ഉച്ചാരണാരംഭത്തിലെ സ്വനഗുണം അവസാനംവരെ തുടരുക എന്നതാണ് മൂലസ്വരങ്ങളുടെ സ്വഭാവം. എന്നാല്‍, അങ്ങനെയല്ലാത്ത രണ്ടു സ്വരങ്ങള്‍ മലയാളത്തിന്റെ അക്ഷരമാലയില്‍ ഉണ്ട്: ഐ, ഔ. സംസ്‌കൃതത്തിന്റെ പ്രേരണകൊണ്ട് കടന്നുകൂടിയ ലിപികളാണവ. അകാരത്തില്‍ തുടങ്ങി ഇകാരത്തിലും (അ+ഇ=ഐ) അകാരത്തില്‍ തുടങ്ങി ഉകാരത്തിലും (അ+ഉ=ഔ) അവസാനിക്കുന്ന ഉച്ചാരണസവിശേഷതയാണ് അവയ്ക്കുള്ളത്. സന്ധ്യക്ഷരം, സംയുക്തസ്വരം, ദ്വിത്വസ്വരം, ദ്വിസ്വരം എന്നിങ്ങനെ പല പേരുകളിലും ഐയും ഔവും അറിയപ്പെടുന്നു.
സംസ്‌കൃതത്തില്‍നിന്നുള്ള ആദാനപദങ്ങളിലേ ഐ, ഔ എന്നിവയ്ക്ക് സ്വാഭാവികോച്ചാരണമുള്ളൂ. മലയാളത്തില്‍ ഐയുടെയും ഔവിന്റെയും ഉച്ചാരണം ശിഥിലമാകാറുണ്ട്. തൊല്‍ക്കാപ്പിയം, നന്നൂല്‍ തുടങ്ങിയ തമിഴ് വ്യാകരണഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഉച്ചാരണത്തില്‍ അവ സ്വരവ്യഞ്ജനസംയുക്തമാകുന്നു. അതായത്, രണ്ടാമത്തെ സ്വരം മധ്യമം (അര്‍ദ്ധസ്വരം) ആയിത്തീരും. അ+ഇ=അയ്; അ+ഉ=അവ്. ഉച്ചാരണത്തില്‍ സംഭവിച്ച ഈ വഴുക്കല്‍ പരിഗണിച്ചാകണം ഇവയെ തെന്നും സ്വരം എന്നു പ്രബോധചന്ദ്രന്‍ നായര്‍ വിശേഷിപ്പിച്ചത്.1 (തെന്നുന്നത് വ്യഞ്ജനത്തിലേക്കാണ്).
കൈയും തലയും എന്നെഴുതിക്കണ്ടാലും കയ്യും തലയും എന്നുച്ചരിക്കാനാണ് മലയാളികള്‍ക്ക് ഇഷ്ടം. അതുപോലെ ദൈവത്തെ 'ദെയ്‌വം' എന്നും ആക്കുന്നു. ഔഷധത്തെ, അവ്ഷധമായും ഉച്ചാരണം വഴുതിപ്പോകുന്നു. ആയതിനാല്‍ ദ്വിസ്വരം എന്ന സംജ്ഞയും യുക്തിക്കു നിരക്കുന്നതല്ല. മലയാളികളുടെ സ്വാഭാവിക ഉച്ചാരണത്തില്‍ ഐയും ഔവും സ്വരവ്യഞ്ജനസ്വഭാവം പ്രകടിപ്പിക്കുന്നു. സ്വരവ്യഞ്ജനസംയുക്തം എന്നു വിശേഷിപ്പിച്ചാല്‍ തരക്കേടില്ല എന്നു തോന്നുന്നു. അയ്, അവ് എന്നാണ് അവയുടെ ഉച്ചാരണം എന്ന് കേരളപാണിനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.'' അപ്പോള്‍ അങ്ങനെ എഴുതിയാല്‍ ,ൈ ൗ ഈ ചിഹ്നങ്ങളും ഐ, ഔ ഇവയും വിട്ടുകളയാം. അയ്കമത്യം, അയ്ക്യം, അവ്ഷധം, കവ്തുകം, ദെയ്‌വം, ഗെവ്‌രവം എന്നൊക്കെ എഴുതാം''2 ഈ നിരീക്ഷണം സൂക്ഷ്മവിചിന്തനത്തിനു വക നല്‍കുന്നു.
1. പ്രബോധചന്ദ്രന്‍നായര്‍, പി.ആര്‍. ഡോ., ഭാഷാശാസ്ത്രപരിചയം, മാളുമ്പന്‍ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2016, പുറം-33
2. വാസുദേവഭട്ടതിരി, നല്ല മലയാളം, ഇംപ്രിന്റ് കൊല്ലം, 1992, പുറം-27.
ഡോ. ഡേവിസ് സേവ്യര്‍
