പാലായ്ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച രാഷ്ട്രപതിയുടെ സന്ദര്‍ശനം സെന്റ് തോമസ് കോളജിനു മാത്രമല്ല, മീനച്ചില്‍താലൂക്കിനാകെ അഭിമാനമുണര്‍ത്തുന്നതായി. ശിവഗിരിയില്‍ ഗുരുദേവ സമാധി ശതാബ്ദിയാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം 23 ന് ഉച്ചകഴിഞ്ഞ്, 3.05 ന് ഹെലികോപ്റ്ററില്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പൊലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനവേദിയായ 'ബിഷപ് വയലില്‍ ഹാ'ളിലേക്കു പോയ രാഷ്ട്രപതി 40 മിനിറ്റ് നീണ്ട സമ്മേളനത്തിനുശേഷം ഹെലികോപ്റ്ററില്‍ കോട്ടയത്തേക്കു മടങ്ങി.
   സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചവരെല്ലാം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഹാളില്‍ പ്രവേശിച്ചു. അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വാധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള മറ്റാളുകള്‍ എന്നിവരാണ് സദസ്സിലുണ്ടായിരുന്നത്. കോളജിന്റെ സ്ഥാപകന്‍ അഭിവന്ദ്യ വയലില്‍പിതാവിന്റെ ജീവിതത്തിലേക്കും കോളജിന്റെ ആദ്യകാലചരിത്രത്തിലേക്കും വളര്‍ച്ചയിലേക്കും വെളിച്ചം വീശുന്ന ഫോട്ടോകളും വീഡിയോകളും വിവരണങ്ങളും മൂന്നു സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിച്ചത് എല്ലാവര്‍ക്കും ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രകൂടിയായി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് സ്വാഗതപ്രസംഗമാരംഭിച്ചതും അഭിവന്ദ്യ വയലില്‍പിതാവിനെ അനുസ്മരിച്ചുകൊണ്ടാണ്.
    സാര്‍വത്രികമായ അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങളാണ് വിദ്യാഭാസപ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും ഈ ദൗത്യം അഭംഗുരം തുടരുന്നതില്‍ സെന്റ് തോമസ് കോളജിനെ താന്‍ അഭിനന്ദിക്കുന്നതായുമുള്ള ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ വാക്കുകള്‍ കോളജിനുള്ള അംഗീകാരം കൂടിയായി. പ്രതിസന്ധികളുെടയും അനിശ്ചിതത്വങ്ങളുടെയും ദുരിതവഴികള്‍ താണ്ടിയ അഭിവന്ദ്യവയലില്‍പിതാവ് ഉള്‍പ്പെടെയുള്ളവര്‍ തെളിച്ചിട്ട അതേ ദര്‍ശനവഴികളില്‍കൂടിയാണ് എഴുപത്തിയഞ്ചാണ്ടിനപ്പുറവും ഈ കലാലയം സഞ്ചരിക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ വാക്കുകള്‍.
    പാലാ രൂപത മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിയെ  കോളജിനുള്ളില്‍ സ്വീകരിച്ചു. 'എ' ബ്ലോക്കിലെ നവീകരിച്ച പാര്‍ലറില്‍   ഇരുപതു മിനിട്ട് വിശ്രമിച്ചതിനുശേഷമാണ് ബഹു. രാഷ്ട്രപതിസമ്മേളനവേദിയിലേക്കെത്തിയത്. നാല് ജില്ലാപോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള വിപുലമായ    സുരക്ഷാക്രമീകരണങ്ങളാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍  ശ്രീ. ആശിഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുള്‍പ്പെട്ട സംഘാടകസമിതിയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി.
							
  സിജു ജോസഫ്
                    
									
									
									
									
                    