•  6 Nov 2025
  •  ദീപം 58
  •  നാളം 35
ലേഖനം

ശരിയറിയാതെ നോ പറഞ്ഞാല്‍!

    യൂട്യൂബ് വീഡിയോസും ഇന്‍സ്റ്റഗ്രാം ഷോട്ട്‌സുമൊക്കെ ഇന്ന് ആളുകളെ സ്വാധീനിക്കുന്ന ഇനങ്ങളാണ്. ഇവയെല്ലാം നമ്മെ വളരെയധികം സ്വാധീനിക്കാറുണ്ട്. അതില്‍ പല വീഡിയോകളും അശാസ്ത്രീയമെങ്കിലും വിശ്വസനീയമായ അവതരണം ആളുകളെ വഴി തെറ്റിക്കുന്നു. ചിലവ മാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണുതാനും. ഇത്തരം അബദ്ധധാരണകള്‍ക്കു വിധേയയായ ഒരു നാല്പത്തെട്ടുകാരി അവരുടെ ഭര്‍ത്താവിനും പിതാവിനുമൊപ്പം എന്നെ കാണാനെത്തി. അവര്‍ സോഷ്യല്‍ മീഡിയായില്‍നിന്നു ലഭിച്ച ചില അറിവുകള്‍ എന്നോടു പങ്കുവച്ചു:
''നാം ''നോ'' പറഞ്ഞു ശീലിക്കണം. നമുക്കു സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. എന്റെ ഈ പ്രായത്തില്‍ ഞാന്‍ ജീവിക്കേണ്ടത് എനിക്കു വേണ്ടിയാണ്. അതിനു പലതിനോടും നോ പറഞ്ഞേ പറ്റൂ...'' 
    ഈ സംസാരത്തിനിടയില്‍ ഞാന്‍ അവരോടു ചോദിച്ചു, എന്തിനോടൊക്കെയാണ് നിങ്ങള്‍ ഈ ദിവസങ്ങളില്‍ 'നോ' പറയുന്നത് എന്ന്. അതിന്റെ മറുപടി  വിചിത്രമായിരുന്നു:
''ഞാന്‍ ഹസ്ബന്‍ഡുമായി ഒരുമിച്ചു കിടക്കുന്നതിനോട് ''നോ'' പറഞ്ഞു.''
''എനിക്ക് ഇഷ്ടമില്ലാത്ത വീട്ടുജോലികള്‍ ഞാന്‍ ചെയ്യാറില്ല. എന്റെ ആരോഗ്യം ഇപ്പോള്‍ വളരെ മോശമാണ്.''
''എനിക്ക് മെനപ്പോസ്‌ലക്ഷണങ്ങള്‍ തുടങ്ങി. എനിക്കു സെക്‌സിനോട് താത്പര്യമില്ല. എനിക്കു താത്പര്യമില്ലാത്ത കാര്യങ്ങള്‍ ഹസ്ബന്‍ഡിനു ചെയ്തുകൊടുക്കേണ്ട കാര്യമില്ലല്ലോ....''
''കുട്ടികള്‍ വേണമെങ്കില്‍ ഒറ്റയ്ക്കു പഠിക്കട്ടെ. അവരു പഠിപ്പിക്കണമെന്നു പറഞ്ഞാല്‍ ഞാന്‍ 'നോ' പറയും. അയല്‍പക്കബന്ധങ്ങള്‍ ഞാന്‍ കുറച്ചു.'' ഈ സ്ത്രീയുടെ സംസാരം വളരെ ശ്രദ്ധാപൂര്‍വം കേട്ടിരുന്നശേഷം ഞാന്‍ അവരോടു ചോദിച്ചു: ഇതൊക്കെ മാഡം എങ്ങനെ മനസ്സിലാക്കി? ഉത്തരം വളരെ പെട്ടെന്നായിരുന്നു: ''യൂട്യൂബിലൂടെ... ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇത്തരം വീഡിയോസ് കാണാനാണ്. ഇപ്പോള്‍ എന്റെ ജീവിതത്തിന് ഒരര്‍ത്ഥമുണ്ട്...'' ഇതുകേട്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു: ''ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാല്‍ ജീവിതത്തിന് ഒരര്‍ത്ഥവും ഉണ്ടാവില്ല.'' 
അവരുമായി സംസാരിച്ചതിനുശേഷം ഭര്‍ത്താവിനെ ഞാന്‍ കണ്ടു. അദ്ദേഹം ഒരു കമ്പനിയുടെ സെയില്‍സ് ഓഫീസറാണ്. ജോലി വലിയ പ്രഷര്‍ കൊടുക്കുന്നുണ്ട്. അതിന്റെയിടയിലാണ് ഭാര്യയുടെ എല്ലാറ്റിനോടുമുള്ള 'നോ'കള്‍! ഇദ്ദേഹം പറഞ്ഞതനുസരിച്ച് ഭാര്യ രാവിലെ മുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നു. യൂട്യൂബ് വീഡിയോകള്‍ ധാരാളമായി കാണുന്നു. കൂട്ടുകാരോടു മണിക്കൂറുകള്‍ സംസാരിക്കുന്നു. ഭര്‍ത്താവിനോടുള്ള സംസാരം വളരെ ഗൗരവത്തോടെയാണ്. തമാശകള്‍ ആസ്വദിക്കാന്‍ പറ്റുന്നില്ല. അദ്ദേഹം മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു: ''പുറത്തുനിന്ന് മൂന്നാമതൊരാള്‍ വന്നാല്‍ ഇവര്‍ പെട്ടെന്നുമാറും. പുഞ്ചിരി മുഖത്തു വിരിയും. അടുക്കളയില്‍ സജീവമാകും. വാചാലതയോടെ അവരുടെ വിശേഷങ്ങള്‍ തിരക്കും. എന്നെ (ഭര്‍ത്താവിനെ) അവരുടെ മുമ്പില്‍ പൊക്കിപ്പറയും. എല്ലാവരുടെയും മുമ്പില്‍ മതിപ്പു നേടിയെടുക്കും.''
ഭാര്യയോടും ഭര്‍ത്താവിനോടും സംസാരിച്ചതിനുശേഷം ഭാര്യാപിതാവിനോടു സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളെ ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹം നല്‍കിയ വിവരങ്ങളും! ഭാര്യയെ അവരുടെ പ്രശ്‌നങ്ങളില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ ആറ് സെഷന്‍സ് ആവശ്യമായി വന്നെങ്കിലും ഇന്നവള്‍ സന്തോഷത്തോടുകൂടി കഴിയുന്നു.
എന്തായിരുന്നു ഭാര്യയുടെ 
പ്രശ്‌നങ്ങള്‍?
വളരെ സാധാരണക്കാരിയായ  സ്ത്രീയായിരുന്നു. യൂട്യൂബും മറ്റു സോഷ്യല്‍ മീഡിയയും ഈ സ്ത്രീയെ സ്വാധീനിച്ചു തുടങ്ങി. ദാമ്പത്യബന്ധവും സാമൂഹികപെരുമാറ്റവും രോഗാവസ്ഥകളും ഒക്കെ ഇവര്‍ സോഷ്യല്‍ മീഡിയായുടെ സഹായത്തോടെ നിര്‍വചിക്കാന്‍ തുടങ്ങി. ഒപ്പം അവരുടെ ആശയങ്ങളോടു യോജിക്കുന്ന വ്യക്തികളുമായി അനുദിന സംഭാഷണങ്ങള്‍ സ്ഥിരമാക്കി. ഇത് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും 'എക്കോ ചേംബര്‍' രൂപീകരണത്തിനു കാരണമായി (വേേു:െ//ലി.ംശസശുലറശമ.ീൃഴ/ംശസശ ഋരവീബരവമായലൃബ(ാലറശമ). എക്കോ ചേംബര്‍ എന്നാല്‍ ഒരേ വിശ്വാസമുള്ളവര്‍ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ അവതരിപ്പിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. അവരുടെ കാര്യത്തില്‍ അവര്‍ അകപ്പെട്ട എക്കോ ചേംബര്‍ മനുഷ്യബന്ധങ്ങളെ നിര്‍വചിക്കുന്ന സംവാദങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും എക്കോ ചേംബര്‍ ആയിരുന്നു. അവര്‍ക്കു ലഭിച്ച വിവരങ്ങള്‍ കുടുംബത്തിലും അയല്‍പക്കങ്ങളിലും പ്രാവര്‍ത്തികമാക്കി. ഇത് കുടുംബബന്ധത്തെയും അയല്‍പക്കസൗഹൃദത്തെയും തകിടംമറിച്ചു! ഒപ്പംതന്നെ ഭര്‍ത്താവിന്റെ അടുത്ത് എപ്പോഴും ശാരീരികാസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങി. ഇതു 'സൈബര്‍ കോണ്‍്രഡിയാ(ര്യയലൃരവീിറൃശമ)യുടെ ഭാഗമായിരുന്നു. സൈബര്‍ കോണ്‍ഡ്രിയ എന്നാല്‍ രോഗാവസ്ഥകളെക്കുറിച്ച് ഓണ്‍ലൈനില്‍ സേര്‍ച്ച് ചെയ്ത് കൂടുതല്‍ ഉത്കണ്ഠയിലേക്കു പോകുന്ന അവസ്ഥയാണ്.
പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതിനുശേഷം എന്തെല്ലാം ചെയ്തു?
ആദ്യമായി അവര്‍ എടുത്ത തീരുമാനം തനിക്കുകിട്ടുന്ന ഏതൊരു വിവരവും യുക്തിപൂര്‍വം മനസ്സിലാക്കി പ്രാവര്‍ത്തികമാക്കും എന്നതാണ്. തുടര്‍ന്ന് അവരെടുത്ത തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: 
ഒരു മെന്ററെ കണ്ടെത്തുകയും തന്റെ ആശയങ്ങളും താന്‍ എടുക്കുന്ന തീരുമാനങ്ങളും ശരിയാണോ എന്ന് അദ്ദേഹത്തോടു ചര്‍ച്ച ചെയ്യുകയും ചെയ്യും. 
ഓണ്‍ലൈന്‍ ഉപയോഗത്തിന് ഒരു നിശ്ചിതസമയം നിശ്ചയിക്കും.
ചില യൂട്യൂബ് ചാനലുകള്‍/ ആപ്പുകള്‍ ഒഴിവാക്കും.
സാധാരണജീവിതത്തില്‍, കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യും.
നിശ്ചിതസമയപരിധിയില്‍ കൗണ്‍സലിങ് സെഷനുകളില്‍ മുടങ്ങാതെ സംബന്ധിക്കും. 
ഒരു ജോലിയില്‍ പ്രവേശിക്കും.
കൗണ്‍സലിങ് സെഷന്‍ അവരെ എങ്ങനെ സഹായിച്ചു?
ശരി എന്നു വിചാരിച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്ന തിരിച്ചറിവ് അവരില്‍ത്തന്നെ ഉണര്‍ത്തുക എന്നതായിരുന്നു കൗണ്‍സലിങ്‌സെഷനിലെ പ്രധാനലക്ഷ്യം. അവരുടെ ആശയങ്ങള്‍ പ്രത്യക്ഷത്തില്‍ ശാസ്ത്രീയവും ശരിയായവയും എന്നു തോന്നിച്ചിരുന്നുവെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അവരിലെ മാറ്റം ആരംഭിച്ചു. ഇതിലേക്കായി, ഠഅ, ചഘജ, ഠഇക ടെക്‌നിക്കുകള്‍, ഹിപ്‌നോ തെറാപ്പി, മേഹസ തെറാപ്പി,  ഇആഠ, ങശിറളൗഹഹില ൈടെക്‌നിക്കുകള്‍ എന്നിവ ഉപയോഗിച്ചു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചു ധാരണ ലഭിച്ചതോടെ കാര്യങ്ങള്‍ സുഗമമായി പര്യവസാനിച്ചു. അനുബന്ധ സെഷനുകള്‍ക്ക് എത്തുന്ന അവരുടെ തീക്ഷ്ണത അവരുടെ കുടുംബസാമൂഹികബന്ധത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുന്നു. ഈ ദിവസങ്ങളില്‍ അവര്‍ ഓണ്‍ലൈന്‍ ബ്രേക്കിലാണ്. ഓണ്‍ലൈന്‍ ഉപയോഗം അത്യാവശ്യകാര്യങ്ങളിലേക്കു മാത്രമായി ചുരുക്കിയിരിക്കുന്നു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്നത് സര്‍വസാധാരണമാണ്. പ്രശ്‌നങ്ങളെ പരിഹരിച്ച് ജീവിതം സന്തോഷത്തോടെ മുമ്പോട്ടുകൊണ്ടുപോവുക എന്നതാണ് ഓരോ മനുഷ്യവ്യക്തിയുടെയും കടമ. അതിന് നമുക്കേവര്‍ക്കും കഴിയട്ടേയെന്ന് ആശംസിക്കുന്നു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)