•  6 Nov 2025
  •  ദീപം 58
  •  നാളം 35
ലേഖനം

കഥ പറയും പള്ളിക്കൂടങ്ങള്‍

   കുട്ടികള്‍ സ്‌കൂളിലേക്കു പോകുന്നത് പതുക്കെ നടന്നും വീട്ടിലേക്കു വരുന്നത് ഓടിയുമാണ്. ഈ പ്രസ്താവന നമ്മുടെ പ്രതീക്ഷയ്ക്കു വിപരീതമെങ്കിലും പരമാര്‍ഥം തന്നെയെന്നു സമ്മതിക്കാതെ തരമില്ല. എന്താവാം ഈയൊരു തകിടംമറിച്ചിലിനു കാരണം? ഇവിടെ തത്ത്വവിചാരങ്ങളെക്കാള്‍ അനുഭവകഥനമാണ് അനുയോജ്യമെന്നു തോന്നുന്നു.
    മുറിമീശയും ഊര്‍ന്നുവീഴാന്‍ പോകുന്ന കാലുറയും വലിയ ഷൂവും വട്ടത്തൊപ്പിയും ചൂരല്‍വടിയുമായി നില്ക്കുന്ന ചാര്‍ലി ചാപ്ലിന്‍ ഒരിക്കല്‍ പറഞ്ഞു: ''സ്‌കൂള്‍ എനിക്കൊരു പേടിസ്വപ്നമായിരുന്നു.'' ആമുഖം ആവശ്യമില്ലാത്ത ഈ അതുല്യപ്രതിഭ, വ്യഥിതബാല്യത്തിന്റെ വിഹ്വലതകള്‍ ഏറെയനുഭവിച്ച വിദ്യാര്‍ഥിയാണ്. ദാരിദ്ര്യവും അവഗണനയും തിന്നുകുടിച്ച നാളുകള്‍. ചേരികളിലെ കുടുസ്സുമുറികളിലും അനാഥമന്ദിരങ്ങളിലുംനിന്ന് സ്‌കൂളിലെത്തുമ്പോള്‍ കിട്ടിയതോ? ചെയ്യാത്ത കുറ്റത്തിന് ഒരിക്കല്‍ ലഭിച്ച കടുത്ത ശിക്ഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭീതി നിറയും. സ്‌കൂള്‍ ഒരു ശിക്ഷാലയം തന്നെ.
    വിഖ്യാതനായ സെന്റ് അഗസ്റ്റിന്‍ ഇപ്രകാരമാണ് കുമ്പസാരത്തില്‍ കുറിച്ചിട്ടത്: ''വിദ്യാലയത്തില്‍നിന്നു കുറച്ചുമാത്രം പഠിച്ചു; ഏറെ അടിയും കൊണ്ടു.'' നാമംകൊണ്ടും കര്‍മ്മംകൊണ്ടും ഗുരു നിത്യചൈതന്യമാണ് എന്നു മലയാളികളെ ഓര്‍മ്മിപ്പിച്ച ഗുരു യതിയുടെ നിരീക്ഷണം ഇപ്രകാരം: ''വീട്ടിലുള്ള കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടുപോയി ഭരണികള്‍പോലുള്ള ക്ലാസ്സുമുറിയില്‍ ഇരുത്തി, നല്ല എരിവുള്ള അടി കൊടുത്ത് കണ്ണുനീരിന്റെ ഉപ്പിലിടുന്നു.'' വടി കണ്ടിട്ടും അടി കൊണ്ടിട്ടും മാത്രമാണോ കട്ടികള്‍ സ്‌കൂളിലേക്കുള്ള വഴിയില്‍ തീരെ പതുക്കെ മാത്രം ചുവടുകള്‍ വയ്ക്കുന്നത്? കുട്ടികളില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതാണോ പള്ളിക്കൂടങ്ങള്‍!  അവധിക്കാലം ഒന്നു കഴിഞ്ഞുകിട്ടാന്‍ രക്ഷിതാക്കളും സ്‌കൂള്‍ തുറക്കാതിരിക്കാന്‍ കുട്ടികളും കൊതിക്കുന്നത് ഒരേ സമയത്താണെന്ന് ആര്‍ക്കാണറിയാത്തത്! ഇതൊന്നു തിരിച്ചുപറഞ്ഞാല്‍ സ്‌കൂള്‍ തുറന്നാല്‍ കുട്ടികളെ ഭരണിയിലിട്ടുവയ്ക്കാമല്ലോ എന്ന് രക്ഷിതാക്കളും അവധികഴിഞ്ഞാല്‍ എരിവുള്ള അടികൊള്ളണമെന്ന് കുട്ടികളും നിനയ്ക്കുന്നു. ദേഹത്തുകൊള്ളുന്ന പ്രഹരം മാത്രമല്ല, മനസ്സിലും സ്വപ്നങ്ങളിലും പ്രതീക്ഷകളിലും സ്വാതന്ത്ര്യത്തിലുമൊക്കെ ആഞ്ഞുപതിക്കുന്ന അടികളുടെ കാഠിന്യമാകാം കുട്ടികളുടെ നടത്തം മന്ദഗതിയിലാക്കുന്നത്.
    വിക്ടര്‍ ഹ്യൂഗോ പ്രതീക്ഷയോടെ എഴുതിയത് നാം മറക്കരുത്: ''ആരാണോ ഒരു സ്‌കൂള്‍ തുറക്കുന്നത്; അയാള്‍ ഒരു കാരാഗൃഹം അടയ്ക്കുന്നു.'' നാട്ടിലുള്ള ഒരു വിദ്യാലയവും തുറന്നുവയ്ക്കാന്‍ മറക്കാതിരിക്കട്ടെ. കാരാഗൃഹങ്ങള്‍ കഴിയുമെങ്കില്‍ ആര്‍ക്കുമുന്നിലും തുറക്കാതിരിക്കട്ടെ. കുറവുകള്‍ ഒത്തിരി ഉണ്ടായാല്‍പ്പോലും ഒരു വിദ്യാശാല നന്മയുടെ പക്ഷത്തല്ലേ നിവര്‍ന്നുനില്‍ക്കുന്നത്!
മറുപുറം 
    ''ഉണര്‍ന്നാല്‍ ഞാന്‍ ആദ്യം ആലോചിക്കുന്നത് സ്‌കൂളിനെപ്പറ്റിയായിരിക്കും. ഉറങ്ങാന്‍ പോകുമ്പോള്‍ അവസാനമായി ആലോചിക്കുന്നതും അതിനെപ്പറ്റിത്തന്നെ. ശരിയാണ്, സ്‌കൂളിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയിരുന്നു.'' റഷ്യന്‍ എഴുത്തുകാരിയും അധ്യാപികയുമായ എഫ്. വിഗ്ദറോവയുടെ 'ഒരു സ്‌കൂള്‍ ടീച്ചറുടെ ഡയറി' എന്ന ആത്മകഥാപരമായ ആഖ്യായികയിലെ വരികള്‍ ഇങ്ങനെ തുടരുന്നു: ''എന്റെ ബാല്യത്തിന്റെ തിളക്കമാര്‍ന്ന നിമിഷങ്ങള്‍ ഓരോന്നും ഏതെങ്കിലും വിധത്തില്‍ എന്റെ സ്‌കൂളുമായി ബന്ധപ്പെട്ടതായിരുന്നു. ക്ലാസ്സ്ടീച്ചറായിരുന്ന അന്നാ ഇവാനോവ്‌നയെക്കുറിച്ച് വാചാലയാകുന്ന വിഗ്ദറോവ, ഒമ്പതാംവയസ്സില്‍ ആഗ്രഹിച്ചത് അധ്യാപികയാകാനാണ്. പതിനെട്ടാംവയസ്സില്‍ അതായിത്തീര്‍ന്നു. പിന്നീട് ഉപരിപഠനം. തുടര്‍ന്ന് മോസ്‌കോയിലെ സീനിയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ പഠിപ്പിച്ചു. താന്‍ പരിചയപ്പെടാനിടവന്ന നിരവധി അധ്യാപകരുടെ അംശങ്ങള്‍ ചേര്‍ത്തുവച്ച് മുന്‍പറഞ്ഞ വിഖ്യാതകൃതിയെ മനോഹരമാക്കി.
ചാര്‍ലി ചാപ്ലിന്റെ ബാല്യത്തെ ഇവിടെ വീണ്ടും ഉദ്ധരിക്കട്ടെ. ഒരിക്കല്‍ കൊച്ചുചാപ്ലിനെ അമ്മ ഒരു ഹാസ്യഗാനം ചൊല്ലിപ്പഠിപ്പിച്ചു. ക്ലാസ്സില്‍വച്ച് കൂട്ടുകാരനെ അതു ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ അധ്യാപകന്‍ കേള്‍ക്കാനിടയായി. അദ്ദേഹത്തിന് അതിഷ്ടമായി. ക്ലാസ്സില്‍വച്ച് ഗാനം ആലപിക്കാന്‍ അവസരം നല്‍കി. കുട്ടികള്‍ നന്നേ ആസ്വദിച്ചു. പിന്നീട് ഓരോ ക്ലാസ്സിലും ഈ ഗാനം പാടാന്‍ അവസരം കിട്ടി. അങ്ങനെ സ്‌കൂളിലാകെ ചാപ്ലിന്‍ പ്രസിദ്ധനായി. നാണംകുണുങ്ങിയായ ഒരു കൊച്ചുപയ്യന്‍ താരമായി മാറി. ഇതവന്റെ പഠനത്തിലും പുരോഗതിയുണ്ടാക്കി.
'ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്നുള്ള ഉപശീര്‍ഷകത്തോടെ പ്രസിദ്ധപ്പെടുത്തിയ 'ടോട്ടോചാന്‍' എന്ന ജാപ്പനീസ്ഗ്രന്ഥം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒട്ടേറെ കാഴ്ചപ്പാടുകള്‍ നല്‍കുന്നതാണ്. തെത്സുകോ കുറോയാനഗി എന്ന വനിതയുടെ പ്രൈമറിസ്‌കൂള്‍ അനുഭവങ്ങളുടെ ആകര്‍ഷകമായ അവതരണമാണ് ഈ ഗ്രന്ഥത്തില്‍. ടോട്ടോചാന്‍ എന്ന ഓമനപ്പേരുള്ള അവളുടെ വികൃതിത്തരങ്ങളുടെ മൂര്‍ധന്യത്തില്‍ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ടു, ഒന്നാംക്ലാസ്സില്‍ വച്ച്. മകള്‍ക്കുപറ്റിയ സ്‌കൂള്‍ അന്വേഷിച്ചുനടന്ന അമ്മ വന്നെത്തിയത് റ്റോമോ സ്‌കൂളിലാണ്. രണ്ടു കാര്യങ്ങളാണ് അമ്മ പ്രാര്‍ഥിച്ചത്. ഒന്നാമതായി സ്‌കൂളിന് അവളെ ഇഷ്ടപ്പെടണം. ഒപ്പംതന്നെ അവള്‍ക്കും സ്‌കൂളിനെ ഇഷ്ടമാകണം. കൊബയാഷി എന്ന ഹെഡ്മാസ്റ്റര്‍ അവള്‍ക്ക് ആ സ്‌കൂളില്‍ പ്രവേശനം നല്‍കി. പഴയ തീവണ്ടിബോഗികളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാവട്ടെ അവള്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒരിക്കലും അമ്മയ്ക്കു മകളെക്കുറിച്ചു പരാതി കേള്‍ക്കേണ്ടിവന്നില്ല. ടോട്ടോചാന്‍ വികൃതികള്‍ ഉപേക്ഷിച്ചതുകൊണ്ടല്ല, മാസ്റ്റര്‍ അതിനെയെല്ലാം ഔചിത്യപൂര്‍വം കൈകാര്യ ചെയ്തതിനാല്‍.
    പില്‍ക്കാലത്ത് യുനസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി മാറിയ ടോട്ടോചാന്‍ ഒപ്പം പഠിച്ചവരെല്ലാം ആരായിരുന്നു, അവരൊക്കെ എന്തായി മാറിയെന്ന കാര്യങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നത് ഒരു വിദ്യാക്ഷേത്രം എപ്രകാരം മനുഷ്യനു വികാസത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കുന്നുവെന്നു വെളിപ്പെടുത്തുന്നു. വികാസത്തിനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കു ജീവവായുവാണെന്നു തിരിച്ചറിഞ്ഞ ഒരധ്യാപകന്റെ കര്‍മ്മമഹത്ത്വമാണ് വാസ്തവത്തില്‍ ടോട്ടോചാനെയും കൂട്ടുകാരെയും സൃഷ്ടിച്ചത്.
ആകാശത്തിലേക്കു കുതിക്കുന്ന പക്ഷി 
    സ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടി ആകാശത്തിലേക്കു കുതിക്കുന്ന പക്ഷിയാണ്. പക്ഷേ, അതിന് ആകാശത്തിന്റെ അതിരുകളെക്കുറിച്ചു നിശ്ചയമുണ്ട്. തിരിച്ചുവരേണ്ട കൂടിനെക്കുറിച്ചു ബോധ്യമുണ്ട്. തിരിച്ചെത്തേണ്ട സമയത്തേക്കുറിച്ചു ധാരണയുണ്ട്. വിദ്യാര്‍ഥികളെക്കുറിച്ച് ഈയൊരു സമീപനം പുലര്‍ത്തിയ അധ്യാപികയാണ് സില്‍വിയ ആസ്റ്റന്‍ വാര്‍ണര്‍. ന്യൂസിലാന്റില്‍ ജനിച്ച് വിവിധരാജ്യങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ച് 'ജൈവഅധ്യാപനം' നടപ്പിലാക്കിയ മഹതിയാണവര്‍. കുട്ടികളെ ശരിയായി പഠിപ്പിക്കുവാന്‍ ചില യോഗ്യതകള്‍ വേണ്ടത് അവര്‍ ചൂണ്ടിക്കാട്ടുന്നു: 'നന്നായി സംസാരിക്കാന്‍ കഴിയണം. മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള വിവേകമുണ്ടാവണം. കുട്ടികളുടെ ചിന്തയെ പുറത്തുകൊണ്ടുവന്ന് പരിപോഷിപ്പിക്കാനുള്ള പ്രാപ്തിയും വേണം. കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കുകയെന്നതിനെക്കാള്‍ പ്രയാസമേറിയ കാര്യമാണ് അവരുടെ ഉള്ളില്‍നിന്ന് എന്തെങ്കിലും പുറത്തുകൊണ്ടുവരിക എന്നത്.
    മുമ്പേ സൂചിപ്പിച്ച എഫ്. വിദ്ഗറോവ ഇവയോടു മറ്റൊരു കാര്യംകൂടി ചേര്‍ത്തു വയ്ക്കുന്നത് ശ്രദ്ധേയമാണ്: ''കുട്ടികള്‍ ഏതു വയസ്സുകാരാണെങ്കിലും അവര്‍ അനീതിയും അവഗണനയും പൊറുക്കാത്തവരും സ്‌നേഹവും ദയയും അര്‍ഹിക്കുന്നവരുമായ ജീവനുള്ള മനുഷ്യരാണെന്ന അറിവോടെയുള്ള പെരുമാറ്റമാണ് മുഖ്യഗുണവിശേഷം.'' ഗാന്ധിജി തന്റെ വിദ്യാഭ്യാസദര്‍ശനങ്ങളില്‍ അഭിപ്രായപ്പെടുന്നതും ഇതിനു പൂരകമാണ്: ''ടീച്ചര്‍ അമ്മയെപ്പോലെയാവണം. അമ്മമാര്‍ തന്നെ ഈ ജോലി ഏറ്റെടുക്കുമെങ്കില്‍ നല്ലത്.'' രാഷ്ട്രപിതാവു പറഞ്ഞത് വാസ്തവമല്ലേ? വിദ്യാലയം രണ്ടാമത്തെ വീടാണ്. ആദ്യത്തെ വീട് അനാഥാലയമോ നരകമോ ആയിട്ടുള്ള കുട്ടികള്‍ വിദ്യാലയത്തിലെത്തുമ്പോള്‍ അവര്‍ക്കു ലഭിക്കുന്നതെന്താണ്? പുതിയൊരു അഗതിശാലയോ സത്രമോ അല്ല. ഉയരാനും വളരാനും സഹായിക്കുന്ന കുടുംബാന്തരീക്ഷമാണു കിട്ടേണ്ടത്. അമ്മയും അച്ഛനും നല്‍കിയത് കൂട്ടിച്ചേര്‍ക്കാനും വിപുലീകരിക്കാനും അധ്യാപകര്‍ക്കു കഴിയുന്നതു നന്ന്. എന്നാല്‍ രക്ഷിതാക്കളില്‍നിന്ന് ഒന്നും ലഭിക്കാതെ സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കു വേണ്ടതുകൊടുക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. കൂടുതല്‍ പരിഗണിക്കേണ്ടത് അവരെത്തന്നെയല്ലേ? ആകാശങ്ങളുടെ ഔന്നത്യങ്ങളിലേക്കു കുതിക്കാന്‍ അവര്‍ക്കുമില്ലേ അവകാശങ്ങള്‍?
മധുരോദാരം 
''സഞ്ചരിക്കുന്ന പൊട്ടിച്ചിരികള്‍
സങ്കടച്ചെടിയിലെ പൂമൊട്ടുകള്‍
പുഞ്ചിരിത്തിരിയിട്ടു പൂമുഖ  ത്തിണ്ണയില്‍
നന്മ കൊളുത്തുന്ന ദീപങ്ങള്‍; അവരല്ലോ തളിരിളം പൈതങ്ങള്‍.'' 
ഏഴാച്ചേരി രാമചന്ദ്രന്‍ വിവരിക്കുന്ന ഈ ഇളംപൈതങ്ങള്‍ അധ്യാപികയുടെ മധുരോദാരമായ പെരുമാറ്റം കൊതിക്കുന്നവരാണ്. അവരുടെ അവകാശങ്ങള്‍പോലും ഹൃദ്യതയോടെ അനുഭവിക്കാനാവുന്നത് ഔദാര്യത്തിന്റെ വെണ്ണ പുരട്ടുമ്പോഴാണ്. എവിടെ അതു സാധിച്ചുവോ അവിടെയെല്ലാം കുട്ടികള്‍ക്ക് സ്‌കൂളൊരു ഉത്സവവേദിയാകുന്നു; മറിച്ചായാല്‍ പേടിസ്വപ്നവും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)