ദിവസവും ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു പ്രൈവറ്റ് ബസ്, അതിലെ സ്ഥിരം യാത്രക്കാരിയായിരുന്നു രാധിക. പ്ലസ് വണ്ണിന് അവള്‍ പഠിക്കുന്നു, അവളുടെ വീടും സ്‌കൂളും തമ്മില്‍ പത്തു കിലോമീറ്ററിന്റെ അകലമുണ്ട്. രാവിലെയും വൈകുന്നേരവും അവള്‍ ഒരേ ബസ്സിലാണ് വരവും പോക്കും.
ചെറുപ്പക്കാരനായ ഗോപിയാണ് അതിന്റെ പോര്‍ട്ടര്‍. പക്ഷേ, അവന്റെ പെരുമാറ്റം കണ്ടാല്‍ വെറുമൊരു 'കിളി'യല്ല ബസ്സിന്റെ ഓണര്‍തന്നെ അവനാണെന്നു തോന്നിപ്പോകും.
ഫുട്‌ബോര്‍ഡില്‍ അവന്‍ നില്‍ക്കുന്നതിന്റെ തൊട്ടുമുന്നിലോ പിന്നിലോ ഉള്ള സീറ്റിലാണ് രാധികയുടെ മിക്കവാറുമുള്ള ഇരിപ്പിടം. ബസ്സില്‍ തിരക്കുകൂടുമ്പോള്‍ ഇറങ്ങാന്‍ അവിടെയിരിക്കുന്നതാണ് സൗകര്യം.
വാചകമടിയില്‍ വളരെ സമര്‍ഥനാണ് ഗോപി, മിക്കപ്പോഴും അവന്‍ രസകരമായ ഓരോ കമന്റുകളും തമാശകളും പൊട്ടിക്കും. ഗൗരവം ഭാവിക്കാന്‍ ആദ്യമൊക്കെ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പലപ്പോഴും രാധിക അവകേട്ട് ഊറിച്ചിരിക്കും.
സുന്ദരിയായ കൗമാരക്കാരിയുടെ പുഞ്ചിരി അവനു വലിയ പ്രോത്സാഹനമായി തോന്നിയിരിക്കാം. പിന്നെ രാധികയെ കേള്‍പ്പിക്കാനും ചിരിപ്പിക്കാനുംവേണ്ടി മാത്രമായി ഗോപിയുടെ കമന്റുകള്‍.
പിന്നെപ്പിന്നെ അവന്‍ അവളോടു നേരിട്ടുതന്നെ സംസാരിച്ചുതുടങ്ങി. അവള്‍ക്കുവേണ്ടി മാത്രമായി തമാശകള്‍ പറഞ്ഞു. പിന്നെ തമാശകളല്ലാത്ത കാര്യങ്ങളും സംസാരിച്ചു.
ഒരു ദിവസം അവള്‍ സ്‌കൂളിലെ ആവശ്യത്തിന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുപ്പിച്ചു. ഫോട്ടോ കിട്ടിയപ്പോള്‍ അവള്‍ക്ക് വളരെ ഇഷ്ടമായി, വെറുമൊരു കൗതുകത്തിനുവേണ്ടി അവള്‍ അത് ഗോപിയെയും കാണിച്ചു. അപ്പോള്‍ ഗോപിക്ക് അതില്‍ ഒരു കോപ്പി വേണം, അവള്‍ കൊടുക്കാന്‍ മടിച്ചു. എന്നാല്‍, അവന്‍ നിര്‍ബന്ധപൂര്‍വ്വംതന്നെ ആ കവറില്‍നിന്ന് ഒരു ഫോട്ടോ എടുത്തപ്പോള്‍ അവള്‍ തടസ്സം പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. ബസ്സ്റ്റാന്‍ഡില്‍ വെച്ച് രാധികയെ തനിയെ കണ്ടപ്പോള്‍ ഗോപി പറഞ്ഞു:
'കുട്ടീ, എനിക്കൊരു ആയിരം രൂപ സംഘടിപ്പിച്ചുതരണം.' രാധിക ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. പത്തഞ്ഞൂറ് രൂപ അവള്‍ വിചാരിച്ചാല്‍ ഉണ്ടാക്കാനാകും. പക്ഷേ, അത് ഗോപിക്കു കൊടുത്തിട്ടെന്തു കാര്യം...?
'എന്റെ കൈയില്‍ പണമൊന്നുമില്ല' അവള്‍ പറഞ്ഞു.
'എന്നു പറഞ്ഞാല്‍ പറ്റില്ല. പണം തന്നില്ലെങ്കില്‍ ഞാന്‍ മറ്റേ ഫോട്ടോ എല്ലാവരേയും കാണിക്കും' 'എന്റെയൊരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഗോപിയുടെ കൈവശമുണ്ട്. അത് ആരെയെങ്കിലും കാണിച്ചാല്‍ത്തന്നെ എന്താ?' അവള്‍ ചോദിച്ചു.
പക്ഷേ, അവന്‍ ഒതുക്കത്തില്‍ അവളെ ഒരു ഫോട്ടോ കാണിച്ചു. ഒരു ഫുള്‍സൈസ് ഫോട്ടോ. അത് രാധികയുടെ പൂര്‍ണനഗ്‌നമായ ഒരു ഫോട്ടോ ആയിരുന്നു. അവള്‍ നടുങ്ങിപ്പോയി. ഈശ്വരാ, ഇതെങ്ങനെ സംഭവിച്ചു.
അവള്‍ പരിഭ്രാന്തിയില്‍ കിടുകിടാ വിറച്ചു.
'ക്യാമറക്കണ്ണുകള്‍ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ നീയറിയാതെ ഏതു പാതാളംവരെയും എത്തും.'' അവന്‍ ഒരു ജേതാവിനെപ്പോലെയാണ് പറഞ്ഞത്.
രാധിക ഭയചകിതയായി. ആ നഗ്‌നചിത്രം ആരെയും കാണിക്കാതിരിക്കാന്‍ പിറ്റേന്ന് ആവശ്യപ്പെട്ട ആയിരം രൂപ കൂട്ടുകാരികളോടുകൂടി വാങ്ങി അവള്‍ ഗോപിക്കു കൊടുത്തു.
പിന്നെ ഗോപിക്ക് സൗഹൃദഭാവമില്ല ഭീഷണിയുടെ സ്വരമായിരുന്നു. പിന്നെയും നഗ്‌നഫോട്ടോ വീട്ടുകാരുടെയും കൂട്ടുകാരികളുടെയുമിടയില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം രാധികയോട് പണം ആവശ്യപ്പെട്ടു.
ചിലപ്പോഴൊക്കെ അവള്‍ പണം സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു. ഒരുദിവസം അവന്‍ രാധികയെ പട്ടണത്തിലെ ഒരു ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. വന്നില്ലെങ്കില്‍ നഗ്‌നചിത്രം കാട്ടി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി. രാധിക ആകെ കുഴപ്പത്തിലായി. അവളുടെ പരിഭ്രാന്തിയും വിഷാദവും മുഖത്തും പ്രകടമായിരുന്നു. ഭാഗ്യത്തിന് മകളുടെ ഭാവവ്യത്യാസം അമ്മ കണ്ടറിഞ്ഞു. അവര്‍ ചോദിച്ചപ്പോള്‍ ഒരു പൊട്ടിക്കരച്ചിലോടെ രാധിക എല്ലാം തുറന്നുപറഞ്ഞു.
കമ്പ്യൂട്ടര്‍ സഹായത്തോടെ വ്യാജ നഗ്‌നചിത്രം സംഘടിപ്പിച്ച ഗോപി പോലീസ് കസ്റ്റഡിയിലാകാന്‍ താമസമുണ്ടായില്ല.