വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായ ഒരു കുടുംബം കൗണ്‍സലിങ്ങിനായി എത്തി. ഇവര്‍ക്ക് എട്ടും അഞ്ചും വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുമുണ്ട്. ഈ കുട്ടികള്‍ അനുസരണമില്ലാത്തവരാണ് എന്നാണ് മാതാപിതാക്കളുടെ പക്ഷം. ഭാര്യയുമായി സംസാരിച്ചപ്പോള്‍ ഭര്‍ത്താവ് ഒരു കാര്യത്തിലും മുന്‍കൈ എടുക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ കുട്ടികളെ നിയന്ത്രിക്കുവാന്‍ രഘുവിനു താത്പര്യമില്ല. എല്ലാ കാര്യങ്ങളും താന്‍തന്നെ ചെയ്യണമെന്നാണ് മിനി ആവര്‍ത്തിച്ചുപറഞ്ഞത്. പക്ഷേ, ഞാന്‍ ശ്രദ്ധിച്ച കാര്യം മിനി കൂടുതലായി ഒന്നും സംസാരിക്കുന്നില്ല എന്നതായിരുന്നു.
ഭര്‍ത്താവുമായുള്ള സംഭാഷണം കാര്യങ്ങളെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയി. മക്കളുടെ പ്രശ്‌നപരിഹാരമെന്ന പേരില്‍ രഘു തന്റെ ഭാര്യയ്ക്ക് ഒരു കൗണ്‍സലിങ് കൊടുക്കുവാനാണ് ഉദ്ദേശിച്ചത്. രഘു എല്ലാ കാര്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയാണെന്ന മിനിയുടെ വാദം ശരിയായിരൂന്നു. അതിനു കാരണമായി രഘു പറഞ്ഞത് വഴക്കുണ്ടാക്കി മടുത്തു എന്നതായിരുന്നു. രഘുവിന്റെ മാനസികാവസ്ഥയും ജീവിതചരിത്രവും തൃപ്തികരമെന്നു തോന്നിയപ്പോള്‍ മിനിയെക്കുറിച്ച് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:
• മിനി വളരെ സെന്‍സിറ്റീവ് ആണ്. അതിനാല്‍ത്തന്നെ പെട്ടെന്ന് ശക്തമായി പ്രതികരിക്കും.
• രഘു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും എന്തെങ്കിലും ഒരു തെറ്റു കണ്ടുപിടിക്കും.
• രഘു മക്കളെ സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് വശത്താക്കുന്നു എന്ന ചിന്ത ശക്തമാണ്.
• ഭര്‍ത്താവിന്റെകൂടെ ജോലി ചെയ്താല്‍ താന്‍ അയാളുടെ അടിമയാകും എന്ന ഉറച്ച നിലപാട് എടുത്തിരിക്കുന്നു.
• ഭര്‍ത്താവിന്റെ ഉത്തരവാദിത്വമാണ് പണമുണ്ടാക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
•തന്റെ ജീവിതം നശിച്ചത് വിവാഹശേഷമാണ് എന്ന ഉറച്ച ചിന്ത.
• രഘു പറഞ്ഞ ഒരു കാര്യമാണെങ്കില്‍ അത് അനുസരിക്കാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കും.
• ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം കഴിഞ്ഞ കാലങ്ങളിലെ അവസ്ഥകളെ ഓര്‍ത്തു പരിതപിക്കുന്നു.
• വീടുപണിയുവാനായി പണയം വച്ച സ്വര്‍ണം വില്‍ക്കേണ്ടി വന്നത് ഭര്‍ത്താവിന്റെ പിടിപ്പുകേടുകൊണ്ടാണ് എന്ന ശക്തമായ വാദം.
• തന്റെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് രഘു വളരുന്നത് എന്ന വിശ്വാസം.
• രഘുവിനെ മറ്റുള്ളവരുടെ മുമ്പില്‍വച്ച് അധിക്ഷേപിക്കുക.
• ലൈംഗികപരമായ കാര്യങ്ങള്‍ ഭംഗിയായി നടക്കാത്തത് രഘുവിന്റെ കഴിവുകേടുകൊണ്ടാണ് എന്ന് തീരുമാനിച്ചുറപ്പിക്കുക.
• ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ തന്റെ പ്രശ്‌നമല്ലായെന്നും താന്‍ അതിലും വലിയ പ്രശ്‌നങ്ങളിലാണ് എന്നും വിശ്വസിക്കുക.
• യാത്രകളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും മാറി നില്ക്കുക.
• ഭര്‍ത്താവിനോടു പറ്റില്ല എന്നു പറയുന്നതില്‍ അമിതസംതൃപ്തി.
• ശാരീരികാസ്വസ്ഥതകളുടെ പേരുപറഞ്ഞ് രഘുവിനെ പൂര്‍ണമായി ഒഴിവാക്കുന്ന രീതി.
• രഘുവിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരോടുള്ള അമിതരോഷം.
''സാര്‍ മിനിക്ക് ഞാനൊരു അന്യനാണ്.'' രഘുവിന്റെ കണ്ണുകള്‍ നിറയുന്നത് ഇടയ്ക്കു ഞാന്‍ ശ്രദ്ധിച്ചു. ഈയൊരു കൗണ്‍സലിങ് കേസ് വരുന്നതിനുമുമ്പ് ഏകദേശം സമാനമായ മറ്റു മൂന്നുകേസുകള്‍കൂടി വന്നിരുന്നു. ആ കേസുകളിലെ സ്ത്രീകളുടെ ഹിസ്റ്ററിയും മിനിയുടെ ജീവിതവും പഠിച്ചപ്പോള്‍ പൊതുവായി കണ്ട ചില കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:
• ഇവരുടെ കുട്ടിക്കാലം സങ്കീര്‍ണവും അശാന്തവും ആയിരുന്നു. (മദ്യപിച്ചിരുന്ന പിതാവ്, ശ്രദ്ധയില്ലാത്ത അമ്മ, സ്വാതന്ത്ര്യമില്ലാത്ത ജീവിതം.)
• ഇവരുടെ ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. (അതിന് സ്വന്തമായി പരിശ്രമിക്കുന്നതിനു പകരം ചുറ്റുപാടുകളെ പഴി പറഞ്ഞു ജീവിക്കുന്നു.)
• വിവാഹജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് പക്വത കുറവായിരുന്നു. അതിനാല്‍ത്തന്നെ തങ്ങളുടെ ഭാര്യമാരുടെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
മിനിയുടെ ചിന്താഗതിയും സംസാര-പ്രവര്‍ത്തനരീതികളും സമൂഹത്തില്‍ സര്‍വസാധാരണമാകുന്നുവോ?
മേല്‍ സൂചിപ്പിച്ച ചോദ്യത്തിന് ഒരു കൗണ്‍സിലര്‍ എന്ന രീതിയില്‍ എന്റെ ഉത്തരം, മിനിയുടെ ചിന്താരീതിയോടും സംസാര-പ്രവര്‍ത്തനരീതികളോടും സമാനരായ ധാരാളം പുരുഷന്മാരും സ്ത്രീകളും ഇന്ന് നമ്മുടെയിടയില്‍ ഉണ്ട് എന്നതാണ്. ഒരു പരിധിവരെ ഈയൊരു രീതി വര്‍ദ്ധിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സ്ത്രീയിലാണെങ്കിലും പുരുഷനിലാണെങ്കിലും വളരെ അപകടകരമായ പ്രത്യാഘാതങ്ങള്‍ കുടുംബത്തില്‍ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞകാലങ്ങളില്‍ എന്തൊക്കെ സംഭവിച്ചാലും അവയെ ആവുന്നത്ര മറന്ന് ജീവിതം സന്തോഷകരമായി മുമ്പോട്ടുകൊണ്ടുപോകുന്നതിലാണ് ബുദ്ധി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മേല്‍സൂചിപ്പിച്ച നാലു കേസുകളില്‍ അമ്മമാരുടെ പ്രവൃത്തികള്‍ അവരുടെ മക്കളില്‍ വളരെ നെഗറ്റീവായ ഫലങ്ങള്‍ സൃഷ്ടിച്ചിരുന്നു. രഘുവിന്റെയും മിനിയുടെയും മക്കളുടെ കാര്യത്തില്‍ നെഗറ്റീവായ ഫലങ്ങള്‍ അത്ര സങ്കീര്‍ണമായിരുന്നില്ല എന്നു മാത്രം!
മേല്‍ സൂചിപ്പിച്ച കുടുംബങ്ങളിലെ ഭര്‍ത്താക്കന്മാരുടെ മാനസികാവസ്ഥ എന്തായിരുന്നു?
രഘു ഉള്‍പ്പെടെ മേല്‍ സൂചിപ്പിച്ച നാലുകേസുകളിലും ഭര്‍ത്താക്കന്മാര്‍ വളരെ അസ്വസ്ഥരായിരുന്നു എന്നു മാത്രമല്ല, അവരുടെ മാനസികാവസ്ഥ അതിസങ്കീര്‍ണമായ അവസ്ഥകളിലേക്ക് എത്തിപ്പെടുകയുമായിരുന്നു. അവരില്‍ കണ്ട ചില അസ്വാഭാവികചിന്തകളും സംസാരങ്ങളും അവ പ്രവൃത്തിപഥത്തില്‍ എത്തിക്കുവാനുള്ള ശ്രമങ്ങളും താഴെ സൂചിപ്പിക്കുന്ന രീതിയില്‍ ആയിരൂന്നു.
• പരസ്ത്രീബന്ധത്തെക്കുറിച്ചുള്ള ചിന്ത, ശ്രമം.
• മദ്യപാനത്തിലേക്കു കടക്കുവാനുള്ള ത്വര
• വീട്ടില്‍നിന്ന് ഓടിയൊളിക്കണമെന്ന മോഹം
• മാനസിക, ശാരീരിക ശക്തി കുറയുന്നതായ ചിന്ത
• ഈയൊരു വിവാഹം അബദ്ധമായിപ്പോയി എന്ന വിശ്വാസം
മേല്‍സൂചിപ്പിച്ചവയൊക്കെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുമെന്ന് കൗണ്‍സലിങ് സെഷനുശേഷം രഘു ഉള്‍പ്പെടെയുള്ളവര്‍ക്കു ബോധ്യമായത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണതയെ ലഘൂകരിച്ചു.
മിനിയുടെയും മറ്റുള്ളവരുടെയും പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിച്ചു?
ഇത്തരക്കാരുടെ ഉള്ളില്‍ അടിയുറച്ച വിശ്വാസങ്ങളെ ഇളക്കുക എന്നത് ശ്രമകരമായ ഒന്നാണ്. ഈ ഒരു ലക്ഷ്യത്തിലേക്കായി ഇവരുടെ ഭര്‍ത്താക്കന്മാരില്‍, അവരുടെ ചിന്താരീതിയില്‍ മാറ്റം വരുത്തുക എന്നതായിരുന്നു തീരുമാനം. അതിലേക്കായി തങ്ങളുടെ ഭാര്യമാര്‍ കുട്ടിക്കാലത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അവര്‍ക്കു ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുവാന്‍ പറ്റാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി.
ഈ ഒരു ബോധ്യം ഉള്‍ക്കൊള്ളുവാന്‍ അവര്‍ തയ്യാറായി എന്നത് പ്രശ്‌നപരിഹാരത്തിന് എളുപ്പമായി. അവര്‍ തങ്ങള്‍ സ്വീകരിച്ചിരുന്ന 'ഒഴിഞ്ഞു മാറ്റം' എന്ന രീതിക്ക് അവസാനമിട്ടു. പകരം തങ്ങളുടെ ഭാര്യമാരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരുടെ കൂടെ ചേര്‍ന്നു. ഇത് അദ്ഭുതാവഹമായ മാറ്റത്തിലേക്കു നയിച്ചു! ഇതിലേക്ക് അവര്‍ കൗണ്‍സലിങ് സെഷനുശേഷം സ്വീകരിച്ച നിലപാടുകള്‍ താഴെ പ്പറയുന്നു:
പോസിറ്റീവായ ഏറ്റുമുട്ടല്‍. ഇതിലൂടെ അവര്‍ തങ്ങളുടെ ഭാര്യമാരുടെ ആശയങ്ങളെ വികാര-വിക്ഷോഭത്തിനടിമപ്പെടാതെ ശാന്തമായി എതിര്‍ത്തു.
ക്ഷമ, സ്‌നേഹം, അഭിനന്ദനം എന്നിവയുടെ പ്രയോഗം.
അനുദിനപ്രവൃത്തികളില്‍ അകമഴിഞ്ഞ് ഭാര്യമാരെ സഹായിക്കുക.
അവരുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനരീതികള്‍ അവലംബിച്ചു.
ഇത്തരം കാര്യങ്ങള്‍ രഘു ഉള്‍പ്പെട്ട ഭര്‍ത്താക്കന്മാര്‍ ചെയ്തപ്പോള്‍ ഇത് കൗണ്‍സലിങ്ങിനുശേഷമുള്ള അഭിനയമാണ് എന്നായിരുന്നു മിക്കവരുടെയും ആദ്യപ്രതികരണം. പിന്നീടുള്ള കൗണ്‍സലിങ്‌സെഷനുകളില്‍ മിനി ഉള്‍പ്പെടെയുള്ളവര്‍ വലിയ മാറ്റത്തിലൂടെ കടന്നുപോയി.
സി.ബി.റ്റി., ഹിപ്‌നോതെറാപ്പി, ജെസ്റ്റാര്‍ട്ട് തെറാപ്പി, റ്റോക്ക് തെറാപ്പി, എന്‍എല്‍പി ടെക്‌നിക്കുകള്‍, റ്റി.എ. ടെക്‌നിക്കുകള്‍ എന്നിവയും ഇവരില്‍ മാറ്റം വരുത്താന്‍ ഉപയോഗിച്ചു. ഇന്ന് ഈ കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിയുന്നു.
ഡോ. ജസ്റ്റിന് തോമസ്
