''എനിക്കോ ഒരു ഡോക്ടറാകാന്‍ പറ്റിയില്ല, എന്റെ മകനെയെങ്കിലും ഡോക്ടറാക്കണം, അവന് എഴുത്തും വരയും ഒക്കെയായിരുന്നു താത്പര്യം, അതുകൊണ്ടൊക്കെ ജീവിക്കാന്‍ പറ്റുവോ! ഞാന്‍ നിര്‍ബന്ധിച്ചാ എംബിഎയ്ക്കു ചേര്‍ത്തേ.'' ഏതാണ്ട് ഇതേ ഈണമുള്ള സംഭാഷണശകലങ്ങള്‍ നമ്മുടെ ചുറ്റുപാടുകളില്‍നിന്നു നാം എല്ലാവരും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകണം. മാതാപിതാക്കള്‍ തങ്ങളാഗ്രഹിക്കുന്ന വിധം തങ്ങളുടെ മക്കള്‍ ജീവിക്കണമെന്നു കരുതുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, മക്കള്‍ക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങള്‍? ഒരു തലമുറയെന്നത് മുന്‍തലമുറയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണോ?
ജിബ്രാന്റെ പ്രവാചകന്‍ പറയുന്നതു കേള്‍ക്കൂ: 
'അല്ല, നിങ്ങളുടെ പൈതങ്ങള്‍ നിങ്ങളുടേതല്ല.
നിങ്ങളിലൂടെ അവര്‍ വന്നു. എന്നാല്‍ നിങ്ങളില്‍നിന്നല്ല.
അവര്‍ക്കു സ്‌നേഹം നല്‍കുക. ചിന്തകളരുത്. കാരണം, അതവരില്‍ ആവോളമുണ്ട്.
അവരുടെ ദേഹത്തിന് വീടൊരുക്കുക, ആത്മാവിനരുത്.
നാളെയുടെ വീട്ടില്‍ പാര്‍ക്കേണ്ടവരാണ് അവര്‍' (വിവര്‍ത്തനം: ബോബി ജോസ് കട്ടികാട്)
ഇപ്പോള്‍ ഈ വിഷയം എഴുതാന്‍ കാരണം, കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍നിന്നു കേട്ട അതീവദുഃഖകരമായ ഒരാത്മഹത്യാവാര്‍ത്തയാണ്. ഡോക്ടറാകാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നും എഴുതിവച്ചാണ് നീറ്റ് പരീക്ഷയില്‍ 99 % മാര്‍ക്ക് നേടിയ അനുരാഗ് അനില്‍ ബോര്‍കര്‍ എന്ന പത്തൊമ്പതുകാരന്‍ ജീവിതം  അവസാനിപ്പിച്ചത്. ബിസിനസ് ചെയ്യാനാണു താന്‍ ആഗ്രഹിച്ചതെന്നും അതായിരുന്നു തന്റെ വഴിയെന്നുംകൂടി ആ ചെറുപ്പക്കാരന്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.
ഇന്ന് ഇത്തരം ഹൃദയഭേദകമായ വാര്‍ത്തകള്‍ അപൂര്‍വമല്ലാ തായിരിക്കുന്നു. ഇന്ത്യയിലെ എജ്യുക്കേഷന്‍ സിറ്റി എന്നറിയപ്പെടുന്ന, സിവില്‍ സര്‍വീസ് ഉള്‍പ്പെടെ  എല്ലാവിധ മത്സരപ്പരീക്ഷകള്‍ക്കുമുള്ള എണ്ണമറ്റ കോച്ചിങ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന രാജസ്ഥാനിലെ കോട്ട എന്ന നഗരത്തില്‍ ഈ വര്‍ഷം ആദ്യ          5 മാസങ്ങള്‍ക്കിടയില്‍ത്തന്നെ  (2025 ജനുവരി - 2025 മേയ്) ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 14 ആണ്! പരീക്ഷയില്‍ തങ്ങള്‍ പരാജയപ്പെടുകയും  അതോടെ മാതാപിതാക്കള്‍ തങ്ങളെപ്രതി നിരാശരായിത്തീരുകയും ചെയ്യും എന്ന വലിയ ഭയമാണ് ഏറ്റവും പുഷ്‌കലമായ ജീവിതകാലഘട്ടത്തില്‍ത്തന്നെ സ്വയം ജീവിതത്തിനു വിരാമമിടാന്‍ പലരെയും പ്രേരിപ്പിച്ചത്. എത്രയോ കാലംകൂടി ഈ ഭൂമിയില്‍ ജീവിതത്തിന്റെ സംഗീതം ആലപിക്കേണ്ടവരായിരുന്നു അവര്‍. എത്രമേല്‍ ദയനീയമായ അവസ്ഥയിലൂടെയായിരിക്കും അവരുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കടന്നുപോകുന്നുണ്ടാവുക?
മാതാപിതാക്കളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മക്കള്‍ മനസ്സിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മക്കളുടെ അഭിരുചികളും താത്പര്യങ്ങളും മാതാപിതാക്കള്‍ മനസ്സിലാക്കുക എന്നതും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിലേക്കു മക്കളെ കൊണ്ടുപോവാനല്ല, അവരുടെ കഴിവുകള്‍ എന്തെന്നു തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. അപ്പോള്‍ മക്കളും മാതാപിതാക്കളുമായുള്ള ബന്ധം കൂടുതല്‍ സുദൃഢവും ക്രിയാത്മകവുമാകും. എല്ലാവരും തങ്ങളുടെ കുട്ടികള്‍ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്താല്‍ മതിയെന്നു കരുതിയിരുന്നെങ്കില്‍ നമുക്കൊരു പി ടി ഉഷയോ യേശുദാസോ മോഹന്‍ലാലോ ഉണ്ടാകുമായിരുന്നില്ല.
വിജയങ്ങളില്‍ മാത്രമല്ല, തോല്‍വികളിലും തങ്ങള്‍ കൂടെത്തന്നെയുണ്ടാകുമെന്ന ഉറപ്പ് കുട്ടികള്‍ക്കു കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ജീവിതം വിജയങ്ങളും നേട്ടങ്ങളും മാത്രം നിറഞ്ഞതല്ലെന്നും,  പരാജയങ്ങളും പ്രതിസന്ധികളുംകൂടി ചേര്‍ന്നതാണെന്നും അവരെ ബോധ്യപ്പെടുത്തണം.
മോശം സമയങ്ങളില്‍ നമ്മള്‍ ചേര്‍ത്തുപിടിച്ചില്ലെങ്കില്‍പ്പിന്നെ ആരാണ് നമ്മുടെ മക്കളെ ചേര്‍ത്തുപിടിക്കുക! ഒരാളുടെ മോശം സമയത്തു കൂടെനില്‍ക്കുന്നവര്‍ക്കേ, അയാളുടെ  നല്ല സമയത്തും കൂടെ നില്‍ക്കാന്‍ ധാര്‍മികമായ അര്‍ഹതയുള്ളൂ.
കുട്ടികള്‍ക്കു സമയം കൊടുക്കുക. അവര്‍ പറയുന്നത് താത്പര്യപൂര്‍വം കേള്‍ക്കുക. അവരോടു സ്‌നേഹവും കാരുണ്യവും ഉള്ളവരായിരിക്കുക. നമ്മുടെ കുഞ്ഞുങ്ങളും നമ്മളെപ്പോലെതന്നെ സ്വതന്ത്രരായ വ്യക്തികളാണ് എന്ന ബോധ്യത്തോടെ, പരസ്പരബഹുമാനത്തോടെ അവരോട് ഇടപെടുക.
അങ്ങനെയായാല്‍ തോല്‍വി അവരെ കയറെടുപ്പിക്കില്ല. പ്രതിസന്ധികള്‍ അവരെ തകര്‍ത്തുകളയില്ല. അമിതസമ്മര്‍ദങ്ങളില്ലാതെ  ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരട്ടെ.
							
 ജിന്‍സ് കാവാലി
                    
									
									
									
									
									
                    