വടക്കേ അമേരിക്കയില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ സുപ്രസിദ്ധ കടല്‍ത്തീരമാണ് താമ്പാബീച്ച്. താമ്പാ ബീച്ചും ബീച്ചിനടുത്തുള്ള വിഖ്യാതകാഴ്ചബംഗ്ലാവും സന്ദര്‍ശിക്കുന്നതിന് എനിക്കവസരം ലഭിച്ചു. ഞാനും എന്റെ അമേരിക്കന്‍ സുഹൃത്ത് സജിയും അയാളുടെ മൂന്ന് ആണ്‍മക്കളും - ഇങ്ങനെ അഞ്ചുപേരായിരുന്നു ഞങ്ങളുടെ ഫാമിലി ഗ്രൂപ്പില്‍; രാവിലെ ഒമ്പതു മണിമുതല്‍ വൈകുന്നേരം നാലു മണിവരെ ഞങ്ങള്‍ പ്രസിദ്ധമായ താമ്പാ കാഴ്ചബംഗ്ലാവ് സന്ദര്‍ശിച്ചു. അതിനുശേഷം, നാലരമുതല്‍ ഏഴര വരെ താമ്പായിലെ അതിവിശിഷ്ടമായ ക്ലിയര്‍ വാട്ടര്‍ ബീച്ചും സന്ദര്‍ശിച്ചു. ദൈവത്തിന്റെ സൃഷ്ടിവൈഭവവും വൈചിത്ര്യവും എല്ലാവരെയും വിസ്മയിപ്പിച്ചു.
ഒരുദിവസം പോയിട്ട്, ഒരാഴ്ച മുഴുവന്‍ നടന്നുകണ്ടാലും, തീരാത്ത വിസ്മയദര്‍ശനങ്ങള്‍! കാഴ്ചബംഗ്ലാവിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് കാഴ്ചബംഗ്ലാവിന്റെ പൊതുവിവരണങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ ഓരോ സന്ദര്‍ശകനും നല്‍കുന്നു. കാഴ്ചബംഗ്ലാവിനു മൂന്നു മുഖ്യവിഭാഗങ്ങളുണ്ട്. വൃക്ഷ-ലതാ-സസ്യ-പുഷ്പാദികള്‍ ഒന്നാംഭാഗം. പക്ഷിപറവകളെ ഉള്‍ക്കൊള്ളുന്നതാണു രണ്ടാം ഭാഗം. മൂന്നാം ഭാഗമാകട്ടെ, വൈവിധ്യമാര്‍ന്ന മൃഗാവലി; വൈചിത്ര്യമേറിയ ഇഴജന്തുക്കളും ചീങ്കണ്ണികളുമുള്‍പ്പെടെ.
താമ്പാകാഴ്ചബംഗ്ലാവിന്റെ ആകമാനദൃശ്യം കണ്ടപ്പോള്‍ മഹാകവി കുമാരനാശാന്റെ രണ്ടു പ്രസിദ്ധ പദ്യങ്ങള്‍ ഞാനോര്‍ത്തു:
'ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും/ സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും / ഹന്ത! ചാരുകടാക്ഷമാലകള്‍ അര്‍ക്കരശ്മിയില്‍ നീട്ടിയും / ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍.'
മനോഹരങ്ങളായ പുഷ്പങ്ങളുടെയും വിചിത്രങ്ങളായ ചിത്രശലഭങ്ങളുടെയും സൃഷ്ടിമൂലം സ്വന്തം സൃഷ്ടിവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്ന ദൈവം, വെട്ടിത്തിളങ്ങുന്ന സൂര്യരശ്മികളില്‍ക്കൂടി തന്റെ സ്‌നേഹകടാക്ഷം പ്രദര്‍ശിപ്പിക്കുന്ന ദൈവം നമ്മുടെ അന്തരാത്മാവാകുന്ന മണിമന്ദിരത്തില്‍ തെളിഞ്ഞുപ്രകാശിക്കുന്നു; ആ സര്‍വേശ്വരനെ വാഴ്ത്തുവിന്‍, പ്രകീര്‍ത്തിക്കുവിന്‍.
മഹാകവി തുടരുന്നു:
'സചേതാചേതനം ഇപ്രപഞ്ചം,
സര്‍വം വിളക്കുന്ന കെടാവിളക്കേ,
സമസ്തഭവ്യങ്ങളും ഉള്ളി ലാഴ്ത്തും
സ്‌നേഹപ്പരപ്പിന്‍കടലേ,
തൊഴുന്നേന്‍'
സചേതനങ്ങളും അചേതനങ്ങളുമായ, ബുദ്ധിയുള്ളവയും ഇല്ലാത്തവയുമായ ബഹുകോടി ജീവികളെ ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നവനും ഇനിയും കോടാനുകോടി ജീവികളെ സൃഷ്ടിക്കാന്‍ കഴിവുള്ളവനുമായ ആ പരംജ്യോതിസിനെ, ആ കെടാവിളക്കിനെ സ്‌നേഹത്തിന്റെ ആ കരകാണാക്കടലിനെ, തൊഴുകൈയോടെ ഞാന്‍ നമിക്കുന്നു.
അദൈ്വതവേദാന്തത്തില്‍ നിഷ്ണാതനായ കുമാരനാശാന്‍ വേദാന്തചിന്തകളെ ഈ പദ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു ശ്രദ്ധിക്കുമല്ലോ.
വൃക്ഷലതാദി പ്രപഞ്ചം: കാഴ്ചബംഗ്ലാവിന്റെ ആദ്യവിഭാഗമായ വൃക്ഷസസ്യകുസുമാദികളിലേക്കാണ്, ഉദ്യാനപാലകര്‍, ചെറിയ വണ്ടികളില്‍ ഞങ്ങളെ കൊണ്ടുപോയത്. കല്‍ക്കട്ടയിലെ മഹാവടവൃക്ഷ(ആല്‍മര)ത്തോടു കിടപിടിക്കുന്ന ആസ്‌ട്രേലിയന്‍ ആല്‍വൃക്ഷം, ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന യൂക്കാലിപ്റ്റസ് വൃക്ഷങ്ങള്‍, പാശ്ചാത്യരാജ്യങ്ങളിലെ ഭീമന്മാരായ ഓക്കുമരങ്ങള്‍, ഇന്ത്യയില്‍നിന്നു കൊണ്ടുപോയി നട്ടുപിടിപ്പിച്ചു പരിപാലിച്ചുനിറുത്തിയിരിക്കുന്ന തേക്ക്, കര്‍പ്പൂരം, കുടപ്പന മുതലായവ.
സുഗന്ധംപേറുന്ന മുപ്പത്തിമൂന്നിനം യൂക്കാലി, ഇന്ത്യന്‍ ചന്ദനം, കര്‍പ്പൂരം, തെക്കേഅമേരിക്കന്‍ പെപ്പര്‍ട്രീ, പേര, മാവ്, പ്‌ലാവ്, തെങ്ങ് അവൊക്കാഡോ, വാഴ, കമുക് മുതലായവയ്ക്കുപുറമേ, നൂറുകണക്കിന് പനവര്‍ഗ്ഗങ്ങള്‍-അവയുടെ മധ്യേ 'പനകളുടെ രാജ്ഞി' എന്ന നാമവും ധരിച്ചുനില്‍ക്കുന്ന കേരളത്തിലെ കാളി/ചൂണ്ടപ്പന! എല്ലാം മഹാവിസ്മയം-അനന്തജ്ഞാനിയും സൗന്ദര്യധാമവും സര്‍വ്വശക്തനുമായ ദൈവത്തിന്റെ പ്രതിഫലനങ്ങള്‍.
(തുടരും)