ശരീരാധ്വാനം എന്ന അര്‍ഥത്തില്‍ പ്രസിദ്ധമായ വാക്കാണ് ദേഹണ്ഡം. ദേഹം ദണ്ഡപ്പെടുന്ന (പ്രയാസപ്പെടുന്ന) തരത്തില്‍ ചെയ്യുന്ന ജോലിയെല്ലാം ദേഹണ്ഡമാകും. ദേഹ+ദണ്ഡം എന്ന പിരിച്ചെഴുത്തുരൂപം സന്ധി ചെയ്യുമ്പോള്‍, ഉത്തരപദാദിയിലെ ദകാരം ലോപിച്ച് ദേഹണ് ഡം എന്ന സമസ്തപദം ഉണ്ടാകുന്നു. ദേഹപ്രയത്‌നം, അടുക്കളജോലി, വയ്പുജോലി, പാചകവൃത്തി
(ജോലി) എന്നെല്ലാമുള്ള വിവക്ഷിതങ്ങള്‍ ആ പദത്തിനുണ്ട്.
ബ്രാഹ്‌മണരായ പാചകക്കാര്‍ ചെയ്യുന്ന ജോലി എന്ന നിലയിലായിരുന്നു ദേഹണ്ഡത്തിന് ഒരു കാലത്തു പ്രസിദ്ധി. ഭാഷാപരമായ ഏതു മാറ്റവും ആദ്യം വാമൊഴിയിലാണു സംഭവിക്കുന്നത്. ക്രമേണ അത് എഴുത്തിലേക്കു കടക്കും. ദേഹദണ്ഡം ആദ്യം ദേഹണ്ഡവും പിന്നീട് ദേഹണ്ണവുമായി. ഈ പരിണാമത്തെ ദേഹദണ്ഡം ണ്ണ ദേഹണ്ഡം ണ്ണ ദേഹണ്ണം എന്നിങ്ങനെ അടയാളപ്പെടുത്താം. ദേഹണ്ഡിക്കുന്നവര്‍ അങ്ങനെ ദേഹണ്ഡക്കാരോ ദേഹണ്ണക്കാരോ ആകുന്നു. ദേഹണ്ഡത്തിന്റെ തദ്ഭവമായി ദേഹണ്ണത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല.
ദേഹണ്ഡം, ദേഹണ്ണമാവുന്നതിന്റെ പിന്നില്‍ ഒരു വ്യാകരണതത്ത്വം ഒളിഞ്ഞിരിപ്പുണ്ട്. അതെന്താണെന്നു നോക്കാം. അനുനാസികമായ ണകാരവും മൃദുവായ ഡകാരവും ചേര്‍ന്നതാണ് ണ്ഡ എന്ന കൂട്ടക്ഷരം. ണയ്ക്കുശേഷം ഡ വന്നപ്പോള്‍ ണകാരം ഡകാരത്തെക്കൂടി ണകാരമാക്കി (ണ്ഡ-ണ്ണ). അനുനാസികാതിപ്രസരത്തിനു സമാനമായ പ്രവണതയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഖരത്തിനു പകരം മൃദു വന്നു എന്ന ഭേദം ശ്രദ്ധിക്കേണ്ടതുണ്ട്. ''അനുനാസികമായ ണയും മൃദുവായ ഡയും ചേര്‍ന്നപ്പോള്‍ ണ കടന്നുകയറി ഡയെ നിശ്ശബ്ദമാക്കി. 'അനുനാസികാതിപ്രസരം' എന്നതിനെ കേരളപാണിനി വിളിച്ചു.''1 എന്ന കുളത്തൂര്‍ കൃഷ്ണന്‍നായരുടെ നിരീക്ഷണം പഠനാര്‍ഹമാണ്. ഡ-ണ ആകുന്ന പ്രവണത സാര്‍വത്രികമല്ല. മണ്‌ഡോദരി-മണ്ണോദരി ആവുന്നില്ലല്ലോ. ആയതിനാല്‍ ഈ മാറ്റത്തെ ഐച്ഛികം എന്നേ പറയാനാവൂ.
1. കൃഷ്ണന്‍നായര്‍, കുളത്തൂര്‍, പ്രൊഫ. തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, കോട്ടയം, 2003, പുറം-107.
ഡോ. ഡേവിസ് സേവ്യര്‍
