എത്ര ശ്രമിച്ചാലും അധമചിന്തകള്‍ നമ്മെ വിട്ടുമാറാതെ പീഡിപ്പിച്ചുകൊണ്ടിരിക്കും. മറക്കാമെന്നു വച്ചാല്‍ കൂടക്കൂടെ പ്രത്യക്ഷപ്പെട്ടു നമ്മെ ഉപദ്രവിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ അതിനെക്കുറിച്ച് ആഴമായി ചിന്തിക്കണം. അവ നന്നായി വിശകലനം ചെയ്യണം.
അനുരഞ്ജനവിധേയമാകാതെ ഏതെങ്കിലും ചിന്തകള്‍ എന്നിലുണ്ടോ? ഏതെങ്കിലും കാര്യത്തിന് ക്ഷമ ചോദിക്കാന്‍ ബാക്കിയുണ്ടോ? ഞാന്‍ ഭൂതകാലത്തെ പൂര്‍ണ്ണമനസ്സോടെ ഉപേക്ഷിച്ചുവോ? അതോ എന്തെങ്കിലും മുറിപ്പാടുകള്‍ ഇന്നും മനസ്സിന്റെ കോണുകളില്‍ അവശേഷിക്കുന്നുവോ? ഭൂതകാല അവശിഷ്ടങ്ങള്‍ എന്തെങ്കിലും വിടാതെ പിടിച്ചു വച്ചിട്ടുണ്ടോ? അസൂയയുടെ ഒരു നേര്‍ത്ത പാളിയിലൂടെയാണോ നാം സഹജീവികളെ വീക്ഷിക്കുന്നത്? സ്വന്തം ഇച്ഛ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാന്‍ ആഗ്രഹിക്കുന്നുവോ?
്യൂഞാന്‍ എന്ന ഭാവത്തോടുള്ള സ്‌നേഹം മൂലം ചില നെഗറ്റീവ് ചിന്തകള്‍ ആരും അറിയാതെ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും. അത് സുരക്ഷയുടേതെന്നു സങ്കല്പിച്ചു മാറ്റിവച്ചത് ജീവിതകാലമത്രയും നമ്മെ വേട്ടയാടിയിട്ടുണ്ടാവാം. നെഗറ്റീവ് ചിന്തകള്‍ നാം മനസ്സിലിട്ട് ഓരോ തവണ താലോലിക്കുമ്പോഴും അതൊരു വലിയ ഊര്‍ജ്ജമണ്ഡലമായിത്തീരുമെന്ന് നാം ഓര്‍ക്കണം. ആത്യന്തികവിശകലനത്തില്‍ നമ്മുടെ ഭാഗത്തെ വീഴ്ചയാണിത്. ഈ ചെറിയൊരു തെറ്റ്, ഈ നെഗറ്റീവ് തരംഗം ഭൂതകാലങ്ങളില്‍ നമ്മോടുകൂടി ഉണ്ടായിരുന്നതും അതിനെ മനഃപൂര്‍വം വിട്ടുകളയാതെ പിടിച്ചു നിര്‍ത്തിയതുമാണ്. അതു വളര്‍ന്നു വന്ന് ജീവിതവഴിത്താരകളില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും അതു നമ്മെ ഭൂതകാലത്തിലെന്നപോലെ വേട്ടയാടുകയും ചെയ്യും.
നമ്മിലെ നെഗറ്റീവ് തരംഗത്തെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ ചില അവബോധസഹായികള്‍ പ്രയോജനപ്പെടുത്താം. 'എന്നിലുള്ള ക്രിസ്തുശക്തിയാല്‍ എനിക്ക് എന്തും ചെയ്യാന്‍ കഴിയും...' 'നിങ്ങളുടെ ഉള്ളില്‍ ഉള്ളവന്‍ ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവനാണ്' തുടങ്ങി എത്രയോ അവബോധസഹായകമന്ത്രങ്ങള്‍ നമുക്കുണ്ട്.
ദിനംതോറും ഏതെങ്കിലും ഒരു സഹായകമന്ത്രം നിരവധി തവണ ഉരുവിട്ടാല്‍, നാം ശാരീരികമായും ആത്മീയമായും ഉന്നതതലങ്ങളിലുള്ള സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുകയും നമ്മിലെ നെഗറ്റീവ് ചിന്താശകലങ്ങള്‍ നമ്മില്‍നിന്നു വേര്‍പെട്ട് വിദൂരങ്ങളിലേക്ക് അകന്നുപോവുകയും ചെയ്യും. പൂര്‍ണശക്തിയിലും ദൃഢവിശ്വാസത്തിലും ആയിരിക്കണം വചനത്തിന്റെ ഉരുവിടല്‍.
ചുരുക്കിപ്പറഞ്ഞാല്‍, ഉള്ളിലെ ശക്തിയെ അറിയുക, അതിലേക്കു തിരിയുക, അതിലേക്ക് അടുക്കുക, അതിനെ പുല്കുക, അതില്‍ ലയിക്കുക, സ്വതന്ത്രനാകുക.
എളുപ്പമല്ലെങ്കിലും അതു സാധ്യമാണ്. അസാധ്യമായി ഒന്നുമില്ല. എന്നാല്‍, നാം നമ്മുടെ ദൈവികശക്തിയെ തിരിച്ചറിയാതെ ശ്രദ്ധമുഴുവന്‍ മറ്റുള്ളവരിലേക്കു തിരിച്ചുവച്ച് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നിഷേധക്കൂമ്പാരവുമായി ജീവിച്ചു പോകുന്നതില്‍ എന്തര്‍ഥമാണുള്ളത്?