•  25 Dec 2025
  •  ദീപം 58
  •  നാളം 42
ബാലനോവല്‍

പൊന്നിവനത്തിലെ കഴുത

    ഡോസി കഥ വിശദമായി പറയാന്‍ തുടങ്ങി.
പൊന്നിവനത്തിലെ ഒരു വൈകുന്നേരമായിരുന്നു ഡോസിയും അമ്മയും തമ്മില്‍ സംസാരിച്ചത്:
''ഞാന്‍ പറഞ്ഞതാണോ മണ്ടത്തരം. അമ്മയും അച്ഛനും ചെയ്യുന്നത് മണ്ടത്തരമല്ലേ. നമുക്കു ബുദ്ധിയില്ലെന്ന് കാടു മുഴുവന്‍ ഒരേ സ്വരത്തില്‍ പറയുന്നു. എന്നിട്ടും അതൊന്നും കേട്ടഭാവം പോലും ഇല്ലാതെ വല്ല മൃഗങ്ങളുടെയും സാധനങ്ങള്‍ പുറത്തു വെച്ചുകേറ്റി കാട് മുഴുവന്‍ നടക്കുന്നു... ഇതു തന്നെയല്ലേ അമ്മ ഗ്രാമത്തിലും ചെയ്തത്.''
''മോനേ നീ ദേഷ്യപ്പെടാതെ... എനിക്കറിയാം, നമ്മളെപ്പറ്റി വളരെ മോശം കാര്യങ്ങളാണ് കാട്ടില്‍ എല്ലാവരും പറയുന്നത്. ശരിയാണ്... അവഗണന നമ്മള്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ അതിനുള്ള പരിഹാരമാണോ രാജാവാകുന്നത്?'' 
''അല്ലേ. രാജാവായാല്‍ എല്ലാവരും പറയുന്നതു മാറ്റി പ്പറയും. പിന്നെ ഈ കാട്ടിലെ രാജാവിന്റെ ഭരണം ആര്‍ക്കും ഇഷ്ടവുമല്ലല്ലോ.. ഞാന്‍ രാജാവായാല്‍ എങ്ങനെ കാടു ഭരിക്കണമെന്നു കാണിച്ചുകൊടുക്കും.'' ഡോസിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമ്മയ്ക്ക് ഒന്നും പറയാന്‍ പറ്റിയില്ല. ഒടുക്കം അമ്മ ഇത്രയും പറഞ്ഞിട്ട് അവിടെ നിന്നും പോയി:
''മോനേ... രാജാവാകാനൊന്നും നമുക്കുപറ്റില്ല. വെറുതെ സമയം കളയുന്നത് എന്തിനാണ്?''
''അപ്പോള്‍ ചുമട് എടുക്കുന്നത്, സമയം ഉപയോഗിക്കുകയാണോ... ശ്രമിച്ചാല്‍ മാത്രമേ പറ്റുമോ ഇല്ലയോ എന്നറിയാന്‍ കഴിയൂ.'' അമ്മ പോയപ്പോള്‍ ഡോസി വിളിച്ചുപറഞ്ഞു. അത്രയും പറഞ്ഞിട്ട് ഡോസി എപ്പോഴും ചെന്നിരിക്കാറുള്ള മുളയുടെ അടുത്തേക്കു ചെന്നു.
''എന്റെ ആഗ്രഹം തെറ്റാണോ?'' ഡോസിയുടെ മനസ്സില്‍ തോന്നി.
''അമ്മപോലും കൂടെ നില്‍ക്കുന്നില്ല'' മുളയുടെ അടുത്തു നിന്നും പൊന്നിവനത്തിലെ ആകെയുള്ള കൂട്ടുകാരന്‍ ക്ലീറയാമയുടെ അടുത്തേക്ക് അവന്‍ നടന്നു. ക്ലീറയാമ ഒരു കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. ഡോസിയെ കണ്ടതും ക്ലീറ അവനെ അടുത്തേക്കു വിളിച്ചു.
''വായോ ചങ്ങാതീ... നിന്നെ ഇന്ന് ഇങ്ങോട്ടു കണ്ടില്ലല്ലോ..?''
ഡോസി വളരെ വിഷമത്തിലാണ്. അതു മനസ്സിലാക്കിയ ക്ലീറ ചോദിച്ചു:
''എന്താ ഡോസീ, ഒരു വിഷമം...?''
''ക്ലീറ... എനിക്കൊരു ആഗ്രഹമുണ്ട്.''
''കേള്‍ക്കട്ടെ.. നമുക്ക് നടത്തിയെടുക്കാം. നിനക്ക് വെള്ളരിക്ക തിന്നണോ... അതോ നീന്തല്‍ പഠിക്കണോ...അല്ല നീന്താന്‍ എന്നേക്കാള്‍ നന്നായി അറിയാമല്ലോ... നിനക്കു പറക്കാന്‍ പഠിക്കണോ.. എന്താണേലും പറഞ്ഞോ. നമുക്കു നടത്തിയെടുക്കാം.''
''അതൊന്നുമല്ല.''
''പിന്നെ... വേറെ എന്താണ്?''
''അത്. എനിക്ക് പൊന്നി വനത്തിലെ രാജാവാകണം.'
''രാജാവോ.. അതും പൊന്നിവനത്തിലെ?''
''അതെ.''
''അത് എളുപ്പമല്ലേ... നേരേ രാജാവിന്റെ അടുത്തേക്കു പോകുക. കാര്യം പറയുക. രാജാവാകുക.''
''നീ കളിയാക്കിയതാണോ?''
''പിന്നെ ഞാന്‍ എന്താണു പറയേണ്ടത്. വല്ല ചക്കയോ മാങ്ങയോ വേണമെന്നു പറയും പോലെ രാജാവാകണമെന്നു പറഞ്ഞാല്‍ ചിരി വരില്ലേ?'' ക്ലീറ ചിരിക്കാന്‍ തുടങ്ങി. പക്ഷേ, ഡോസിക്ക് അതു വളരെ വിഷമമുണ്ടാക്കി. ക്ലീറ തനിക്കൊപ്പം നില്‍ക്കുമെന്നാണ് ഡോസി കരുതിയത്. അവന്‍ അവിടെനിന്നും വീണ്ടും മുളയുടെ അടുത്തേക്കു നടന്നു. അതും നോക്കി ക്ലീറ നിന്നു. പക്ഷേ അന്നു രാത്രി...
''അന്നു രാത്രി എന്തു സംഭവിച്ചു?'' കഥ പറയുന്നതിന്റെ ഇടയില്‍ കയറി കീര ചോദിച്ചു. കീരയുടെ മുഖത്ത് കഥ കേള്‍ക്കാനുള്ള ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. ഡോസി പറഞ്ഞു തുടങ്ങി:
''അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ഞാന്‍ ഗുഹയില്‍ എത്തിയപ്പോള്‍ അവിടെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. രണ്ടു പേരും സിംഹരാജന്റെ കൊട്ടാരത്തിലെ ജോലിക്കാരാണ്. അവര്‍ തിരികെവരുന്നതുവരെ ഞാനെന്റെ ഗുഹയില്‍ ഉറങ്ങാതെയിരുന്നു. ഏറെനേരം കഴിഞ്ഞപ്പോള്‍ അമ്മയും അച്ഛനും തിരികെ വന്നു. നന്നായി തളര്‍ന്നാണ് അവരു വന്നത്.. എന്നും അങ്ങനെ തന്നെ. അതുകൊണ്ട് അവര്‍ കുളത്തില്‍ പോയി കുളിച്ചു വരുന്ന സമയം വരെ ഞാന്‍ കാത്തിരുന്നു. അവര്‍ കുളി കഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ അച്ഛനോടു പറഞ്ഞു. അച്ഛാ എനിക്കു രാജാവാകണം.''
''എന്നിട്ട്.. എന്നിട്ട്.'' കീര കൂടുതല്‍ ആവേശത്തില്‍ ചോദിച്ചു. ഡോസി കഥ കൂടുതല്‍ വിശദമാക്കി.
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. അതുകൊണ്ടുതന്നെ ഡോസി, രാജാവ് ആകണമെന്നു പറഞ്ഞപ്പോള്‍ അച്ഛന്റെ മുഖത്തെ ഭാവം ഡോസിക്കു കാണാന്‍ കഴിഞ്ഞു. അച്ഛന്‍ പറഞ്ഞു.
''മോനേ, നമ്മള്‍ ആഗ്രഹിച്ചാല്‍ എന്തു വേണമെങ്കിലും നേടാന്‍ പറ്റും. പക്ഷേ, അതിനുള്ള പരിശ്രമംകൂടി വേണം. നിന്റെ ആഗ്രഹം ഈ കാട്ടിലെ രാജാവാകാനാണെങ്കില്‍ എനിക്കു സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, നീ അതിനുള്ള ശ്രമങ്ങള്‍ നടത്തണം.''
''നിങ്ങള്‍ എന്താണു പറയുന്നത്?'' അമ്മ അച്ഛന്റെ നേരേ തിരിഞ്ഞു.
''സിംഹരാജന്‍ വല്ലതും ഇത് അറിഞ്ഞാല്‍ നമ്മുടെ എല്ലാവരുടെയും കഥ കഴിയും.''
അമ്മ വിഷമം പറഞ്ഞു.
''അതൊക്കെ അപ്പോഴല്ലേ.'' അമ്മയോട് അത്രയും പറഞ്ഞിട്ട് ഡോസിക്കു നേരേ തിരിഞ്ഞു കൊണ്ട് അച്ഛന്‍ പറഞ്ഞു:
''മോനേ ഡോസീ. ഇനി വരുന്ന തലമുറ നന്നായി ഈ വനത്തില്‍ ജീവിക്കാന്‍ നീ ഒരു കാരണമാകും.''
''ഞാന്‍ എന്താണു ചെയ്യേണ്ടത്?''
''പറയാം. കാടിന്റെ അതിര്‍ത്തിയില്‍ ഒരു ഗ്രാമമുണ്ട്. അവിടെയൊരു കുന്നുണ്ട്. ഗ്രാമക്കുന്ന്. നീ അവിടെ ചെല്ലണം. നിന്നെ സഹായിക്കാന്‍ അവിടെ ഒരാളുണ്ട്.''
''ആര്?'' ഡോസി ചോദിച്ചു.
''പാമ്പ്. രാജന്‍പാമ്പ്. പണ്ട് ഒരിക്കല്‍ ഞാന്‍ ഗ്രാമത്തില്‍ വച്ചു പരിചയപ്പെട്ടതാണ്. എന്നെ അവിടെനിന്നും പൊന്നിവനം വരെ ആളുകളില്‍നിന്നും രക്ഷിച്ചത് അവനാണ്. രാജന്‍പാമ്പ്. നീ രാജനെ പോയി കാണണം. എന്തായാലും അവന്‍ നിന്നെ സഹായിക്കും.''
''അമ്മയെ ഗ്രാമത്തില്‍നിന്നു രക്ഷിച്ചത് ഒരു കുതിരയല്ലേ. മൃണ?''
''അതെ...'' അച്ഛന്‍ പറഞ്ഞു.
''ഞാന്‍ നിന്റെ അമ്മയെ തേടി പോയപ്പോള്‍ ആളുകള്‍ പിടികൂടിയതാണ്. അവിടെ എന്നെ സഹായിച്ചത് രാജന്‍ പാമ്പാണ്. നിന്റെ അമ്മയെ സഹായിച്ചത് ഒരു കുതിരയും. മൃണ. നീ ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ രണ്ടുപേരെയും കണ്ടെത്തണം. നിന്നെ അവര്‍ സഹായിക്കും.'' 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)