കൊച്ചി മരടിലെ നാല് അനധികൃത ഫ്‌ളാറ്റുസമുച്ചയങ്ങള്‍
പൊളിച്ചുനീക്കിയിട്ട് ഒരു വര്‍ഷം
ആധുനികകേരളത്തിന്റെ ചരിത്രത്താളില്‍ സുപ്രധാനമായി എഴുതിച്ചേര്‍ക്കപ്പെട്ടതാണു കൊച്ചി മരടിലെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും അവയുടെ അസ്വാഭാവിക ''വീഴ്ച''യും. തീരദേശപരിപാലനനിയമം ലംഘിച്ചുള്ള നിര്‍മിതിയെന്നു സുപ്രീംകോടതി കണ്ടെത്തിയ നാലു ഫ്‌ളാറ്റുകള്‍, കോടതിനിര്‍ദേശപ്രകാരം പൊളിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.
നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത് ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍. ഒരു വര്‍ഷം മുമ്പു ബഹുനിലക്കെട്ടിടങ്ങള്‍ നിന്നിരുന്ന ഈ സ്ഥലങ്ങള്‍ ഇന്ന് നാമമാത്രമായ കെട്ടിടാവശിഷ്ടങ്ങളോടെ തുറസായി കിടക്കുന്നു.
വന്‍വീഴ്ചകള്‍
2020 ജനുവരി 11, 12 തീയതികളിലാണു കൂറ്റന്‍ ഫ്‌ളാറ്റുസമുച്ചയങ്ങള്‍ പൊളിച്ചത്. 55 മീറ്റര്‍ ഉയരത്തില്‍ 17 നിലകളുമായി ഉയര്‍ന്നു നിന്ന ജെയിന്‍ കോറല്‍ കോവില്‍ 122 അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നു. ഉയരവും നിലകളുടെ എണ്ണവും സമാനമായ ഗോള്‍ഡന്‍ കായലോരം, ആല്‍ഫെ സെറീന്‍ ഫ്‌ളാറ്റുസമുച്ചയങ്ങളില്‍ യഥാക്രമം 40 ഉം 73 ഉം അപ്പാര്‍ട്ട്‌മെന്റുകളാണുണ്ടായിരുന്നത്. 60 മീറ്റര്‍ ഉയരവും 19 നിലകളുമുണ്ടായിരുന്ന ഹോളി ഫെയ്ത്ത് എച്ച്ടുഒയില്‍ 90 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി ക്രമീകരിച്ച സ്ഫോടനങ്ങളിലൂടെ നിമിഷനേരങ്ങള്‍കൊണ്ടു നാലു വമ്പന്‍ കെട്ടിടങ്ങളും നിലംപൊത്തി.
76350 ടണ്‍ അവശിഷ്ടങ്ങള്‍
സ്ഫോടനത്തിനുശേഷം 76350 ടണ്‍ അവശിഷ്ടങ്ങളാണു ഫ്‌ളാറ്റു സമുച്ചയങ്ങളുണ്ടായിരുന്നിടത്തുനിന്നു നീക്കം ചെയ്തത്. അവശിഷ്ടങ്ങള്‍ നീക്കാന്‍ 70 ദിവസമാണു കോടതി അനുവദിച്ചതെങ്കിലും ആറുമാസംകൊണ്ടാണു പൂര്‍ത്തിയായത്. ഫ്‌ളാറ്റുകള്‍ക്കു മുമ്പിലെ റോഡുകളുടെ വീതിക്കുറവും രൂക്ഷമായ പൊടിശല്യവുമെല്ലാം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു തടസങ്ങളായി.
കോടതിവിധി നടപ്പാക്കലും ഫ്‌ളാറ്റ് പൊളിക്കലും അവശിഷ്ടങ്ങള്‍ നീക്കലുമെല്ലാമെല്ലാം കൃത്യമായി നടന്നു. എങ്കിലും കിടപ്പാടം നഷ്ടമായവര്‍ക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടത്തിയ സ്ഫോടനത്തില്‍ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ച സമീപവാസികള്‍ക്കും നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്.
പൊളിക്കാന്‍ 3.59 കോടി
മരടിലെ നിയമവിരുദ്ധ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധചെലവുകള്‍ക്കുമായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി മുഖേന സര്‍ക്കാര്‍ ചെലവഴിച്ചത് 3,59,93,529 രൂപയാണ്. ഇതില്‍ ഫ്ളാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ചെലവഴിച്ച തുക ചേര്‍ത്തിട്ടില്ല.
കേസില്‍ കുടുങ്ങി നഷ്ടപരിഹാരം
മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്കു നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതില്‍ കാര്യമായ തര്‍ക്കങ്ങളുണ്ടായില്ലെങ്കിലും, അതിന്റെ കൃത്യമായ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. 249 ഫ്‌ളാറ്റുടമകള്‍ക്കു സര്‍ക്കാരില്‍നിന്നു ലഭിച്ച ഇടക്കാലാശ്വാസമായ 25 ലക്ഷം രൂപയൊഴിച്ചാല്‍ ബില്‍ഡര്‍മാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍. ഫ്ളാറ്റില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട നിരവധിയാളുകള്‍ ഇപ്പോഴും വാടകവീടുകളിലാണ്.
സര്‍ക്കാര്‍ നിശ്ചയിച്ച 25 ലക്ഷം രൂപ വീതം 62.25 കോടി രൂപ താമസക്കാര്‍ക്കു നഷ്ടപരിഹാരമായി നല്‍കി. ഇതിനു പുറമേ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 52.79 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു ജസ്റ്റീസ് കെ. ബാലകൃഷ്ണന്‍നായര്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്ളാറ്റ് നിര്‍മാതാക്കള്‍ നാലു കോടിയോളം രൂപ കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ തുകയും നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നാണു വ്യവസ്ഥ. ഇതിനെതിരേ അവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പു കല്പിച്ചിട്ടില്ല. കേസ് സുപ്രീംകോടതി 19 നു പരിഗണിക്കുന്നുണ്ട്.