•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

ഇടം

കോണ്‍വെന്റിലെ കിച്ചണില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞ് അല്പം വിശ്രമിക്കുകയായിരുന്നു സെലീന. കപ്പപ്പുഴുക്കും മീന്‍കറിയുമായിരുന്നു രാവിലെയുണ്ടാക്കിയ വിഭവങ്ങള്‍. സിസ്റ്റര്‍മാര്‍ക്ക് നാടന്‍ഭക്ഷണത്തോടാണ് പ്രിയം. പൂവര്‍ ഹോമിലെ കുട്ടികള്‍ക്ക് ഇഡ്ഡലിയും ചമ്മന്തിയുമാണുണ്ടാക്കിയത്. സെലീന ഒരു കടുംകാപ്പിയുണ്ടാക്കി ഗ്ലാസില്‍ പകര്‍ന്ന് കുടിച്ചുതുടങ്ങി. അപ്പോള്‍ നഴ്‌സറി സ്‌കൂള്‍ ടീച്ചറായ സിസ്റ്റര്‍ സെല്‍മ അവിടേക്കു വന്നു.
''ചേച്ചീ, കരോളിനമ്മയ്ക്ക് ഒന്നു കാണണോന്ന്.'' സിസ്റ്റര്‍ സെല്‍മ പറഞ്ഞു.
''ഞാനിപ്പവന്നേക്കാമെന്നു പറഞ്ഞേക്ക്.'' ചൂടുകാപ്പി ധൃതിയില്‍ കുടിച്ചുകൊണ്ട് സെലീന പറഞ്ഞു. സിസ്റ്റര്‍ സെല്‍മ മടങ്ങിപ്പോയി. സെലീന ഒട്ടും വൈകാതെ മദര്‍ കരോളിന്റെ മുറിയിലെത്തി വിനയത്തോടെ നിന്നു. മദര്‍ മുറിയില്‍ എന്തൊക്കെയോ ക്രമീകരണങ്ങള്‍ നടത്തുകയായിരുന്നു.
''എന്താ കരോളിനമ്മേ എന്നെ കാണണോന്നു പറഞ്ഞെ?'' 
''പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ.''
സെലീനയ്ക്ക് ഉത്കണ്ഠ വര്‍ദ്ധിച്ചുവന്നു.
''ഇന്നുകൊണ്ട് സെലീനയുടെ ഇവിടുത്തെ അടുക്കളപ്പണിയങ്ങു നിര്‍ത്താം. വേറൊരാളെ കിട്ടീട്ടുണ്ട്. കുഴപ്പമില്ലെന്നു തോന്നിയതുകൊണ്ട് വൈകുന്നേരം താമസത്തിനു തയ്യാറായി വരാന്‍ പറഞ്ഞുവിട്ടു.''
സെലീനയ്ക്കു നടുക്കമുണ്ടായി. ഒന്നും പറഞ്ഞില്ല. വിതുമ്പിക്കരയാന്‍ തുടങ്ങി.
''എന്താ സെലീനാ, ഇങ്ങനെ സങ്കടപ്പെടുന്നെ? ഞങ്ങള് പിരിച്ചു വിടുന്നതല്ലല്ലോ. നമ്മള് പിണങ്ങിപ്പിരിയുകയുമല്ല. നല്ല സന്തോഷത്തോടെ സെലീനയെ യാത്രയയ്ക്കാനാ തീരുമാനിച്ചത്.''
''പൊയ്‌ക്കോളാം. സന്തോഷത്തോടെ ഇവിടുന്നു പോകാന്‍ എനിക്കു കഴിയില്ലമ്മേ.''
''സെലീന ഇവിടുന്നു പോകുന്നതില്‍ ഞങ്ങള്‍ക്കും നല്ല വെഷമമുണ്ട്. ഇനീം ഇവിടെയീ പണി തുടരുന്നതു ശരിയല്ല കൊച്ചേ. ആളുകള് പഴിക്കും. ഇപ്പം സെലീനയുടെ കഷ്ടകാലമൊക്കെ മാറി. സഹനത്തിനെല്ലാം ദൈവം നൂറിരട്ടിയായി നന്മകള്‍ തന്നു. മകളുടെ കൂടെച്ചെന്ന് താമസിക്കണം. പഴയ വീട്ടില്‍ തനിച്ചു താമസിക്കണ്ടിനി.''
''പോയാലും എന്നെ മറക്കല്ലേ കരോളിനമ്മേ. വേറേയാരുമില്ലെനിക്ക്. ഞാന്‍ വരും വല്ലപ്പഴുമൊക്കെ. എനിക്കെല്ലാരേം കാണണം.'' സെലീന പിന്നെയും വിതുമ്പി.
''സെലീന എപ്പം വന്നാലും ഞങ്ങള്‍ക്കു സന്തോഷമാ. മകള് വലിയ സ്ഥാനത്താ എത്തിയിരിക്കുന്നെ! ഒരുപാട് പ്രശ്‌നങ്ങളേം പ്രതിസന്ധികളേമൊക്കെ അവള്‍ക്കു നേരിടേണ്ടി വരും. ഒന്നിലും ഒരു പിശകു വരാതിരിക്കാന്‍ അമ്മ പ്രാര്‍ത്ഥിക്കണം.''
''പ്രാര്‍ത്ഥിക്കുന്നുണ്ട്, കരോളിനമ്മേ ഞാനെന്നും.''
സെലീന സമ്മതഭാവത്തില്‍ തലയാട്ടി. തോളിലിട്ടിരിക്കുന്ന തോര്‍ത്തുകൊണ്ട് കണ്ണും മുഖവും തുടച്ച് കിച്ചണിലേക്കു മടങ്ങി. അവിടെയെത്തി ബഞ്ചിലിരുന്നു. വര്‍ഷങ്ങളായി താന്‍ ഇരുന്നു വിശ്രമിക്കുകയും പനിയും തലവേദനയുമൊക്കെയുള്ളപ്പോള്‍ കിടക്കുകയുമൊക്കെ ചെയ്യാറുള്ള ബെഞ്ച്! ഏഴുവയസ്സുള്ള മകളെയുംകൊണ്ട് ഈ മഠത്തില്‍ അഭയം തേടിയതുമുതലുള്ള സംഭവങ്ങള്‍ മനസ്സില്‍ ക്രമമായി തെളിഞ്ഞു. അന്നും മദര്‍ സിസ്റ്റര്‍ കരോളിന്‍തന്നെയായിരുന്നു. ചെറുപ്പക്കാരിയും സുന്ദരിയുമായ കരോളിനമ്മയ്ക്ക് തന്റെമേല്‍ കരളലിവുണ്ടായി. സലോമിയെയും അതിരറ്റു സ്‌നേഹിച്ചു. ഈ മഠത്തില്‍നിന്നു സ്ഥലം മാറിപ്പോയപ്പോഴും സലോമിയുടെ പഠനകാര്യത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു.
''സെലീനാ, നിന്റെ മകള്‍ മിടുമിടുക്കിയാ... ഇവളെ നമുക്ക് ഐ.എ.എസുകാരിയാക്കണം.'' വര്‍ഷങ്ങള്‍ക്കുമുമ്പ് കരോളിനമ്മ പറഞ്ഞപ്പോള്‍ തനിക്കൊന്നും പിടികിട്ടിയില്ല. പല മഠങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം നാലുവര്‍ഷംമുമ്പാണ് വീണ്ടും ഇവിടെ മദര്‍ സുപ്പീരിയറായി തിരിച്ചെത്തിയത്.
അകാലത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് മാത്തനെക്കുറിച്ചും സെലീന ഓര്‍ത്തു. കരുത്തനായിരുന്നു. കര്‍ക്കശക്കാരനായിരുന്നു. ഒരാളെയും വകവയ്ക്കാതെ ഒറ്റയാനായി ജീവിച്ചു. തനിക്കാ മനുഷ്യനെ ഇത്തിരിപ്പോലും സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രൂപവും സ്വഭാവവും തനിക്കറപ്പായിരുന്നു. വഴിവിട്ട ജീവിതത്തിലേക്കയാള്‍ വീണുപോയത് തന്റെ സ്‌നേഹക്കുറവുകൊണ്ടായിരിക്കില്ലേ? പുഴക്കരവക്കച്ചന്റെ ഷാപ്പുകളിലേക്ക് തെങ്ങിന്‍കള്ളുകൊണ്ടുവരാന്‍ പാലക്കാടിന് പിക്കപ്പുമായി പോകലായിരുന്നു പ്രധാനപണി. അവിടെ ഏതോ ഒരുത്തിയുണ്ടെന്നും മക്കളുണ്ടെന്നുമൊക്കെ പറഞ്ഞുകേട്ടിരുന്നു. മരിച്ചടക്കിനുപോലും അവിടുന്ന് അങ്ങനെയൊരുത്തിയും വരാത്തത് ആശ്വാസമായി. തന്റെ തനിപ്പകര്‍പ്പായ സലോമിമോളിലേക്കാണ് മാത്തന്റെ സ്‌നേഹംമുഴുവനും ഒഴുകിപ്പോയത്. അതുകൊണ്ടാവും മകള്‍ക്കിപ്പോഴും അപ്പനോട് തീരാത്ത സ്‌നേഹം!
ഉച്ച. കോണ്‍വെന്റിലെ പതിനഞ്ചുപേര്‍ക്കുള്ള വലിയ തീന്‍മേശയില്‍ സെലീന ഒടുവിലുണ്ടാക്കിയ ചോറും കറികളുമെത്തി. ഉച്ചയൂണ് ഒരു മണിക്കാണ് പതിവ്. മദര്‍ കരോളിനൊപ്പം എല്ലാ സിസ്റ്റര്‍മാരും ഒരുമിച്ചുവന്നു. അവര്‍ കസേരകളില്‍ ഇരുന്നു.
''പരിശുദ്ധാത്മാവിന്റെ പാട്ടുപാടിയിട്ട് കഴിച്ചുതുടങ്ങാം.'' മദര്‍ പറഞ്ഞു.
പെട്ടെന്നെല്ലാവരും എഴുന്നേറ്റു. സെലീനായെ മദര്‍ കൈപിടിച്ച് തന്റെ അരികെ നിര്‍ത്തി.
''പരിശുദ്ധാത്മാവേ നീയെഴു                   ന്നള്ളി
വരണമേയെന്റെ ഹൃദയ                   ത്തില്‍!
സിസ്റ്റര്‍ സുധയാണ് പാട്ടിനു നേതൃത്വം നല്‍കിയത്. പാട്ടിനുശേഷം എല്ലാവരും കസേരകളിലിരുന്നു. സെല്‍ഫ് സേര്‍വിങാണ് നടന്നതെങ്കിലും സെലീനയ്ക്ക് മദര്‍ കരോളിന്‍തന്നെ വിളമ്പിക്കൊടുത്തു. പെട്ടെന്നിങ്ങനെ കോണ്‍വെന്റിലെ ജോലിയില്‍നിന്നു പിരിയേണ്ടിവന്നതിന്റെ കഠിനസങ്കടത്തിലായിരുന്നു സെലീന. സിസ്റ്റര്‍മാര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അവള്‍ എന്തെങ്കിലും കഴിച്ചത്.
''സെലീനച്ചേച്ചീ, കളക്ടര്‍മോളുടെ കല്യാണം ഞങ്ങളെയൊക്കെ വിളിക്കുകേലേ?'' സിസ്റ്റര്‍ പ്രസീദ ചോദിച്ചു.
''അങ്ങനെയൊന്നു നടന്നാല്‍ ആദ്യം വന്നു ക്ഷണിക്കുന്നതിവിടെയായിരിക്കും.'' സെലീന വിതുമ്പിക്കൊണ്ടു പറഞ്ഞു.
''വിളിച്ചാലും ഞങ്ങള്‍ക്കങ്ങനെ കല്യാണത്തിനു വരാന്‍ പറ്റുകേലല്ലോ സെലീനച്ചേച്ചീ. ഇവിടെയൊരു കിടിലന്‍ പാര്‍ട്ടി പിന്നെ നടത്തിയാ മതി ഞങ്ങള്‍ക്ക്.'' സിസ്റ്റര്‍ ബിന്‍സി പറഞ്ഞു.
''അതൊക്കെ ചെയ്യാം ബിന്‍സിയമ്മേ.'' സെലീന അതംഗീകരിച്ചു. 
എല്ലാവരും ഭക്ഷണം കഴിച്ചുകഴിഞ്ഞ് രണ്ടുവാക്കു പറയാനായി മദര്‍ കരോളിന്‍ എഴുന്നേറ്റു.
''പ്രിയപ്പെട്ടവരേ,
കഴിഞ്ഞ ഇരുപതുവര്‍ഷമായി നമ്മുടെ അടുക്കളയില്‍ ജോലി ചെയ്ത് നല്ല രുചികരമായ ആഹാരം ഉണ്ടാക്കിത്തന്നുകൊണ്ടിരുന്ന സെലീന, ഇന്ന് യാത്ര പറയുകയാണ്. ജില്ലാ കളക്ടറുടെ അമ്മയായ സെലീന ഇനിയുമിങ്ങനെ കുശിനിക്കാരിയായി ജോലി തുടരുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണ് ഈ മാറ്റം. നമ്മുടെ അടുക്കളക്കാരിയുടെ മകളും ഇവിടുത്തെ ഓര്‍ഫനേജിലെ കുട്ടിയുമായിരുന്ന സലോമിയുടെ ഉയര്‍ച്ച നമ്മളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സലോമിക്കു നമ്മള്‍ സ്വീകരണം നല്‍കി. ഒട്ടും നിഗളമില്ല. നല്ല വിനയവും സ്‌നേഹവും. ഗുണങ്ങളൊക്കെ ഈ അമ്മയില്‍നിന്നു കിട്ടിയതാണ്. സെലീന, നമ്മുടെ കോണ്‍വെന്റിലെ കിച്ചണില്‍നിന്നു കളക്ടറുടെ ബംഗ്ലാവിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്. കഷ്ടതകളും ദുഃഖങ്ങളും ദുരിതങ്ങളും ഒത്തിരി അനുഭവിച്ച സെലീനയെ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. ഇവിടെ നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. സെലീനയെ ദൈവം അനുഗ്രഹിക്കട്ടെ.'' മദര്‍ പറഞ്ഞു നിര്‍ത്തി.
സിസ്റ്റര്‍മാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മറുപടി പറയാന്‍ സെലീന എഴുന്നേറ്റു. അവര്‍ക്കു പക്ഷേ എന്തെങ്കിലും പറയാന്‍ കഴിഞ്ഞില്ല.
''എനിക്കൊന്നും പറയാനറിയത്തില്ലമ്മേ...'' സെലീനയുടെ വാക്കുകളിടറി.
ആ ചെറിയ ചടങ്ങ് അവസാനിക്കുന്നതിനുമുമ്പ് ഒരു കവറിലിട്ട് കുറെ രൂപയും വെള്ളയില്‍ പ്രിന്റുള്ള സാരിയും തിളക്കമുള്ള കൊന്തയും സെലീനയ്ക്കു കൊടുത്തു. എല്ലാം മാറോടു ചേര്‍ത്തുപിടിച്ച് സെലീന സിസ്റ്റര്‍മാര്‍ക്കു നേരേ കൈകൂപ്പി. മൂന്നരയോടെ മഠത്തില്‍നിന്നു യാത്ര പറഞ്ഞിറങ്ങിയ സെലീന ഒരിക്കല്‍ക്കൂടി കോണ്‍വെന്റിനു നേര്‍ക്ക് തിരിഞ്ഞുനോക്കി. സിറ്റൗട്ടില്‍ ഒന്നിച്ചുകൂടി നിന്നിരുന്ന സിസ്റ്റര്‍മാരും പൂവര്‍ഹോമിലെ കുഞ്ഞുങ്ങളും അവര്‍ക്കു നേരെ കൈവീശി.
പിറ്റേന്ന് ബുധനാഴ്ചയായിരുന്നു. സെലീന പതിവില്ലാതെ രാവിലെ പള്ളിയില്‍ പോയി. കുര്‍ബാന കഴിഞ്ഞ് കാത്തുനിന്ന് അച്ചനെ കണ്ടു.
''എന്താ സെലീന, നീ മഠത്തിലെ അടുക്കളപ്പണിയൊക്കെ വിട്ടെന്നു കേട്ടല്ലൊ.'' ഇലഞ്ഞിത്തറയിലച്ചന്‍ ചോദിച്ചു. 
''ഞാനുപേക്ഷിച്ചതല്ല. അവരെന്നെ വിട്ടതാ അച്ചാ.'' സെലീന പറഞ്ഞു.
''വെഷമിക്കണ്ട. അതു നല്ല തീരുമാനംതന്നെയാ. നീയിനി തനിച്ചിവിടെ താമസിക്കാതെ മകളുടെ കൂടെപ്പോയി ജീവിക്ക്.''
''നാളെ ഞാന്‍ പോകുകാ അച്ചാ. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.''
''പറഞ്ഞോളൂ.''
''നാളെ എന്റെ കെട്ടിയോന്‍ മാത്തന്‍ മരിച്ചിട്ട് പതിനേഴു വര്‍ഷം തെകയുകാ. ഒരു കുര്‍ബാനേം ഒപ്പീസും അതിയാനുവേണ്ടി ചെല്ലാമോ അച്ചാ?'' 
''നാളെ കുര്‍ബാന മറ്റൊരാള്‍ക്കുവേണ്ടി ചെല്ലാമെന്നേറ്റു പോയി. ഒപ്പീസു നാളെയും കുര്‍ബാന മറ്റന്നാളും ചെല്ലാം.''
''അതു മതിയച്ചാ.''
''മാത്തന്‍ മരിച്ചതല്ല. കൊന്നതാണെന്നു കേട്ടു. കൊന്നവരും കൊല്ലിച്ചവരുമൊക്കെ നാട്ടില്‍ വെലസി ജീവിക്കുന്നുണ്ടെന്നും അറിഞ്ഞു.''
സെലീനാ വിതുമ്പി.
''നിന്നെ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല. നീതിയും നിയമോമൊക്കെ ഇത്തരത്തിലായല്ലോന്നോര്‍ത്തു പറഞ്ഞതാ.''
''ദുര്‍മ്മരണപ്പെട്ടവര് സ്വര്‍ഗ്ഗത്തില്‍ പോകുമോ അച്ചാ.'' 
''സെലീനാ, മനുഷ്യന്റെ നീതിയല്ല ദൈവത്തിന്റേത്. അവിടത്തെ തീരുമാനം എങ്ങനെയാണെന്ന് നമ്മള്‍ക്കാര്‍ക്കും നിശ്ചയിക്കാനാവില്ല.'' അച്ചന്‍ പറഞ്ഞു.
സെലീന അച്ചനോടു യാത്രപറഞ്ഞ് വീട്ടിലേക്കു നടന്നു.
(തുടരും)

 

Login log record inserted successfully!