•  Published From Palai
  •  Contact Us
  •  Previous Issues
  •  27 Nov 2025
  •  ദീപം 58
  •  നാളം 38
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • നിയമസഭയിലെ കഥകള്‍
    • കൗണ്‍സലിങ് കോര്‍ണര്‍
    • കളിക്കളം
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
നിയമസഭയിലെ കഥകള്‍

പെയ്‌തൊഴിയാത്ത ഓര്‍മകള്‍

  • ടി. ദേവപ്രസാദ്‌
  • 27 November , 2025

  2025 ജൂണ്‍ 24. കേരളനിയമസഭയുടെ ശങ്കരനാരായണന്‍തമ്പിഹാളിലെ പ്രൗഢമായ വേദിയില്‍ കേരള നിയമസഭയിലെ കഴിഞ്ഞകാല ഓര്‍മകള്‍ പെയ്തിറങ്ങുകയായിരുന്നു. കേരളനിയമസഭ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം കൊണ്ടാടുകയാണ്. കേരളനിയമസഭയുടെ മുന്‍സ്പീക്കര്‍മാരുടെയും എം.എല്‍.എ. മാരുടെയും പത്രപ്രവര്‍ത്തകരുടെയും നിയമസഭാ ഉദ്യോഗസ്ഥരുടെയും പ്രതിനിധികള്‍ കേരളനിയമസഭയിലെ അവരുടെ മറക്കാത്ത ഓര്‍മകള്‍ അയവിറക്കുകയാണ്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അതിഥിയായി കേരളനിയമസഭയിലെ ഇപ്പോഴത്തെ അംഗങ്ങള്‍ മാത്രമല്ല, മുന്‍ അംഗങ്ങളും പഴയകാല പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും എല്ലാം ഈ പുണ്യാഘോഷത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നു. വേദിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതു കേട്ടിരിക്കുമ്പോള്‍ ദീപികയുടെ പ്രതിനിധിയായി 1979 മുതല്‍ ഏതാണ്ട് മൂന്നു പതിറ്റാണ്ട് നിയമസഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ബാക്കിപത്രമായി മനസ്സില്‍ അവശേഷിക്കുന്ന പെയ്‌തൊഴിയാത്ത ഓര്‍മകള്‍ പലതും കാലഗണനയൊന്നുമില്ലാതെ കടന്നു വന്നു.
ഞാന്‍ നിയമസഭാറിപ്പോര്‍ട്ടറായി എത്തുമ്പോള്‍ ചാക്കിരി അഹമ്മദുകുട്ടി യായിരുന്നു സ്പീക്കര്‍. തുടര്‍ന്ന് എ.പി. കുര്യന്‍, എ.സി. ജോസ്, വക്കം പുരുഷോത്തമന്‍, വി.എം. സുധീരന്‍, വര്‍ക്കല രാധാകൃഷ്ണന്‍, പി.പി. തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എം. വിജയകുമാര്‍, വീണ്ടും വക്കം പുരുഷോത്തമന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, ജി. കാര്‍ത്തികേയന്‍, എന്‍. ശക്തന്‍നാടാര്‍ എന്നിവരുടെ കാലത്താണ് സഭയില്‍ പോകുവാന്‍ അവസരം ലഭിച്ചത്. ആദ്യകാലത്തൊക്കെ രാവിലെ എട്ടരയ്‌ക്കെത്തിയാല്‍ സഭ പിരിയുന്നതുവരെ അവിടുണ്ടായിരുന്നു. പിന്നീട് സഹപ്രവര്‍ത്തകര്‍ നിരവധിയായപ്പോള്‍ പ്രധാനദിവസങ്ങളിലോ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ഉള്ളപ്പോഴോ മാത്രമായി റിപ്പോര്‍ട്ടേഴ്‌സ് ഗാലറിയിലെ സാന്നിധ്യം. പിന്നീട് പി. രാമകൃഷ്ണന്‍, എം.ബി. രാജേഷ് എന്നിവരെ കടന്നാണ് ഇപ്പോള്‍ ഷംസീറില്‍ എത്തുന്നത്.
ഒരു പുണ്യകര്‍മ്മംപോലെ നടക്കുന്ന പ്രവൃത്തിയായിരുന്നു നിയമസഭാപ്രവര്‍ത്തനങ്ങള്‍ അന്ന്. നിയമവും ചട്ടവും കൃത്യമായി പാലിക്കപ്പെട്ടിരുന്നു. സഭ കൂടുന്ന സമയം സംബന്ധിച്ചുള്ള നിബന്ധനകളും കര്‍ക്കശമായി പാലിക്കപ്പെട്ടു. ഇക്കാര്യത്തില്‍, ഞാന്‍ കണ്ട സ്പീക്കര്‍മാരില്‍ കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമന്‍ ഏറെ കര്‍ക്കശക്കാരനായിരുന്നു.
മറ്റു സ്പീക്കര്‍മാര്‍ എല്ലാവരുംതന്നെ സമയകാര്യത്തില്‍ അയവുകൊടുത്തു. വര്‍ക്കല രാധാകൃഷ്ണന്റെ കാലത്താണ് സമയപരിധിയുടെ നിബന്ധനയില്‍ വലിയ അയവുണ്ടായത്. വി.എം. സുധീരന്‍ സ്പീക്കറായപ്പോള്‍ ദിവസവും നിരവധി എം.എല്‍.എ. മാര്‍ക്ക് സബ്മിഷന്‍ അവതരിപ്പിക്കുവാന്‍ അവസരം കൊടുത്തു, അതിനുമുമ്പ് സാധാരണദിവസങ്ങളില്‍  ഒന്നോ രണ്ടോ സബ്മിഷനുകളും സഭ പിരിയുന്ന ദിവസം ഏറെ സബ്മിഷനുകളും അനുവദിക്കുന്ന രീതിയായിരുന്നു. സുധീരന്‍ ദിവസവും അവസരം കൂട്ടിയപ്പോള്‍ മന്ത്രിമാര്‍ക്കു കൂടുതല്‍  കഷ്ടപ്പെടേണ്ടി വന്നു. 
നിയമനിര്‍മ്മാണമല്ലാതെ പുണ്യപ്പെട്ട പല സംഭവങ്ങള്‍ക്കും നിയമസഭ വേദിയായിട്ടുണ്ട്. മനസ്സിലേക്കു കടന്നുവന്ന ഏറ്റവും പുണ്യപ്പെട്ട ഓര്‍മകളില്‍ ഒന്നാണ് സഭ കൊണ്ടാടിയ ഭാരതസ്വാതന്ത്ര്യത്തിന്റെ 40-ാം വാര്‍ഷികം. 1987 ഓഗസ്റ്റ് 13 രാവിലെ ഒമ്പതിന് ഈ ഓര്‍മയില്‍ സഭയില്‍ പ്രത്യേക സമ്മേളനം നടന്നു. സഭയിലെ അംഗങ്ങളില്‍ പലരും സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. അന്നു ജീവിച്ചിരുന്ന മിക്കവാറും സമരസേനാനികളെ സ്പീക്കര്‍ ചടങ്ങിനു ക്ഷണിച്ചു. അവരെ ആദരിച്ചു സ്വീകരിച്ച് നിയമസഭാഗാലറിയില്‍ ഇരുത്തി സഭാനടപടികളില്‍ കാണികളാക്കി. അണ്ണന്‍ എന്ന് കക്ഷിഭേദമെന്യേ എല്ലാവരും വിളിച്ചിരുന്ന വര്‍ക്കല രാധാകൃഷ്ണനായിരുന്നു സ്പീക്കര്‍. സിപിഎം കാരായ സ്പീക്കര്‍മാര്‍ക്ക് പാര്‍ട്ടിയുടെ വലിയ നിയന്ത്രണം ഉണ്ടായിരുന്നു എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്.
നിയമനിര്‍മ്മാണപ്രവര്‍ത്തനത്തെ ഒരു തപസ്യപോലെ കണ്ടിരുന്ന എത്രയോ മഹാരഥന്മാരെ കാണാനായി. നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ എന്‍.ഐ. ദേവസിക്കുട്ടി, കെ.എം.മാണി, ടി.എം. ജേക്കബ്, കെ.സി. ജോസഫ് വര്‍ക്കല രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍, അവരുടെ നിര്‍ദേശങ്ങളുടെ കാമ്പ് മനസ്സിലാക്കാതെ പലപ്പോഴും വെറുതെ സമയം പാഴാക്കുന്നു എന്ന് ചിന്തിപ്പിച്ച അവസരങ്ങള്‍പോലുമുണ്ട്. എല്ലാ നിയമത്തിനും നൂറുകണക്കിനു ഭേദഗതികള്‍, ഓരോന്നിനെയുംകുറിച്ച് ചെറിയ പ്രസംഗങ്ങള്‍. പല നിയമങ്ങള്‍ക്കും നിരാകരണപ്രമേയങ്ങള്‍, മൂന്നാം വായനയില്‍പോലും ഇടപെടലുകള്‍. നിയമനിര്‍മ്മാണത്തില്‍ ഇടപെടുന്നതിനുള്ള ഒരവസരവും പാഴാക്കാത്തവരായിരുന്നു ഇവര്‍. ടി.എം. ജേക്കബിന്റെ നിയമസഭാപ്രവര്‍ത്തനങ്ങളിലെ വൈഭവത്തെ സി. അച്യുതമേനോന്‍ കലവറയില്ലാതെ വാഴ്ത്തിയിട്ടുണ്ട്. 
നിയമസഭ വിളിച്ചുകൂട്ടപ്പെടുന്നത് സര്‍ക്കാര്‍കാര്യങ്ങള്‍ക്കായാണെങ്കിലും നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെ മാറണം എന്നു നിശ്ചയിക്കുന്നത് പ്രതിപക്ഷനേതാവായിരുന്നു. ഇ.എം.എസ്., കെ. കരുണാകരന്‍, ടി. കെ. രാമകൃഷ്ണന്‍, പി.കെ. വാസുദേവന്‍നായര്‍, ഇ.കെ. നായനാര്‍, ഏ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി  എന്നിവര്‍ പ്രതിപക്ഷനേതാക്കളായി സഭയില്‍ തിളങ്ങുന്നതു കാണാനായിട്ടുണ്ട്. പ്രതിപക്ഷനേതാവിന് മന്ത്രിയുടെ റാങ്ക് ഉണ്ടെങ്കിലും ഇ.എം.എസ്., ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിച്ചില്ല. ആദ്യമായി അവ സ്വീകരിച്ചത് കെ. കരുണാകരനാണ്. ഇതിനെ വിമര്‍ശിച്ചവരോട് കരുണാകരന്‍ പറഞ്ഞു: ഏലംകുളത്തു മനയിലെ സൗകര്യം ഒന്നുമില്ലാത്ത ഒരു പാവമാണു ഞാന്‍. പ്രതിപക്ഷനേതാവിന്റെ യാത്രപ്പടി മന്ത്രിമാരുടേതിനേക്കാള്‍ കൂടുതലായതിനും കരുണാകരനു വിശദീകരണമുണ്ടായിരുന്നു: ''20 മന്ത്രിമാരുടെ പ്രവൃത്തികള്‍ ഒറ്റയ്ക്കു നിരീക്ഷിക്കുന്നവനാണു ഞാന്‍.'' സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നടത്തുന്ന വാക്കൗട്ടുകള്‍ 80 കളില്‍പോലും അപൂര്‍വസംഭവമായിരുന്നു. അതുകൊണ്ട് വാക്കൗട്ട് വലിയ വാര്‍ത്തയുമായിരുന്നു. 1990 കളുടെ അവസാനമായപ്പോള്‍ വാക്കൗട്ടില്ലാത്ത ദിവസങ്ങളില്ലാതായി. ബഹിഷ്‌കരണംപോലും സാധാരണമായി. നിയമനിര്‍മ്മാണത്തിനായി തുടര്‍ച്ചയായി 34 മണിക്കൂറും 41 മിനിറ്റും സമ്മേളിച്ച ചരിത്രമുള്ള സഭയാണിത്. പൊതുപ്രവര്‍ത്തകരുടെ അഴിമതിനിരോധനനിയമം പാസാക്കുന്നതിനാണ് സഭ ഇങ്ങനെ സമ്മേളിച്ചത്. 1987 ഡിസംബര്‍ 10,11, 12, 13 വ്യാഴം മുതല്‍ ഞായര്‍ വരെയായിരുന്നു സമ്മേളനം. 1987 ഡിസംബര്‍ 12 രാവിലെ എട്ടു മുപ്പതിന് ആരംഭിച്ച ചര്‍ച്ച പിറ്റേന്നു പുലര്‍ച്ചെ 4.35 നാണ് പൂര്‍ത്തിയായത്. ആയിരത്തിലധികം ഭേദഗതികളാണ് ഉണ്ടായിരുന്നത്. മിക്കവാറും എല്ലാ ഭേദഗതികളും അവതരിപ്പിക്കപ്പെട്ടു. ടി.എം. ജേക്കബ്, കെ.എം. മാണി, കെ.സി. ജോസഫ് എന്നിവരാണ് ഏറെ ഭേദഗതികള്‍ അവതരിപ്പിച്ചത്. കെ.ആര്‍. ഗൗരിയമ്മയാണ് ബില്‍ പൈലറ്റ് ചെയ്തത്. എല്ലാ പ്രസംഗത്തിനും ഗൗരിയമ്മ വിശദമായി മറുപടി പറഞ്ഞു. വര്‍ക്കല രാധാകൃഷ്ണനായിരുന്നു ചെയറില്‍. ആ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്ത പത്രലേഖകരില്‍ ഒരാളാകാന്‍ എനിക്കും സാധിച്ചു.
ഓര്‍മകള്‍ അടുക്കും ചിട്ടയുമില്ലാതെ കുതിച്ചെത്തുകയായി. കേരള നിയമസഭയുടെ നല്ല കാലത്ത് സഭാറിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാകുവാന്‍ ദൈവം തന്ന നല്ല അവസരം ജീവിതത്തിലെ പുണ്യസ്മരണകളില്‍ ഒന്നായി എന്നും തിളങ്ങും. 

(തുടരും)

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)