അപ്രതീക്ഷിതമായ ദോഹ ആക്രമണത്തിലൂടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണ് ഇസ്രയേല്‍. എന്നാല്‍, ഹമാസിന്റെ അവശേഷിക്കുന്ന നേതാക്കളെക്കൂടി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം പൂര്‍ണമായും വിജയം കണ്ടില്ലെന്നാണു വാര്‍ത്തകള്‍.
ലെയോ പതിന്നാലാമന്‍ പാപ്പ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ദോഹ ആക്രമണത്തെ അപലപിച്ചുകഴിഞ്ഞു: ''ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കാര്യങ്ങള്‍ എങ്ങോട്ടാണു പോകുന്നതെന്നു നിശ്ചയമില്ല. സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ട നിര്‍ണായകകാലഘട്ടത്തിലൂടെയാണു ലോകം കടന്നുപോകുന്നത്.'' ഗാസയിലെ തിരുക്കുടുംബദൈവാലയത്തിലെ വികാരി ഫാ ഗബ്രിയേല്‍ റൊമാനെല്ലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതിലുള്ള ഉത്കണ്ഠയും മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെ മാര്‍പാപ്പ പങ്കുവച്ചു. ഇക്കഴിഞ്ഞ ജൂലൈ 17 ലെ ഇസ്രേലി ആക്രമണത്തില്‍ ഫാ റൊമാനെല്ലിക്കു പരിക്കേറ്റിരുന്നു.
21 അറബ് രാജ്യങ്ങളുള്‍പ്പെട്ട അറബ് ലീഗും, 6 ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണകൗണ്‍സിലും ഖത്തറിനെതിരായ ഇസ്രേലിആക്രമണത്തെ അപലപിച്ചു. ദോഹ ആക്രമണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്രകാരം പറഞ്ഞു: ''അതിനീചമായ ഈ ആക്രമണത്തെ ഞങ്ങള്‍ കൂട്ടായി അപലപിക്കുന്നു. അന്താരാഷ്ട്രനിയമങ്ങളുടെയും യു എന്‍ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണു നടന്നിട്ടുള്ളത്.'' ഭിന്നതകളെല്ലാം മറന്ന് അറബ്‌രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സല്‍മാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ ഭരണാധികാരി ഷെയ്ക് തമിന്‍ ബിന്‍ ഹമദ് അല്‍ താനിയെ ടെലിഫോണില്‍ വിളിച്ച് സൗദി അറേബ്യയുടെ എല്ലാ ധാര്‍മികപിന്തുണയും ഖത്തറിനുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്കി.
ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെല്ലാം തന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നു ജോര്‍ദാനിലെ അബ്ദുള്ള രാജാവ് ഖത്തര്‍ എമിറിനെ അറിയിച്ചു. ജോര്‍ദാന്റെ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും യു എ ഇയുടെ പരമാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനും ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ദോഹയിലെത്തി. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ദോഹയില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള വിപുലമായ സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള അറബ്‌രാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുത്ത് ഭാവിപരിപാടികള്‍ക്കു രൂപംകൊടുക്കും. തങ്ങളുടെ രാജ്യത്തിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം രാഷ്ട്രഭീകരതയാണെന്നും തക്കതായ മറുപടിയുണ്ടാകുമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ജാസിം അല്‍ താനി പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ രാജ്യാന്തരതലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുള്ള ഇസ്രേലി ആക്രമണത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറിജനറല്‍ അന്റോണിയോ ഗുട്ടെറസും അപലപിച്ചു.
'പ്രിസിഷന്‍ ബോംബിങ്'
സമാധാനചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസിന്റെ നേതൃനിരയാണ് ഇസ്രയേലിന്റെ കൃത്യതയാര്‍ന്ന ബോംബിങ്ങില്‍ ആക്രമിക്കപ്പെട്ടത്. ഹമാസിന്റെ ദോഹയിലെ പൊളിറ്റിക്കല്‍ ബ്യൂറോ സ്ഥിതി ചെയ്യുന്ന ആസ്ഥാനമന്ദിരത്തിനുനേരേ നടന്ന ബോംബാക്രമണത്തില്‍ 6 പേര്‍ വധിക്കപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ നേതാക്കള്‍ സുരക്ഷിതരാണെന്നു ഹമാസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി. ദോഹയില്‍ പ്രവാസജീവിതം നയിക്കുന്ന ഖലീല്‍ അല്‍ ഹയ്യയുടെ മകനുള്‍പ്പെടെ അഞ്ചു ഹമാസ് പോരാളികളും ഒരു ഖത്തര്‍ സെക്യൂരിറ്റിഗാര്‍ഡുമാണു കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികറിപ്പോര്‍ട്ടുകള്‍.
അതേസമയം, ദോഹആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിറക്കി: ''നിലനില്പിനുവേണ്ടിയുള്ള പോരാട്ടമാണു ഞങ്ങള്‍ നടത്തുന്നത്. 2023 ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളെ മാത്രമാണു ഞങ്ങള്‍ ലക്ഷ്യമിട്ടത്. ഹമാസിന്റെ ദോഹയിലെ ആസ്ഥാനകേന്ദ്രത്തിനുനേരേ ഞങ്ങള്‍ നടത്തിയത് 'പ്രിസിഷന്‍ സ്‌ട്രൈക്കാ'ണ്. ഹമാസുമായി ബന്ധമില്ലാത്ത ആളുകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളും ജീവഹാനിയും പരമാവധി കുറച്ചുകൊണ്ടുള്ള കൃത്യതയാര്‍ന്ന ബോംബിങ്ങിനാണ് ഉത്തരവിട്ടത്. സ്വതന്ത്രമായും ഒറ്റയ്ക്കുമെടുത്ത തീരുമാനപ്രകാരം നടത്തിയ ആക്രമണത്തിന്റെ പൂര്‍ണഉത്തരവാദിത്വം ഞങ്ങള്‍ക്കു മാത്രമാണ്.'' ഹമാസ് നേതൃത്വം എവിടെപ്പോയി ഒളിച്ചാലും തങ്ങള്‍ പിന്തുടരുമെന്നും അവരെ പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ഭീകരാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം അന്താരാഷ്ട്രമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ 8-ാം തീയതി തിങ്കളാഴ്ച ജറുസലെം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ വാഹനം കാത്തുനിന്നിരുന്ന 6 പേരെ പലസ്തീനികളായ രണ്ടു തോക്കുധാരികള്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം: ''നിരപരാധരെ കൊന്നൊടുക്കുന്ന നീചവും ക്രൂരവുമായ ഭീകരാക്രമണങ്ങളെ ശക്തമായ ഭാഷയില്‍ ഞങ്ങള്‍ അപലപിക്കുകയാണ്. ഏതു രൂപത്തിലുള്ള ഭീകരതയെയും ഉരുക്കുമുഷ്ടികൊണ്ടു നേരിടാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ എന്റെ അനുശോചനം അറിയിക്കുകയും, മുറിവേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.''
ഇന്ത്യ നല്‍കിയ പാഠം
ഈ വര്‍ഷം ഏപ്രില്‍ 22-ാം തീയതി കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുള്ള പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധരായ 26 വിനോദസഞ്ചാരികള്‍ ഭീകരരുടെ തോക്കിനിരയായ സംഭവവും മോദി അനുസ്മരിച്ചു. ആക്രമണത്തിനുപിന്നില്‍ ശത്രുരാജ്യമായ പാക്കിസ്ഥാനാണെന്നു വ്യക്തമായ തെളിവു ലഭിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അധിനിവേശകശ്മീരിലും പാക്-പഞ്ചാബിലുമുള്ള ഭീകരരുടെ താവളങ്ങളും ആയുധപ്പുരകളും മിസൈല്‍വിക്ഷേപണകേന്ദ്രങ്ങളും തകര്‍ത്തുകളഞ്ഞ അനുഭവവും അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു.
പാക്കിസ്ഥാനില്‍ കടന്നുകയറി ഭീകരതയെ വിജയകരമായി നേരിട്ട 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന വ്യോമാക്രമണപദ്ധതിയെ പരാമര്‍ശിച്ച് മോദി ഇപ്രകാരം പറഞ്ഞു: ''പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യന്‍ മനഃസാക്ഷിക്കുനേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല, മാനവികതയില്‍ വിശ്വസിക്കുന്ന ഓരോ രാജ്യങ്ങള്‍ക്കുമെതിരെയുള്ള തുറന്ന വെല്ലുവിളിയാണ്. ഭീകരതയെ നേരിടുന്നതില്‍ ഇരട്ടനിലപാട് സ്വീകരിച്ചുകൂടാ. തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുന്നതും അംഗീകരിക്കാനാവില്ല. ഏതെങ്കിലും ഒരു പൗരനോ, സമൂഹമോ രാജ്യമോ ഭീകരതയില്‍നിന്നു വിമുക്തമാണെന്ന് ഇന്നത്തെ സാഹചര്യത്തില്‍ കരുതാനുമാവില്ല.
''നാലു പതിറ്റാണ്ടുകളായി ദയാരഹിതമായ ഭീകരതയുടെ മുറിവുകള്‍ പേറുന്ന രാജ്യമാണ് ഭാരതം. എണ്ണമറ്റ അമ്മമാര്‍ക്ക് അവരുടെ മക്കളെ നഷ്ടപ്പെട്ടു, എണ്ണിയാലൊടുങ്ങാത്ത കുട്ടികള്‍ അനാഥരായി. ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖമാണ് പഹല്‍ഗാമില്‍ കണ്ടത്. സങ്കടനിമിഷങ്ങളില്‍ ഞങ്ങളോടൊപ്പം നിന്ന നേതാക്കള്‍ക്കും രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.''
എന്നാല്‍, സ്വന്തം സുരക്ഷയുടെ പേരില്‍ ലബനോന്‍, സിറിയ, ഇറാക്ക്, ഇറാന്‍, യെമന്‍ തുടങ്ങിയ സ്വതന്ത്രരാജ്യങ്ങളിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഭീതി ജനിപ്പിക്കുന്നുണ്ട്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഒന്നിച്ചുകൂടിയ ഹമാസ് പ്രതിനിധിസംഘത്തെ ലക്ഷ്യമിട്ടതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. ദോഹയിലെ ആക്രമണത്തെക്കുറിച്ച് അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെങ്കിലും ട്രംപിന്റെ മൗനാനുവാദമില്ലാതെ ഇത്തരം ഒരു സാഹസത്തിനു നെതന്യാഹു മുതിരുമോ എന്നു സംശയിക്കുന്നവരുണ്ട്. ഖത്തറില്‍നിന്നും 2,200 കിലോമീറ്ററുകള്‍ അകലെയുള്ള ഇസ്രയേലില്‍നിന്നു പറന്നെത്തുന്നതിനുപകരം ദോഹയുടെ പ്രാന്തപ്രദേശത്തുള്ള അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമത്താവളത്തില്‍ നിന്നാകാം ബോംബറുകളെത്തി പ്രിസിഷന്‍ സ്‌ട്രൈക്കു നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.
വിശ്വസ്തപങ്കാളിയായ ഖത്തറില്‍ ഇസ്രയേലിന് ആക്രമണം നടത്താന്‍ പരോക്ഷമായെങ്കിലും അമേരിക്കന്‍ഭരണകൂടത്തിന്റെ അനുമതി നല്‍കിയത് അറബ്‌രാജ്യങ്ങള്‍ക്ക് അമേരിക്കയിലുള്ള വിശ്വാസ്യതയ്ക്കു വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തം. സമാധാനചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറിന്റെ പിന്മാറ്റം വെടിനിര്‍ത്തല്‍, ശേഷിക്കുന്ന ബന്ദികളുടെ മോചനം, ഗാസയിലേക്കുള്ള മാനുഷികസഹായം എന്നിവയുടെ വഴിയടയ്ക്കും. ഹമാസ് നേതാക്കള്‍ ഇറാനിലേക്കോ അതുവഴി തുര്‍ക്കിയിലേക്കോ രക്ഷപ്പെട്ടാലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നു തീര്‍ച്ചയാണ്. ഇസ്രയേലിന്റെ നടപടികള്‍ പ്രതിരോധം മാത്രമായി കാണാന്‍ രാഷ്ട്രീയനിരീക്ഷകര്‍ തയ്യാറല്ല. രാജ്യാന്തരനിയമങ്ങള്‍ക്കും നയതന്ത്രമര്യാദകള്‍ക്കും നേരേയുള്ള ഒരു വെല്ലുവിളികൂടിയാണിതെന്നാണു വിലയിരുത്തല്‍. ഈ നിലപാട് സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയും സംഘര്‍ഷം കൂടുതല്‍ തീവ്രമാക്കുകയും ചെയ്യും. ഗാസയിലും വെസ്റ്റു ബാങ്കിലും പതിറ്റാണ്ടുകളായി നടക്കുന്ന അധിനിവേശങ്ങള്‍ മനുഷ്യാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നാണു വിമര്‍ശനം. ഹമാസിനെപ്പോലുള്ള ഭീകരസംഘടനകള്‍ സാധാരണപൗരന്മാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതില്‍ വലിയ പങ്കാണു വഹിക്കുന്നത്. എന്നാല്‍, അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന നടപടികള്‍ പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കാനേ ഉപകരിച്ചുള്ളൂ. സൈനികനടപടികള്‍ക്കു പകരമായി രാഷ്ട്രീയപരിഹാരമാണു കരണീയമെന്നു നിരീക്ഷിക്കുന്നവരുണ്ട്. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുകയും എല്ലാ കക്ഷികള്‍ക്കും നീതി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും അനിവാര്യമായിരിക്കുന്നു.
ലേഖനം
ഗള്‍ഫിലെ തീക്കളി അപകടകരം: അറബ്‌രാജ്യങ്ങള്‍ ഇസ്രയേലിനെ ആക്രമിക്കുമോ?
