•  6 Nov 2025
  •  ദീപം 58
  •  നാളം 35
ലേഖനം

മരണകവാടങ്ങള്‍ക്കപ്പുറം

    പാപക്കറകള്‍ കഴുകിക്കളഞ്ഞാല്‍ മരണാനന്തരം ഒരു സ്വര്‍ഗീയജീവിതമുണ്ടെന്നുള്ള പ്രത്യാശയില്‍ ജീവിക്കുന്നവരാണല്ലോ ഭൂരിപക്ഷം      മനുഷ്യരും. അവിടെ നിരന്തരം നമുക്കു ദൈവത്തോടൊപ്പമുള്ള  സ്വപ്നസുന്ദരമായ ഒരു ജീവിതമുണ്ടെന്നു നാം വിശ്വസിക്കുന്നു, മൃത്യുവക്ത്രത്തില്‍നിന്നു തിരികെ നടന്നവര്‍; ബ്രെയിന്‍സംബന്ധമായ രോഗങ്ങളാല്‍ പ്രജ്ഞ നശിച്ചവര്‍  അവരുടെ അസാമാന്യമായ കാഴ്ചയുടെ അനുഭവങ്ങള്‍       ലോകത്തോടു വിവരിച്ചിട്ടുണ്ട്. വലിയ തുരങ്കങ്ങളിലൂടെ ആഴക്കിണറുകളിലൂടെ, എന്നപോലെ  സൂപ്പര്‍വേഗത്തില്‍ പോയി ഒടുവില്‍ മടങ്ങിയെത്തിയ അനുഭവങ്ങള്‍! ഈ യാത്രയ്ക്കിടയില്‍ കഴിഞ്ഞകാലജീവിതത്തിലെ പല രംഗങ്ങളും  ഒരു സിനിമയിലൂടെയെന്നപോലെ കാണാനായത്രേ!
    വലിയ വേദനയും മനോസംഘര്‍ഷങ്ങളുമായി അവിടേക്കു യാത്രയായവര്‍ക്ക് എല്ലാം കാറ്റഴിച്ചുവിട്ട  ബലൂണ്‍പോലെ! വേദനയോ സംഘര്‍ഷങ്ങളോ ആകുലതകളോ ഇല്ലാത്ത ഒരവസ്ഥ. പലരും പറയുന്ന മറ്റൊരു കാര്യം, അവര്‍ക്കു മരിച്ചുപോയ ബന്ധുമിത്രാദികളെയെല്ലാം കാണാനും, അവരുമായി ആനന്ദകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കാനും കഴിഞ്ഞുവെന്നുള്ളതാണ്. ഭൂതകാലം, ഇന്ന്, നാളെ എന്നുള്ള വ്യത്യാസങ്ങള്‍ അവിടെയില്ല. നിരന്തരമായ  നിത്യാനന്ദത്തിന്റെ അസുലഭ നിമിഷങ്ങള്‍.
ഇത്തരം കഥകളെല്ലാം        വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ് എന്നിരിക്കിലും ഇതേക്കുറിച്ചു വേണ്ടുവോളം  സമഗ്രവും വിശാലവുമായ പഠനങ്ങളും ഗവേഷണങ്ങളും മനഃശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും നടക്കുന്നുണ്ട്.  എന്നാല്‍, എങ്ങനെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചു ശാസ്ത്രീയമായ  നിഗമനങ്ങളൊന്നും ആര്‍ക്കും ഇതുവരെ സൃഷ്ടിക്കാനായിട്ടില്ല. നാഡീശാസ്ത്രപരമായ ഒരു       പ്രതിഭാസമാണിതെന്നാണ് ചില ഗവേഷകരുടെ അഭിമതം. എന്നാല്‍, മറ്റു ചിലര്‍ വിരല്‍ചൂണ്ടുന്നത് ഒരു ആത്മീയമായ വ്യവഹാരമണ്ഡലത്തിലേക്കാണ്, മരണാന്തരജീവിതത്തിന്റെ വിഹായസ്സിലേക്കാണ്. 
മരിച്ചുജീവിച്ച അനേകം വ്യക്തികള്‍- വൈദ്യശാസ്ത്രവിദഗ്ധരുടെ അഭിപ്രായത്തില്‍ മൃതിയടഞ്ഞു എന്നു കരുതപ്പെടുന്നവര്‍-പിന്നീടുള്ള മടക്കയാത്രയില്‍ അതിവിചിത്രങ്ങളായ കാഴ്ചകളും ആകസ്മികസമാഗമങ്ങളും വിവരിച്ചിട്ടുണ്ട്.
ചില സാക്ഷ്യങ്ങള്‍ 
    നട്ടെല്ലുവിദഗ്ധയായ മേരി നീല്‍ ഒരു കയാക്കിങ് നടത്തുകയായിരുന്നു. യാനം മറിഞ്ഞ് അവള്‍ മുങ്ങി ത്താണുകൊണ്ടിരുന്നപ്പോള്‍ ഏതോ കരങ്ങള്‍ തന്നെ താങ്ങിനിര്‍ത്തുന്നതുപോലെ അവര്‍ക്കു തോന്നി. കാതുകളില്‍ അപ്പോള്‍ യേശു മന്ത്രിച്ചുവത്രേ. ഞാന്‍ നിന്നെ ഈ അപകടത്തില്‍നിന്നു രക്ഷിക്കുമെന്ന്. മൈക്ക് മെക്കന്‍സിയെ ഒരു എമര്‍ജന്‍സി ശസ്ത്രക്രിയയ്ക്കു  വിധേയനാക്കേണ്ടിവന്നപ്പോള്‍ അയാള്‍ തൊട്ടടുത്തുനില്‍ക്കുന്ന യേശുവിനെയായിരുന്നു കണ്ടത്. സാക് സ്ലെമെന്റ്‌സ് എന്നൊരാളുടെ ഹൃദയമിടിപ്പ് 20 മിനിട്ടുനേരം നിലച്ചുപോയി. അയാള്‍ അപ്പോള്‍ സ്വര്‍ഗത്തില്‍ നിരനിരയായി നില്‍ക്കുന്ന മാലാഖമാരെ കണ്ടു. അപ്പോഴാണ് യേശു വന്നതും തന്നെ സമാശ്വസിപ്പിച്ചതും. ഒടുവില്‍ അയാള്‍ ജീവിതത്തിലേക്കു മടങ്ങി.
ചാറോലോട്ടെ ഹോംസ് എന്നൊരു വനിത ശ്വാസം നിലച്ചു മരിച്ചുകിടന്നതു 11 മിനിറ്റുകള്‍. ആള്‍ സ്വര്‍ഗത്തിലെ അതി മനോഹരമായ പുല്‍മേടകള്‍ കണ്ടു. കൊച്ചുകുട്ടികളടക്കം തനിക്കു മുമ്പേ മരിച്ചുപോയവരെയെല്ലാം കണ്ടു. മടങ്ങുന്നവഴി നരകത്തിന്റെ ഒരു മിന്നല്‍കാഴ്ചകൂടി അവള്‍ കണ്ടു. പാപജീവിതത്തിനുള്ള ശിക്ഷ ഇതായിരിക്കുമെന്ന് ഒരുപക്ഷേ ദൈവം ഓര്‍മപ്പെടുത്തുകയായിരുന്നിരിക്കാം.
വിശുദ്ധഗ്രന്ഥത്തിലെ  പരാമര്‍ശങ്ങള്‍ 
''ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഇല്ല. ഇനിമേല്‍ ദുഖമോ മുറവിളിയോ വേദനയോ ഉണ്ടാവില്ല'' (വെളിപാട്  21:3, 21:4).
ഇബെന്‍ അലക്‌സാണ്ടര്‍ 
2008 നവംബറില്‍  ഇല്‍ ഇബെന്‍  എന്ന ന്യൂറോ സര്‍ജന്‍  'മെനഞ്ചൈറ്റിസ്' രോഗബാധിതനായി അബോധാവസ്ഥയില്‍ പ്രവേശിച്ചു. കോമയില്‍ ആയിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കാന്‍ സാധ്യത കുറവാണെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍  ആള്‍ കണ്ണുതുറന്നു.
പിന്നീട് ഇബെന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരെയും കിടിലംകൊള്ളിക്കാന്‍ പോന്നതായിരുന്നു. 'ഞാന്‍  ശ്വാസമില്ലാതെ കുഴഞ്ഞ ചേറ്റില്‍കിടന്ന് ഉരുളുകയായിരുന്നു. അപ്പോള്‍ ഒരു വെള്ളിവെളിച്ചം  കണ്ണുകളില്‍ നിറയാന്‍ തുടങ്ങി. ഒരു ചിത്രശലഭത്തിന്റെ ചിറകുകളില്‍ ഞാന്‍ പറന്നുയര്‍ന്നു സര്‍വേശ്വരന്റെ  അടുക്കല്‍ പറന്നെത്തി.' ദൈവത്തെക്കുറിച്ചോ സ്വര്‍ഗത്തെക്കുറിച്ചോ    യാതൊരു സങ്കല്പങ്ങളും ഇല്ലാതിരുന്ന ഇബെന് ഇതെല്ലാം  അതിശയകരമായ അനുഭവങ്ങളായിരുന്നു. ബ്രെയിനെക്കുറിച്ചു ധാരാളം അറിവുകളുണ്ടായിരുന്ന അയാള്‍ തന്റെ ഒരാഴ്ചക്കാലത്തെ അനുഭവത്തെക്കുറിച്ചു സ്വയം     വിശകലനം ചെയ്യാന്‍ തുടങ്ങി. ഇയാള്‍ കണ്ട കാഴ്ചകള്‍ ബ്രെയിനിന്റെ സൃഷ്ടിയല്ല; അതിനുമപ്പുറം വലിയ സത്യങ്ങളുണ്ട്      എന്നദ്ദേഹം മനസ്സിലാക്കി. അദ്ദേഹം പിന്നീട് ഒരു പുസ്തകം എഴുതി. 'സ്വര്‍ഗമുണ്ടെന്നതിന്റെ  സാക്ഷ്യം - പുനര്‍ജീവിതത്തിലേക്കുള്ള ഒരു ന്യൂറോസര്‍ജന്റെ യാത്ര' എന്നായിരുന്നു അതിന്റെ പേര്.
2011 ആയപ്പോള്‍                 ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു ജീവിച്ച കോസി എന്നൊരു എഞ്ചിനീയറും ന്യൂവെല്‍ എന്നൊരു മറുലോകം കണ്ട വ്യക്തിയുമായും  ഇബെന്‍ ആശയങ്ങള്‍ കൈമാറാനിടയായി. അവര്‍ ചില പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടു. അവര്‍ ഒത്തുചേര്‍ന്നു ശ്രവണ      സാധ്യമായ രേഖകളുണ്ടാക്കി ബ്രയിനിനെ ത്വരിതപ്പെടുത്തി. ഇബെന്‍ കേള്‍ക്കാനിടയായതു   കോമസമയത്തു തനിക്കുണ്ടായ തത്തുല്യമായ അനുഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു, ധ്യാനാവസ്ഥയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കോസിയുടെയും  ന്യൂവെല്ലിന്റെയും  അനുഭവവിശേഷങ്ങള്‍!
2012  ല്‍ ഡോക്ടര്‍ ഇബെന്‍ തന്റെ ഒരു  ടിവി പരിപാടിക്കിടെ  ഒരു സ്ത്രീയുടെ ഓഡിയോ റെക്കോര്‍ഡിങ്ങുണ്ടാക്കി അതില്‍ അവള്‍ തന്റെ മരിച്ചുപോയ അമ്മയോടു  സംസാരിക്കുന്ന അനുഭവം വിവരിച്ചു. ആയിരക്കണക്കിനാളുകള്‍ ഇതിന്റെ വീഡിയോടേപ്പുകള്‍ വാങ്ങി.
ഇത്തരം പരീക്ഷണങ്ങള്‍ ജനം   മിക്കവാറും സംശയത്തോടെയാവും വീക്ഷിക്കുക. ഇതെല്ലാം ഉപബോധമനസ്സിന്റെ  മായാജാലങ്ങളാണ്, മിഥ്യാബോധങ്ങളാണ് - ഭാവനയിലൂടെയും, ഉപായചിന്തകളിലൂടെയും നിങ്ങള്‍ ഏതോ  സരസമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവെന്നധിക്ഷേപിക്കുന്നവരുണ്ട്.  ഇബെന്‍തന്നെ ഒരുകാലത്ത് ഇതിനെയെല്ലാം സംശയത്തോടെ നോക്കിക്കണ്ടവനായിരുന്നു. ഏറെ സമയം വേണ്ടിവന്നു മറനീക്കി സത്യങ്ങളെ പുറത്തെടുക്കാന്‍. ഇതൊരു പരമാര്‍ഥമാണ്, നമുക്കാര്‍ക്കും സങ്കല്പിക്കാനാകാത്ത ഒരു നിത്യസത്യമാണ് - നമുക്ക് സ്വര്‍ഗത്തില്‍ എത്തിച്ചേരാനും അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനുമാകും എന്നുള്ളത്.  
ഏതായാലും ഇത്തരം അനുഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചവര്‍ പുത്തന്‍പിറവികളായിയെന്നാണു പറയപ്പെടുന്നത്. ജീവിതത്തിനു പുതിയ ഒരു അര്‍ഥം കൈവന്നതുപോലെ. ജീവകാരുണ്യത്തിനും സ്‌നേഹത്തിനും വലിയ  വില നല്കുന്നവരായി അവര്‍ മാറി. മരണത്തെക്കുറിച്ച് ആകാംക്ഷയില്ലാത്ത അവസ്ഥയുണ്ടായി. ഈ ലോകത്തിലെ നശ്വരങ്ങളായ      സമ്പത്തുകള്‍ ഉപേക്ഷിക്കാനും പരസ്പരം സഹായിക്കാനുമുള്ള ഒരു ശുഷ്‌കാന്തി അവര്‍ സൃഷ്ടിച്ചെടുത്തു. സ്വര്‍ഗവും നരകവുമൊക്കെ കെട്ടുകഥകളാണെന്നു വാദിക്കുന്നവരോട് ഒന്നേ പറയാനുള്ളു: ശാസ്ത്രവും വിശ്വാസവും തോള്‍ചേര്‍ന്നുനിന്നുവേണം ഈ സത്യങ്ങളെ തൊട്ടറിയാന്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)