2025 ഫെബ്രുവരി അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു പ്രസ്താവന ലോകത്തെ ആശങ്കപ്പെടുത്തുകയുണ്ടായി. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ നെതന്യാഹൂവിന്റെ സാന്നിധ്യത്തില്‍ തന്നെ സംസാരിക്കുമ്പോളാണ് ആ പ്രസ്താവനയുണ്ടായത്. അമേരിക്ക ഗാസാമുനമ്പ് ഏറ്റടുത്ത് ടൂറിസ്റ്റുകേന്ദ്രമാക്കുമെന്ന്. പലസ്തീന്‍ജനതയെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍, യു.എസ് സൈന്യത്തെ അങ്ങോട്ടേക്കയയ്ക്കാനും മടിയില്ല.
ട്രംപിന്റെ വാക്കുകള്‍ വെറും തമാശയായി കരുതാനാവില്ല. എങ്കിലും മറ്റൊരു രാഷ്ട്രത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു ടൂറിസ്റ്റു കേന്ദ്രമാക്കുമെന്ന പ്രസ്താവന ഒരു വിധത്തിലും ജനാധിപത്യമര്യാദകള്‍ക്കു നിരക്കുന്നതല്ല. വന്‍ ശക്തികളുടെ നടപടികളെല്ലാം ജനാധിപത്യപരമായിരിക്കണമെന്നു തീരുമാനിക്കാനാവില്ലല്ലോ. 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന പ്രാകൃതനിയമത്തിനു ജനാധിപത്യത്തിന്റെ വെള്ളപൂശിയിട്ടുണ്ടെന്നല്ലേയുള്ളൂ ഇന്നും.
ട്രംപിന്റെ പ്രസ്താവന ഇസ്രയേല്‍ക്കാര്‍ക്കു സന്തോഷമായിരിക്കാന്‍ ഇടയുണ്ട്. ഒപ്പമുണ്ടായിരുന്നിട്ടും നെതന്യാഹു മൗനം പാലിച്ചതിന്റെ സൂചനയും അതു തന്നെയല്ലേ? അങ്ങനെയെങ്കിലും ഗാസയെന്ന തലവേദന ഒഴിവായിക്കിട്ടുമല്ലോ എന്നാവും ഇസ്രയേല്‍ ആശ്വസിക്കുക.
ജനുവരി 15 ലെ ഒത്തുതീര്‍പ്പിനുശേഷവും ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സായുധനടപടികള്‍ ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
ഗാസയും വെസ്റ്റുബാങ്കും ഇസ്രയേലിനവകാശപ്പെട്ടതാണെന്ന് അവര്‍ കരുതുന്നുണ്ട്. ഒരുപക്ഷേ, സായുധാക്രമണത്തിലൂടെ ആ ഭൂഭാഗങ്ങളെ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നും വരാം. എന്നാല്‍, അതില്‍നിന്നൊക്കെ അവരെ പിന്തിരിപ്പിക്കുന്നത് ആ പ്രദേശങ്ങളിലെ മുസ്ലീം ഭൂരിപക്ഷമാണ്.
വെസ്റ്റ് ബാങ്കിലെ 2747943 ജനങ്ങളില്‍ 85 ശതമാനം സുന്നി മുസ്ലീങ്ങളാണ്. 451700 യഹൂദരും 50000 ക്രൈസ്തവരും ഉണ്ട്.
ഗാസയിലെ ജനസംഖ്യ 21 ലക്ഷം. ഇതില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ക്രൈസ്തവരുടെ ആകെ സംഖ്യ 1300 മാത്രം.
ഇസ്രയേലിലെ ആകെ ജനസംഖ്യ 9517181 ആണ്. ഇതില്‍ 1782000 പേര്‍ മുസ്ലീങ്ങളും 185000 പേര്‍ ക്രൈസ്തവരുമാണ്. വെസ്റ്റ് ബാങ്കിലെ 23.5 ലക്ഷം മുസ്ലീങ്ങളും ഗാസയിലെ 20 ലക്ഷം മുസ്ലീങ്ങളുംകൂടി ചേര്‍ന്നാല്‍ ഇസ്രയേലിലെ മുസ്ലീം ജനസംഖ്യ 6132000 ആകും. അപ്പോള്‍ ഇസ്രയേലിലെ ആകെ ജനസംഖ്യ ഒരു കോടി 56 ലക്ഷം കവിയും. അതില്‍ 39 ശതമാനം വരും മുസ്ലീങ്ങള്‍. അതോടെ ഇസ്രയേലിന്റെ ജനസംഖ്യാസന്തുലനം തകിടംമറിയും. ആഭ്യന്തരക്കുഴപ്പങ്ങള്‍ ഇസ്രയേലിനെ വലയ്ക്കും. ആഭ്യന്തരപ്രശ്‌നങ്ങളില്‍ വലയുന്ന ഒരു രാജ്യത്തെ ബാഹ്യശക്തികള്‍ക്ക് ആക്രമിച്ചുതകര്‍ക്കുക എളുപ്പമാകും. ഇങ്ങനെയൊരു വിപത്തു സംഭവിക്കാതിരിക്കാന്‍ ഇസ്രയേല്‍ കരുതലെടുക്കുന്നതുകൊണ്ടാണ് ഗാസയും വെസ്റ്റ്ബാങ്കും ഇപ്പോഴും പലസ്തീനിന്റെ ഭാഗമായി തുടരുന്നത്.
ഈ രണ്ടു പ്രദേശങ്ങളില്‍നിന്നു പരമാവധി പലസ്തീനികളെ അന്യരാജ്യങ്ങളിലേക്കു ഭീഷണിപ്പെടുത്തി അയയ്ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഭക്ഷണം നിഷേധിച്ചും, ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഗാസയെ കഷ്ടത്തിലാക്കുന്ന ഇസ്രയേല്‍ തന്ത്രം മറ്റൊന്നാകാന്‍ ഇടയില്ല. അതിനിപ്പോള്‍ ട്രംപിന്റെ സഹായംകൂടി ഉറപ്പാക്കുകയാണു നെതന്യാഹു ചെയ്യുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി എട്ടിന്, സൗദി അറേബ്യയില്‍ പലസ്തീന്‍രാഷ്ടം ഉണ്ടാക്കിക്കൊള്ളട്ടെ എന്നദ്ദേഹം പലസ്തീന്‍ വാദികളെ പരിഹസിച്ചതും ഓര്‍ക്കുക.
ഇത്തരത്തില്‍ അന്യരാജ്യങ്ങളുടെ ഭൂഭാഗങ്ങള്‍ ആക്രമിച്ചു സ്വന്തമാക്കുന്നത് അന്താരാഷ്ട്രധാരണകള്‍ക്കു വിരുദ്ധമല്ലേ, മറ്റു രാഷ്ട്രങ്ങള്‍ അതു സമ്മതിച്ചു കൊടുക്കുമോ എന്നൊക്കെ ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ മറുപടി പറയുക എളുപ്പമല്ല. ഇന്ത്യയുടെ ഭാഗമായ അക്‌സായിചിന്‍ 1962 ല്‍ ചൈന പിടിച്ചെടുത്തതും ഇപ്പോഴും കൈവശം വച്ചിരിക്കുന്നതും ആരെങ്കിലും അനുവദിച്ചിട്ടാണോ? കേരളത്തിന്റെയത്രയും വിസ്തൃതിയുള്ള പ്രദേശമാണ് അക്‌സായിചിന്‍. 250 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തിബത്ത് ചൈന പിടിച്ചടക്കിയത് 1950 ലാണ്. അതിന്നും ചൈനയുടെ ഭാഗമായി തുടരുന്നു. ഐക്യരാഷ്ട്രസംഘടനയ്‌ക്കോ മറ്റു രാഷ്ട്രങ്ങള്‍ക്കോ തിബത്തിന്റെ സഹായത്തിനെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതില്‍നിന്നു കുറച്ചു വ്യത്യസ്തമാണ് കുവൈത്തിന്റെ കാര്യം. ഒരു സ്വതന്ത്രരാഷ്ട്രമായ കുവൈത്തിനെ 1990 ല്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാംഹുസൈന്‍ ആക്രമിച്ചു കീഴടക്കി ഇറാക്കിന്റെ ഭാഗമാക്കി മാറ്റി. അന്ന് ഇറാക്കിന്റെ നടപടിയെ അനുകൂലിച്ചതും പലസ്തീന്‍മാത്രമാണ്. അതും സ്വാതന്ത്ര്യത്തിനുവേണ്ടി ദീര്‍ഘകാലം ഗറില്ലാസമരം നടത്തിയ യാസര്‍ അരാഫത്ത്! വാസ്തവത്തില്‍, പാരതന്ത്ര്യത്തിന്റെ വേദനയറിയുന്ന അരാഫത്തല്ലേ ആദ്യംതന്നെ സദ്ദാംഹുസൈന്റെ അതിക്രമത്തെ അപലപിക്കേണ്ടയിരുന്നത്? പക്ഷേ, അതുണ്ടായില്ല. പിന്നെയും അവരൊക്കെ സാമ്രാജ്യത്വശക്തിയെന്ന് ആക്ഷേപിക്കുന്ന അമേരിക്കതന്നെ വേണ്ടിവന്നു കുവൈത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുത്തുകൊടുക്കാന്‍. 1991 ല്‍ സൈനികനടപടിയിലൂടെ അമേരിക്ക കുവൈത്തിനെ ഇറാക്കിന്റെ പിടിയില്‍നിന്നു മോചിപ്പിക്കുകയാണല്ലോ ചെയ്തത്.
ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ഇന്നും കൈയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍!
അതുകൊണ്ട് ഇസ്രയേല്‍ സൈനികനീക്കങ്ങളിലൂടെ ഗാസയും വെസ്റ്റുബാങ്കും കീഴടക്കിയെടുത്താലും പ്രതികരണം വ്യത്യസ്തമാകാനിടയില്ല. കുറെ പ്രസ്താവനകള്‍ ഉണ്ടായേക്കാം, ഇസ്രയേല്‍നടപടിയെ അപലപിച്ചുകൊണ്ട്. പിന്നെ ചില തീവ്രവാദി ആക്രമണങ്ങളും ഉണ്ടാകാം. അത്രമാത്രം.
പക്ഷേ, ഇപ്പോള്‍ സംഭവിക്കാവുന്നത് ഇതൊന്നുമാകണമെന്നില്ല. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലെ വെടിനിര്‍ത്തല്‍പോലെയല്ല ജനുവരി 15 ലെ വെടിനിര്‍ത്തല്‍. അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ഇസ്രയേലിനു നല്ല ബോധ്യമുണ്ട്. ഗാസയിലെ ഹമാസ് തീവ്രവാദികള്‍ വീണ്ടും ശക്തിപ്രാപിക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടുമൊരു ഒക്‌ടോബര്‍ ഏഴ് ആവര്‍ത്തിച്ചു കൂടായ്കയില്ല. അതുകൊണ്ടു ഗാസയില്‍നിന്നു ലാഘവത്തോടെ ഒഴിഞ്ഞുപോകാന്‍ ഇസ്രയേലിനാവില്ല. തീവ്രവാദികളും അവരുടെ താവളങ്ങളും അവിടെ അവശേഷിക്കുന്നില്ല എന്നവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. തുടരാക്രമണങ്ങളിലൂടെയേ അതു സാധ്യമാകൂ. ഗാസാനിവാസികള്‍ക്കെതിരെയുള്ള നടപടിയല്ലത്. 'ഒരുത്തന്‍ പാപകര്‍മം ചെയ്തീടിലതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും' എന്നാണല്ലോ നീതിവാക്യം. ഈ സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങളും ഹമാസിന്റെ പാപഫലം അനുഭവിക്കേണ്ടി വരും.
സത്യത്തില്‍ ഗാസാനിവാസികള്‍ നിസ്സഹായരാണ്. ചെകുത്താനും കടലിനുമിടയിലാണവര്‍. ഹമാസിന് ഇടംകൊടുത്തില്ലെങ്കില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കവര്‍ ഇരയാകും. ഹമാസ് അവിടെയുള്ളിടത്തോളം കാലം ഇസ്രയേലിന്റെ തോക്കുകള്‍ തീതൂപ്പിക്കൊണ്ടേയിരിക്കും.
ഗാസയുദ്ധത്തോടു പ്രതികരിക്കുന്നവര്‍ ഈ വസ്തുതകള്‍ യഥാവിധി മനസ്സിലാക്കിയിട്ടാണോ എന്നു സംശയമുണ്ട്. ഈ കേരളത്തില്‍പോലും ഇടതുപക്ഷവികാരം ഉള്ളടക്കിട്ടുള്ളവര്‍ അന്ധമായ ഇസ്രയേല്‍വിരോധം വച്ചു പുലര്‍ത്തുന്നവരാണ്. ഇസ്രയേലിനെ ആക്ഷേപിച്ചില്ലെങ്കില്‍ തങ്ങള്‍ ബുദ്ധിജീവികളല്ലാതായി പ്പോകുമെന്ന് അവര്‍ ഭയപ്പെടുന്നു. സത്യം തിരിച്ചറിയാനുള്ള വിവേകം അവര്‍ക്കു കൈമോശം വന്നിരിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ഇടതുപക്ഷമാധ്യമങ്ങളും ഇടതുപക്ഷരാഷ്ട്രങ്ങളും നിരന്തരം ഇസ്രയേല്‍വിരോധം ചൊരിയുന്നതും ഇക്കാരണംകൊണ്ടുതന്നെ.