സംസ്‌കാരസമ്പന്നനും വിവേകബുദ്ധിയുടെ ഉടമയുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യര്‍ കൊടുംക്രൂരതയാണ് പലപ്പോഴും കാട്ടുമൃഗങ്ങളോടു കാണിക്കുന്നത്. കൊല്ലം പത്തനാപുരത്ത് അടൂര്‍ കറവൂര്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഒരു ആന ചരിഞ്ഞത് വേട്ടക്കാര്‍ വച്ച സ്‌ഫോടകവസ്തു അടക്കം ചെയ്ത കൈതച്ചക്ക ഭക്ഷിച്ചായിരുന്നു. അതു കടിച്ചപ്പോഴുണ്ടായ സ്ഫോടനത്തില്‍ ആനയുടെ വായ്ക്കും മുഖത്തിനും ഗുരുതരമായ പരുക്കേല്‍ക്കുകയും ദിവസങ്ങള്‍ക്കകം ചരിയുകയും ചെയ്തു.
അതുപോലെതന്നെ വിവാദമായതാണ് കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവവും. സ്ഫോടകവസ്തു അടക്കം ചെയ്ത കൈതച്ചക്ക ഭക്ഷിച്ചതായിരുന്നു ഇവിടെയും മരണകാരണം. വായ്ക്കും നാവിനും ഗുരുതരമായ പൊള്ളലേറ്റും മേല്‍ത്താടി തകര്‍ന്നും അതികഠിനമായ വേദന സഹിച്ചാണ് ആ മിണ്ടാപ്രാണി ചരിഞ്ഞത്.
നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയില്‍ ഒരു വളര്‍ത്തുനായയെ കഴുത്തില്‍ കുരുക്കിട്ടു റോഡിലൂടെ കെട്ടിവലിച്ചുകൊണ്ടു പോയത് ഒന്നര മാസംമുമ്പാണ്. നായയെ ഉപേക്ഷിക്കാനാണത്രേ ഈ കൊടുംക്രൂരത കാണിച്ചത്. പുലിയുടെ പല്ല്, നഖം തുടങ്ങിയ ശരീരഭാഗങ്ങള്‍ ഉപയോഗിച്ചു വസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ പുലികളെ കൊല്ലുന്ന സംഭവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൂരത തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ ദിവസം മസിനഗുഡിയില്‍ കാടിറങ്ങി വന്ന ഒരാനയോടു നാട്ടുകാരില്‍ ചിലര്‍ കാണിച്ചത് ഇതിനെക്കാള്‍ വലിയ ക്രൂരതയാണ്. തിരിച്ചു കാട്ടിലേക്കോടിക്കാന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച ടയര്‍ ആനയുടെ തലയ്ക്കു നേരേ എറിയുകയായിരുന്നു. തീപ്പന്തം ചെവിയില്‍ കുരുങ്ങി പൊള്ളലേറ്റാണ് അതു ചരിഞ്ഞത്. ഒരാഴ്ചമുമ്പാണ് ചെവിക്കു ചുറ്റും മുറിവേറ്റു രക്തവും പഴുപ്പും ഒഴുകുന്ന നിലയില്‍ തീരെ അവശയായ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍പെടുന്നത്. ചികിത്സയ്ക്കായി കൊണ്ടുപോകുംവഴി ജനുവരി 19 ന് അതിന്റെ ജീവന്‍ നഷ്ടമാകുകയും ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി ഭക്ഷണവും വെള്ളവും തേടി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവത്രേ ഈ ആന. ഗ്രാമവാസികള്‍ക്കു ശല്യം ഉണ്ടാക്കാത്തതിനാല്‍ അവര്‍ അതിനെ ഉപദ്രവിക്കാറില്ല. ഭക്ഷണം തേടി അലയുന്നതിനിടെ സ്ഥലത്തെ റിസോര്‍ട്ടിന്റെ മുമ്പിലെത്തിയപ്പോള്‍ റിസോര്‍ട്ട് ഉടമകളുടെ ആളുകളാണ് അതിനെ ക്രൂരമായി അക്രമിച്ചതെന്നാണ് പോലീസ് വെളിപ്പെടുത്തല്‍. പെട്രോള്‍ ഉപയോഗിച്ചു കത്തിച്ച ടയര്‍പ്പന്തത്തിന്റെ ഭാഗം ചെവിയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മസിനഗുഡിയിലെ ഈ ആനയുടെ കദനകഥ പുറത്തുവന്ന ദിവസംതന്നെയാണ് ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് കൊന്നുതിന്ന വിവരവും പുറത്തുവന്നത്. ആറു വയസ്സു വരുന്ന അമ്പതു കിലോയോളം ഭാരമുള്ള പുലിയെയാണ് അഞ്ചുപേര്‍ ചേര്‍ന്നു കൊന്നത്.
ഒരു ജില്ലയെ അന്ധമായി
പ്രതിപ്പട്ടികയിലാക്കുന്നവര്‍
കഴിഞ്ഞ വര്‍ഷം പാലക്കാട്ട് തിരുവിഴാംകുന്നില്‍ പഴത്തിലെ സ്ഫോടകവസ്തു പൊട്ടി ആന ചരിഞ്ഞപ്പോള്‍, മുതലക്കണ്ണീര്‍ ഒഴുക്കിയ മനേകാഗാന്ധിയെപ്പോലുള്ളവര്‍ തമിഴ്നാട്ടിലെ മസിനഗുഡി സംഭവത്തില്‍ ഇതെഴുതുന്നതുവരെയും പ്രതികരിച്ചു കണ്ടില്ല.
വന്യജീവികളുടെ കാടിറക്കം വര്‍ദ്ധിക്കുന്നു
വന്യജീവികളോടു ക്രൂരത കാണിക്കുന്നവര്‍ക്കും തിരിച്ചോടിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ നിയമങ്ങള്‍ അതിനു പര്യാപ്തമല്ലെങ്കില്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കേണ്ടതും ആവശ്യമാണ്. കൃഷിയും ചിലപ്പോള്‍ മനുഷ്യജീവനും രക്ഷിക്കാനാണ് ഇത്തരം ചെയ്തികള്‍ക്കു കര്‍ഷകരും മലയോരമേഖലയില്‍ താമസിക്കുന്നവരും നിര്‍ബന്ധിതരാകുന്നതെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുമാണ്. ആന, കാട്ടുപന്നി, പുലി, മരപ്പട്ടി തുടങ്ങിയ വന്യജീവികളുടെ കാടുകളില്‍നിന്ന് നാടുകളിലേക്കുള്ള ഇറക്കം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുംമൂലം കാടുകളിലെ ആവാസവ്യവസ്ഥ തകിടം മറിഞ്ഞതായിരിക്കാം കാരണം.
ഫലപ്രദമാകാത്ത തന്ത്രങ്ങള്‍
കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങിവന്നാല്‍ കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ചേ തിരിച്ചുപോകാറുള്ളൂ. പല വനാതിര്‍ത്തികളിലും ആളുകള്‍ ജീവിക്കുന്നത് വന്യമൃഗങ്ങളെ ഭയപ്പെട്ടാണ്. കാട്ടുപന്നികളുടെ ശല്യം പൂര്‍വോപരി രൂക്ഷമാണിന്ന്. സമീപകാലത്തായി നിരവധി മനുഷ്യജീവനുകള്‍ ഇവ അപഹരിച്ചിട്ടുണ്ട്. ഓലപ്പടക്കങ്ങളുടെ ശബ്ദം കേട്ടാലും തീപ്പന്തങ്ങള്‍ കാട്ടി ഭയപ്പെടുത്തിയാലും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയാലും കാട്ടുമൃഗങ്ങള്‍ തിരിച്ചുപോകുമായിരുന്നു മുമ്പൊക്കെ. ഇത്തരം തന്ത്രങ്ങളൊന്നും ഇപ്പോള്‍ ഫലപ്രദമാകുന്നില്ല. വന്യമൃഗങ്ങളുടെ ഭീഷണി തടയാന്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ കുഴിക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഇവയിലേറെയും മണ്ണുനിറഞ്ഞു പ്രയോജനമില്ലാതായി.
നിയമത്തിന്റെ ചങ്ങലകള്‍
കാടിറങ്ങി വരുന്ന മൃഗങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദമില്ല. ഗത്യന്തരമില്ലാതെ വെടിവയ്ക്കുകയോ ആയുധമെടുത്തു നേരിടുകയോ ചെയ്താല്‍ നിയമത്തിന്റെ ചങ്ങലകള്‍ അവരെ വരിഞ്ഞുമുറുക്കും. ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തേക്കാം. അടുത്തിടെ മാത്രമാണ് കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുവാദം നല്‍കിത്തുടങ്ങിയത്. മൃഗസംരക്ഷണം കര്‍ശനമാക്കുന്നതോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍കൂടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്.