ചരിത്രാതീതകാലങ്ങളില്‍ പ്പോലും പൂര്‍വികരെ മനുഷ്യര്‍ സംസ്‌കരിക്കുകയായിരുന്നു പതിവ്. എല്ലും കല്ലും മരത്തടികളുമുപയോഗിച്ച് കുഴികളുണ്ടാക്കിയായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്. ജാവായിലും  പെക്കിങ്ങിലും  നെയാന്ത്രത്താളിലും അത്തരം കുഴികള്‍ കണ്ടെത്തിയിട്ടുണ്ട്.
    ആദിമനുഷ്യനെ  അടക്കം ചെയ്തിരുന്നിടത്തു നിന്നൊക്കെ  പല പദാര്‍ഥങ്ങളും ലഭിച്ചിട്ടുണ്ട്.  അന്നു വേട്ടയാടാനുപയോഗിച്ചിരുന്ന കല്ലായുധങ്ങളും മറ്റുമാണത്.  അക്കൂട്ടത്തില്‍  ഗവേഷകരുടെ സവിശേഷശ്രദ്ധ  പിടിച്ചുപറ്റിയിട്ടുള്ള ഒരു വസ്തുവാണ്   ഭക്ഷണപ്പൊതി അഥവാ, അവയുടെ അംശങ്ങള്‍.
    ചൈനീസ്  രാജാക്കന്മാരുടെ  ശവക്കല്ലറകളില്‍നിന്നും ഇത്തരത്തിലുള്ള വിലകൂടിയ ഭക്ഷണപ്പൊതികള്‍ കണ്ടെത്തുവാന്‍  കഴിഞ്ഞിട്ടുണ്ട് - രാജകീയ ഭക്ഷണപ്പൊതികള്‍.
    ഈജിപ്ഷ്യന്‍ പിരമിഡുകളില്‍  പുരാവസ്തുഗവേഷകനായ ഹവാര്‍ഡ് കാര്‍ട്ടറും സംഘവും 1922ല്‍ നടത്തിയ ഗവേഷണങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചവയാണല്ലോ.  ഫറവോ തുത്തന്‍ഖാമന്റെ (1341-1322 ബി.സി.) ശവകുടീരം തുറന്ന് മമ്മി പരിശോധനാ വിഷയമാക്കിയത് വലിയൊരു വിവാദവിഷയമായിരുന്നു.  അന്നു കണ്ടെടുക്കപ്പെട്ടയില്‍  ചിലതൊക്കെ  ഭക്ഷണപ്പൊതികളാണ്.
എന്തായിരുന്നു ഭക്ഷണപ്പൊതികളുടെ  ഉദ്ദേശ്യം? സുദീര്‍ഘമായ യാത്രയ്ക്കുശേഷം ഏതാണ്ട് ഇതുപോലുള്ളൊരു  ജീവിതത്തിലേക്കാണ്  മനുഷ്യന്‍ എത്തിച്ചേരുന്നതെന്നും  അങ്ങോട്ടുള്ള ആ യാത്രയില്‍  ഇതൊക്കെ  ആവശ്യമാണെന്നും  ആദിമനുഷ്യന്‍  ചിന്തിച്ചിരുന്നു!
യാത്രയുടെ സ്വഭാവമനുസരിച്ചാണ്  ഭക്ഷണം  ക്രമീകരിക്കുക.  തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍  കണ്ടെത്തിയതു കേടുവരാതെ  ദീര്‍ഘനാള്‍ സൂക്ഷിക്കാവുന്ന ധാന്യപ്പൊതികളായിരുന്നു.
ശൂന്യാകാശത്തേക്കു  പോയവര്‍ കൂടെക്കരുതിയത് ഏറ്റവും ലഘുവും  അതേസമയം  ഏറ്റവും  ഈടുനില്ക്കുന്നതുമായ ഭക്ഷണസാധനങ്ങളാണ്- ഒരു നേരത്തെ ഭക്ഷണം കൊണ്ട് അനേകം മണിക്കൂറുകള്‍  ജീവന്‍ നിലനിറുത്താനുതകുന്നവ. 1973-74ല്‍ സ്‌കൈലാബിലെയും  സല്യൂട്ടിലെയും (മെഹ്യൗ)േ ഗഗനസഞ്ചാരികള്‍  കൊണ്ടുപോയതും അത്തരം ഭക്ഷണമാണ്.
നിത്യജീവിതത്തിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്ന  ഏതൊരുവനെയും  അലട്ടുന്ന പ്രശ്‌നം യാത്രയെക്കുറിച്ചുള്ള അവ്യക്തതയാണ്. തികച്ചും  അജ്ഞാതമായ യാത്ര! ഇന്നുവരെ നടത്തിയിട്ടുള്ളതിലേക്കും ഏറ്റവും സുദീര്‍ഘമായ യാത്രയാണത്.  തളരാതിരിക്കുവാന്‍  വഴിക്ക് എന്താണു കഴിക്കുക?
അതു കഴിക്കുന്നവര്‍ക്കു പിന്നീട് ഒരിക്കലും വിശക്കരുത്; അവര്‍ വീണ്ടും  മരിക്കാനും ഇടവരരുത്!
തുത്തന്‍ഖാമന്റെ ശവപേടകത്തില്‍ നിക്ഷേപിച്ച ധാന്യമണികളിലൊന്നു പോലും അദ്ദേഹം കൊണ്ടുപോയില്ലെന്നതിന് ഹവാര്‍ഡു കാര്‍ട്ടര്‍ മാത്രമല്ല,  ഗവേഷക സംഘത്തിലുണ്ടായിരുന്ന  റിച്ചാര്‍ഡു  ബഥേല്‍,  ജോര്‍ജ് ഗുഡ് തുടങ്ങിയ 12 പേരും  സാക്ഷികളാണ്.  എന്തായിരുന്നു കാരണം?  അവയിലൊന്നുപോലും തന്റെ യാത്രയ്ക്കുപകരിക്കുകയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.  യാത്രയുടെ  സ്വഭാവത്തെക്കുറിച്ചും  ലക്ഷ്യസ്ഥാനത്തെക്കുറിച്ചും ഭക്ഷണം കൊടുത്തുവിട്ടവര്‍ക്കും വേണ്ടത്ര ഗ്രാഹ്യമില്ലായിരുന്നു.
മന്ന കണ്ടപ്പോള്‍ മരുഭൂമിയിലുണ്ടായിരുന്നവര്‍ വിചാരിച്ചു ലക്ഷ്യത്തിലെത്തുന്നതുവരെ തങ്ങള്‍ ഇനി  വേറൊന്നും  കരുതേണ്ടിവരുകയില്ലെന്ന്.  പക്ഷേ,  ഉണര്‍ന്നെണീറ്റപ്പോള്‍  അവര്‍ വാരിസൂക്ഷിച്ചിരുന്നതൊക്കെ  അപ്രത്യക്ഷമായി. കാരണം, അതൊക്കെ അന്നത്തെ  അപ്പം മാത്രമായിരുന്നു.
ആ അപ്പത്തെപ്പറ്റി ചോദിച്ചവര്‍ക്കാണ്   പുതിയൊരു പാഥേയത്തെപ്പറ്റി അറിയിപ്പു കിട്ടുന്നത്: 'ഇതു ഭക്ഷിക്കുന്നവര്‍ ഒരിക്കലും മരിക്കുകയില്ല; അവര്‍ക്ക് ഒരിക്കലും വിശക്കുകയില്ല' (യോഹ. 6-35). 'അവര്‍ എന്നേക്കും ജീവിക്കും' (യോഹ. 6-58).
അതുകൊണ്ടാണ്, എ.ഡി.107ല്‍  രക്തസാക്ഷിത്വമകുടം ചൂടിയ അന്ത്യോക്യയിലെ വി. ഇഗ്‌നേഷ്യസ് അതേപ്പറ്റി ഇങ്ങനെ എഴുതിയത്- 'ഇതാ, മരണമില്ലായ്മയുടെ മരുന്ന്... അമര്‍ത്ത്യതയുടെ അമൃതം.' കാരണം, ലക്ഷ്യസ്ഥാനത്തെക്കുറിച്ചും വഴിയെക്കുറിച്ചും  (യോഹ. 14-6) തികഞ്ഞ പരിജ്ഞാനമുള്ള  അനുഭവസ്ഥന്‍ തന്നെയാണ് ആ ഉറപ്പ് നല്കിയിരിക്കുന്നത് (യോഹ. 14:6).
ആരാധനയ്ക്കായി  ആദിമശതകങ്ങളില്‍ ജീവന്റെ  അപ്പം സൂക്ഷിക്കാറില്ലായിരുന്നു.  എങ്കിലും, ചിലര്‍ക്കൊക്കെ വേണ്ടി അതു മാറ്റിവയ്ക്കുമായിരുന്നു-  രോഗികള്‍ക്കും  മരണാസന്നര്‍ക്കുംവേണ്ടി. അങ്ങനെയാണ് തിരുപ്പാഥേയം എന്ന പേരു വന്നത്.
ഇതില്‍ ഇത്തിരി കഴിച്ചിട്ട്,  അവര്‍ യാത്രതിരിക്കട്ടെ.  വഴിക്കുവച്ച് അവര്‍ക്ക് ഒരിക്കലും  വിശക്കാതിരിക്കട്ടെ; തളര്‍ച്ച  തോന്നാതെയുമിരിക്കട്ടെ.
മഹാത്മഗാന്ധി ഒരിക്കല്‍ പറഞ്ഞു: 'ആരുടെയെങ്കിലും  വെടിയേറ്റു വീഴുകയാണെങ്കില്‍പ്പോലും ഈശ്വരനാമം ജപിച്ചുകൊണ്ടു മരിക്കാന്‍ കഴിയണമേ എന്നാണ്  എന്റെ എപ്പോഴുമുള്ള പ്രാര്‍ഥന.' ആ  പ്രാര്‍ത്ഥന ദൈവം സാധിച്ചുകൊടുത്തു എന്നതിന് ചരിത്രം  സാക്ഷിയാണ്. 1948 ജനുവരി 30നാണല്ലൊ അദ്ദേഹം  വെടിയേറ്റു മരിക്കുന്നത്.  അദ്ദേഹത്തിന്റെ  അവസാനത്തെ വാക്കുകള്‍ 'റാം', 'റാം' എന്നായിരുന്നു. അതുപോലെ  നമുക്കും ഉച്ചരിക്കാം: 'അനശ്വരമായ  അപ്പത്തിനുവേണ്ടി ആഗ്രഹിക്കുന്ന, സര്‍വാപരി അധ്വാനിക്കുന്ന ഒരുത്തനും അതു നഷ്ടമാവുകയില്ല' (യോഹ 6-27).  നമ്മുടെ  ഏറ്റവും തീവ്രമായ  പരിശ്രമവും  അന്തിമമായ   അഭിലാഷവും അതിനുവേണ്ടിയാവണം.   എന്തുവന്നാലും  ശരി, നമുക്ക് അതു ലഭിച്ചേ തീരൂ. അതുണ്ടെങ്കില്‍  നമ്മുടെ നിത്യയാത്ര തികച്ചും  സുരക്ഷിതമായിരിക്കും- മംഗളകരവുമായിരിക്കും.
                     ലേഖനം
                    
                സമ്പൂര്‍ണപാഥേയം
                    
							
 ഫാ. ജോസഫ് നെച്ചിക്കാട്ട്
									
									
									
									
									
                    