1950 നവംബര്‍ 9-ാം തീയതിയായിരുന്നു പാലാ രൂപതയുടെ പ്രഥമമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെയും മാര്‍ ജെയിംസ് കാളാശേരിപ്പിതാവിന്റെ പിന്‍ഗാമിയായി നിയമിതനായ ചങ്ങനാശേരി രൂപതയുടെ മെത്രാന് മാര്‍ മാത്യു കാവുകാട്ടിന്റെയും മെത്രാന്പട്ടസ്വീകരണം. റോമില്‍ ആവിലായിലെ വിശുദ്ധ തെരേസായുടെ നാമത്തിലുള്ള പള്ളിയില്‍വച്ച് പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ സെക്രട്ടറി യൂജേന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങാണ് മെത്രാന്പട്ടശുശ്രൂഷകള് നിര്‍വഹിച്ചത്. കോട്ടയം രൂപതയുടെ മെത്രാന് അഭിവന്ദ്യ മാര്‍ തോമസ് തറയില്പിതാവും കൊല്ലം രൂപതാധ്യക്ഷനായ ബിഷപ് ഡോ. ജറോം ഫെര്‍ണാണ്ടസും സഹകാര്‍മികരായിരുന്നു.
ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ നാമത്തിലുള്ള റോമിലെ മൈനര്‍ ബസിലിക്ക
   1901 ല്‍ കാര്‍ഡിനല്‍ ജെറോം ജിയോത്തായാണ് ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ പേരില്‍ റോമിന്റെ പ്രാന്തപ്രദേശമായ പിന്ചിയാനോയില് ഈ ദൈവാലയം സ്ഥാപിച്ചത് (Corso d’ Halia 37, Roma) 1906 ല്‍ വി. പത്താംപീയൂസ് മാര്‍പാപ്പാ ഇതിനെ റോം രൂപതയിലെ ഒരിടവകദൈവാലയമായി പ്രഖ്യാപിക്കുകയും ഇടവകയുടെ ചുമതല കര്‍മലീത്താ നിഷ്പാദുക സഭയെ (OCD)  ഏല്പിക്കുകയും ചെയ്തു. 1951 ല്‍ ഈ പള്ളിയെ പന്ത്രണ്ടാം പീയൂസ്  മാര്‍പാപ്പാ ഒരു മൈനര്‍ ബസിലിക്കയായും 1962 മുതല്‍ കര്‍ദിനാളന്മാരുടെ  സ്ഥാനികഇടവകയായും വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ ഉയര്‍ത്തി. ഇപ്പോഴത്തെ സ്ഥാനികകര്ദിനാള് മൗരീഷ്യസ്ദ്വീപില്നിന്നുള്ള മോറീസ് പിയാറ്റ് ആണ്. ഈ ദൈവാലയത്തില്‍വച്ചാണ് 1950 നവംബര്‍ 9-ാം തീയതി സെബാസ്റ്റ്യന്‍ വയലില്പ്പിതാവിനും മാത്യു കാവുകാട്ടുപിതാവിനും യൂജേന്‍ കാര്‍ഡിനല്‍ തിസ്സറാങ് മെത്രാന്‍പട്ടം നല്‍കിയത്. അതിനുമുമ്പ് നവംബര്‍ ഒന്നാംതീയതി മാതാവിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ച ചടങ്ങുകളില്‍ പങ്കെടുത്തു. അതില്‍ പങ്കെടുത്ത മേലധ്യക്ഷന്മാരുടെ പേരുകളോടൊപ്പം ഇവരുടെയും പേരുകള്‍ വി. പത്രോസിന്റെ ബസിലിക്കയുടെ പ്രവേശനകവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്.
   2024 ജൂണ്‍ 26 ന് ഈ ദൈവാലയം സന്ദര്‍ശിച്ച് വിശുദ്ധകുര്‍ബാന അര്‍പ്പിച്ചശേഷമാണ് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സംബന്ധിച്ച ഇടയലേഖനം  അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവ് എഴുതിയത്.
യൂജേന്‍ കര്‍ദിനാള്‍ തിസ്സറാങ് (1884-1972)
   സീറോ മലബാര്‍സഭയെ ഏറെ സ്നേഹിച്ചിരുന്ന മഹാനുഭാവനാണ് 25 വര്‍ഷത്തോളം പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ ചുമതല വഹിച്ച കര്‍ദിനാള്‍ തിസ്സറാങ്. സീറോമലബാര്‍സഭയ്ക്കുവേണ്ടി രണ്ടു മെത്രാന്മാര്ക്കു തിരുപ്പട്ടം നല്കുന്നതിനദ്ദേഹത്തിനു വളരെ സന്തോഷമുണ്ടായിരുന്നു. അതു സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും  ചെയ്തതും കര്ദിനാള്തന്നെയായിരുന്നു.
വയലില്‍ കളപ്പുരയില്‍ മാണിക്കുട്ടിയച്ചന്‍
    പാലാ വലിയ പള്ളി ഇടവക വയലില്‍കളപ്പുര മാണിച്ചന് മൂന്നു പെണ്‍കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. മൂത്തപുത്രി ഏലിയാമ്മയെ പാലാ തെരുവില്‍ ഈപ്പന് മത്തായിയും രണ്ടാമത്തെ മകള്‍ ത്രേസ്യാമ്മയെ പാലാ ഇടവക മൂലയില്‍ കുഞ്ഞു ദേവസ്യായും മൂന്നാമത്തെ പുത്രി റോസമ്മയെ ഭരണങ്ങാനം ഇടവക പേരേക്കാട്ട് ഔസേപ്പച്ചനും വിവാഹം ചെയ്തു. രണ്ടാമത്തെ പുത്രി ത്രേസ്യാമ്മയും ഭര്‍ത്താവ് മൂലയില്‍ കുഞ്ഞുദേവസ്യായും പാറപ്പള്ളിയിലുള്ള വയലില്കളപ്പുരത്തറവാട്ടില് താമസമാക്കി. ആ വീട്ടുപേര് നിലനിര്‍ത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം  വയലില്‍പിതാവിന്റെ ആത്മകഥയായ 'നിന്റെ വഴികള്‍ എത്ര സുന്ദരം!' എന്ന കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 
1906 ജനുവരി 28-ാം തീയതിയാണ് വയലില്‍കളപ്പുര ദേവസ്യാ-ത്രേസ്യാമ്മദമ്പതികളുടെ രണ്ടാമത്തെ പുത്രനായി വയലില്‍ സെബാസ്റ്റ്യന്‍ ജനിക്കുന്നത്. ജനിച്ചതിന്റെ എട്ടാംനാള്‍ ദേവസ്യാ (സെബാസ്റ്റ്യന്‍) എന്ന പേരിട്ടുകൊണ്ട് മാമ്മോദീസാ നല്കി. മാണിക്കുട്ടി എന്ന ഓമനപ്പേരും ലഭിച്ചു.  വൈദികനായശേഷവും മാണിക്കുട്ടിയച്ചന്‍ എന്ന പേരിലാണ് വയലില്‍പിതാവ് അറിയപ്പെട്ടിരുന്നത്.
    ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1929 ലാണ് 'മാണിക്കുട്ടി' സെമിനാരിയില്‍ ചേരുന്നത്. പാലാ സെന്റ് തോമസ് ഹൈസ്കൂളിലും  തൃശിനാപ്പള്ളി കോളജിലും ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദം സമ്പാദിച്ചശേഷമാണ് സെമിനാരിപഠനം ആരംഭിക്കുന്നത്. മേജര്‍ സെമിനാരിപഠനം പൂര്‍ത്തിയാക്കി 1935 ഡിസംബര്‍ മാസം 21-ാം തീയതി മാര്‍ ജയിംസ് കാളാശേരില്പിതാവില്നിന്നാണ് റവ. സെബാസ്റ്റ്യന്‍ വയലില്‍ തിരുപ്പട്ടം സ്വീകരിക്കുന്നത്. അന്നു ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 21 പേരാണ് വൈദികരായത്. അതില്‍ മൂന്നുപേര്‍ പാലാ വലിയപള്ളി ഇടവകക്കാരായിരുന്നു. ഫാ. മാത്യു പൊടിമറ്റവും ഫാ. തോമസ് തലച്ചിറയുമായിരുന്നു മറ്റു രണ്ടുപേര്‍. പട്ടത്തിനുശേഷം പിറ്റേദിവസം ഓരോരുത്തരും പുത്തന്‍കുര്‍ബാനയും അര്‍പ്പിച്ച് (അന്നു സമൂഹബലി ഇല്ല) സ്വന്തം ഇടവകയിലേക്കു യാത്രയായി. ഫാ. തോമസ് തലച്ചിറയില്‍ യാത്രാമധ്യേ പട്ടിത്താനത്തുവച്ചുണ്ടായ ബസ്സപകടത്തില്‍ മരണമടഞ്ഞു. ഈ ദുഃഖകരമായ വിവരം പിതാവിന്റെ ആത്മകഥയില്‍ വളരെ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്.
   വയലില്‍ സെബാസ്റ്റ്യനച്ചന്‍ പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ അസിസ്റ്റന്റ് മാനേജരായും ബോര്‍ഡിങ് ഡിറക്റായും അധ്യാപകനായും സേവനം ചെയ്തു. തുടര്‍ന്ന് ട്രെയിനിങ് (L.T.) പാസാകുകയും പാലായിലെ അധ്യാപക്രെടയിനിങ് സ്കൂളില്‍ പ്രധാനാധ്യാപകനാവുകയും ചെയ്തു.
പാലായില്‍ ഒരു കോളജാരംഭിക്കുന്നതിന് പാലാപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിപ്പോന്ന പരിശ്രമങ്ങളില്‍ വയലില്‍ അച്ചനും പങ്കെടുത്തിരുന്നു. മാര്‍ ജെയിംസ് കാളാശേരിപ്പിതാവ് പാലായില്‍ കോളജ് സ്ഥാപിക്കാന്‍ അനുവാദം നല്കിയപ്പോള് അതിനായുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി വയലിലച്ചനെയാണ് നിശ്ചയിച്ചത്. അന്നത്തെ പാലാ ഫൊറോനാപ്പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട ഇമ്മാനുവല്‍ മേച്ചേരിക്കുന്നേലച്ചനോടും പാലായിലെ പൗരപ്രമുഖരോടുമൊപ്പം സെബാസ്റ്റ്യന്‍ വയലിലച്ചന് അശ്രാന്തം പരിശ്രമിച്ചു. ഇതിനെല്ലാം നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു. സ്വന്തം പ്രാര്‍ഥനയിലും മറ്റുള്ളവരുടെ പ്രാര്‍ഥനയിലും  ആശ്രയിച്ചാണ് അദ്ദേഹം മുന്നേറിയത്. കേരളത്തിലെ സുറിയാനിരൂപതയിലെ എല്ലാ കന്യാസ്ത്രീമഠങ്ങളിലേക്കും കോളജുസ്ഥാപനത്തിനായി പ്രാര്‍ഥന യാചിച്ചുകൊണ്ട് കത്തുകളെഴുതിയ കാര്യം ആത്മകഥയില്‍ പിതാവ് ഓര്‍ത്തെടുക്കുന്നുണ്ട്. 1950 ഏപ്രില്‍ മാസം 16-ാം തീയതി കോളജിന്റെ ശിലാസ്ഥാപനകര്മംനടന്നു.
    1949 ഒക്ടോബര്‍ 27-ാം തീയതി മാര്‍ ജെയിംസ് കാളാശേരിപ്പിതാവ് ഹൃദയാഘാതത്താല്‍ ആകസ്മികമായി ദിവംഗതനായി. അദ്ദേഹത്തിനു പിന്‍ഗാമിയെ കണ്ടെത്താനും ചങ്ങനാശേരിരൂപത വിഭജിച്ച്  പാലാ രൂപതയ്ക്കു രൂപംകൊടുക്കാനും റോമില്‍ ആലോചനകള്‍ നടന്നു. 1950 ജൂെൈല  25 ന് അതുസംബന്ധിച്ച കല്പനകളില് പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പാ ഒപ്പുവയ്ക്കുകയും ചെയ്തു. റോമിന്റെ നടപടിക്രമമനുസരിച്ച് അന്നുതന്നെ അതു പരസ്യമാക്കുകയില്ല. മെത്രാന്മാരായി നിശ്ചയിച്ചിരിക്കുന്നവരുടെ സമ്മതത്തിനായി ഇന്റര്‍നുണ്‍ഷ്യോ വഴി അവര്‍ക്ക് അറിയിപ്പു കൊടുക്കും. അവരത് പരമരഹസ്യമായി സൂക്ഷിക്കുകയും ടെലിഗ്രാംവഴി മറുപടി കൊടുക്കുകയും ചെയ്യണം. അപ്രകാരമുള്ള അറിയിപ്പുമായി ചങ്ങനാശേരിഅരമനയില്നിന്ന് രണ്ടു വൈദികര്‍ പാലായിലെത്തുന്നത് 1950 ഓഗസ്റ്റ് ഏഴാംതീയതി ഉച്ചസമയത്താണ്. അന്നുതന്നെയായിരുന്നു താത്കാലികകെട്ടിടത്തില് പാലാ സെന്റ് തോമസ് കോളജിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനപ്രസംഗം നടത്തിയ മാര്‍ തോമസ് തറയില്‍പിതാവ് 'നിങ്ങളുടെയിടയില്‍ നിങ്ങളറിയാത്ത ഒരാള്‍ നില്പുണ്ട്' എന്ന സുവിശേഷവാക്യം ഉദ്ധരിക്കുകയുണ്ടായി.
കത്തുമായി വന്നവര്‍ അന്വേഷിച്ചെത്തുമ്പോള്‍ പുതിയ കോളജിന്റെ സിമിന്റുതറയില്‍ ഒരു തോര്ത്തുംവിരിച്ച് കിടന്നുറങ്ങുന്ന മാണിയച്ചനെയാണ് കണ്ടത്! അവര്‍ നിര്‍ബന്ധിച്ച് കത്തു വായിപ്പിച്ചു. ഇതിനോടകം സെന്റ് തോമസ് സ്കൂളില്‍ ഉച്ചഭക്ഷണത്തിനായി തറയില്‍പിതാവ് ഉള്‍പ്പെടെ പ്രധാനാതിഥികള് കാത്തിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് കാറുമായി ആളുകളെത്തി! 1950 സെപ്റ്റംബര്‍ 9-ാം തീയതിയാണ് പുതിയ രൂപതാസ്ഥാപനത്തിന്റെയും മെത്രാന് തിരഞ്ഞെടുപ്പിന്റെയും കാര്യം പ്രസിദ്ധീകരിച്ചത്.
							
 ഫാ. കുര്യാക്കോസ് നരിതൂക്കിൽ
                    
									
									
									
									
                    