതെ ആകര്‍ഷിച്ചു. ഒരു വലിയ വഴിത്തിരിവിന്    ഈ ബാലനുമായുള്ള മധുരഭാഷണം  കാരണമായി. ഡ്രൈവറുടെ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൊച്ചുബാലന്‍ കൊടുത്ത സര്‍പ്രൈസ് കാരണമായി.
   ടോമിയുടെ അമ്മൂമ്മ 
ടോമിക്ക് ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. നല്ല രുചികരമായ കേക്കുകളുണ്ടാക്കി അവര്‍ വീട്ടില്‍ വരുന്നവര്‍ക്കൊക്കെ വിളമ്പുമായിരുന്നു. കേക്ക് എല്ലാവരുടെയും നാവുകളില്‍ വിസ്മയകരമായ രുചിപകര്‍ന്നു. എല്ലാവരും അമ്മൂമ്മയുടെ 'മാജിക് കേക്കി'നെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. നാളുകള്‍ കടന്നുപോയി. അമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവര്‍ക്കും  ആ വിശിഷ്ടമായ കേക്കിന്റെ കഥ പറയാനേ  നേരമുണ്ടായിരുന്നുള്ളൂ. അമ്മൂമ്മയുടെ കേക്കിന്റെ രുചി എല്ലാവരും മിസ്സ്‌ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം അമ്മൂമ്മയുടെ  അലമാര വൃത്തിയാക്കുന്നതിനിടയില്‍ ഒരു കൊച്ചു ഡയറി കിട്ടി. അതില്‍ അമ്മൂമ്മ തന്റെ വടിവൊത്ത അക്ഷരങ്ങളില്‍ കേക്കിന്റെ  രുചിക്കൂട്ടിന്റെ വിസ്മയമുണര്‍ത്തുന്ന  രഹസ്യം കുറിച്ചുവച്ചിരിക്കുന്നു. എപ്പോഴെങ്കിലും ഒരു 'കേക്ക് മാജിക്'  വേണമെന്നു തോന്നിയാല്‍ ഈ ചേരുവകള്‍ ഒന്നു പരീക്ഷിച്ചാല്‍ മതിയെന്ന്. ഇതു നോക്കി ടോമിയുടെ മാതാവ് അതേ രീതിയില്‍ ഒരു കേക്കുണ്ടാക്കി അദ്ഭുതം സൃഷ്ടിക്കുന്നതാണു കഥ. അതൊരു വലിയ ഓര്‍മയുടെ സാക്ഷാത്കാരമായി, അമ്മൂമ്മ തന്റെ ആത്മാവിന്റെ ഒരംശം ആ കുറിപ്പുകളില്‍ ബാക്കിവച്ചതുപോലെ!
സര്‍പ്രൈസുകള്‍ സൃഷ്ടിച്ചെടുക്കുമ്പോള്‍ ജീവിതം പുതുമകള്‍ നിറഞ്ഞതാകും, അര്‍ഥസമ്പുഷ്ടമാകും. നമ്മെ അദ്ഭുതപ്പെടുത്തുമാറു   പ്രചോദനങ്ങള്‍ ക്രിയാത്മകതയെ ജ്വലിപ്പിച്ചുനിര്‍ത്തും; ബന്ധങ്ങള്‍ സുദൃഢമാക്കും. സര്‍വോപരി വളര്‍ച്ചയിലേക്ക് അതു നമ്മെ നയിക്കും ചെറിയ ചെറിയ  വിസ്മയങ്ങളും  മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഉല്ലാസഹര്‍ഷങ്ങളും ബ്രെയിനിലെ രസകേന്ദ്രങ്ങളെ  തഴുകി നമ്മുടെ പിരിമുറുക്കങ്ങള്‍ ഇല്ലായ്മ ചെയ്യും. ജീവിതം ലളിതമായി ആസ്വദിക്കാന്‍  അതവസരം തരും. 
    ഇതെല്ലാം വലിയ സംതൃപ്തിയുടെ  അനുഭവങ്ങളായി മാറും. ദിനംപ്രതി ഒരു സര്‍പ്രൈസ് മേമ്പൊടി ജീവിതത്തിലേക്കു വിതറി പരീക്ഷിക്കാം. അതു കൊണ്ടുവരുന്ന ആനന്ദം അതിവേഗത്തിലായിരിക്കും, അതുല്യമായിരിക്കും, അമൂല്യമായിരിക്കും. സത്യമുള്ള ഇതിന്റെ ഫലങ്ങള്‍ ഒരു പകര്‍ച്ചവ്യാധിയെന്നവണ്ണം  മറ്റുള്ളവരിലേക്കും പടരും!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)