•  6 Nov 2025
  •  ദീപം 58
  •  നാളം 35
ബാലനോവല്‍

പൊന്നിവനത്തിലെ കഴുത

   കൂട്ടില്‍ കിടന്നിരുന്ന ഡോസി ചുറ്റും നോക്കുകയാണ്.
''പുറത്തു ചാടിയാല്‍ എങ്ങനെ രക്ഷപ്പെടാന്‍ പറ്റും?''
ശരിയാണ് വളരെ വേഗം ഡോസി വിചാരിച്ചാല്‍ കൂടിന് പുറത്തിറങ്ങാന്‍ പറ്റും. പക്ഷേ, പുറത്തിറങ്ങിയതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. ഗ്രാമത്തില്‍നിന്നു രക്ഷപ്പെടണ്ടേ.
ഡോസി ചിന്തിച്ചപ്പോള്‍ ഒരു സൂത്രം മനസ്സില്‍ തോന്നി. ജിമ്മിയോടും കൈസറിനോടും ഇടപെടുന്നപോലെ യഥാര്‍ഥ യജമാനനോടും ഇടപെട്ടാല്‍ അയാള്‍ക്കു തന്നോടു സ്‌നേഹം തോന്നും. വിശ്വാസം തോന്നും. അത് അവസരമാക്കി രക്ഷപ്പെടാം. കൂട്ടില്‍നിന്നിറക്കി സാധനങ്ങള്‍കൊണ്ടുപോകാന്‍ വേണ്ടി വിളിക്കുമ്പോള്‍ സ്‌നേഹത്തോടെ കൂടെ പോകണം. ഡോസി മനസ്സില്‍ കണക്കുകൂട്ടി തുടങ്ങി. യജമാനനെക്കൊണ്ട് വിശ്വസിപ്പിച്ചുകഴിഞ്ഞാല്‍ കുറച്ചു സ്വാതന്ത്ര്യം കിട്ടും. അതുതന്നെ അവസരം. വഴിയില്‍ വച്ച് ഓടാം. അപ്പോഴും ഡോസിക്ക് ഒരു സംശയം ബാക്കിയാണ്. വഴി.. ഡോസിക്കു വഴികള്‍ അത്ര തിട്ടമില്ല. ഓടിയാലും പിടിക്കപ്പെടും. തത്കാലം ഓടണ്ട. ഗ്രാമ ത്തലവന്റെ പ്രീതി നേടിയെടുക്കാം. പതിയെ വഴികള്‍ പഠിച്ചെടുക്കാം. ഒരുപാട് ചിന്തിച്ചതിനു ഒടുവില്‍ ഇങ്ങനെയാണ് ഡോസി തീരുമാനിച്ചത്. അപ്പോഴാണ് ഗേറ്റിന്റെ ഭാഗത്തായി കീര നില്‍ക്കുന്നതു കാണുന്നത്. ഡോസി ശ്രദ്ധയോടെ നോക്കി.
''അതേ. അതു കീരതന്നെയാണ്. അവള്‍ ആരെയാണു നോക്കുന്നത്.''
ഗേയിറ്റിന്റെ ഇടയിലൂടെ കുറച്ചുനേരമായി വീടിന്റെ എല്ലാം ഭാഗവും കാര്യമായി നോക്കുകയാണ് കീര. പെട്ടന്നുതന്നെ കീരയെ കാണാതെയായി.
''അവള്‍ പോയോ?'' ഡോസിയുടെ മനസ്സില്‍ പുതിയ സംശയങ്ങള്‍ ജനിച്ചു.
''നീ ഇവിടെ എന്തു ചെയ്യുവാ?'' അതേസമയം ഗേറ്റിന്റെ അടുത്തുനിന്നു പിറകിലേക്കു പിടിച്ചു മാറ്റിയ റായല്‍ ചോദിച്ചു.
''നീ വന്നോ?'' പെട്ടെന്ന് കീര ചോദിച്ചത് അങ്ങനെയാണ്.
''അതെന്താ കീര. അങ്ങനെ ചോദിച്ചത്?''
''അത് റായല്‍.. ഇത്രയും വൈകിയപ്പോള്‍ ഞാന്‍ കരുതി..''
''പറ്റിച്ചുവെന്ന്. അല്ലേ.'' കീര പറഞ്ഞുതീരുംമുമ്പ് ഇടയ്ക്കു കയറി റായല്‍ ചോദിച്ചു.
കീരയൊന്നും മിണ്ടാതെ നിന്നപ്പോള്‍ റായല്‍ പറഞ്ഞു:
''പറ്റിക്കാന്‍ വേണ്ടിയാണേല്‍.. രാവിലെ നിന്റെ പിന്നാലെ ഓടി വരുമായിരുന്നോ?''
''ശരി. അതൊക്കെ പോട്ടെ. എന്തോ മാര്‍ഗമുണ്ടെന്നു പറഞ്ഞില്ലേ.''
''മം... പറഞ്ഞു.''
''എന്താ അത്?'' അപ്പോള്‍ റായല്‍ പറഞ്ഞു.
''നീ ഒന്നു തിരിഞ്ഞു നോക്ക്.'' കീരപ്പൂച്ച പതിയെ സംശയത്തോടെ തിരിഞ്ഞുനോക്കിയതും പിന്നില്‍ നാലഞ്ചു കാക്കകള്‍. പൂച്ചയ്ക്ക് ഒന്നും മനസിലായില്ല.
''ഈ കാക്കകളെ വച്ച് എന്തു് സൂത്രമാണ് റായല്‍?''
''അതൊക്കെയുണ്ട്.'' റായല്‍ തന്റെ പദ്ധതി വിശദമായി പറയാന്‍ തുടങ്ങി.
''നോക്ക് കീരാ. ഈ കാക്കകളുടെ കൈയില്‍ നിറയെ മീനുകളുണ്ട്. ഗ്രാമച്ചന്തയില്‍നിന്നു ശേഖരിച്ചുകൊണ്ട് വന്നതാണ്. നായകള്‍ക്കു മീനുകള്‍ വളരെ ഇഷ്ടമാണ്.''
ഇത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരിയോടെ കീരയുടെ മുഖത്തേക്കു നോക്കി. അവളുടെ സംശയങ്ങള്‍ ഇനിയും മാറിയില്ല. അവളുടെ നോട്ടം കണ്ടപ്പോള്‍ റായല്‍ തുടര്‍ന്നും പറഞ്ഞു:
''കാക്കച്ചേട്ടന്മാര്‍ മീനുമായി ജിമ്മിയുടെയും കൈസറിന്റെയും അടുത്തേക്കു പോകും. അവര്‍ കാണാതെ അവര്‍ക്കു മീനുകള്‍ ഇട്ടു കൊടുക്കും. മീന്‍ കാണുന്ന നായകള്‍ അതു തിന്നാന്‍വേണ്ടി പോകും. അങ്ങനെ പട്ടിച്ചേട്ടന്മാരുടെ ശ്രദ്ധ നമ്മള്‍ മാറ്റും. ആ തക്കം നോക്കി നമ്മുക്ക് ഡോസിയുടെ അടുത്തേക്കു പോകാം. ഇതാണു സൂത്രം.''
റായല്‍ പറഞ്ഞത് കേട്ടപ്പോള്‍ കീരയ്ക്കു പ്രതീക്ഷ തോന്നി. കാരണം ജിമ്മിക്കും കൈസറിനും മീന്‍ വളരെ ഇഷ്ടമാണെന്നു കീരയ്ക്ക് നന്നായിയറിയാം.
''ശരി നമുക്കു തുടങ്ങാം.'' കീര ആത്മവിശ്വാസത്തോടെ പറഞ്ഞു.
റായല്‍ പറഞ്ഞതുപ്രകാരം മീനുമായി കാക്കകള്‍ വീട്ടിലേക്കു പറന്നു. മുകളില്‍നിന്നുതന്നെ കാക്കകള്‍ താഴെ പട്ടികള്‍ നില്‍ക്കുന്നതു കണ്ടിരുന്നു. വളരെ വേഗത്തില്‍ കാക്ക തന്റെ കൈയിലെയൊരു മീന്‍ താഴേക്കിട്ടു. ശേഷം വേഗത്തില്‍ ഒരു മരത്തിലേക്കു പറന്നുപോയിരുന്നു. നായകള്‍ നോക്കിയാല്‍ കാണാത്ത രീതിയില്‍ അവര്‍ മറഞ്ഞിരുന്നു. പെട്ടെന്ന് താഴെ നല്ല മീനുകള്‍ കിടക്കുന്നത് കണ്ടപ്പോള്‍ ജിമ്മിയും കൈസറും അദ്ഭുതപ്പെട്ടു.   
    
(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)