ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും നിയമവിരുദ്ധമായ ഉള്ളടക്കവും നിയന്ത്രിക്കുന്നതിനു സ്വയംഭരണാധികാരമുള്ള നിഷ്പക്ഷസ്ഥാപനം ആവശ്യമാണെന്ന അഭിപ്രായം സുപ്രീംകോടതിക്കു വീണ്ടും ആവര്‍ത്തിക്കേണ്ടിവന്നിരിക്കുന്നു. ''ഇന്ത്യ ഗോട്ട് ലാറ്റന്റ്'' എന്ന യുട്യൂബ് ഷോയിലെ അശ്ലീലഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകള്‍ക്കെതിരേ ഷോനടത്തിപ്പുകാരന്‍ രണ്‍വീര്‍ അലഹബാദിയയും കൂട്ടരും സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീംകോടതി നിലപാടറയിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പിന്തുടരുന്ന ''സ്വയംനിയന്ത്രണ''രീതിയുടെ ഫലപ്രാപ്തിയില്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ് മല്യ ബാഗ്ജി എന്നിവരുടെ ബഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്നു സമൂഹമാധ്യമങ്ങള്‍ക്ക്, പേരു സൂചിപ്പിക്കുന്നതുപോലെതന്നെ സമൂഹത്തിനുമേലുള്ള വര്‍ധിച്ച സ്വാധീനം ഒരു പച്ചയായ യാഥാര്‍ഥ്യമാണ്. ഡിജിറ്റല്‍ ലോകത്തെ വഴിയില്ലാക്കാടുകളിലൂടെ സഞ്ചരിച്ച് നമ്മുടെ കുട്ടികളും യുവസമൂഹവും ഏതേതു ലോകങ്ങളിലാണു ചെന്നുപെട്ടിരിക്കുന്നതെന്ന് അവര്‍ക്കുതന്നെ നിശ്ചയംപോരാത്ത അവസ്ഥ. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന രീതിയില്‍ കടിഞ്ഞാണില്ലാത്ത സംവിധാനങ്ങളുമായി കുതിക്കുന്ന ഈ മാധ്യമങ്ങള്‍ക്ക് ഒരു നിയന്ത്രണം കൂടിയേ തീരൂ. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ പരമോന്നതനീതിപീഠം ഇതാദ്യമല്ല കേന്ദ്രസര്‍ക്കാരിനോട് ഇങ്ങനെ നിര്‍ദേശിക്കുന്നതെന്നു നാമറിയണം.
'അശ്ലീലം' എന്നു കരുതാവുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം ലഭ്യമാകുന്നതിന് സാധാരണമുന്നറിയിപ്പുകള്‍ക്കു പുറമേ ആധാര്‍ ഉപയോഗിച്ചുള്ള പ്രായപരിധി പരിശോധന നടപ്പാക്കണമെന്ന അഭിപ്രായവും വാദത്തിനിടയില്‍ കോടതി പ്രകടിപ്പിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദേശംമാത്രമാണിതെന്നും മറ്റു വിദഗ്ധമാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ദേശിക്കാമെന്നും കോടതി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും തടസ്സമാകുന്നെങ്കില്‍ ആ വിഷയം പിന്നീടു പരിഗണിക്കുമെന്നും ഉത്തരവാദിത്വമുള്ള സമൂഹം കെട്ടിപ്പടുക്കുകയാണു പ്രധാനമെന്നുമുള്ള കോടതിയുടെ നിരീക്ഷണം അധികാരികള്‍ ചെവിക്കൊള്ളുമോ?
വാസ്തവം പറഞ്ഞാല്‍ അശ്ലീലത്തെക്കാള്‍ മൂല്യച്യുതി സൃഷ്ടിക്കുന്നതല്ലേ വ്യക്തിഹത്യ യും അപരനുമേലുള്ള അസഭ്യവര്‍ഷവും മറ്റും? എതിരാളികളെ എതിരിടുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി സോഷ്യല്‍മീഡിയ ഇന്നു മാറിയിരിക്കുകയാണ്. ആളുകളെ അപകീര്‍ത്തിപ്പെടുത്തല്‍ ഒരു തൊഴിലാക്കിയ 'മാനസികരോഗി'കളായ ഭീരുക്കള്‍ക്കു പറ്റിയ ഒളിത്താവളവും തെമ്മാടികള്‍ക്കു ചേര്‍ന്ന നാട്ടുചന്തയുമാണ് ഇന്നത്തെ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ എന്നുപറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഏതു നുണയും ഞൊടിയിടയില്‍ ലോകമാകെ എത്തിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ ഉപകരണം. വിദ്യാഭ്യാസമുള്ളവനും വിവരദോഷിക്കും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഇരുപത്തിനാലു മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന ഒരു 'അശ്ലീല'ഇടമായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ട് കാലം കുറേയായി. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ 'അവതാരങ്ങളു'ടെ ഏഷണികളിലും ദൂഷണങ്ങളിലും ഭീഷണികളിലും അമര്‍ന്ന് ജീവിതം തകര്‍ന്നവരും ജീവന്‍തന്നെ ഹോമിച്ചവരും എത്രയെത്രെ! (ഇതെഴുതുമ്പോഴും സോഷ്യല്‍ മീഡിയ നല്കുന്ന, ജനോപകാരപ്രദമായ അവര്‍ണനീയദാനങ്ങള്‍ മറക്കുന്നില്ല.)
സമൂഹത്തില്‍ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കുന്നതില്‍, നിരപരാധികള്‍ ആക്രമിക്കപ്പെടുന്നതില്‍, വര്‍ഗീയവിദ്വേഷം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. വലിയ കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുപോലും സമൂഹമാധ്യമങ്ങളിലെ പതിയിരിപ്പുകാരുടെ വ്യാജപ്രചാരണങ്ങള്‍ വഴിവച്ചിട്ടില്ലെന്നു പറയാമോ? ഏതെങ്കിലും വ്യക്തിയോട് ഒരനിഷ്ടം തോന്നിയാല്‍ ആരോടും ചോദിക്കേണ്ട, ചാനല്‍ തുടങ്ങാം. യാതൊരു മാനദണ്ഡങ്ങളുമില്ല. എന്നിട്ട് അശ്ലീലമോ അപവാദമോ എന്തുമാകട്ടെ, വിളിച്ചുകൂവാം. ആരും ചോദിക്കാനില്ലാത്ത അവസ്ഥ. ഇതിനൊരു മാറ്റമുണ്ടാകണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങള്‍ക്കായി സര്‍ക്കാര്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാനും പ്രസ്തുതമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കാനുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം അധികാരികള്‍ ചെവിക്കൊള്ളുമെന്നു കരുതാം. ഇതോടൊപ്പം സുപ്രീംകോടതി മറ്റൊരു കാര്യവുംകൂടി പറഞ്ഞു: ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്നതരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണം. മുഖ്യധാരാമാധ്യമങ്ങള്‍പോലും സോഷ്യല്‍മീഡിയഹാന്‍ഡിലുകള്‍ ഉപയോഗിച്ചു വ്യക്തിയധിക്ഷേപം നടത്തുന്നതിനു കൂട്ടുനില്ക്കുന്നുവെന്നതാണ് ഇവിടത്തെ ദയനീയമായ കാര്യം. തങ്ങള്‍ക്കു ഹിതകരമെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ അതിനു കുട പിടിക്കുകയും ചെയ്യുന്നു. എതിരാളികളെ മുച്ചൂടും മുടിക്കുന്ന രീതിയില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പി. ആര്‍. വര്‍ക്കു ചെയ്യുന്നതില്‍ കേരളത്തിലെ ഒരു കക്ഷിയും പിന്നിലല്ലായെന്നതാണു സത്യം.
ഏതായാലും സുപ്രീംകോടതി ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും പങ്കാളികളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടതു നടപടിയാണ്. സോഷ്യല്‍മീഡിയയുടെ ദുരുപയോഗസാധ്യതകളുടെ സകല പഴുതുകളുമടച്ചുള്ള നിയമനിര്‍മാണത്തിലൂടെ മാത്രമേ അതു സാധ്യമാവൂ. അത് എത്രയും വേഗം സംഭവിക്കട്ടെ.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
