എല്ലാവരും തിരക്കിലാണ്. ഓരോരുത്തരും സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ചുനീങ്ങുന്നു. ഒരു മാറിനടപ്പിന്റെ ആലോചന ആര്‍ക്കുമില്ല. നമുക്കു രണ്ടു തരത്തിലുള്ള ധാര്‍മികബോധമുണ്ട്. ഒന്നാമത്തേത്, മറ്റുള്ളവര്‍ക്കുവേണ്ടി നാം പ്രസംഗിക്കുന്നതും നാം ഒരിക്കലും അഭ്യസിക്കാത്തതും. നാം അഭ്യസിക്കുന്നതും എന്നാല്‍ ഒരിക്കലും പ്രസംഗിക്കാത്തതുമാണ് രണ്ടാമത്തേത്. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഉത്സാഹിക്കുന്ന നമ്മള്‍ നമ്മുടെ ഊഴമെത്തുമ്പോള്‍ അതുതന്നെ ചെയ്യുന്നു.
കാലം മോശമാണെങ്കില്‍ അതു ശരിയാക്കാനുള്ള ചുമതല മനുഷ്യനെയാണു ദൈവം ഏല്പിച്ചിരിക്കുന്നത്. ബഹുമുഖമേഖലകളില്‍ നാമിന്നു കാണുന്ന ആഘോഷങ്ങളും ഒത്തുചേരലുകളും, വൈകുന്നേരങ്ങളും രാത്രികളും അപഹരിച്ചിരിക്കുകയാണ്. ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും തീറ്റയ്ക്കും കുടിക്കുമുള്ള ഒരു 'വഴി' മാത്രമായി അധഃപതിച്ചിരിക്കുന്നു.
മൈതാനത്തു പറന്നിറങ്ങുന്ന 'ദേശാടനക്കിളി'കളെപ്പോലെയാണു നാമിന്ന്. അറിയുന്നവരും സൗഹൃദം പുലര്‍ത്തുന്നവരും തീരെയില്ല. ആഘോഷത്തിന്റെ കേന്ദ്രബിന്ദുവില്‍ ആരും ശ്രദ്ധാലുക്കളുമല്ല; ഒരാള്‍ക്കൂട്ടം മാത്രം! നമ്മെ ക്ഷണിച്ചവരെപ്പോലും നാം ശ്രദ്ധിക്കാറില്ല. വിരുന്നുണ്ണാന്‍ വരുന്ന സല്‍ക്കാരപ്രിയരായ അതിഥികള്‍ മാത്രമായി നാം മാറിയിരിക്കുന്നു. 'ആള്‍ക്കൂട്ട'ത്തില്‍പ്പോലും നാം 'ഏകരാണ്'; സൗഹൃദങ്ങള്‍ ആഗ്രഹിക്കാത്തവരാണ്. സമയമില്ലെന്ന സംസാരമാണെങ്ങും. പഴയകാലത്തെ സമയംതന്നെയല്ലേ ഇപ്പോഴും ഓടുന്നത്!
ഇന്നെവിടെയും സംസാരമാകുന്ന ഒന്നാണ് ജീവിതശൈലീരോഗങ്ങള്‍; നമ്മുടെ ഭക്ഷണവും ശീലങ്ങളുമൊക്കെ ആകെ മാറിയിരിക്കുന്നു. 'മലയാളരുചികള്‍ ഉപേക്ഷിച്ച് വിദേശരുചിക്കൂട്ടുകളുടെ പിന്നാലയാണ് യുവതലമുറ. അസമയത്ത് തുറക്കുകയും സമയത്ത് അടയ്ക്കുകയും ചെയ്യുന്ന വിചിത്ര 'ടൈംടേബിള്‍' ഉള്ള കടകള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്.
ചേമ്പും ചേനയും കപ്പയും കാച്ചിലും കുമ്പളവും മത്തനും വെള്ളരിയും പയറും വെണ്ടയും തുടങ്ങിയ നാടിന്റെ നന്മനിറഞ്ഞ 'കലോറികള്‍' ആര്‍ക്കും വേണ്ടെന്നായിരിക്കുന്നു. നാട്ടിലെ വിഭവങ്ങളധികവും ഇന്നു ഫോറിനാണ്. ശുദ്ധജലവും ശുദ്ധവായുവും പോലും പാര്‍ലറുകളിലേക്കു വില്പനയ്‌ക്കെത്തിയിരിക്കുന്നു. ശുദ്ധവായുവിലും ശുദ്ധജലത്തിലും വിഷം കലര്‍ത്തിയതു നാം തന്നെയല്ലേ? കാലാവസ്ഥ തകിടം മറിഞ്ഞിരിക്കുന്നു; നിനച്ചിരിക്കാത്ത നേരത്ത് പ്രകൃതിദുരന്തങ്ങള്‍ വന്നുപെടുന്നു; പ്രകൃതിയെ മാറ്റിമറിച്ചതിലും അരുവികളെയും പുഴകളെയും തടസ്സപ്പെടുത്തിയതിലും സ്വര്‍ത്ഥനേട്ടങ്ങളിലേക്കു പണിതുയര്‍ത്തിയതിലും ഉത്തരവാദികള്‍ നാം തന്നെ.
നികുതി ഒടുക്കേണ്ടാത്ത സമ്പത്താണ് ആരോഗ്യം. നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ ദൈവചിന്തയുണ്ടാകണം. നമ്മുടെ ഭക്ഷണക്രമത്തിനാകമാനം ഒരു ആഡംബരം വന്നുപെട്ടിരിക്കുന്നു. ഒരു മാസം കഴിക്കാനുള്ള വിഭവങ്ങള്‍ ഒരു നേരം വിളമ്പിവയ്ക്കുന്ന 'കേറ്ററിംഗ്' ഇന്നു നമ്മുടെ തീന്‍മേശകള്‍ കൈയടക്കിയിരിക്കുന്നു. കാഴ്ചയിലും രുചിയിലും എണ്ണത്തിലും ഓരോ നാളും വ്യത്യസ്തത തേടി അലയുന്ന യുവതലമുറ ഇന്നിന്റെ കാഴ്ചയാണ്. ഈ ഭക്ഷണമേശകള്‍ക്ക് ആരോഗ്യസുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടോ? ഭക്ഷണമെല്ലാം ആരോഗ്യപ്രദവും സുരക്ഷിതവുമാണെന്ന് ആരു സാക്ഷിക്കും?
ആധുനികതയുടെ പാശ്ചാത്യപ്പകര്‍പ്പുകളായി നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും വിരുന്നുകളും മാറുന്നുണ്ടോ? നമുക്കൊക്കെ തെല്ലൊരഹങ്കാരം തലയ്ക്കുപിടിച്ചോ? വിശാലമായ ഉച്ചയൂണും വിശ്രമവുംകഴിഞ്ഞ് തൊഴില്‍മേഖലയിലേക്കോ സ്വന്തം ഭവനങ്ങളിലേക്കോ പോയിരുന്ന നാമിന്ന്, അന്തിവിരുന്നും, രാത്രിവിരുന്നും കഴിച്ച് വാഹനവുമോടിച്ച് വീട്ടിലെത്തി ഉറക്കത്തിലേക്കു ചായുന്നു. ആരോഗ്യശാസ്ത്രം മുഴുവന്‍ അരച്ചുകലക്കിക്കുടിക്കുകയും യൂട്യൂബിനെയും വിദഗ്ധരെയും ആശ്രയിച്ച് ആരോഗ്യപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന നമുക്ക് വൈകുന്നേരങ്ങളിലെ സുഭിക്ഷഭക്ഷണവും തുടര്‍ന്നു വാഹനങ്ങളിലുള്ള ഡ്രൈവിങ്ങും പിന്നീടുള്ള ഉറക്കവും ആരോഗ്യത്തിനു യോജിക്കുന്നതാണോ?
കലോറി അളക്കാന്‍പോലും വയ്യാത്തവിധം ഭക്ഷണം കഴിച്ചിട്ടുള്ള രാത്രിയുറക്കം അപകടമല്ലേ? നമ്മുടെ ഇന്നത്തെ വിരുന്നുകളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മദ്യസല്‍ക്കാരവും തുടര്‍ന്നുള്ള യാത്രയും ഉറക്കവും പലപ്പോഴും അപകടത്തിനു കാരണമാകുന്നു. രാത്രിയാഘോഷങ്ങള്‍ക്കു പങ്കെടുക്കണമെങ്കില്‍ സ്വന്തമായി വാഹനം വേണം. വാഹനം സ്വന്തമായില്ലാത്തവരെന്തു ചെയ്യും? വിവാഹത്തിന്റെയോ ഇതരചടങ്ങുകളുടെയോ ആത്മീയശുശ്രൂഷകള്‍ നടക്കുന്നിടവും വിരുന്നുസല്‍ക്കാരം നടക്കുന്നിടവും തമ്മിലുള്ള അകലം ഏറെയാകുന്നതുമൂലം പ്രധാന ചടങ്ങുകള്‍ക്കെത്താതെ വിരുന്നിലേക്കു മാത്രമെത്തുന്നതും ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്; ഒപ്പം ചടങ്ങും റിസപ്ഷനും തമ്മിലുള്ള സമയാന്തരം അധികമാകുന്നതുകൊണ്ടും അതിഥികള്‍ ഭക്ഷണം മാത്രം ലക്ഷ്യമായി കരുതി വിരുന്നുസമയത്തേക്കെത്തുന്ന പതിവുമുണ്ട്.
നമ്മുടെ ആഘോഷങ്ങള്‍ ലളിതമാക്കാനും 'വിരുന്നും വിശേഷവും' ഒരു സ്ഥലത്തുതന്നെയാകാനും പകലുള്ള നേരത്താകാനും ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിനും ആയുസ്സിനും ബന്ധങ്ങളുടെ ബലത്തിനും നല്ലതാണ്. ഭക്ഷണം ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തണം. നമ്മുടെ ഭക്ഷണമാണ് മരുന്ന് എന്നു മറക്കാതിരിക്കാം. പകലുള്ളപ്പോള്‍ വാഹനമോടിക്കാനും പകലിനു യോജിച്ച ഭക്ഷണക്രമം സംഘടിപ്പിക്കാനും അവസരമുണ്ടാകണം. ആഘോഷശേഷമുള്ള യാത്രകള്‍ അപകടത്തിലേക്കെത്തുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. മദ്യം ആഘോഷങ്ങളുടെ ഭാഗമാക്കുന്നതും അപകടമാണ്. വിഭവസമൃദ്ധിയാലും വൈവിധ്യങ്ങളുടെ ധാരാളിത്തത്താലും മതിമറക്കാതെ ദൈവചിന്തയില്‍ ആഘോഷങ്ങളെ ചിട്ടപ്പെടുത്താനും വിവേകമുണ്ടാകണം. ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചും ചിന്തയുണ്ടാകണം; ഭക്ഷണം അമൂല്യമാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിലെല്ലാം ഇന്നു മായമാണ്. ഒപ്പം ധാരാളം കൃത്രിമത്വങ്ങളും. 'തിന്നാനും ഉറങ്ങാനും' മാത്രം സാധിക്കുന്ന ജീവികളെയാണ് ഇന്നു ബ്രോയിലര്‍ ഗണത്തില്‍പെടുത്തി ഭക്ഷിക്കുന്നത്. ആരോഗ്യമുള്ളവയെ ഭക്ഷിക്കാത്ത നമുക്കും ഉറക്കം വരില്ലേ? സ്റ്റാമിനയും അധ്വാനക്ഷമതയും കുറയില്ലേ? ഇതിനൊപ്പം ലഹരിപാനീയങ്ങളുടെ ഉപയോഗവും അപകടസാധ്യത ഒരുക്കുന്നതിനു കാരണമാകുന്നു. നമ്മുടെ ആരോഗ്യവും ആയുസ്സും ദൈവചിന്തയോടു ചേര്‍ത്ത് കരുതുന്നതില്‍ വീഴ്ച വരാമോ? ജീവിക്കാന്‍വേണ്ടി മാത്രം ഭക്ഷിക്കണം, ഭക്ഷിക്കാന്‍വേണ്ടി ജീവിക്കരുതെന്നു മഹാനായ സോക്രട്ടീസ് പറയുന്നുണ്ട്.
ഭക്ഷണവും കഴിഞ്ഞുപോരുമ്പോള്‍ വിശപ്പോടുകൂടി പോരണമെന്നാണ് സാധാരണ 'ശാസ്ത്രം.' മതിയെന്നു പറയുന്ന തലച്ചോറിന് കാത്തുനില്‍ക്കരുതെന്നു സാരം. മലയാളികളെല്ലാം മലയാളം വിട്ട് കുടിയേറ്റലഹരിയിലാണ്. അതുകൊണ്ടുതന്നെ വീട്ടിലും നാട്ടിലും ആളില്ല. ഗ്രാമീണതയും സാധാരണത്വവുമൊക്കെ മറികടക്കുന്ന വൈദേശികഭാവം നമ്മുടെ ആഘോഷങ്ങളില്‍ കടന്നുകൂടിയിരിക്കുന്നു. പണത്തിന്റെ പ്രകടനവും കോലാഹലബന്ധിയായ ചടങ്ങുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. മനസ്സിന് ആനന്ദം നല്‍കുന്ന സന്തോഷവും സംതൃപ്തിയും സൗഹൃദവും സഹിഷ്ണുതയും സഹാനുഭൂതിയും ഒക്കെ വിരുന്നുകളിലും ആഘോഷങ്ങളിലുമുണ്ടാകണം. മനുഷ്യത്വവും മഹാമനസ്‌കതയും വിശപ്പിന്റെ സമഭാവനയും ദൈവവിചാരവും വിരുന്നില്‍ വിളങ്ങണം.
ലേഖനം
ആത്മാവ് നഷ്ടപ്പെട്ട ആഘോഷരാവുകള്‍
ടോം ജോസ് തഴുവംകുന്ന്
