•  6 Nov 2025
  •  ദീപം 58
  •  നാളം 35
ലേഖനം

കാനാന്‍ദേശം ഇസ്രയേലിനു സ്വന്തം

   ലോകത്തെ ഏറ്റവും പഴക്കംചെന്നതും, സമീപകാലത്തു വിവാദമായിരിക്കുന്ന ഗാസയുടെ പൂര്‍വകാലചരിത്രത്തിലേക്കു യാത്ര ചെയ്യാന്‍ തോന്നിയത് സ്വാഭാവികം.
   ഏകദേശം 3,200 വര്‍ഷങ്ങള്‍ക്കുമുമ്പ് മെഡിറ്ററേനിയന്‍ കടലിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ക്രീറ്റ് ദ്വീപില്‍നിന്നു കടല്‍മാര്‍ഗം ലെവന്തിന്റെ (ഇപ്പോഴത്തെ ലബനന്‍, സിറിയ, ജോര്‍ദാന്റെ പടിഞ്ഞാറന്‍ഭാഗങ്ങള്‍, ഇസ്രയേല്‍, സൈപ്രസ് ദ്വീപ്, തുര്‍ക്കിയുടെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്ന പ്രദേശം) പടിഞ്ഞാറന്‍തീരപ്രദേശങ്ങളിലെത്തിയ ഫിലിസ്ത്യരുടെ പിന്മുറക്കാരാണ് ഇന്നത്തെ പലസ്തീനികളെന്നു കരുതപ്പെടുന്നുണ്ട്. സൂക്ഷ്മമായിപറഞ്ഞാല്‍ ബി സി 1200 നടുത്തായിരുന്നു ലെവന്തിലേക്കുള്ള അവരുടെ കുടിയേറ്റം.
എന്നാല്‍, ഫിലിസ്ത്യരുടെ വരവിനും ഏഴു നൂറ്റാണ്ടുകള്‍ക്കുമുമ്പ്  ബി സി 1900 നടുത്ത് മെസപ്പൊട്ടോമിയയിലെ ഊറില്‍നിന്നും ഹാരാനിലും തുടര്‍ന്ന് ലെവന്തിലെ കാനാന്‍ദേശത്തും പൂര്‍വപിതാവായ അബ്രാഹവും സന്തതിപരമ്പരകളും താമസമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥപരാമര്‍ശങ്ങള്‍ ചുവടെ കൊടുക്കുന്നു:
   തേരാഹ് കല്‍ദായരുടെ ഊറില്‍നിന്ന് കാനാന്‍ദേശത്തേക്കു യാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു (ഉത്പത്തി 11:31).
     കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. എബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ദേശത്തേക്കു പുറപ്പെട്ട് അവിടെ എത്തിച്ചേര്‍ന്നു. അക്കാലത്ത് കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുള്‍ചെയ്തു: ''ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും.'' അബ്രാം അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം  വിളിച്ചു. അവിടെനിന്ന് അബ്രാം നെഗബിനു നേരേ യാത്രതുടര്‍ന്നു (ഉത്പത്തി 12:4-9).
അബ്രാം കാനാന്‍ദേശത്തു താമസമാക്കി. ലോത്ത് സമതലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. സോദോമിലെ ആളുകള്‍ ദുഷ്ടന്മാരും കര്‍ത്താവിനു മുമ്പില്‍ മഹാപാപികളുമായിരുന്നു. കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: ''നീ തലയുയര്‍ത്തി  കിഴക്കോട്ടും പടിഞ്ഞാറോട്ടും  തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന പ്രദേശമെല്ലാം  നിനക്കും നിന്റെ സന്തതിപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും'' അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു (ഉത്പത്തി 13:12-18).
    അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: ''നിന്റെ സന്താനപരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍. കേന്യര്‍, കെനീസ്യര്‍, കദ്‌മോന്യര്‍, ഹിവ്യര്‍, പെരീസ്യര്‍, റഫായിം, അമോന്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, ജബൂസ്യര്‍ എന്നിവരുടെ പ്രദേശെമാക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു'' (ഉത്പത്തി 15:18-21).
അബ്രാമിനു 99 വയസായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുള്‍ചെയ്തു: ''നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നേക്കും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും'' (ഉത്പത്തി 17:2, 17:8).
    സീനായ്മലയില്‍വച്ച് കര്‍ത്താവ് മോശയോടു കല്പിച്ചു: ''നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്  അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക. ഞാന്‍  നിങ്ങള്‍ക്കു മുമ്പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും. തേനും പാലും ഒഴുകുന്ന നാട്ടിലേക്കു പോകുവിന്‍'' (പുറപ്പാട് 33:1-3).
പോരാട്ടങ്ങളുടെ ആരംഭം
   ലെവന്തിന്റെ തെക്കുപടിഞ്ഞാറുതീരത്തു  വാസമുറപ്പിച്ച ഫിലിസ്ത്യര്‍ അവിടെ അഞ്ചു നഗരങ്ങള്‍ പണിത് വാസമുറപ്പിച്ചു. ഗാസ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നിവ. ഇവയെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥസൂചന ജോഷ്വയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ പിടിച്ചെടുക്കേണ്ട സ്ഥലങ്ങളുടെ പട്ടിക കര്‍ത്താവ് ജോഷ്വയ്ക്കു നല്‍കുന്നത് ഇപ്രകാരമാണ്: ''നീ ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്. ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, ഈജിപ്തിനു കിഴക്ക് ഷീഹോണ്‍മുതല്‍ വടക്ക് എക്രോന്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യരാജാക്കന്മാര്‍ ഭരച്ചിരുന്ന  ഗാസ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും'' (ജോഷ്വ 13:1-4).
    അങ്ങനെ ജോഷ്വ രാജ്യം മുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വാരങ്ങളും കുന്നിന്‍ചെരിവുകളും അവയിലെ രാജാക്കന്മാരോടൊപ്പം  കിഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പനയനുസരിച്ചു നശിപ്പിച്ചു. കാദെഷ്ബര്‍ണിയാമുതല്‍ ഗാസവരെയും ഗോഷെന്‍ മുതല്‍ ഗിബയോന്‍വരെയും ജോഷ്വ പിടിച്ചടക്കി. ദൈവമായ കര്‍ത്താവ് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തു (ജോഷ്വ 10:40-42).
യൂദാ, സഹോദരനായ ശിമയോനോടൊത്ത് കാനാന്യരെ പരാജയപ്പെടുത്തി. ഗാസാ, അഷ്‌കലോണ്‍, എക്രോണ്‍ എന്നിവയും യൂദാ കൈവശപ്പെടുത്തി. കര്‍ത്താവ് യൂദായോടു കൂടെയുണ്ടായിരുന്നു. അവര്‍ മലമ്പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയെങ്കിലും താഴ്‌വരനിവാസികള്‍ക്ക് ഇരുമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ തുരത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല (ന്യായാധിപന്മാര്‍ 1:17-19).
കാനാന്റെ തീരപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഫിലിസ്ത്യര്‍ കായികമായും ആയുധബലത്തിലും ശക്തരായിരുന്നതിനാലാണ് ഇസ്രയേലിന് അവരെ തോല്‍പിക്കാന്‍ കഴിയാതിരുന്നത്. ബി സി 1170 ല്‍ അക്കാലത്തെ ഈജിപ്ഷ്യന്‍ഫറവോയായിരുന്ന റമെസ്സെസ്  മൂന്നാമന് അവരുടെമേല്‍ വിജയംനേടാനായെങ്കിലും തുടര്‍ന്നും അവിടെത്തന്നെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. 350 വര്‍ഷക്കാലം ലെവന്തിന്റെ തീരപ്രദേശങ്ങള്‍ ഈജിപ്തിന്റെ ഭരണത്തിലായിരുന്നു.
ന്യായാധിപനായിരുന്ന സാംസന്റെ ആദ്യഭാര്യ നിമ്‌നാക്കാരിയായിരുന്ന ഒരു ഫിലിസ്ത്യയുവതിയായിരുന്നുവെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതു സാംസന്റെ ഇഷ്ടപ്രകാരമായിരുന്നെങ്കിലും കര്‍ത്താവിന്റെ ഹിതമായിരുന്നുവെന്നു മനസ്സിലാക്കാന്‍ അവന്റെ മാതാപിതാക്കള്‍ക്കായില്ല. അവിടുന്നു ഫിലിസ്ത്യര്‍ക്കെതിരായി അവസരം പാര്‍ത്തിരിക്കുകയായിരുന്നു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രയേലിന്റെമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു (ന്യായാധിപന്മാര്‍ 14:4).
കായബലംകൊണ്ട് ഫിലിസ്ത്യരെ തോല്പിക്കുന്ന സാംസന്റെ വീരഗാഥയാണ്  തുടര്‍ന്നുള്ള 15 ഉം 16 ഉം അധ്യായങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യയായ ദലീലയെ സ്വാധീനിച്ച ഫിലിസ്ത്യര്‍ അവന്റെ സമൃദ്ധമായ മുടിച്ചുരുളുകള്‍ ക്ഷൗരം ചെയ്തും കണ്ണുകള്‍ ചുഴന്നെടുത്ത് കാരാഗൃഹത്തിലടച്ചതും അവിടെ വിവരിക്കുന്നുണ്ട്. ഒടുവില്‍, സാംസണ്‍ അവനെ ബന്ധിച്ചിരുന്ന തൂണുകള്‍ തകര്‍ത്ത് കെട്ടിടങ്ങള്‍ മറിച്ചിടുകയും സ്വന്തം ജീവന്‍ ത്യജിച്ചും അനേകം ഫിലിസ്ത്യരെ വധിച്ചതും ചരിത്രം.
കര്‍ത്താവിന്റെ 
വാഗ്ദാനപേടകം
ഫിലിസ്ത്യര്‍ക്ക് യഹൂദരോടുള്ള നൂറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്ക് ഒരു പുതിയ മാനം കൈവന്നത് ബി സി 1024 ലാണ്. എബനേസറിനും അഫോക്കിനുമിടയില്‍ നടന്ന ഘോരയുദ്ധത്തില്‍ 34,000 പേരുടെ ജീവന്‍ പൊലിഞ്ഞതുകൂടാതെ യുദ്ധമുഖത്തു പ്രതിഷ്ഠിച്ചിരുന്ന കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും യഹൂദര്‍ക്കു നഷ്ടമായി. കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ കരുതി. ഇസ്രയേലിന്റെ കൈയില്‍നിന്നു പിടിച്ചെടുത്ത  ദൈവത്തിന്റെ പേടകം എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്ക് ഫിലിസ്ത്യര്‍ കൊണ്ടുപോവുകയും അവിടെയുള്ള ദാഗോന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുസമീപം സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, രാവിലെ കര്‍ത്താവിന്റെപേടകത്തിന്റെ മുമ്പിലേക്കു വീണ്, ഉടഞ്ഞുകിടക്കുന്ന വിഗ്രഹം കണ്ട് ജനങ്ങള്‍ അമ്പരന്നു. തന്നെയുമല്ല, അഷ്‌ദോദിലും പരിസരങ്ങളിലുമുള്ള ഫിലിസ്ത്യരുടെമേല്‍ കുരുക്കുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ബാധ കുറയാതെ വന്നതോടെ ഇസ്രയേലിന്റെ ദൈവത്തിന്റെ പേടകം സമീപനനഗരങ്ങളായ ഗത്തിലേക്കും എക്രോണിലേക്കും മാറ്റിയെങ്കിലും രോഗത്തിന് യാതാരു ശമനവുമുണ്ടായില്ല. നഗരങ്ങളെ മുഴുവനും പരിഭ്രാന്തി വിഴുങ്ങിയതിനാല്‍ പേടകം ഇസ്രയേലിനു തിരിച്ചുനല്‍കാന്‍ ഫിലിസ്ത്യര്‍ നിര്‍ബന്ധിതരായി (1 സാമുവല്‍ 5:1-12)
കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു. ഫിലിസ്ത്യര്‍ പുരോഹിതന്മാരെയും ജ്യോത്സ്യന്മാരെയും വിളിച്ചുവരുത്തി ചോദിച്ചു: ''കര്‍ത്താവിന്റെ പേടകം നാമെന്തു ചെയ്യണം? പൂര്‍വസ്ഥാനത്തേക്കു തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാമെന്താണ് കൊടുത്തയയ്‌ക്കേണ്ടത്?'' അവര്‍ പറഞ്ഞു: ഇസ്രയേലിന്റെ ദൈവത്തിന്റെ പേടകം  തിരിച്ചയയ്ക്കുന്നത് വെറുംകൈയോടെ ആകരുത്. ഒരു പ്രായശ്ചിതബലിക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും കൊടുത്തയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ സുഖം പ്രാപിക്കുകയും  അവിടുത്തെ കരം നിങ്ങളില്‍നിന്നു പിന്‍വലിക്കാത്തതിന്റെ കാരണം മനസ്സിലാവുകയും ചെയ്യും'' (1 സാമുവല്‍ 6:1-3). അവിടുത്തേക്ക് പ്രായശ്ചിത്തബലി അര്‍പ്പിക്കേണ്ടതിന്  ഫിലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ച് സ്വര്‍ണനിര്‍മിതമായ അഞ്ചു കുരുക്കളും  അഞ്ച് എലികളുമാകട്ടെയെന്ന് പരസ്പരം ആലോചിച്ചു തീരുമാനിച്ചു. 
സ്വര്‍ണക്കുരുക്കളില്‍ ഒന്ന് അഷ്‌ദോദിനും മറ്റൊന്ന് ഗാസയ്ക്കും മൂന്നാമത്തേത് അഷ്‌കലോനും നാലാമത്തേത് ഗത്തിനും അഞ്ചാമത്തേത് എക്രോണിനും വേണ്ടിയായിരുന്നു. സ്വര്‍ണയെലികള്‍ ഫിലിസ്ത്യപ്രഭുക്കന്മാരുടെ അധീനതയിലുള്ള, കോട്ടകളാല്‍ ചുറ്റപ്പെട്ട നഗരങ്ങളുടെയും തുറസായ ഗ്രാമങ്ങളുടെയും സംഖ്യയനുസരിച്ചായിരുന്നു. പ്രായശ്ചിത്തബലിക്കുള്ള സ്വര്‍ണ ഉരുപ്പടികളെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി വാഗ്ദാനപേടകത്തിനുള്ളില്‍ ഒരു വശത്തുവച്ച് ബത്‌ഷെമെഷിലും പിന്നീട്, കിരിയാത്ത് യയാറിലെ  മലമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തിലും എത്തിച്ചു (1 സാമുവല്‍ 6:4, 6:17-18, 7:1)
ദാവീദും ഗോലിയാത്തും
ഇസ്രയേല്‍ജനത്തിന്റെ ആദ്യരാജാവായിരുന്ന സാവൂളിന്റെ ആയുധവാഹകനായിരുന്ന ദാവീദ് എന്ന യുവാവ് ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ വധിക്കുന്ന ചരിത്രം വിശുദ്ധഗ്രന്ഥത്തില്‍  സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഫിലിസ്ത്യരും ഇസ്രയേല്യരും എലാ താഴ്‌വരയില്‍ യുദ്ധസജ്ജരായി മുഖാമുഖം നിന്നപ്പോള്‍ 'ആറുമുഴവും ഒരു ചാണും ഉയരമുള്ള ഗോലിയാത്തിനെയാണ് അഞ്ചരയടി മാത്രം ഉയരമുണ്ടായിരുന്ന ബാലനായ ദാവീദിന് നേരിടേണ്ടിവന്നത്. ഗോലിയാത്തിന്റെ വെല്ലുവിളി കേട്ടു ഭയചകിതനായി നിന്ന സാവൂളിനെയും ഭയന്നോടിയ ഇസ്രയേല്‍ജനത്തെയും അമ്പരപ്പിച്ചുകൊണ്ട് ആട്ടിടയനായ ദാവീദ് സാവൂളിനോട് ഇപ്രകാരം പറഞ്ഞു: ''അവനെയോര്‍ത്ത് ആരും അധൈര്യപ്പെടേണ്ട. ഈ ഫിലിസ്ത്യനോട് അങ്ങയുടെ ദാസന്‍ യുദ്ധം ചെയ്യാം. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച കര്‍ത്താവ് ഈ ഫിലിസ്ത്യന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും.'' സാവൂള്‍ ദാവീദിനോടു പറഞ്ഞു: ''പോവുക, കര്‍ത്താവ് നിന്നോടുകൂടെയുണ്ടായിരിക്കട്ടെ'' (1 സാമുവല്‍ 17:32-37).
ഫിലിസ്ത്യനായ ഗോലിയാത്ത് തന്നോടടുക്കുന്നതുകണ്ട് ദാവീദ് ശരവേഗത്തിലോടി അവന്റെ മുമ്പിലെത്തി. സഞ്ചിയില്‍ കരുതിയിരുന്ന കല്ലുകളില്‍ ഒന്നെടുത്ത് കവിണയില്‍വച്ച് ഗോലിയാത്തിന്റെ നെറ്റിയെ ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയില്‍ത്തന്നെ തറച്ചുകയറി. അവന്‍ മുഖംകുത്തി നിലംപതിച്ചു. തന്റെ കൈയില്‍ വാളില്ലാതിരുന്നതിനാല്‍ ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിന്റെമേല്‍ കയറിനിന്ന് അവന്റെ വാള്‍ ഉറയില്‍നിന്ന് വലിച്ചൂരി അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടുവെന്നു കണ്ടപ്പോള്‍ ഫിലിസ്ത്യര്‍ ചിതറിയോടി. ദാവീദ് ഗോലിയാത്തിന്റെ തല ജറുസലേമിലേക്കു കൊണ്ടുവന്നു. ഫിലിസ്ത്യനായ ഗോലിയാത്തിന്റെ കവചം  കൂടാരത്തില്‍ സൂക്ഷിച്ചു. ഗോലിയാത്തിനെ വധിച്ചു മടങ്ങിവന്ന ദാവീദിനെ സൈന്യാധിപനായ അബ്‌നേര്‍ രാജാവായ സാവൂളിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. ഗോലിയാത്തിന്റെ ശിരസ്സും അവന്റെ കൈയിലുണ്ടായിരുന്നു (1 സാമുവല്‍ 17:48-58).
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)