''രാജീവാ, എന്തു തോന്നുന്നു, റോണിയുടെ മട്ടുംഭാവവും കണ്ടിട്ട്?'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍ സഹപ്രവര്‍ത്തകനോടു ചോദിച്ചു.
''സാറ്, അവളുടെ ചിത്രം കാണിച്ചപ്പോള്‍ അവന്‍ നടുങ്ങി. വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്തു.''
''അതാരുടേതാണെന്നുപോലുമവനറിയില്ലെന്ന്! എങ്ങനെ വന്നെന്നുമറിയില്ല. വീട്ടില്‍ പരസ്പരം വഴക്കുണ്ടായില്ലെന്നുമാണവന്‍ പറഞ്ഞത്.''
''എല്ലാം നിഷേധിക്കുകയായിരുന്നു, അവന്‍.'' രാജീവന്‍ പറഞ്ഞു.
''എന്റെ ബലമായ സംശയം റോണി ഏതോ വക്കീലിനെ കണ്ടിട്ടുണ്ടെന്നാണ്. എല്ലാം നിഷേധിക്കണമെന്നും, നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍ക്കു മുമ്പില്‍ മൗനം പാലിക്കണമെന്നുമാണ് വക്കീലന്മാര്‍ പറഞ്ഞുകൊടുക്കുന്നത്.'' സി.ഐ. സൂചിപ്പിച്ചു.
''സാര്‍, പകല്‍നേരത്ത് ശ്രീജിത്ത് വന്നതും അവളുടെ ചിത്രം സമ്മാനമായി കൊടുത്തതുമൊക്കെ ജീനാ റോണിയോടു താത്പര്യത്തോടെ പറഞ്ഞു കാണും. അവനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കില്ല. സംശയരോഗികൂടിയായിരിക്കാം റോണി. അവന്‍ ജീനായോടു പൊട്ടിത്തെറിക്കുകയും അരുതാത്തതെന്തൊക്കെയോ പറയുകയും ചെയ്തിരിക്കും. അതിന്റെ വിഷമത്തിലാണ് അവള്‍ കൈത്തണ്ട മുറിച്ച് മരിച്ചത്. പ്രേരണക്കുറ്റം റോണിക്കുതന്നെയാണു സാര്‍.''
''രാജീവന്‍ പറഞ്ഞതു ശരി തന്നെ. വഴക്കുണ്ടാക്കിയതിന് നമ്മുടെ പക്കല്‍ തെളിവില്ലല്ലോ. മുന്‍പട്ടാളക്കാരന്‍ കരച്ചില്‍ കേട്ടെന്നു പറഞ്ഞിട്ടില്ല. അതു നമ്മുടെയൊരു തള്ളാണ്. വീടുകള്‍ തമ്മില്‍ ഒച്ചപ്പാട് കേള്‍ക്കാനാവാത്തത്ര അകലവുമുണ്ട്.''
''കിണറ്റില്‍നിന്നു കിട്ടിയ ചിത്രം ശ്രീജിത്ത് ഇവിടെ വന്നതിനുള്ള തെളിവല്ലേ?''
''അതേ. പക്ഷേ, വഴക്കുണ്ടായതിനു തെളിവില്ല. വഴക്കുണ്ടായെന്നും വാക്കുകള്‍കൊണ്ട് റോണി മുറിവേല്‍പ്പിച്ചെന്നുമൊക്കെയുള്ളത് സംശയം മാത്രമാണ്. തെളിവല്ല.''
''ഒരു ആത്മഹത്യാക്കുറിപ്പെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ അത് ബലവത്തായ തെളിവാകുമായിരുന്നു. മരണപ്പെട്ട ജീനായുടെ ദേഹത്ത് അടിയുടെയോ ഇടിയുടെയോ ഒന്നും സൂചനയില്ലാത്തതിനാല്‍ അങ്ങനെയൊരു ആരോപണവും നിലനില്‍ക്കില്ല.'' സി.ഐ. പറഞ്ഞു.
''റോണിയുടെ ഇന്നത്തെ അങ്കലാപ്പ് കണ്ടാലറിയാം സാര്‍, അവന്‍തന്നെയാണ് കുറ്റവാളിയെന്ന്.''
''രാജീവനറിയാമല്ലോ, ഓരോ കേസിലും എത്രയോ കുറ്റവാളികള്‍ വളരെയെളുപ്പത്തില്‍ രക്ഷപ്പെട്ടുപോകുന്നു. സംശയത്തിന്റെ ആനുകൂല്യത്തില്‍ കൊടുംകൊലപാതകികള്‍പോലും ഊരിപ്പോകുന്നില്ലേ?''
''അവന്റെ ചെള്ളയ്‌ക്കൊന്നു പൊട്ടിച്ചാല്‍ എല്ലാം കിളി, കിളിപോലെ പറയുമായിരുന്നു. സമ്മതിക്കുമായിരുന്നു.'' എച്ച്.സി. രാജീവന്‍ പറഞ്ഞു.
''സമ്മതിച്ചു എന്നു കരുത്. പിന്നെന്താകും സംഭവിക്കുന്നത്? കേസ് കോടതീല്‍ വരുമ്പം വക്കീല്‍ വാദിക്കും ഭീഷണിപ്പെടുത്തിയതുമൂലം സമ്മതിച്ചതാണെന്ന്? അതല്ല, കോടതിക്ക് ഇവന്‍ ശരിക്കും പ്രേരണക്കുറ്റം ചെയ്തു എന്നു ബോധ്യപ്പെട്ടാല്‍ത്തന്നെ അഞ്ചുവര്‍ഷത്തില്‍ താഴെ തടവുശിക്ഷയും ചെറിയ പിഴയും വിധിച്ചേക്കാം. അപ്പീല്‍ കൊടുത്തുകൊണ്ട് ജാമ്യം അപേക്ഷിച്ചാല്‍ ശിക്ഷ ഏഴുവര്‍ഷത്തില്‍ കുറവാണെന്ന പരിഗണനയില്‍ അപ്പഴേ ജാമ്യം കിട്ടും. മേല്‍ക്കോടതി മിക്കവാറും എന്തെങ്കിലും കാരണം പറഞ്ഞ് ശിക്ഷ ഒഴിവാക്കുകയും ചെയ്യും.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അതു പറഞ്ഞ് പുഞ്ചിരിച്ചു.
''മരിച്ചവര്‍ക്ക് നീതിയാവശ്യമില്ലല്ലൊ! ജീവിച്ചിരിക്കുന്നവര്‍ക്ക് നീതികേട് അത്യാവശ്യവുമാണ്.'' രാജീവന്‍ പറഞ്ഞു.
''രാജീവാ, ജീനായുടെ സഹോദരന്‍ ആ വര്‍ക്ക്‌ഷോപ്പ് പണിക്കാരന്‍ പയ്യന്‍ പോലീസില്‍നിന്നു നീതി കിട്ടുകേലെന്നു പറഞ്ഞ് മജിസ്‌ട്രേറ്റു കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. പാവം. എനിക്കാ പയ്യന്റെ കാര്യമോര്‍ത്ത് സഹതാപമുണ്ട്.'' സി.ഐ. പ്രതികരിച്ചു.
''നമുക്ക്, അവന്റെ മരിച്ചുപോയ പെങ്ങള്‍ക്കും അവനും നീതി വാങ്ങിക്കൊടുക്കാന്‍ സാധിക്കുമോ സാര്‍?'' ഹെഡ് കോണ്‍സ്റ്റബിള്‍ ഹൃദയമുലഞ്ഞ് ചോദിച്ചു.
''എനിക്ക് ഒരു ഉറപ്പുമില്ല. അവളെ മരണത്തിലേക്കു തള്ളിയിട്ടവനു കിട്ടാവുന്ന പരമാവധി ശിക്ഷ ഞാന്‍ പറഞ്ഞല്ലൊ, അഞ്ചുവര്‍ഷം തടവു മാത്രമാണ്. നമ്മള്‍ കിണഞ്ഞുശ്രമിച്ചാല്‍ മാത്രമേ അങ്ങനെയൊരു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുകയുള്ളൂ. ശിക്ഷ കിട്ടിയാല്‍ത്തന്നെ ഒരു ദിവസംപോലും തടവില്‍ക്കഴിയാതെ അതില്‍നിന്നൂരിപ്പോരാനുള്ള സാധ്യതയാണേറെയുള്ളത്. നമ്മുടെ ദൗത്യം കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ കോടതിയുടെ മുമ്പില്‍ പ്രസന്റ് ചെയ്യുക മാത്രം.'' സി.ഐ. പറഞ്ഞു.
''ഈ കേസില്‍ പ്രധാന തൊണ്ടിസാധനങ്ങള്‍ ആരോ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലേ?''
''ഉണ്ട്. അതു ചെയ്തവാനാണ് യഥാര്‍ത്ഥ പ്രതി. ഈ കേസ് ദുര്‍ബലമാക്കുന്ന പ്രധാനസംഗതിയും തൊണ്ടിമുതലില്ലാത്തതാണ്. മുറി പൂട്ടാതിരുന്നതെങ്ങനെയെന്നും കണ്ടെത്തണം. മിക്കവാറും ശ്രീജിത്തിനെ ചോദ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായേക്കും.''
''അവനെ ചോദ്യം ചെയ്യാന്‍ എന്തോ ഒരു ബ്ലോക്കില്ലേ, സാര്‍?''
''ഇല്ല. ഇപ്പോള്‍ റൂട്ട് ക്ലിയറാണ്.''
''അവനും എല്ലാം നിഷേധിച്ചേക്കും. അല്ലെങ്കില്‍ മൗനിയാകും.''
''രീതികള്‍ അല്പം മാറ്റിപ്പിടിക്കേണ്ടി വരും. ഇതിനിടെ മറ്റു ട്വിസ്റ്റുകള്‍ ഉണ്ടാകാതിരുന്നാല്‍ നമ്മുടെ ഭാഗ്യം.''
''സാറെന്താ ഉദ്ദേശിച്ചത്?''
''ഈ റോണി ഒരു ദുര്‍ബലനാണ്. ഒരു വികാരജീവിയാണ്. ആകെ വിരണ്ടാണ് പോയിരിക്കുന്നത്. അവനെന്തെങ്കിലും വികൃതി കാണിച്ചാല്‍ ജനമെല്ലാംകൂടി നമുക്കിട്ടു പൊങ്കാലയിടും.'
''ഇപ്പോള്‍ അവന്‍ ഒറ്റയ്ക്കല്ലല്ലോ. സ്വന്തം വീട്ടില്‍ ചെന്നു താമസിക്കാന്‍ തുടങ്ങിയല്ലോ. ഒറ്റപ്പെട്ട ജീവിതത്തിലാണ് പലരെയും ദുര്‍ച്ചിന്തകള്‍ പിടികൂടുന്നത്.''
''രാജീവന്‍ പറഞ്ഞതു കറക്ടാണ്. ഒറ്റപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും സമൂഹത്തില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളാണ്.''
സി.ഐ. മോഹന്‍കുമാര്‍ പറഞ്ഞു.
അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിന്‍ ഡോറില്‍ ആരോ തട്ടി.
''യേസ്.'' സി.ഐ. അനുമതി നല്‍കി.
അറ്റന്‍ഡര്‍ ബെന്നിയാണ് കടന്നുവന്നത്.
''സാര്‍, ആ ജീനായുടെ കേസിലെ വാദി, പാലച്ചുവട്ടില്‍ ടോണി കാണാന്‍ വന്നിട്ടുണ്ട്. കുറച്ചേറെ നേരമായി പുറത്തു വെയ്റ്റ് ചെയ്യുന്നു.'' അറ്റന്‍ഡര്‍ പറഞ്ഞു.
''കയറി വരാന്‍ പറയ്.'' സി.ഐ. പറഞ്ഞു. എച്ച്. സി. രാജീവന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് സി.ഐ. യെ സല്യൂട്ട് ചെയ്തിട്ട് ഇറങ്ങിപ്പോയി. പെട്ടെന്നുതന്നെ പാലച്ചുവട്ടില്‍ ടോണി ക്യാബിനിലേക്കു കടന്നുവന്നു.
''ങാ... ടോണി, അങ്ങോട്ടിരിക്ക്.''സി.ഐ. എതിര്‍വശത്തെ കസേര ചൂണ്ടിപ്പറഞ്ഞു.
അവന്‍ തെല്ലു മടിയോടെ കസേരയില്‍ കടന്നിരുന്നു.
''ടോണീ, പോലീസ് ഊര്‍ജ്ജിതമല്ലെന്നു പറഞ്ഞ് കോടതീല്‍ കേസുകൊടുത്തെന്നു കേട്ടു.''
''അത്... അഡ്വക്കേറ്റ് പറഞ്ഞതുകൊണ്ട്...''
''നമുക്കൊരു കുഴപ്പവുമില്ല. ഞങ്ങടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതീലോട്ടു തന്നെ വിടും. താമസിക്കുന്നു എന്നു പറഞ്ഞാല്‍ അതിനു പല കാരണങ്ങളുണ്ട്. ഇപ്പോള്‍ ടോണിയെന്താ വന്നത്?''
''സാറേ... ഞാന്‍ സംശയിച്ചതു സംഭവിക്കുകാ സാറെ. അവന്‍, റോണിയിപ്പം അപ്പന്റെ കൂടെ വീട്ടില്‍ ചെന്ന് താമസം തുടങ്ങി. അപ്പന്‍ നേരത്തേ റോണിക്കു കല്യാണം പറഞ്ഞ പെണ്ണിന്റെ ആങ്ങളയാ അവന്റെ വക്കീല്. ആ പെണ്ണ്, കെട്ടിയവന്‍ മരിച്ചിട്ടിപ്പം വീട്ടില്‍ വന്നു നില്‍ക്കുകാ. വലിയ താമസം കൂടാതെ, അവരു തമ്മിലുള്ള കെട്ടും നടക്കുമെന്നാ കേള്‍ക്കുന്നെ. റോണി എന്റെ പെങ്ങളെ സ്‌നേഹിച്ചു ചതിക്കായിരുന്നു സാറെ. അവനെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. അന്വേഷിക്കണം.'' ടോണി സങ്കടത്തോടെ പറഞ്ഞു.
''ടോണീ, താങ്കള്‍ പറഞ്ഞതുപോലെ മേടയ്ക്കല്‍ റോണിയെ പ്രതിപ്പട്ടികയിലേക്കു പുതിയതായി ചേര്‍ക്കേണ്ട ആവശ്യമില്ല. എന്റെ അന്വേഷണത്തില്‍ അവന്‍ മുഖ്യപ്രതിതന്നെയാണ്. രണ്ടു തവണ അവനെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും ചോദ്യം ചെയ്യും.'' സി.ഐ. പറഞ്ഞു.
''അവനെ പ്രതി ചേര്‍ത്തവിവരം ഞാനറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ്...''
''സാരമില്ല. അന്വേഷണം ഊര്‍ജിതംതന്നെയാണ്. അതിന് ഒരു തെളിവുകൂടി ഞാന്‍ ടോണിക്കു തരാം.'' അങ്ങനെ പറഞ്ഞിട്ട് മേശയിലുണ്ടായിരുന്ന ജീനായുടെ മുഖച്ചിത്രം എടുത്ത് അവനു കൊടുത്തു. ടോണി വിസ്മയത്തോടെ അതു നോക്കിക്കണ്ടു.
''ഇതാരുടെ ചിത്രമാണ്?'' സി.ഐ. അവനോടു തിരക്കി.
''ഇത്... എന്റെ പെങ്ങളുടെ ചിത്രമാണ്.'' ടോണി പറഞ്ഞു.
''അതു വരച്ചയാളിന്റെ പേര് ചിത്രത്തിനടിയില്‍ ചേര്‍ത്തിട്ടുണ്ട്. നോക്ക്.''
''കണ്ടു. ശ്രീജിത്ത്! ഇവനേതാണ് സാര്‍?''
''ടോണിയുടെ പെങ്ങളുടെ സഹപാഠി. മരണത്തിന്റെ തലേന്നാള്‍ ഉച്ചയോടെ ഇവന്‍ അവളെ കാണാനവിടെ ചെന്നിരുന്നു. അപ്പോള്‍ സമ്മാനമായി പെങ്ങള്‍ക്കു കൊടുത്തതാണ്. ഈ ശ്രീജിത്ത് പ്രശസ്തമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ചീഫ് ആര്‍ക്കിടെക്റ്റാണ്. തന്റെ പെങ്ങളുടെ സഹപാഠിയും. ശ്രീജിത്തിന്റെ സന്ദര്‍ശനത്തെച്ചൊല്ലി റോണിയും ജീനായും തമ്മില്‍ വലിയ വഴക്കുണ്ടായി.
''ഇത്.... ഒരു കഥയാണോ? സത്യമാണോ? സാര്‍?''
''സത്യം. അവന്‍ അവള്‍ തനിച്ചുള്ളപ്പോള്‍ ആ വീട്ടില്‍ ചെന്നിരുന്നതായി അയല്‍ക്കാരന്റെ മൊഴിയുണ്ട്. സുധാകരന്‍ എന്ന അയല്‍വാസിയോടു തിരക്കിയാണ് അവന്‍ പെങ്ങളുടെ വാടകവീട് കണ്ടെത്തിയത്.'' സി.ഐ. പറഞ്ഞു.
''എന്റെ പെങ്ങള്‍ക്ക് അങ്ങനെയൊരാളുമായി ബന്ധമുണ്ടായിരുന്നില്ല. ഒരു കാര്യവും അവള്‍ എന്റടുത്തൂന്ന് മറച്ചുവയ്ക്കുമായിരുന്നില്ല.'' ടോണി പതര്‍ച്ചയോടെ പറഞ്ഞു.
''ശ്രീജിത്ത്, തന്റെ പെങ്ങള്‍ക്കൊപ്പം എഞ്ചിനീയറിങ് കോളജില്‍ പഠിച്ചിരുന്നയാളാണ്. അവര്‍ സുഹൃത്തുക്കളായിരുന്നു. ശ്രീജിത്തിന്റെ സന്ദര്‍ശനം നിശ്ചയമായും ജീനായുടെ മരണത്തിനു വഴിയൊരുക്കിയെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു.''
ടോണി എല്ലാം കേട്ട് മിഴിച്ചിരുന്നു. ആരാണു കുറ്റക്കാരന്‍? ആരാണ് നിരപരാധി? ഒന്നും നിജപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം.
''ടോണീ, ഞാനിതൊക്കെ പറഞ്ഞത് പോലീസ് ഏതെല്ലാം രീതിയില്‍ അന്വേഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താനാണ്. മറ്റുള്ളവരും വക്കീലുമൊക്കെ പറയുന്നതുകേട്ട് ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് യാഥാര്‍ത്ഥ്യം അറിയട്ടെയെന്നു കരുതിയാ പറയുന്നത്.''
''എന്റെ പെങ്ങളുടെ മരണത്തിനു കാരണമായവര്‍ക്ക് എന്തെങ്കിലുമൊരു ശിക്ഷ കിട്ടിക്കാണാനാണ് സാര്‍ ഞാനിങ്ങനെ കയറിയിറങ്ങുന്നത്.'' ടോണി സി.ഐ.യ്ക്കു മുമ്പില്‍ കൈകൂപ്പി വിങ്ങിക്കൊണ്ടു പറഞ്ഞു.
''ടോണീ, താന്‍ വിശ്വസിക്ക്. ഞാനെന്റെ മാക്‌സിമം ഈ കേസ് തെളിയിക്കാന്‍ വേണ്ടി ശ്രമിക്കും. ദുരന്തങ്ങളും ചുമന്ന് കഷ്ടപ്പെട്ടു ജീവിക്കുന്ന തന്നെ ഒരു വാദിയായിട്ടല്ല, അനുജനായിട്ടാ ഞാന്‍ കാണുന്നത്. സമാധാനത്തോടെ പൊയ്‌ക്കോ.''
ടോണി പോകാനെഴുന്നേറ്റു.
(തുടരും)
ജോര്‍ജ് പുളിങ്കാട്
