എവിടെ തിരിഞ്ഞുനോക്കിയാലും വനിതാമുന്നേറ്റത്തിന്റെ വര്‍ത്തമാനങ്ങളാണ്. നല്ലതുതന്നെ! വനിതകള്‍ സമൂഹത്തിന്റെ മുഖച്ഛായകളും ഹൃദയസൂക്ഷിപ്പുകാരുമാണ്.  സാമ്പത്തികസാമൂഹികവൈജ്ഞാനികകാര്‍ഷിക മേഖലകളിലെല്ലാം വനിതാ  മുന്നേറ്റം പ്രകടമാണ്. ജനാധിപത്യത്തിന്റെ മുഖ്യധാരയിലും ഭരണത്തിന്റെ ഇടനാഴിയിലും വനിതകളുണ്ട്. ബഹിരാകാശരംഗത്തും വനിതകള്‍ മുന്നില്‍ത്തന്നെ. ഒന്നിലും പിന്നിലല്ലാത്ത വനിതകള്‍ പക്ഷേ, ചില കാര്യങ്ങളില്‍ ആശങ്കയുടെ കല്ലുകടികള്‍ സൃഷ്ടിക്കുന്നു.
   പഴയകാലസങ്കല്പത്തില്‍ കുടുംബത്തിലും സമൂഹത്തിലും അരുതുകളുടെ അതിരുകള്‍ കാണിക്കുന്നതില്‍ മുന്‍നിരയിലായിരുന്നു വനിതകള്‍; നന്മയുടെ വിളക്കുമായി ത്യാഗബുദ്ധിയോടെ പുരുഷന്മാര്‍ക്കു വഴികാട്ടിയായിരുന്നു. വഴിവിട്ട സഞ്ചാരത്തിനു    തടയിടാന്‍ വനിതകളുടെ സുരക്ഷിതമായ മനസ്സ് മുന്‍നിരയിലുണ്ടായിരുന്നു. മഹത്തായ കാര്യങ്ങളുടെ            അണിയറശില്പികളായിരുന്നു വനിതകള്‍. വീട്ടിലും നാട്ടിലും പ്രവൃത്തിമേഖലകളിലും അണയാത്ത 'സ്‌നേഹദീപം' വനിതകളുടെ മുഖമുദ്രയായിരുന്നു.
    ജീവനെ ഹനിക്കാനോ ക്രൂരവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ സത്യവിരുദ്ധമായി പ്രവര്‍ത്തിക്കാനോ വനിതകള്‍ സമ്മതിച്ചിരുന്നില്ല! സമൂഹത്തിന്റെ ജീവിതയാത്രയിലെ 'സിഗ്നല്‍ജങ്ഷ'നായിരുന്നു വനിതകള്‍ എന്നു പറയേണ്ടിവരും. പ്രശ്‌നങ്ങളിലേക്ക്  എത്തിപ്പെടാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരുന്നു വനിതകള്‍. 
   തെറ്റുകളില്‍നിന്നു ചുറ്റു പാടുകളെ രക്ഷിച്ചിരുന്ന    വനിതകള്‍ പക്ഷേ, ഇന്ന് ഞെട്ടിക്കുന്ന തെറ്റുകളില്‍ അഥവാ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കാണുന്നു. നന്മയില്‍ ഒപ്പമെത്തേണ്ടവര്‍ അല്ലെങ്കില്‍ ഒപ്പമായിരിക്കേണ്ടവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നത് നമ്മുടെ സമൂഹത്തിന്റെ താളം തെറ്റിക്കുമെന്നതില്‍ സംശയമില്ല. വനിതകളുടെ ബുദ്ധിയല്ല, ഹൃദയമാണ് മനുഷ്യരെ ആകര്‍ഷിക്കുന്നത്. സദാചാരം, സത്യം, വിനയം, കരുണ, ആര്‍ദ്രത, ആത്മീയത, സമസൃഷ്ടിസ്‌നേഹം തുടങ്ങി ചുറ്റുമുള്ളവര്‍ക്ക്  ജീവിതപാഠങ്ങളാകുന്ന മൂല്യങ്ങള്‍ക്ക് എവിടെയൊക്കെയോ അപഭ്രംശം സംഭവിച്ചിരിക്കുന്നു. ലക്ഷ്യം നേടാന്‍ മാര്‍ഗം പ്രശ്‌നമല്ലെന്നായിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ ഗൗരവം ചുറ്റുമുള്ളവരെ ആശങ്കപ്പെടുത്തുന്നു. പുരുഷജീവിതത്തെ സജീവമാക്കി നിര്‍ത്തുന്നത് സ്‌നേഹമയികളായ സ്ത്രീകളാണെന്നത് മറക്കാതിരിക്കാം.
'അപൂര്‍വങ്ങളില്‍     അപൂര്‍വ'മെന്നു നിയമപുസ്തകം കണ്ടെത്തുന്ന തെറ്റുകളില്‍പോലും വനിതകളുടെ പങ്കാളിത്തം സമൂഹത്തെ ഞെട്ടിക്കുന്നുണ്ട്. ആത്മഹത്യകള്‍ പെരുകുന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. പുറമേ ശക്തരെന്നു കാണപ്പെടുന്നവരുടെ ആന്തരികനില തെല്ലും ബലമുള്ളതല്ലെന്നു തോന്നിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ നമുക്കു ഭയമുളവാക്കുന്നതാണ്. വിദ്യാഭ്യാസത്തിന്റെ       ഏറ്റക്കുറച്ചിലോ, സാമ്പത്തികനിലയിലെ വ്യതിയാനങ്ങളോ തൊഴില്‍മേഖലയിലെ അസന്തുലിതാവസ്ഥകളോ ഒന്നും ഇന്നത്തെ ആത്മഹത്യകളുടെ ഗണത്തില്‍ കാരണങ്ങളാകുന്നില്ല. സാമാന്യചിന്തകളെ ഹനിക്കുംവിധമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. കുറ്റവാളികളുടെനിരയില്‍ വനിതകളുടെ വന്‍വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്.
    കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ദൈവത്തിന്റെ പേര് അമ്മയെന്നാണ് എന്നൊരു വിശുദ്ധ കാഴ്ചപ്പാടുണ്ട്. വിശുദ്ധ    വിചാരങ്ങളെ അനുദിനജീവിതത്തോടൊപ്പമാക്കുന്നതില്‍ സ്ത്രീകളുടെ മനോനിലയ്ക്കു സുപ്രധാനപങ്കുണ്ടെന്നതു മറക്കരുത്. ധനമോഹത്തിനും ആഡംബരഭ്രമത്തിനുമപ്പുറം സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരാകണം സ്ത്രീകള്‍.
ആധുനികസ്ത്രീകളുടെ അചഞ്ചലവും നിര്‍ഭയവുമായ നിലപാടുകള്‍ പ്രശംസനീയമാകുമ്പോഴും അവളുടെ നന്മയില്‍നിന്നുള്ള ചുവടുമാറ്റം ആരും ആഗ്രഹിക്കുന്നില്ല.
    രാത്രിയിലും അണയാത്ത വിളക്കാണവള്‍ എന്നാണ് സ്ത്രീയെക്കുറിച്ചുള്ള     സങ്കല്പം! കൂരിരുളിലും വെളിച്ചമാകുന്നവളാണ് സ്ത്രീയെങ്കില്‍ അതിനു സമാനമായ മാറ്റങ്ങള്‍ക്കാണ് വനിതകള്‍ നേതൃത്വം നല്‍കേണ്ടത്. എവിടെയും ഒരു തിരുത്തല്‍ ശക്തിയാകേണ്ടവളാണ് സ്ത്രീ; ഒരു കാലത്ത് അങ്ങനെതന്നെയായിരുന്നുതാനും.  എക്കാലത്തും മുന്‍നിരയില്‍ സ്വീകാര്യതയുള്ളതും സ്ത്രീകള്‍ക്കുതന്നെയാണ്. ''അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം   അവളുടെ നാവിലുണ്ട്'' (സുഭാ. 31:26). ജ്ഞാനവും സമാനമായ ഉപദേശവും വനിതകളുടെ  ജനിതകദാനമാണ്; ദൈവദാനമാണ്.   സമസ്തമേഖലയിലും വനിതകള്‍ കര്‍മനിരതമാകുമ്പോഴും  ഈ ദൈവദാനം ഓര്‍മയിലുണ്ടാകണം. നന്മയുടെ  പ്രയോക്താക്കളാകാന്‍ വിളിയുള്ളവരാണ് വനിതകള്‍ എന്നു മറക്കരുത്.
പഴയകാലത്ത് അമ്മമാര്‍ കുടുംബത്തിനുവേണ്ടി ജാഗ്രതയോടെ സംസാരിക്കുന്നവരായിരുന്നു. പുരുഷന്മാരെ മുന്നാക്കം നിറുത്തുമ്പോഴും 'വാതില്‍മറവില്‍'നിന്നു സംസാരിക്കുന്ന വനിതകളുടെ  വാക്കിന് സ്വര്‍ഗീയപ്രകാശമുണ്ടായിരുന്നു. 'കുടുംബം' എന്ന സംബോധനയില്‍ പുരുഷന്മാര്‍ വനിതകളെ കുടുംബത്തിന്റെ മുഴുവന്‍ 'രക്ഷാധികാരി'യാക്കുകയായിരുന്നു. തുല്യതയുടെ തര്‍ക്കത്തേക്കാള്‍ കുടുംബത്തിന്റെ കെട്ടുറപ്പിന്റെ 'സഹനം' ദൈവതിരുമുമ്പില്‍ കാഴ്ചയാക്കി സമര്‍പ്പിക്കുന്നവരായിരുന്നു വനിതകള്‍. പുരുഷന്മാര്‍ ഒരേസമയം പല കാര്യത്തില്‍ ശ്രദ്ധിക്കാറില്ല; എന്നാല്‍, ഒരേസമയം പല കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാനാകുന്നവരാണ്    വനിതകള്‍! 
മുന്‍നിരപോരാളിയേക്കാള്‍ ശക്തരായിരുന്നു വനിതകള്‍ എന്നും. എന്നാല്‍, ഇന്നു കാലമേറെ നവീനമാകുമ്പോള്‍ എവിടെയൊക്കെയോ താളപ്പിഴകള്‍ വന്നുപെട്ടിരിക്കുന്നു. ദാമ്പത്യത്തിന്റെ      വിശുദ്ധിക്കു മങ്ങലേല്പിച്ചുകൊണ്ട് 'ആണ്‍സുഹൃത്ത്-പെണ്‍സുഹൃത്ത്' ബന്ധങ്ങള്‍ വന്നുപെട്ടിരിക്കുന്നു. സൗഹൃദത്തിന്റെ അര്‍ഥവും അര്‍ഥാന്തരവും കണ്‍ഫ്യൂഷനാകുന്ന കാലം!
തര്‍ക്കവിതര്‍ക്കങ്ങളേക്കാള്‍ നമ്മുടെ സമൂഹത്തിന് ഒരു തിരിഞ്ഞുനോട്ടമോ വിചിന്തനമോ അനിവാര്യമാകുന്ന കാലമാണിന്ന്. മുന്നിലെ 'തീയും വെള്ളവും' വിവേകത്തോടെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും; പ്രത്യേകിച്ച്, സ്ത്രീകള്‍ക്കു ബാധ്യതയുണ്ട്.
സ്‌നേഹത്തിന്റെ സൂക്ഷ്മാംശത്തില്‍ മനനം ചെയ്യുന്നവളാണ് സ്ത്രീ. മൃദുലവിചാരങ്ങള്‍, മൃദുസ്പര്‍ശം, മൃദുഭാഷണം, ആരെയും നയിക്കാനും സന്മാര്‍ഗത്തിന്റെ സാരാംശം അന്യരിലേക്കു സന്നിവേശിപ്പിക്കാനും കഴിവുള്ളവള്‍.
    സമൂഹത്തില്‍ നന്മയുടെ നെടുനായകത്വം വഹിക്കാനുള്ള  തിരുത്തല്‍ശക്തിയായി സ്ത്രീകള്‍ മുന്‍നിരയിലും  പിന്‍നിരയിലും മധ്യനിരയിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ടാകണം. മാറ്റമില്ലാത്ത മനുഷ്യത്വത്തിന്റെ വക്താക്കളായി സ്ത്രീത്വം ശക്തിപ്രാപിക്കുമ്പോള്‍ സ്ത്രീകളറിയാതെ തന്നെ സമൂഹത്തിന്റെ സാരാംശമായി 'പെണ്മ' വളര്‍ന്നുപന്തലിക്കും. ഭരണനൈപുണ്യത്തെക്കാള്‍ ജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനും പരിപോഷണത്തിനും ദൈവത്തോടൊപ്പം നില്‍ക്കുന്നവളാണ് സ്ത്രീകളെന്നുള്ള ഒരു ബോധം സദാ ഉണ്ടാകണം. പുരുഷന്മാരുടെ കാഴ്ചയേക്കാള്‍ സ്ത്രീകളുടെ ഉള്‍ക്കാഴ്ച സമൂഹത്തിനു മാറ്റത്തിന്റെ മറുപുറമാകുമെന്നു തിരിച്ചറിഞ്ഞ് വര്‍ത്തിക്കണം.
തിക്കിലും തിരക്കിലും ആഡംബരനിറവിലും ആഘോഷത്തിലുമൊന്നുമല്ല നിശ്ശബ്ദതയിലാണ് ദൈവം മനുഷ്യരോടു സംഭാഷിക്കുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാകും, നിശ്ശബ്ദതയുടെ ദൈവികഭാഷണം 'യഥാവിധി' ശ്രവിക്കുന്നത് സ്ത്രീകളാണെന്ന്. അതുതന്നെയാണ് ഒറ്റുകൊടുക്കുന്നവരെയും തള്ളിപ്പറയുന്നവരെയും  'സ്‌നേഹിതാ' എന്നു വിളിക്കുന്ന പെണ്മ!
							
 ടോം ജോസ് തഴുവംകുന്ന്
                    
									
									
									
									
                    