•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഇന്ത്യ ചൈന അതിര്‍ത്തിത്തര്‍ക്കം അനുരഞ്ജനം അനിവാര്യം

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 24 June , 2020

ഇന്ത്യ-ചൈന അതിര്‍ത്തി നാലരപതിറ്റാണ്ടിനുശേഷം വീണ്ടും ചോരക്കളമായി മാറിയത് ഇരുരാജ്യങ്ങളില്‍ മാത്രമല്ല, വിശ്വമാകെ അശാന്തി പരത്തിയിരിക്കുന്നു. ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ജൂണ്‍ 15 തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ കേണല്‍ ഉള്‍പ്പെടെ ഇരുപത് ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു. ചൈനയുടെ 43 പട്ടാളക്കാര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളതായി എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
3488 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കങ്ങള്‍ എല്ലാക്കാലത്തും ഉയര്‍ന്നുവന്നിരുന്നുവെങ്കിലും 1975 നു ശേഷം ഒരൊറ്റ സൈനികനും കൊല്ലപ്പെട്ടിരുന്നില്ല. കഴിഞ്ഞ 45 വര്‍ഷമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനക്കരാറാണ്, അതിര്‍ത്തിസംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച് ചോരപ്പകയിലൂടെ ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. 1993 മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഞ്ചു സമാധാനക്കരാറുകളില്‍ ഉറച്ചുനില്ക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈനയോട് അഭ്യര്‍ത്ഥിച്ചുവരവേയാണ് അപ്രതീക്ഷിതമായ ചൈനീസ് ആക്രമണം ഇന്ത്യ നേരിടുന്നത്.
1962 ലേതുപോലുള്ള ഒരു വിശാലയുദ്ധത്തിലേക്ക് ഇതു വഴിമാറാന്‍ സാധ്യതയില്ലെങ്കിലും 1967 ലെ നാഥുലാ സംഭവത്തിനു സമാനമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമോ എന്നതാണ് ഇപ്പോള്‍ സുരക്ഷാതന്ത്രജ്ഞരുടെ മുമ്പിലുള്ള ആശങ്ക.
1962 ഒക്‌ടോബര്‍ 20 നായിരുന്നു ഇന്ത്യക്കെതിരേ അപ്രതീക്ഷിതമായ ചൈനീസ് ആക്രമണമുണ്ടായത്. പടിഞ്ഞാറ് കാശ്മീരില്‍ ലഡാക്കിലെ അക്‌സായ് ചിന്നിലും കിഴക്ക് നേഫയിലും (അരുണാചല്‍പ്രദേശ്) ഒരേ സമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചുകയറി. ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്രകിലോമീറ്റര്‍ ഇന്നും ചൈനയുടെ അധീനതയിലാണ്. നവംബര്‍ 21 നാണ് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
1967 മേയില്‍ സിക്കിം അതിര്‍ത്തിയിലെ നാഥു ലായില്‍ ചൈനയുടെ പ്രകോപനമുണ്ടായി. ഓഗസ്റ്റ് 13 ന് സേബുലായിലെ ഇന്ത്യന്‍ നിരീക്ഷണപോസ്റ്റിനു സമീപം ബങ്കര്‍ നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ എതിര്‍ത്തു. തുടര്‍ന്നുള്ള മാസങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യയ്ക്ക് 83 സൈനികരെ നഷ്ടമായി. ചൈനീസ് നിരയില്‍ 340 പേര്‍ കൊല്ലപ്പെട്ടു.
കിഴക്ക് മേല്‍ക്കൈ ഇന്ത്യയ്ക്കാണെങ്കില്‍, പടിഞ്ഞാറ് ലഡാക്കില്‍ ചൈനീസ് സൈന്യത്തിനാണ് മുന്‍തൂക്കം. അതിനൊപ്പമെത്താനാണ് ഇന്ത്യ കഴിഞ്ഞ രണ്ടു ദശകങ്ങളായി സൈനികനിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നത്. ദൗളത്ത് ബേഗ് ഓള്‍ഡിയിലേക്കുള്ള അതിര്‍ത്തിറോഡും ഷ്യോക്ക് നദിയിലെ പാലവും നിര്‍മ്മിച്ചത് ഇതിന്റെ ഭാഗമായാണ്. ഇവ നിര്‍ത്തി വയ്ക്കണമെന്നാണ് ചൈനയുടെ ഇപ്പോഴത്തെ ആവശ്യം. അതിനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് സമാധാനചര്‍ച്ചകള്‍ക്കിടയിലും അതിര്‍ത്തിയിലെ അവരുടെ അതിക്രമിച്ചുള്ള കടന്നുകയറ്റം.
വര്‍ദ്ധിച്ചുവരുന്ന ഇന്ത്യ-യു.എസ്. സൗഹൃദവും ഇന്തോ-പസഫിക് മേഖലയില്‍ അതു വരുത്താനിടയുള്ള മാറ്റങ്ങളുമുള്‍പ്പെടെ ചൈനയെ അസ്വസ്ഥമാക്കുന്ന പല കാര്യങ്ങളും ഈ കടന്നുകയറ്റത്തിനു പ്രേരകമായിരിക്കാം. ലോകരാജ്യങ്ങളെ പിടികൂടിയ കോവിഡ് 19 മഹാമാരിയുടെ ഉദ്ഭവസ്ഥാനമെന്ന നിലയില്‍ ആഗോളതലത്തില്‍ ചൈനയുടെ പ്രതിച്ഛായ മങ്ങിയതും അവരെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം. ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്കു വിവിധ മേഖലകളില്‍ ലഭിക്കുന്ന വര്‍ദ്ധിച്ച സ്വീകാര്യതയും, ചൈനയ്ക്കു പല കാരണങ്ങളാല്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും അഭിമാനക്ഷതങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റത്തിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും ഭരണകൂടത്തെയും എത്തിച്ചെന്നു കരുതുന്നതിലും തെറ്റില്ല.
അതിര്‍ത്തിത്തര്‍ക്കങ്ങളുടെയും ചേരിപ്പോരിന്റെയും ചരിത്രനൊമ്പരങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ട് സമാധാനശ്രമങ്ങള്‍ ഊര്‍ജ്ജിമാക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും അതിന്റെ ഭരണകര്‍ത്താക്കള്‍ക്കും വേഗം കഴിയട്ടെ എന്നാശംസിക്കാനേ നമുക്കാവൂ. ലോകംമുഴുവന്‍ കോവിഡ് മഹാമാരിയാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഈ ചോരക്കളി നീതീകരിക്കാനാവില്ല.
എന്നിരുന്നാലും, നമ്മുടെ മാതൃരാജ്യത്തിന്റെ അതിര്‍ത്തി കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. രാജ്യസുരക്ഷ ഓരോ ഇന്ത്യന്‍പൗരന്റെയും ചുമതലയാണ്. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
അക്രമത്തിന്റെയല്ല, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഭാഷ കൈകാര്യം ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമാവട്ടെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)